ETV Bharat / state

'കാഴ്‌ചയില്ലാത്തവർ വാഹനം ഓടിക്കുന്നു! ഭിന്നശേഷി സംവരണത്തിൽ വൻ തട്ടിപ്പ്', 'ആരോഗ്യമുള്ള' വ്യാജന്മാർ കടന്നുകൂടുന്നത് എങ്ങനെ?

വൈകല്യവുമില്ലാത്ത ഇരുപതോളം പേർ ഭിന്നശേഷിക്കാരുടെ തസ്തികയിൽ വ്യാജമായി സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി ചെയ്യുന്നതിന്‍റെ എല്ലാ വിവരങ്ങളും കൈവശമുണ്ടെന്ന് കേരള എയ്ഡഡ് ടീച്ചേഴ്‌സ് കളക്‌ടീവ് സംസ്ഥാന പ്രസിഡന്‍റ് ബിൻസിൻ ഏക്കാട്ടൂർ ഇടിവി ഭാരതിനോട് പറഞ്ഞു.

ഭിന്നശേഷി സംവരണം  ആരോഗ്യ വകുപ്പ്  ഭിന്നശേഷി  വൈകല്യം
ഭിന്നശേഷി സംവരണത്തിൽ വൻ തട്ടിപ്പ് (ETV Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 7:36 PM IST

|

Updated : February 27, 2026 at 7:44 PM IST

5 Min Read
Choose ETV Bharat

കെ ശശീന്ദ്രന്‍

കോഴിക്കോട്: ഭിന്നശേഷി സംവരണത്തിന്‍റെ മറവിൽ വ്യാജന്മാർ കയറിക്കൂടുന്നതിന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് ആരോഗ്യവകുപ്പാണെന്ന ഗുരുതര ആരോപണവുമായി ഭിന്നശേഷിക്കാരും അവരുടെ സംഘടനകളും രംഗത്ത്. ഭിന്നശേഷിക്കാർക്കായുള്ള ബാക്ക്‌ലോഗ് തസ്‌തികകൾ (പഴയ ഒഴിവുകൾ) നികത്തുന്നതിനുള്ള നടപടികൾ വേഗത്തിലായതോടെ തട്ടിപ്പുകൾ വർധിക്കുന്നതായി ഭിന്നശേഷി സംഘടനാ പ്രവർത്തകർ ആരോപിക്കുന്നു.

എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് വ്യാജ ഭിന്നശേഷി നിയമനത്തിലെ കള്ളക്കളികൾ വീണ്ടും ചർച്ചയാകുന്നത്. കാഴ്‌ച വൈകല്യമോ കേൾവി പരിമിതിയോ ഉണ്ടെന്ന വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി മാനേജ്‌മെന്‍റുകളുടെ ഒത്താശയോടെ ഇത്തരം നിയമനങ്ങൾ നടക്കുന്നു എന്നാണ് ആരോപണം. കേരളത്തിൽ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെടുത്ത സംഭവങ്ങളും ഇതോടെ ഗൗരവതരമായ ചർച്ചയായി ഉയരുകയാണ്.

ശരീരത്തിന് യാതൊരു വൈകല്യവുമില്ലാത്ത ഇരുപതോളം പേർ ഭിന്നശേഷിക്കാരുടെ തസ്‌തികയിൽ വ്യാജമായി സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി ചെയ്യുന്നതിന്‍റെ എല്ലാ വിവരങ്ങളും കൈവശമുണ്ടെന്ന് കേരള എയ്‌ഡഡ് ടീച്ചേഴ്‌സ് കളക്‌ടീവ് (കെ.എ.ടി.സി) സംസ്ഥാന പ്രസിഡന്‍റ് ബിൻസിൻ ഏക്കാട്ടൂർ ഇടിവി ഭാരതിനോട് പറഞ്ഞു. ഇവരെയെല്ലാം നേരിട്ട് അറിയാം. സർക്കാർ ആരോഗ്യവകുപ്പിന് കീഴിലെ ഡോക്‌ടർമാരുടെ സഹായത്തോടെ ഇവർ നടത്തിയത് വലിയ വഞ്ചനയാണ്.

ഭിന്നശേഷി സംവരണത്തിൽ വൻ തട്ടിപ്പ്', 'ആരോഗ്യമുള്ള' വ്യാജന്മാർ കടന്നുകൂടുന്നത് എങ്ങനെ? (ETV Bharat)

മുഴുവൻ തെളിവുകളും വകുപ്പിനെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ആരോഗ്യ മേഖലയുടെ വലിയൊരു പോരായ്മയാണ് ഇവിടെ കാണുന്നത്. മെഡിക്കൽ ബോർഡിൽ അഞ്ച് പേർ വേണമെന്നിരിക്കെ, ഇപ്പോൾ രണ്ടുപേർ ചേർന്നും സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നുണ്ടെന്ന് ബിൻസിൻ പറഞ്ഞു. വിഭാഗവുമായി ബന്ധമുള്ള ഒരു ഡോക്ടറും യാതൊരു ബന്ധവുമില്ലാത്ത ഡോക്ടർമാരും ചേർന്ന് കൈക്കൂലി വാങ്ങി ഒപ്പിട്ട നിരവധി സർട്ടിഫിക്കറ്റുകൾ നേരിൽ കണ്ടു. എന്നാൽ ആരോഗ്യ വകുപ്പിന്‍റെ കണ്ണിൽ മാത്രം ഇത് പെടുന്നില്ല.

കഴിഞ്ഞ 10 വർഷമായി ഭിന്നശേഷിക്കാരുടെ കണക്ക് സർക്കാരിന്‍റെ കൈവശമില്ല. നേരത്തെ ഉണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാരിന്‍റെ കൈവശം കണക്കുകൾ ഉണ്ടായിരുന്നതുകൊണ്ടാണ് വയനാട്ടിൽ ഒരു ആരോപണം വന്നപ്പോൾ അവർക്കെതിരെ നടപടിയെടുക്കാൻ കഴിഞ്ഞത്. വയനാട്ടിലെ 11 വ്യാജ ഭിന്നശേഷിക്കാരെ ഒരാഴ്ച കൊണ്ടാണ് പിരിച്ചുവിട്ടത്. നിലവിലെ അവസ്ഥയിൽ ആരാണ് ഭിന്നശേഷിക്കാരൻ, ആരാണ് വ്യാജൻ എന്ന കാര്യത്തിൽ സർക്കാർ പൂർണ പരാജയമാണ്. ഇത് സർക്കാരിന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായതുകൊണ്ടാണ് തങ്ങൾ തന്നെ എല്ലാ രേഖകളും സമർപ്പിച്ചത്.

കോൾ റെക്കോർഡുകൾ, എങ്ങനെ സർട്ടിഫിക്കറ്റ് നിർമ്മിച്ചു, ആരാണ് ഡോക്ടർ, ഒത്താശ ചെയ്തുകൊടുത്തതാര് തുടങ്ങി മുഴുവൻ വിവരങ്ങളും സർക്കാരിന് നൽകിയിട്ടും നടപടിയില്ലാത്തത് പരിതാപകരമാണെന്ന് ബിൻസിൻ പറഞ്ഞു. ഇടനിലക്കാരനായി പ്രവർത്തിച്ച ഒരു വ്യക്തി കോടികളാണ് ഇതിലൂടെ സമ്പാദിച്ചത്. ഇയാൾക്കെതിരെ ഡിവൈഎഫ്ഐ അടക്കം പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധം ഉയർത്തിയിരുന്നു. അതിനിടയിലും കോടികളുടെ ഒരു വീട് അദ്ദേഹം നിർമിച്ചു. അതിന്‍റെ പാലുകാച്ചൽ ചടങ്ങിൽ സ്ഥലം എംഎൽഎയും പങ്കെടുത്തു എന്ന് പറയുമ്പോൾ ഇത് പരിതാപകരമായ അവസ്ഥയാണ്. എന്തായാലും തോറ്റു പിന്മാറാൻ തയ്യാറല്ലെന്നും പോരാടുക തന്നെ ചെയ്യുമെന്നും ബിൻസിൻ ഏക്കാട്ടൂർ പറഞ്ഞു.

കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചാണ് അനധികൃത മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ പ്രധാനമായും തയാറാക്കുന്നതെന്ന് 75 ശതമാനം കാഴ്ച പരിമിതിയുള്ള മൂടാടി സ്വദേശി അരവിന്ദൻ പറഞ്ഞു. അനർഹരായ വ്യക്തികൾ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കൈക്കലാക്കി പി.എസ്.സി, സ്വകാര്യ മാനേജ്‌മെന്‍റ്, എംപ്ലോയ്‌മെന്‍റ് എന്നിവയിലൂടെ ജോലി തട്ടിയെടുക്കുകയാണ്. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ഉൾപ്പെടെയുള്ള സംഘടനകൾ ഇതിന്‍റെ യാഥാർത്ഥ്യം സർക്കാരിനെ അറിയിച്ചതാണ്. എന്നാൽ ഈ സാമൂഹ്യ വിപത്തിനെതിരെ മുഖം തിരിക്കുകയാണ് ആരോഗ്യവകുപ്പ് എന്ന് അദ്ദേഹം പറഞ്ഞു.

യഥാർഥ ഭിന്നശേഷിക്കാരായ ആളുകൾ റോഡിലും വീട്ടിലും ഇരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഒരു പ്രാദേശിക അന്വേഷണവും നടത്താതെയാണ് മെഡിക്കൽ ബോർഡ് പണം വാങ്ങിക്കൊണ്ട് സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകുന്നത്. യഥാർഥത്തിൽ ഈ വഞ്ചനയിലൂടെ സർക്കാർ തന്നെയാണ് പ്രതിസന്ധിയിലാകാൻ പോകുന്നത്. വ്യാജ ഭിന്നശേഷിക്കാരുടെ എണ്ണം ക്രമേണ കൂടിവരുമ്പോൾ എല്ലാ ആനുകൂല്യങ്ങളും അവർക്കും നൽകേണ്ടി വരും. ക്ഷേമ പെൻഷൻ അടക്കം എല്ലാ ആനുകൂല്യങ്ങളും കൊടുക്കാൻ സർക്കാർ ബാധ്യസ്ഥമാകും. വ്യാജന്മാർ അതിലൂടെയും സമ്പാദിക്കും.

സർക്കാരിന്‍റെ കൈയ്യിൽ ഭിന്നശേഷിക്കാരുടെ കൃത്യമായ കണക്കില്ലെന്നത് വലിയ പോരായ്മയാണെന്ന് അരവിന്ദൻ കൂട്ടിച്ചേർത്തു. സ്പെഷ്യൽ എംപ്ലോയ്‌മെന്‍റ് വഴി രജിസ്റ്റർ ചെയ്തവരുടെ കണക്കെങ്കിലും എടുക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. എത്രപേർക്ക് നിയമനം നൽകി, എത്രപേർ ബാക്കിയുണ്ട് എന്നീ കണക്കുകളുമില്ല. "ഭിന്നശേഷിക്കാരെ കിട്ടാനില്ല" എന്ന് നുണപ്രചാരണം ഇതിനിടയിൽ എയ്ഡഡ് മാനേജ്‌മെന്‍റുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. പണം വാങ്ങി വ്യാജ ഭിന്നശേഷിക്കാരെ തിരുകിക്കയറ്റാനുള്ള തന്ത്രമാണിത്. സർക്കാർ അതും കാണുന്നില്ല. നിയമനത്തിന് ഉപസമിതിയെ നിയോഗിച്ചിട്ടും ഒന്നും ശരിയായില്ലെന്നാണ് അനുഭവസ്ഥനായ അരവിന്ദൻ സാക്ഷ്യപ്പെടുത്തുന്നത്.

വൈകല്യങ്ങളുടെ വ്യാപ്തി അനുസരിച്ചാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നത്. 40 ശതമാനമോ അതിൽ താഴെയോ വൈകല്യമുള്ള വ്യക്തികൾ 75 ശതമാനം വൈകല്യമുള്ളവർക്ക് ലഭിക്കേണ്ട ജോലിയിൽ കയറിപ്പറ്റുന്നു. അവർക്ക് മറ്റു പല ജോലികളും ചെയ്യാമെന്നിരിക്കെ, പരിമിതി കൂടിയവർക്ക് ഈ ഒരു ജോലി മാത്രമേ ലഭിക്കൂ എന്നതാണ് യാഥാർത്ഥ്യം. അവിടെയാണ് വലിയ വഞ്ചനയും ചതിയും തട്ടിപ്പും നടക്കുന്നത്.

സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള പരിശോധന തന്നെ നേരായ രീതിയിലല്ല നടക്കുന്നതെന്ന് ഡിഫറന്‍റ്‌ലി ഏബിൾഡ് പീപ്പിൾ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ അസീസ് പറഞ്ഞു. മെഡിക്കൽ ബോർഡിൽ അഞ്ച് ഡോക്ടർമാർ വേണമെന്നിരിക്കെ ഒരു ഡോക്ടറാണ് ഇതെല്ലാം നടത്തിക്കൊടുക്കുന്നത്. ഏജന്‍റുമാർ വഴി പണം വാങ്ങിയാണ് കുറ്റ്യാടിയിലെ ഡോക്ടർ അടക്കം സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത്. ഇത് കണ്ടുപിടിക്കാൻ പൊലീസിനും കഴിയില്ല. ആരോഗ്യ വിഭാഗത്തിലെ മറ്റ് ഡിപ്പാർട്ട്‌മെന്‍റുകൾക്കും അധികാരമില്ല. ഇത് കണ്ടെത്തേണ്ടത് ആരോഗ്യവകുപ്പാണ്.

കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ ഡോക്ടർക്ക് വി.ആർ.എസ് നൽകിയതാണ് എടുത്ത ഒരേയൊരു നടപടി. എന്നാൽ സർട്ടിഫിക്കറ്റ് കൈക്കലാക്കിയ നിരവധി പേർ ഇപ്പോഴും വിവിധ ഡിപ്പാർട്ട്‌മെന്‍റുകളിൽ ജോലി ചെയ്യുന്നു. കാഴ്ചയില്ലെന്ന് സർട്ടിഫിക്കറ്റ് സ്വന്തമാക്കി ജോലിക്ക് കയറിയവർ ഇപ്പോൾ വാഹനം ഓടിച്ച് ഓഫീസിലെത്തുന്നു. അവർക്കെല്ലാം ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചിട്ടുമുണ്ട്. ഈ കാഴ്ച കാണുന്നത് യഥാർഥ ഭിന്നശേഷിക്കാരാണ്.

ഭിന്നശേഷി തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പേരും ജോലി ചെയ്യുന്നത് അധ്യാപക രംഗത്താണെന്ന് അദ്ദേഹം പറയുന്നു. പുതിയ തലമുറയിലെ വിദ്യാർത്ഥികളെയും മറ്റുള്ളവരെയും വിഡ്ഢികളാക്കി അവർ ജോലി ചെയ്യുമ്പോൾ ഒരു സമൂഹം തന്നെ അവരുടെ തട്ടിപ്പ് കണ്ടുപഠിക്കുകയാണ്. ഇതിലൂടെ ഒരു സമൂഹത്തെ തന്നെയാണ് ഇവർ വളഞ്ഞ വഴിയിലേക്ക് നയിക്കുന്നത്. ഗുരുനാഥന്മാരോട് ആദരവും അഭിമാനവും തോന്നിയിരുന്ന കാലമുണ്ടായിരുന്നു. അവർക്ക് പോലും തലതാഴ്ത്തി നടക്കേണ്ട അവസ്ഥയായി.

എൻ.എസ്.എസ് അനുകൂല വിധി നേടിയ സമയത്തും തങ്ങളുടെ ലിസ്റ്റിൽ ഭിന്നശേഷിക്കാർ ഇല്ലെന്നാണ് അറിയിച്ചത്. എന്നാൽ അതിനുള്ള അധികാരം ആ സംഘടനയ്ക്കില്ലെന്നാണ് അബ്ദുൽ അസീസ് വ്യക്തമാക്കുന്നത്. ഇത് അറിയിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എന്നാൽ സർക്കാരിന്‍റെ കൈവശം കൃത്യമായ കണക്കില്ല. ഇതോടെ സ്വകാര്യ മാനേജ്‌മെന്‍റ് അവരുടെ ഇഷ്ടത്തിന് ആളുകളെ തിരുകിക്കയറ്റും. കണക്കില്ലാത്തതിനാൽ സർക്കാരിന് ഒന്നും മിണ്ടാനും കഴിയില്ലെന്ന് അസീസ് പറയുന്നു.

ജില്ലാ കളക്ടർമാർ, ഭിന്നശേഷി കമ്മീഷൻ, ആരോഗ്യവകുപ്പ് തുടങ്ങിയവർക്കെല്ലാം ഇതിലെ യാഥാർത്ഥ്യം അറിയാമെന്ന് ഇവർ ഒരേ സ്വരത്തിൽ പറയുന്നു. ഭിന്നശേഷിക്കാരുടെ കൃത്യമായ കണക്ക് ഇനിയെങ്കിലും പരിശോധിച്ചാൽ വ്യാജന്മാരെ പുറത്താക്കി യഥാർഥ അവകാശികളിലേക്ക് ആനുകൂല്യങ്ങൾ എത്തിച്ചേരും.

Also Read: വിഎസ് അനുഭവ പാഠമാക്കി സിപിഎം; ശൈലജയെ ഒഴിവാക്കാനാകില്ല, മത്സരിപ്പിക്കാന്‍ പാര്‍ട്ടി, മട്ടന്നൂരില്‍ തന്നെ

Last Updated : February 27, 2026 at 7:44 PM IST