ETV Bharat / state

'78ൽ നിന്ന് 55ലേക്ക്'; പച്ചത്തേങ്ങ വില കുത്തനെ താഴേക്ക്, 2026ൻ്റെ തുടക്കം കർഷകർക്ക് 'കയ്‌പുനീർ'

വെളിച്ചെണ്ണ, കൊപ്ര വിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി. വരവ് കൂടിയതാണ് വിലക്കുറവിന് കാരണമെന്ന് വ്യാപാരികൾ. പഴയ അവസ്ഥയിലേക്ക് വില താഴുമോ എന്ന ആശങ്കയിൽ കർഷകർ.

Raw coconut price today Coconut market trends 2026 Coconut oil price Kerala Agriculture news Kerala today
പച്ചത്തേങ്ങ വില കുത്തനെ താഴേക്ക് (ETV Bharat)
author img

By ETV Bharat Kerala Team

Published : January 3, 2026 at 10:34 AM IST

3 Min Read
Choose ETV Bharat

കോഴിക്കോട്: 2025 നാളികേര കർഷകർക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഉത്സവകാലവും റെക്കോർഡ് വില ലഭിച്ച വർഷവുമായിരുന്നുവെങ്കിൽ 2026ൻ്റെ തുടക്കം അത്ര ശുഭകരമല്ലെന്ന സൂചനയാണ് വിപണി നൽകുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 78 രൂപയിൽ നിന്ന് പച്ചത്തേങ്ങ വില കിലോയ്ക്ക് 55 രൂപയിലേക്ക് താഴ്ന്നു. 2024 നവംബറിലെ വിലയ്ക്ക് സമാനമായ അവസ്ഥയിലാണ് നിലവിൽ വിപണിയുള്ളത്.

വില ഇനിയും കുറയാനുള്ള സാധ്യതയാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ചെറുകിട വിപണിയിലടക്കം തേങ്ങ ധാരാളം എത്തുന്നുണ്ടെന്നും സീസൺ ആകുന്നതോടെ വരവ് ഇനിയും വർധിക്കുമെന്നും കുറ്റ്യാടി ട്രേഡേഴ്സിലെ ഹാഷിം അഭിപ്രായപ്പെട്ടു. ആ സമയത്ത് വില പഴയകാല അവസ്ഥയിലേക്ക് കൂപ്പുകുത്തിയാലും അതിശയപ്പെടാനില്ലെന്നാണ് അദ്ദേഹം പറയുന്നത്. നാളികേര വില വർധിച്ചതോടെ മുൻപ് തിരിഞ്ഞു നോക്കാതെ കിടന്നിരുന്ന തെങ്ങിൻ തോപ്പുകൾക്ക് ഇപ്പോൾ പുതുജീവൻ വന്നിട്ടുണ്ട്. അതിൻ്റെ കായ്ഫലം വരുംനാളുകളിലാണ് ലഭിച്ചു തുടങ്ങുക. കൂടാതെ തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കൂടിയത് ഇപ്പോഴത്തെ വിലക്കുറവിന് കാരണമായിട്ടുണ്ട്. ഇന്തോനേഷ്യയിൽ നിന്നുള്ള നാളികേരവും വിപണിയിലെത്തുന്നുണ്ട്. വിപണിയിൽ നാളികേരത്തിൻ്റെ ലഭ്യത കുറഞ്ഞതായിരുന്നു നേരത്തെ വില കുതിച്ചുയരാൻ കാരണമായത്.

Raw coconut price today Coconut market trends 2026 Coconut oil price Kerala Agriculture news Kerala today
പച്ചത്തേങ്ങ വില കുത്തനെ താഴേക്ക് (ETV Bharat)

2025 ഓഗസ്റ്റ് പകുതിയോടെ 56ലേക്ക് താഴ്ന്ന വില പിന്നീട് 78 രൂപ വരെ എത്തിയിരുന്നു. തമിഴ്നാട്ടിൽ അടക്കം വെളിച്ചെണ്ണ വില കുറയ്ക്കാൻ സർക്കാരും ഉടമകളും തമ്മിലുണ്ടാക്കിയ ധാരണയെ തുടർന്നാണ് അന്ന് വില താഴ്ന്നത്. തിരിച്ചു കയറിയ വില ഇനി പിടിച്ചാൽ കിട്ടില്ലെന്നായിരുന്നു അന്ന് വ്യാപാരികൾ പറഞ്ഞിരുന്നത്. എന്നാൽ ഇനിയൊരു വില കുതിപ്പിന് സാധ്യത കുറവാണെന്ന് അതേ വ്യാപാരികൾ തന്നെ ഇപ്പോൾ വ്യക്തമാക്കുന്നു. അഞ്ച് വർഷത്തിലേറെയായി 23 മുതൽ 26 വരെയായിരുന്നു പച്ചത്തേങ്ങ വില. 2024ലെ ഓണത്തിന് മുൻപ് അത് 39ൽ എത്തി. പിന്നീടും വർധിച്ച് വില 47ൽ എത്തിയ സമയത്ത് കടകളിലേക്ക് തേങ്ങയുടെ ഒഴുക്കുണ്ടായി. അതോടെ വില 40തിലേക്ക് താഴ്ന്നു. പിന്നീട് തേങ്ങ കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ 2025 മാർച്ച് മാസത്തോടെ വില സർവകാല റെക്കോർഡുകളും ഭേദിക്കുകയായിരുന്നു.

വെളിച്ചെണ്ണ വിപണിയിലും ആശ്വാസം

നാളികേര വില കുറഞ്ഞത് വെളിച്ചെണ്ണ വിലയിലും പ്രതിഫലിക്കുന്നുണ്ട്. ലിറ്ററിന് 500 രൂപയ്ക്ക് മുകളിലെത്തി കഴിഞ്ഞ ഓണക്കാലത്ത് വെളിച്ചെണ്ണയുടെ വില റെക്കോർഡിട്ടിരുന്നു. എന്നാൽ താഴേക്കിറങ്ങിയ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് കോഴിക്കോട്ടെ മൊത്തവിപണി വില. കടകളിൽ ഈ വിലക്കുറവ് പ്രതിഫലിക്കാൻ ഇനിയും ദിവസങ്ങൾ ഏറെയെടുക്കും. എങ്കിലും വെളിച്ചെണ്ണയുടെ 'പൊള്ളൽ' കുറയുന്നത് അടുക്കളകളിൽ തെല്ലൊന്ന് ആശ്വാസമാകും. കൊപ്ര വിലയും താഴോട്ടാണ്. ക്വിൻ്റലിന് 9000 രൂപയായിരുന്ന കൊപ്ര വില കഴിഞ്ഞ ഓണക്കാലത്ത് 27,000 രൂപയിൽ എത്തിയിരുന്നു. എന്നാൽ നിലവിൽ അത് കുറഞ്ഞ് 20,000 രൂപയായി. ഇനിയും താഴാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.

Raw coconut price today Coconut market trends 2026 Coconut oil price Kerala Agriculture news Kerala today
പച്ചത്തേങ്ങ വില കുത്തനെ താഴേക്ക് (ETV Bharat)

ഇറക്കുമതിയും വ്യവസായവും

ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നികുതി വർധിച്ചത് മുൻപ് വെളിച്ചെണ്ണ വില വർധിക്കാൻ കാരണമായിരുന്നു. എന്നാൽ, ആഗോളതലത്തിൽ ഉത്പാദനം കൂടുന്നത് വില കുറയാൻ സാധ്യതയുണ്ടെന്ന് ലോകബാങ്കിൻ്റെ റിപ്പോർട്ടുകളിലും സൂചനയുണ്ടായിരുന്നു. തേങ്ങ, കൊപ്ര ഇറക്കുമതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെളിച്ചെണ്ണ മില്ലുടമകൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് തേങ്ങ ഉത്പാദനത്തിൽ മുന്നിലുള്ളത്. ഈ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി നടത്തി വില പിടിച്ചുനിർത്തണമെന്നാണ് വ്യാപാരികൾ മുൻപ് ആവശ്യപ്പെട്ടത്.

Raw coconut price today Coconut market trends 2026 Coconut oil price Kerala Agriculture news Kerala today
പച്ചത്തേങ്ങ വില കുത്തനെ താഴേക്ക് (ETV Bharat)

രാജ്യത്തുടനീളം രണ്ടായിരത്തിലധികം വെളിച്ചെണ്ണ അനുബന്ധ ഉത്പന്നങ്ങൾ പുറത്തിറക്കുന്ന കമ്പനികളുണ്ടെന്നാണ് കണക്ക്. ഈ സ്ഥാപനങ്ങളിലായി 25,000ത്തിലധികം പേർ ജോലി ചെയ്യുന്നുണ്ട്. തേങ്ങ ലഭ്യത കുറഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയിലും സംഭവിച്ചിരുന്നത്. കാറ്റുവീഴ്ച, മഞ്ഞളിപ്പ്, വെള്ളീച്ച തുടങ്ങിയ രോഗങ്ങൾ കാരണം ഉത്പാദനം കുറഞ്ഞതും കേരളത്തിൽ ഒരു ഘട്ടത്തിൽ തേങ്ങയുടെ വില വർധിക്കാനുള്ള കാരണമായിരുന്നു. വില വർധിച്ചതോടെ തേങ്ങ മോഷണവും അടിപിടിയും പൊലീസ് കേസുകളും ഉണ്ടായിരുന്നു. എന്നാൽ വില കുറഞ്ഞതോടെ ഇത്തരം കേസുകൾ കുറഞ്ഞു. വില ഇനിയും ഇടിഞ്ഞ് തേങ്ങ ആർക്കും വേണ്ടാത്ത പഴയ അവസ്ഥയിലേക്ക് എത്തുമോ എന്ന ആശങ്കയിലാണ് കേരകർഷകർ.

Also Read:- സ്വിമ്മിങ്‌ പൂളിലെ പരിചയം വച്ച് ക്ഷേത്ര കുളത്തിലിറങ്ങി; അപകടത്തില്‍പ്പെട്ട് അച്ഛനും മകളും, രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികള്‍