സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം; സമയക്രമം അറിയാം
പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ ഈ മൂന്നുദിവസങ്ങളിലും സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിലെത്തി മുഖ്യമന്ത്രി നേരിട്ട് കാണും.

Published : August 31, 2026 at 12:19 PM IST
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണാനെത്തുന്ന സന്ദർശകർക്കായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫിസ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 3.00മുതൽ 5.30വരെയാണ് പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽ കാണാൻ അവസരമൊരുക്കുന്നത്. മറ്റു ജില്ലകളിൽനിന്ന് എത്തുന്നവർക്ക് വേഗത്തിൽ പരാതി നൽകാനും തിരക്ക് ഒഴിവാക്കാനുമാണ് പുതിയ സംവിധാനം.
പൊതുഅവധി അല്ലാത്ത ദിവസങ്ങളിലായിരിക്കും ഈ സൗകര്യം ലഭ്യമാകുക. പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ ഈ മൂന്നുദിവസങ്ങളിലും സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിലെത്തി മുഖ്യമന്ത്രി നേരിട്ട് കാണും.
ഇതിനുശേഷമായിരിക്കും ഓഫിസിൽ സന്ദർശകരെ കാണുക. മുൻകൂട്ടി അപ്പോയിൻ്റ്മെൻ്റ് എടുത്തിട്ടുള്ളവർക്കും ഈ സമയത്ത് ഓഫിസിലെത്തി മുഖ്യമന്ത്രിയെ കാണാൻ സാധിക്കും. സെപ്റ്റംബർ രണ്ട് മുതൽ പുതിയ ക്രമീകരണം നിലവിൽ വരും. മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാൻ കഴിയും. ഇതിനായി 3.00മുതൽ 5.00വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കും.
താത്കാലിക നിയന്ത്രണത്തിന് ശേഷം
മുൻ യുഡിഎഫ് സർക്കാരിൻ്റെ പ്രഥമ സംസ്ഥാന ബജറ്റ് തയാറാക്കുന്ന അവസരത്തിൽ ജൂൺ 19 വരെ മുഖ്യമന്ത്രി വിഡി സതീശന് സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു. ധനമന്ത്രിയുടെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി ബജറ്റ് നിർമാണവുമായി ബന്ധപ്പെട്ട അടിയന്തര യോഗങ്ങളിൽ പങ്കെടുക്കേണ്ടതിനാലാണ് അന്ന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രി നേരിട്ട് പൊതുജനങ്ങളെ കാണുന്നതിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുതിയ സർക്കാർ അധികാരമേറ്റതോടെയാണ് ഇതിൽ മാറ്റം വന്നത്.
തുറന്നിട്ട് നോർത്ത് ഗേറ്റ്
സർക്കാർ അധികാരമേറ്റതിന് പിന്നാലെ പത്തുവർഷമായി അടഞ്ഞുകിടന്ന നോർത്ത് ഗേറ്റ് അഥവാ സമര ഗേറ്റ് വീണ്ടും തുറന്നിരുന്നു. കഴിഞ്ഞ പത്തുവർഷമായി ഇതിലൂടെ ഒരു സന്ദർശകനും ഉദ്യോഗസ്ഥനും ഭരണാധികാരിയും സെക്രട്ടേറിയറ്റിലേക്ക് പ്രവേശിച്ചിരുന്നില്ല. എംജി റോഡിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലേക്ക് കടക്കാവുന്ന പ്രവേശനകവാടമാണ് സമരഗേറ്റ് എന്നറിയപ്പെടുന്ന നോർത്ത് ഗേറ്റ്. ഭരണസംവിധാനത്തിനെതിരായ ഒട്ടുമിക്ക പ്രതിഷേധങ്ങളും ഈ കവാടത്തിന് മുന്നിലാണ് അരങ്ങേറുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് നോർത്ത് ഗേറ്റ് സ്ഥിരമായി അടച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമരങ്ങൾ അക്രമാസക്തമായാൽ പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിലേക്ക് കടക്കുമെന്ന വിലയിരുത്തലിലാണ് ഈ ഗേറ്റ് പൂട്ടിയിടാൻ അന്ന് സർക്കാർ തീരുമാനിച്ചത്. ഗേറ്റ് കഴിഞ്ഞുള്ള ആദ്യകെട്ടിടം മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സെൽ ഓഫിസാണ്. ഇവിടെയെത്തേണ്ടവർ സ്റ്റാച്യൂവിൽനിന്ന് കൻ്റോൺമെൻ്റ് ഗേറ്റ് വഴിയാണ് മുൻപ് എത്തിയിരുന്നത്. എന്നാൽ പുതിയ തീരുമാനത്തോടെ സന്ദർശകർക്കും ഉദ്യോഗസ്ഥർക്കും ഇനി ഇതുവഴി പ്രവേശനമുണ്ടാകും. ഭരണസിരാകേന്ദ്രത്തെ കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
Also Read:- ഷൊർണൂരിൽ ബസ് ഡ്രൈവർക്ക് ക്രൂര മർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

