ETV Bharat / state

നെടുമ്പാശ്ശേരിയിൽ മാത്രം 75 സർവീസുകൾ മുടങ്ങി; പശ്ചിമേഷ്യൻ സംഘർഷത്തിൽ വഴിമുട്ടി പ്രവാസികൾ

തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള ഗൾഫ് സർവീസുകളും, മറ്റ് പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള കണക്ടിങ് ഫ്ലൈറ്റുകളും പൂർണമായി മുടങ്ങി

ഗൾഫ് യാത്രാ വിമാനങ്ങൾ റദ്ദാക്കി മിഡിൽ ഈസ്റ്റ് യുദ്ധ സാഹചര്യം ഗൾഫ് വിമാന സർവീസ് മുടങ്ങി കേരള പ്രവാസി യാത്രാ പ്രതിസന്ധി
നെടുമ്പാശ്ശേരി വിമാനത്താവളം (facebook.com/CochinInternationalAirport)
author img

By ETV Bharat Kerala Team

Published : March 2, 2026 at 8:44 AM IST

2 Min Read
Choose ETV Bharat

എറണാകുളം: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം രൂക്ഷമാകുന്നതിൻ്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കി. ഇന്ന് മാത്രം നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നായി നിരവധി സർവീസുകളാണ് വെട്ടിച്ചുരുക്കിയത്. അവധി കഴിഞ്ഞ് മടങ്ങാനിരുന്ന പ്രവാസികളെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ പുതിയ സാഹചര്യം.

നെടുമ്പാശ്ശേരിയിൽ മുടങ്ങിയത് 75 സർവീസുകൾ

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് വരേണ്ട 37 സർവീസുകളാണ് ആദ്യഘട്ടത്തിൽ റദ്ദാക്കിയത്. ഇതിന് പിന്നാലെ കൊച്ചിയിൽ നിന്ന് പറന്നുയരേണ്ട 38ഓളം വിമാന സർവീസുകളും വെട്ടിച്ചുരുക്കി. ഷെഡ്യൂൾ ചെയ്തിട്ടുള്ള മറ്റ് ആറ് വിമാനങ്ങൾ കൂടി എത്താൻ സാധ്യതയില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. പ്രധാനമായും ജിദ്ദ, മസ്കറ്റ്, അബുദാബി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള സർവീസുകളാണിവ. വിദേശ വിമാനങ്ങളുടെ സർവീസുകളിലാണ് ഇത്തരത്തിൽ വ്യാപകമായ മാറ്റങ്ങൾ വന്നിട്ടുള്ളത്. ഇന്ന് രാവിലെ മസ്കറ്റിൽ നിന്ന് ഒരു വിമാനം എത്തിയെങ്കിലും, 10 മണിക്ക് വരേണ്ട ജിദ്ദ വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചിരുന്നു. ഇന്നലെയും കൊച്ചിയിലേക്ക് വരേണ്ട 14 വിമാനങ്ങൾ ഉൾപ്പെടെ ആകെ 27 സർവീസുകൾ റദ്ദാക്കിയിരുന്നു.

മറ്റ് വിമാനത്താവളങ്ങളിലെ സ്ഥിതി

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള മൂന്ന് വിമാനങ്ങളാണ് ഇന്ന് രാവിലെ റദ്ദാക്കിയത്. രാവിലെ 7.25ന് കുവൈറ്റിലേക്ക് പോകേണ്ട കുവൈറ്റ് എയർവേസ്, 10.45ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ ഷാർജ വിമാനം, 11.35നുള്ള റിയാദ് വിമാനം എന്നിവയാണ് യാത്ര ഒഴിവാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തിന് പുറമെ കരിപ്പൂരിലും സമാനമായ രീതിയിൽ വിമാനങ്ങൾ മുടങ്ങിയിരുന്നു. മിഡിൽ ഈസ്റ്റിലെ സാഹചര്യം വളരെ മോശമാകുന്നതിനാൽ ഇവിടേക്ക് കൂടുതൽ സർവീസുകൾ ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ, സിംഗപ്പൂർ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ യഥാസമയം സർവീസ് നടത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

പ്രതിസന്ധിയിലായി പ്രവാസികൾ

ഗൾഫ് മേഖലയിലേക്കുള്ള വിമാനങ്ങൾ കൂട്ടത്തോടെ മുടങ്ങുന്നത് കേരളത്തിലെ പ്രവാസികളെ, പ്രത്യേകിച്ച് മലബാർ മേഖലയിലുള്ളവരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകൾക്ക് പുറമെ ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് പോകുന്ന കണക്ടിങ് ഫ്ലൈറ്റുകളുടെ സേവനവും ഇതോടെ ഇല്ലാതായി. യുദ്ധത്തിൻ്റെ തോത് വർധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഏതു നിമിഷവും ആക്രമണങ്ങളോ മിസൈലുകളോ പതിച്ചേക്കാമെന്ന ഭയത്തിലാണ് ജനങ്ങൾ കഴിയുന്നത്.

അവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങാൻ കഴിയാത്തത് പലരുടെയും ജോലിയെയും ബിസിനസ് ആവശ്യങ്ങളെയും പൂർണമായും സ്തംഭിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവ് വരാതെ സർവീസുകൾ സാധാരണ നിലയിലാകാൻ സാധ്യതയില്ലെന്നാണ് എയർപോർട്ട് അതോറിറ്റി നൽകുന്ന സൂചന.

Also Read:- LIVE: പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നു; ടെഹ്റാനിൽ ആശുപത്രിക്ക് നേരെ ഇസ്രയേൽ-യുഎസ് ആക്രമണം, പ്രത്യാക്രമണവുമായി ഇറാൻ