ETV Bharat / state

കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രി ആര്? കോൺഗ്രസിൻ്റെ നിർണായക നിയമസഭാകക്ഷി യോഗം ആരംഭിച്ചു

എഐസിസി നിയോഗിച്ച നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ എംഎൽഎമാരെ അഭിസംബോധന ചെയ്യും. ഇതിനുശേഷം ഓരോ എംഎൽഎമാരെയും നിരീക്ഷകർ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായം തേടും

KERALA CONGRESS CHIEF MINISTER VD SATHEESAN FOR CM NEXT KERALA CHIEF MINISTER KERALA ASSEMBLY ELECTION 2026
വിഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല (ETV Bharat)
author img

By ETV Bharat Kerala Team

Published : May 7, 2026 at 10:23 AM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസ് നീക്കം ഊർജിതമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പ്രചാരണ സമിതി അധ്യക്ഷൻ , എഐസിസി ജനറൽ സെക്രട്ടറി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദവിയിലേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ഇതിന് മുന്നോടിയായുള്ള നിർണായക നിയമസഭാകക്ഷി യോഗം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ആരംഭിച്ചു.

എഐസിസി നിയോഗിച്ച നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ എംഎൽഎമാരെ അഭിസംബോധന ചെയ്യും. ഇതിനുശേഷം ഓരോ എംഎൽഎമാരെയും നിരീക്ഷകർ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായം തേടും. ഈ ഘട്ടത്തിൽ എംഎൽഎമാരുടെ നിലപാട് വളരെ നിർണായകമാണ്. ഭൂരിപക്ഷം അംഗങ്ങൾ പിന്തുണയ്ക്കുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡ് താത്പര്യം പ്രകടിപ്പിക്കുന്നത്. അതിനാൽ എംഎൽഎമാരുമായുള്ള കൂടിക്കാഴ്ച ഏറെ ശ്രദ്ധേയമാണ്. പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളും ഈ യോഗത്തിൽ നടക്കാൻ സാധ്യതയുണ്ട്. മികച്ച ഭരണനേതൃത്വത്തെ തെരഞ്ഞെടുക്കാനാണ് ഹൈക്കമാൻഡ് നിരീക്ഷകർ ലക്ഷ്യമിടുന്നത്.

ഘടകകക്ഷികളുമായി ചർച്ച

യുഡിഎഫിലെ ഘടകകക്ഷി നേതാക്കൾക്കും ഹൈക്കമാൻഡ് നിരീക്ഷകരെ കാണാൻ പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. വൈകിട്ട് നാലിന് കേരള കോൺഗ്രസ് നേതാക്കളുമായി ഇവർ കൂടിക്കാഴ്ച നടത്തും. നാലരയോടെ മുസ്ലിം ലീഗ് നേതാക്കളുമായും നിരീക്ഷകർ ചർച്ച നടത്തുന്നതാണ്. ഇതിനുശേഷം മറ്റ് ഘടകകക്ഷി നേതാക്കളെയും ഇവർ കേൾക്കും. മുന്നണി കൂട്ടായ്മയുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കൃത്യമായി രേഖപ്പെടുത്തി ഹൈക്കമാൻഡിനെ അറിയിക്കാനാണ് നീക്കം. പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ വകുപ്പ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിലും ഘടകകക്ഷികളുമായി വേഗത്തിൽ ധാരണയിലെത്തേണ്ടതുണ്ട്.

മുതിർന്ന നേതാക്കളുടെ നിലപാട്

സംസ്ഥാനത്തുള്ള പ്രവർത്തക സമിതി അംഗങ്ങൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവരോട് തലസ്ഥാനത്ത് എത്താൻ ഹൈക്കമാൻഡ് നേരിട്ട് നിർദേശിച്ചിരുന്നു. മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങളും നിരീക്ഷകർ ചോദിച്ചറിയും. ഇന്നലെ വൈകിട്ട് പാർട്ടിയുടെ മുതിർന്ന നേതാവും പ്രവർത്തക സമിതി അംഗവുമായ എകെ ആൻ്റണിയെ നിരീക്ഷകർ അദ്ദേഹത്തിൻ്റെ വസതിയിലെത്തി കണ്ടിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ നൽകുന്ന നിർദേശങ്ങൾ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ വലിയ പങ്ക് വഹിക്കും. തെരഞ്ഞെടുപ്പിൽ പാർട്ടി നേടിയ മികച്ച വിജയത്തിൻ്റെ ശോഭ കെടുത്തുന്ന യാതൊരു അധികാര തർക്കങ്ങളും ഉണ്ടാകരുതെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ കർശന നിർദേശം.

പ്രഖ്യാപനം ഡൽഹിയിൽ

സംസ്ഥാനത്ത് സമഗ്രമായ അഭിപ്രായ രൂപീകരണം നടത്തിയ ശേഷം നിരീക്ഷകർ ഇന്ന് ഡൽഹിക്ക് മടങ്ങുമെന്നാണ് സൂചന. ഇതിനുശേഷം ഇവർ രേഖപ്പെടുത്തിയ എംഎൽഎമാരുടെയും നേതാക്കളുടെയും അഭിപ്രായങ്ങൾ ഹൈക്കമാൻഡിന് കൈമാറും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരടക്കമുള്ള കേന്ദ്ര നേതൃത്വം ഇത് വിശദമായി പഠിച്ച ശേഷമാകും താത്പര്യമുള്ള മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. പ്രഖ്യാപനം ഡൽഹിയിൽ നിന്നുണ്ടാകാനാണ് ഏറെ സാധ്യതയെന്ന് വിലയിരുത്തുന്നു.

ഇതിനുശേഷം വീണ്ടും നിയമസഭാ കക്ഷി യോഗം കേരളത്തിൽ ചേരും. ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്ന പേരിന് ഈ യോഗം ഔദ്യോഗികമായി അംഗീകാരം നൽകുന്നതോടെ ഭരണഘടനാപരമായ നടപടിക്രമങ്ങൾ പൂർത്തിയാകും. അധികാരത്തർക്കങ്ങൾ ഒഴിവാക്കാൻ അന്തിമ തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വ്യക്തമായ സൂചന.

Also Read:- ബിജെപിയുടെ അംഗബലം മൂന്ന്; സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാം, ചര്‍ച്ചകളില്‍ പങ്കെടുക്കാം, മുന്‍ നിരയില്‍ ഒരു ഇരിപ്പിടവും