'മനംനൊന്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു'; സൈബർ ആക്രമണത്തിൽ മമ്മൂട്ടിയോട് പരസ്യമായി മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി
വയനാട് സന്ദർശന ദൃശ്യങ്ങൾ രഹസ്യ കാമറയിൽ പകർത്തി വളച്ചൊടിച്ചാണ് വിവാദമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം ജനറൽ ആശുപത്രി മന്ദിര ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം.

Published : March 9, 2026 at 8:03 PM IST
തിരുവനന്തപുരം: മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായ സംഭവത്തിൽ അദ്ദേഹത്തോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി. സിപിഎം അനുകൂല സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്നും മറ്റും മമ്മൂട്ടിക്കെതിരെ വലിയ തോതിൽ അധിക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം. യാതൊരുവിധ പ്രതിഫലേച്ഛയുമില്ലാതെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന മമ്മൂട്ടിക്ക് സൈബർ അധിക്ഷേപത്തിൽ മനംനൊന്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയുടെ ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവാദങ്ങൾക്ക് പിന്നിൽ രഹസ്യ കാമറ
ചെന്നൈയിൽ നിന്നും കോഴിക്കോട് എത്തിയതിന് ശേഷമാണ് മമ്മൂട്ടി വയനാട്ടിലേക്ക് പോയത്. ദുരന്തബാധിത പ്രദേശങ്ങളിലെ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കുക എന്ന നല്ല ഉദ്ദേശത്തോടെയായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. ഗവൺമെൻ്റിനെയോ രാഷ്ട്രീയ പാർട്ടികളെയോ അറിയിക്കാതെ, തികച്ചും വ്യക്തിപരമായ നിലയിലായിരുന്നു യാത്ര. എന്നാൽ, നമ്മുടെ നാട്ടിലെ എന്തിനെയും വിവാദമാക്കാൻ താത്പര്യമുള്ള ചിലർ അവിടെയും സജീവമായിരുന്നു. അദ്ദേഹം വീടുകൾ സന്ദർശിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യുന്ന സമയത്ത്, വയനാട് ജില്ലയിലെ സിപിഎം ജില്ലാ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ റഫീഖ് എന്ന ചെറുപ്പക്കാരനും ഒപ്പമുണ്ടായിരുന്നു.
മമ്മൂട്ടി മുൻകൂട്ടി അറിയിച്ചുകൊണ്ടുള്ള ഒരു സന്ദർശനമായിരുന്നില്ല ഇത്. അതിനാൽ, റഫീഖ് തന്നെ ക്ഷണിച്ചിട്ടല്ല വന്നതെന്നും, ഒന്നിച്ച് നടക്കുന്നത് മറ്റു രീതിയിൽ ചിത്രീകരിക്കപ്പെടാനും കേരളത്തിൽ എന്തിനെയും വിവാദമാക്കാൻ ശ്രമിക്കുന്നവർക്ക് അത് അവസരമാകാനും സാധ്യതയുണ്ടെന്നും മമ്മൂട്ടി അദ്ദേഹത്തെ അറിയിച്ചു. ഒരു കാമറയുടെയും മുന്നിലല്ലാതെ തികച്ചും വ്യക്തിപരമായാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
എന്നാൽ, ശരീരത്തിൽ രഹസ്യമായി കാമറ വച്ചുനടക്കുന്ന പ്രവണത ഇപ്പോൾ വ്യാപകമാണ്. ഷർട്ടിൻ്റെ ബട്ടണുകളുടെ രൂപത്തിലും പോക്കറ്റിലെ പേനയുടെ രൂപത്തിലും ആരും അറിയാതെ കാമറകൾ ഉപയോഗിക്കുന്നവരുണ്ട്. ഇത്തരത്തിൽ ആരുടെയോ പക്കലുണ്ടായിരുന്ന രഹസ്യ കാമറയിലൂടെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട്, വിവാദങ്ങൾ സൃഷ്ടിക്കാൻ താത്പര്യമുള്ളവർ ഇത് വലിയ തോതിൽ പ്രചരിപ്പിച്ചു.
മമ്മൂട്ടി റഫീഖിനെ അപമാനിച്ചു എന്നും അദ്ദേഹം ക്ഷുഭിതനായി എന്നൊക്കെയുള്ള തെറ്റായ വിവരങ്ങളാണ് ഇതിലൂടെ പുറത്തുവന്നത്. ഇതിൻ്റെ തുടർച്ചയായാണ് സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തെ വലിയ തോതിൽ അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായത്. നന്മ മാത്രം ലക്ഷ്യമാക്കി, കേരളത്തിൽ ഏറ്റവും മാതൃകാപരമായി പൂർത്തിയാക്കിയ ഒരു പദ്ധതി നേരിട്ട് കാണാൻ സാധാരണക്കാരനെപ്പോലെ പോയ അദ്ദേഹത്തെ ഇത്തരത്തിൽ വിവാദത്തിലേക്ക് വലിച്ചിഴച്ചത് തികച്ചും നിർഭാഗ്യകരമാണ്.
മഹാനടനെ തിരിച്ചറിയണം
സിപിഎമ്മിൻ്റെ സോഷ്യൽ മീഡിയ പോരാളികൾ മമ്മൂട്ടിയെ ആക്രമിച്ചു എന്നത് ഏറെ സങ്കടകരമായ കാര്യമാണ്. സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള അഭിപ്രായങ്ങൾ വരാറുണ്ടെങ്കിലും, ഇത്തരം പ്രചാരണങ്ങൾ കാരണം അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ, അതിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ പരസ്യമായി വീണ്ടും ക്ഷമ ചോദിക്കുന്നു. മമ്മൂട്ടിയെപ്പോലുള്ള ഒരു മഹാനടനെ മനസ്സിലാക്കാൻ സൈബർ ഇടങ്ങളിൽ ഇടപെടുന്നവർക്ക് കഴിയേണ്ടതുണ്ട്. അദ്ദേഹത്തെ അപമാനിക്കുക എന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമായിരുന്നു. സംഭവത്തിൽ യാതൊരുവിധ അധിക്ഷേപങ്ങളും ഉണ്ടായിട്ടില്ലെന്ന് റഫീഖ് തന്നെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
നല്ലൊരു കാര്യത്തെ എങ്ങനെയാണ് മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് എന്നതിൻ്റെ ഉദാഹരണമാണിത്. സമൂഹത്തിന് ഒരിക്കലും ഗുണകരമല്ലാത്ത ഇത്തരം പ്രവണതകളിൽ നിന്ന് മാറിനിൽക്കാനും, നന്മയെ തിരിച്ചറിയാനും അതിൻ്റെ കൂടെ നിൽക്കാനും നമുക്ക് കഴിയണം. വസ്തുതകളെ വളച്ചൊടിക്കുന്നവരെ തിരിച്ചറിയാനുള്ള സാമാന്യബുദ്ധിയും വിവേകവും ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നവർക്ക് ഉണ്ടാകണമെന്നും, ഇത് എല്ലാവർക്കും വലിയൊരു അനുഭവപാഠമാണെന്നും ഓർമിപ്പിക്കുന്നു.
Also Read:- 'ബെഡ്റൂമിൽ കണ്ടത് ഫോട്ടോയെടുത്തു, തെളിവ് കൈവശമുണ്ട്'; മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

