ETV Bharat / state

പുനഃസംഘടന നീളുന്നതിൽ കടുത്ത അമർഷം; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

നിലവിൽ കെപിസിസി അധ്യക്ഷ പദവി വഹിക്കുന്ന സണ്ണി ജോസഫ് സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു

KERALA CONGRESS COMMITTEE UDF GOVERNMENT KERALA KPCC PRESIDENT SUNNY JOSEPH AICC GENERAL SECRETARY
ഇന്ദിരാഭവൻ (Special Arrangement)
author img

By ETV Bharat Kerala Team

Published : September 3, 2026 at 11:54 AM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേരും. എഐസിസി ആഹ്വാനം ചെയ്ത വിവിധ സമരപരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം സംസ്ഥാന സർക്കാരിൻ്റെ ഭരണവിലയിരുത്തലും യോഗത്തിലുണ്ടാകും. കെപിസിസി പുനഃസംഘടന നീളുന്നതിലെ അതൃപ്തിയും മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യവും യോഗത്തിൽ പ്രധാന ചർച്ചയാകും.

നിലവിൽ കെപിസിസി അധ്യക്ഷ പദവി വഹിക്കുന്ന സണ്ണി ജോസഫ് സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിനെ തുടർന്ന് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. മന്ത്രിസ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഒരാൾ തന്നെ വഹിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അദ്ദേഹം പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ അദ്ദേഹത്തോട് തത്കാലം പദവിയിൽ തുടരാനാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. പുനഃസംഘടന അനിശ്ചിതമായി നീളുന്നത് പാർട്ടിക്കുള്ളിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. ഡിസിസി, കെപിസിസി പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കണമെന്ന ആവശ്യവും നേതാക്കൾക്കിടയിൽ ശക്തമാണ്.

സംഘടനാ രംഗത്തെ പ്രതിസന്ധി
പാർട്ടി പ്രസിഡൻ്റ് സണ്ണി ജോസഫിന് പുറമേ വർക്കിങ് പ്രസിഡൻ്റുമാരായ പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ എന്നിവരും നിലവിൽ മന്ത്രിമാരാണ്. ഏറെ ഉത്തരവാദിത്വവും തിരക്കുമുള്ള മന്ത്രിപദവിക്കൊപ്പം സംഘടനാ രംഗത്തേക്ക് കൂടി വേണ്ടത്ര ശ്രദ്ധ ചെലുത്താൻ ഇവർക്ക് കഴിഞ്ഞേക്കില്ലെന്ന പൊതുവികാരമാണ് കോൺഗ്രസിലുള്ളത്.

മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിരന്തരം ഉയർത്തുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഭരണത്തുടർച്ച ലക്ഷ്യമിട്ട് മുന്നോട്ട് പോകുമ്പോൾ സർക്കാരിന് കരുത്തായി മാറേണ്ട പാർട്ടി സംവിധാനം ദുർബലമാകുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സർക്കാരിൻ്റെ ജനപ്രിയ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പാർട്ടി നേതൃത്വം പരാജയപ്പെടുകയാണെന്ന വിമർശനവും ശക്തമാണ്.

പ്രതിപക്ഷ മുന്നണിയായ എൽഡിഎഫിൽ നടക്കുന്ന സിപിഎം-സിപിഐ പോര് രാഷ്ട്രീയമായി മുതലെടുക്കാൻ കോൺഗ്രസിന് കഴിയാത്തതും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ മുഴുവൻ സമയ പ്രസിഡൻ്റ് എന്ന ആവശ്യം വരാനിരിക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പ്രധാന ചർച്ചയാകും. അതേസമയം പുനഃസംഘടനയെപ്പറ്റി തനിക്ക് വിവരമൊന്നുമില്ലെന്നും കാര്യങ്ങൾ തീരുമാനിക്കേണ്ടത് എഐസിസി നേതൃത്വമാണെന്നുമാണ് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി വ്യക്തമാക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം എല്ലാ ജില്ലകളിലും കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡൻ്റുമാരും സന്ദർശനം നടത്താനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം മുന്നിൽ നിൽക്കെ പാർട്ടിയെ അടിത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന സന്ദേശമാണ് ഹൈക്കമാൻഡ് നൽകുന്നത്. ഇതിൻ്റെ ഭാഗമായി ബൂത്ത് തലം മുതൽ അഴിച്ചുപണി ഉണ്ടായേക്കും.

Also Read:- 'സദ്യ നൽകിയതിൽ വീഴ്ചയില്ല, മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു'; വിശദീകരണവുമായി കെ.ജയകുമാർ