യുദ്ധഭീതിയിൽ കേരളത്തിലെ കയറ്റുമതി വിപണി; കോടികളുടെ നഷ്‌ടമെന്ന് കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം
പശ്ചിമേഷ്യയിലെ സംഘര്‍ഷം കേരളത്തിലെ കയറ്റുമതി മേഖലയെ എങ്ങനെ ബാധിച്ചുവെന്നതില്‍ കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറത്തിൻ്റെ ജനറൽ സെക്രട്ടറി മുൻഷിദ് അലി ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു...

Published : March 2, 2026 at 3:06 PM IST
കോഴിക്കോട്: പശ്ചിമേഷ്യ സംഘര്‍ഷഭരിതമായത് കേരളത്തിലെ കയറ്റുമതി മേഖലയെയും സാരമായി ബാധിച്ചെന്ന് കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറത്തിൻ്റെ ജനറൽ സെക്രട്ടറിയും സീക്കേ ഗ്ലോബൽ ട്രേഡിംഗ് എന്ന സ്ഥാപനത്തിൻ്റെ ഉടമയുമായ മുൻഷിദ് അലി. നിലവില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ നിന്നും ഉത്‌പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടിട്ടിുണ്ടെന്നും, സൗദി അറേബ്യ ഭാഗികമായും ഖത്തറും യുഎഇയും പൂര്‍ണമായും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പ്രതികരിച്ചു.
"കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നുള്ള ഒരു കൺസൈൻമെൻ്റ് തടഞ്ഞിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കാര്‍ഗോകള്‍, ദോഹ വഴി ഖത്തര്‍ എയര്‍വേഴ്‌സും, യുഎഇ എമിറേറ്റ്‌സും വഴിയുമാണ് എടുക്കുന്നത്. ഉത്‌പന്നങ്ങള്‍ നിലവില്‍ കയറ്റുമതി ചെയ്യേണ്ടെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ജിദ്ദയിലേക്ക് ഭാഗികമായി ഉത്‌പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്" അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍, ഭാവിയില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുകയാണെങ്കില്‍ കാര്‍ഗോകള്‍ പൂര്‍ണമായും കയറ്റുമതി ചെയ്യാൻ കഴിയാത്ത സ്ഥിതിയാകുമെന്നും ചില എയര്‍വേഴ്‌സുകള്‍ ഇതിനോടകം തന്നെ കാര്‍ഗോ അയക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുൻഷിദ് അലി ഇടിവി ഭാരതിനോട് പ്രതികരിച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്ന കാര്‍ഗോ ഉള്‍പ്പെടെ ഇപ്പോള്‍ താത്‌ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി ഏകദേശം 20 കൺസൈൻമെൻ്റുകൾ (കയറ്റുമതികൾ) തടഞ്ഞുവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്‌തിട്ടുണ്ട്. ഏകദേശം 20 ടണ്ണോളം സാധനങ്ങൾ ഇതിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതി മേഖലയെ എത്രത്തോളം ഇത് ബാധിച്ചുവെന്നത് വരും ദിവസങ്ങളില്‍ നിന്ന് ലഭിക്കുന്ന ഡാറ്റകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ പറയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിലെ സംഘര്‍ഷങ്ങള്‍ എല്ലാ രാജ്യങ്ങൾക്കും ദോഷം വരുത്തുന്ന ആഗോള വാണിജ്യം, ഊർജ്ജ വിപണികൾ, വിതരണ ശൃംഖലകൾ എന്നിവയെ തടസപ്പെടുത്തുന്നുവെന്നും കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം ചൂണ്ടിക്കാട്ടി.

കേരളത്തിലെ നാല് വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതി നിലവിൽ ഏകദേശം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. സാധാരണഗതിയിൽ പ്രതിദിനം 140 മുതൽ 150 ടൺ വരെ പഴങ്ങളും പച്ചക്കറികളും കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ഗൾഫിലേക്ക് കയറ്റി അയച്ചിരുന്നു. നിലവിൽ ഇത് പൂർണമായും നിലച്ചു. റംസാൻ, വിഷു കാലമായതിനാൽ ഡിമാൻഡ് കൂടുതലുള്ള സമയത്താണ് ഈ തിരിച്ചടിയെന്നും കോടികളുടെ നഷ്‌ടമാണ് നേരിടാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
കോടികള്‍ നഷ്‌ടം, കണക്കുകള്‍ ഇങ്ങനെ...
പശ്ചിമേഷ്യൻ സംഘർഷം കേരളത്തിലെ കയറ്റുമതി മേഖലയെ, പ്രത്യേകിച്ച് പഴം, പച്ചക്കറി രംഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വിമാന സർവീസുകൾ റദ്ദാക്കിയതും കപ്പൽ ഗതാഗതത്തിലെ തടസങ്ങളും കാരണം കയറ്റുമതി മേഖല കനത്ത നഷ്‌ടത്തിലേക്കാണ് നീങ്ങുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതി നിലവിൽ ഏകദേശം പൂർണമായും നിലച്ച അവസ്ഥയിലാണ്.
സാധാരണഗതിയിൽ പ്രതിദിനം 140 മുതൽ 150 ടൺ വരെ പഴങ്ങളും പച്ചക്കറികളും കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ഗൾഫിലേക്ക് കയറ്റി അയച്ചിരുന്നു. നിലവിൽ ഇത് പൂർണമായും നിലച്ചു. റംസാൻ, വിഷു, ഓണം കാലമായതിനാൽ ഡിമാൻഡ് കൂടുതലുള്ള സമയത്താണ് ഈ തിരിച്ചടിയെന്നും കോടികളുടെ നഷ്‌ടമാണ് നേരിടാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
സാധാരണഗതിയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രം ഓരോ മാസവും 1,600 ടണ്‍ വരെ പഴം പച്ചക്കറികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറി പോകുന്നുണ്ട്. കോഴിക്കോട് നിന്ന് 1,100-1,300 ടണ്‍ ആണ് കയറ്റുമതി. റംസാൻ വിഷുവും ഓണവും അടക്കമുള്ള സമയങ്ങളില്‍ കയറ്റുമതി വന്‍തോതില്‍ ഉയരും. എന്നാല്‍ നിലവില്‍ കയറ്റുമതി നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നിന്നും മാർച്ച് ഒന്നിന് മാത്രം 5000 കണ്ടെയ്നറുമായി പുറപ്പെട്ട കപ്പൽ തിരിച്ച് കൊച്ചിയിലേക്ക് തന്നെ വിളിച്ചിട്ടുണ്ടെന്നും മുൻഷിദ് അലി വ്യക്തമാക്കി.
കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും പ്രതിദിനം ശരാശരി 75 ടൺ പച്ചക്കറി കയറ്റുമതി നടന്നിരുന്ന ഇവിടെ റംസാൻ സീസണിൽ ഇത് 90 ടണ്ണിലധികം എത്താറുണ്ടായിരുന്നു. ആക്രമണം തുടങ്ങിയ ശനിയാഴ്ച മാത്രം 30 ടണ്ണോളം ചരക്ക് ഇറക്കിവയ്‌ക്കേണ്ടി വന്നു. യുദ്ധം നീണ്ടുപോയാല്‍ കയറ്റുമതി തടസപ്പെട്ടതോടെ വിദേശത്തേക്ക് അയക്കാൻ വച്ചിരുന്ന പഴങ്ങളും പച്ചക്കറികളും (ഉദാഹരണത്തിന് കൈതച്ചക്ക, ഏത്തപ്പഴം) ആഭ്യന്തര വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരാകുമെന്നും കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം കൂട്ടിച്ചേര്‍ത്തു.

നയതന്ത്രത്തിനുള്ള ഒരു നിർണായക നിമിഷമാണിത്. വിശാലമായതും വിനാശകരവുമായ ഒരു പ്രാദേശിക സംഘർഷം തടയുന്നതിന് ചര്‍ച്ച, സംഘർഷം ലഘൂകരിക്കൽ, സമാധാനത്തിനായുള്ള പ്രതിബദ്ധത എന്നിവയ്ക്ക് മുൻഗണന നൽകണം. സംഘർഷത്തിന് പകരം സമാധാനം തെരഞ്ഞെടുക്കാനുള്ള ജ്ഞാനത്തെയും ധൈര്യത്തെയും ആശ്രയിച്ചിരിക്കും മേഖലയുടെയും ലോകത്തിൻ്റെയും ഭാവിയെന്നും കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം അധികൃതര്‍ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തില്‍ മരണപ്പെട്ടവര്‍ക്ക് ദുഃഖം രേഖപ്പെടുത്തുകയും ചെയ്‌തു.
കേരളത്തിലെ കയറ്റുമതിക്കാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഈ മേഖലയുടെ വളർച്ച ലക്ഷ്യമിട്ടും പ്രവർത്തിക്കുന്ന ഒരു പ്രമുഖ ലാഭരഹിത സംഘടനയാണ് കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം. കേരളത്തിലെ കർഷകരിൽ നിന്നും വ്യാപാരികളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഗൾഫ് മേഖലകളിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം നേതൃപരമായ പങ്ക് വഹിക്കുന്നു.
കേരളത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താനും വിദേശ രാജ്യങ്ങളിലെ ചേംബർ ഓഫ് കൊമേഴ്‌സുകളുമായി ബന്ധം സ്ഥാപിക്കാനും ഫോറം സഹായിക്കുന്നു. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്, RBI തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കയറ്റുമതി നിയമങ്ങൾ, ടാക്സ്, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ പരിശീലനവും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും കാർഗോ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഇവർ ഇടപെടുന്നു. പ്രത്യേകിച്ച് കൊച്ചി, കോഴിക്കോട് (കരിപ്പൂർ), കണ്ണൂർ വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതി സുഗമമാക്കാൻ ഇവർ മുൻകൈ എടുക്കുന്നുവെന്നും മുൻഷിദലി പറഞ്ഞു.
കയറ്റുമതി മേഖല നേരിടുന്ന പ്രശ്‌നങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കയറ്റുമതി നയരൂപീകരണത്തിൽ നിർദേശങ്ങൾ നൽകാനും ഈ സംഘടന സജീവമായി ഇടപെടുന്നു. അംഗങ്ങൾക്ക് ആവശ്യമായ 'രജിസ്ട്രേഷൻ കം മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്' (RCMC) നൽകാനും മറ്റ് ഔദ്യോഗിക രേഖകൾ ശരിയാക്കാനും ഫോറം സഹായിക്കുന്നു. ശ്രീലങ്ക, വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ചേംബർ ഓഫ് കൊമേഴ്‌സുകളുമായി ഫോറം ധാരണാപത്രങ്ങളിൽ ഒപ്പുവച്ചിട്ടുണ്ട്.

അടുത്തിടെ നേപ്പാളിലെ പൊഖാറ ചേംബർ ഓഫ് കൊമേഴ്‌സുമായി ചേർന്ന് പച്ചക്കറികളും മറ്റ് ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനായുള്ള ചർച്ചകൾക്കും നേതൃത്വം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് എയർപോർട്ട് (കാരിപ്പൂർ) കേന്ദ്രീകരിച്ചാണ് പ്രധാന ഓഫിസ് പ്രവർത്തിക്കുന്നത്. ചരക്ക് നീക്കത്തിനുള്ള തടസ്സങ്ങൾ, എയർ കാർഗോ നിരക്കുകളിലെ വർധനവ് തുടങ്ങിയവ പരിഹരിക്കാൻ സർക്കാരുമായി ഇവർ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. നിലവിൽ ഇറാൻ-ഇസ്രയേൽ സംഘർഷം പോലുള്ള ആഗോള പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ, കയറ്റുമതിക്കാർ നേരിടുന്ന നഷ്‌ടങ്ങളും ചരക്കുകൾ തടഞ്ഞുവെക്കുന്നതും സംബന്ധിച്ച വിവരങ്ങൾ സർക്കാരിനെ അറിയിക്കുകയും പരിഹാരം തേടുകയും ചെയ്യുമെന്നും മുൻഷിദ് അലി കൂട്ടിച്ചേര്‍ത്തു.
Read Also: നെടുമ്പാശ്ശേരിയിൽ മാത്രം 75 സർവീസുകൾ മുടങ്ങി; പശ്ചിമേഷ്യൻ സംഘർഷത്തിൽ വഴിമുട്ടി പ്രവാസികൾ

