ETV Bharat / state

ഉദ്യോഗാർഥികൾക്ക് ആശ്വാസം; 18 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി സർക്കാർ

2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് സർക്കാർ ദീർഘിപ്പിച്ചത്

CM VD SATHEESAN PRESS MEET  KERALA PSC RANK LIST EXTENSION  NEW NDPS COURTS IN KERALA  FLOOD RELIEF FUND KERALA
മുഖ്യമന്ത്രി വിഡി സതീശൻ (ETV Bharat)
author img

By ETV Bharat Kerala Team

Published : September 2, 2026 at 10:49 AM IST

3 Min Read
Choose ETV Bharat

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം കാലാവധി അവസാനിക്കുന്ന 18 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ലഹരിമരുന്ന് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി മൂന്ന് ജില്ലകളിൽ പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കാനും മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരെ കണ്ട മുഖ്യമന്ത്രിയാണ് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾക്കാണ് നീട്ടിക്കിട്ടുക. ഇതിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ജില്ലകളിലെ അധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്. പ്രൈമറി അധ്യാപകർ മുതൽ ഹയർ സെക്കൻഡറി വരെയുള്ള തസ്തികകൾ ഇതിൽ ഉൾപ്പെടും.

കാലാവധി നീട്ടിയ 18 റാങ്ക് ലിസ്റ്റുകള്‍

1. പ്രീ പ്രൈമറി ടീച്ചർ - കാറ്റ​ഗറി നമ്പർ - 519/ 2019

2. HST സോഷ്യൽ സയൻസ് - കാറ്റ​ഗറി നമ്പർ - 203/ 2021

3. HST മലയാളം- - കാറ്റ​ഗറി നമ്പർ - 255/ 2021

4. HST ഹിന്ദി- - കാറ്റ​ഗറി നമ്പർ - 562/ 2021

5. HST ഇം​ഗ്ലീഷ്- കാറ്റ​ഗറി നമ്പർ - 254/ 2021

6. HST മാത്തമാറ്റിക്സ്- കാറ്റ​ഗറി നമ്പർ - 383/ 2020

7. HST നാച്വറൽ സയൻസ്- കാറ്റ​ഗറി നമ്പർ - 384/ 20208. ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് - കാറ്റ​ഗറി നമ്പർ - 520/ 2019

9. പാർട്ട് ടൈം HST ( ഹിന്ദി) - 422/2019

10. HST ഡ്രോയിം​ഗ് - കാറ്റ​ഗറി നമ്പർ - 524/ 201911. പാർട്ട് ടൈം ജൂനിയർ അറബിക് യുപിഎസ് - കാറ്റ​ഗറി നമ്പർ - 402/ 2020

12. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ യുപിഎസ്- കാറ്റ​ഗറി നമ്പർ - 525/ 2019

13. HSST ഇം​ഗ്ലീഷ് -കാറ്റ​ഗറി നമ്പർ - 728 / 2021

14. HSST ജൂനിയർ ഇം​ഗ്ലീഷ് - കാറ്റ​ഗറി നമ്പർ - 730/ 2021

15. HSST ഹിസ്റ്ററി - കാറ്റ​ഗറി നമ്പർ - 486/ 2019

16. HSST ജൂനിയർ സുവോളജി - കാറ്റ​ഗറി നമ്പർ - 738/ 202117. HSST ജൂനിയർ ജോ​ഗ്രഫി - കാറ്റ​ഗറി നമ്പർ - 736/ 2021

18. HSST ജൂനിയർ ബോട്ടണി - കാറ്റ​ഗറി നമ്പർ - 737/ 2021

എന്നിവയുടെ കാലാവധി ആറ് മാസം കൂടെ നീട്ടാൻ മന്ത്രി സഭാ യോ​ഗത്തിൽ തീരുമാനിച്ചത്. സെൻസസ്, ബിഎൽഒ ചുമതലകൾ, ജീവനക്കാരുടെ സ്ഥലംമാറ്റം തുടങ്ങിയ വിവിധ കാരണങ്ങളാൽ നിയമന നടപടികൾ വൈകിയ സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസം നൽകുന്ന ഈ തീരുമാനം സർക്കാർ കൈക്കൊണ്ടത്. ഒഴിവുകൾ യഥാസമയം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം ഉണ്ടായതും റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമന അവസരങ്ങൾ കുറയാൻ കാരണമായിരുന്നു. നിയമന നടപടികളിലെ കാലതാമസം മൂലം ഉദ്യോഗാർഥികൾക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങൾ ഗണ്യമായി കുറയുന്ന സാഹചര്യം പരിഹരിക്കുന്നതിനാണ് ആറ് മാസത്തെ അധിക സമയം അനുവദിച്ചത്.

പുതിയ എൻഡിപിഎസ് കോടതികൾ
സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരിമരുന്ന് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ കോടതികൾ തുടങ്ങുന്നത്. പാലക്കാട്, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് എൻഡിപിഎസ് കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത്. ഈ കോടതികളുടെ സുഗമമായ പ്രവർത്തനത്തിനായി മൂന്നിടത്തും 11 പേരെ വീതം പുതുതായി നിയമിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആകെ 33 പുതിയ തസ്തികകളാണ് ഇതിനായി സൃഷ്ടിക്കുക. നേരത്തെ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ സമാനമായ കോടതികൾ ആരംഭിച്ചിരുന്നു. സാമ്പത്തിക ബാധ്യതകൾ ഉണ്ടെങ്കിലും ലഹരിക്കെതിരായ ശക്തമായ പോരാട്ടത്തിൻ്റെ ഭാഗമായാണ് പുതിയ കോടതികൾ അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ കെട്ടിക്കിടക്കുന്ന കേസുകൾ പുതിയ കോടതികൾ വരുന്നതോടെ വേഗത്തിൽ തീർപ്പാക്കാൻ സാധിക്കും.

ചേന്തിയിലെ സംഭവം; വിശദീകരണവുമായി മുഖ്യമന്ത്രി
ഡൽഹിയിലെ ജന്തർ മന്ദിർ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, തിരുവനന്തപുരത്തെ ചേന്തിയിൽ നടന്ന പരിപാടിക്കിടെ തന്നെ ആരും തടഞ്ഞിട്ടില്ലെന്നും പ്രവർത്തകരെ കണ്ട് മടങ്ങുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ ഉൾപ്പെട്ടതുകൊണ്ടാണ് ആ പരിപാടിയിൽ നിന്നും താൻ പിന്മാറിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ എടുത്ത കേസാണ് നിലവിലുള്ളതെന്നും, അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രളയ ദുരിതാശ്വാസം
സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതബാധിതർക്കുള്ള അടിയന്തര ധനസഹായ വിതരണം ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. മഴക്കെടുതിയിൽ വീടും കൃഷിയും നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ റവന്യു വകുപ്പിന് കർശന നിർദേശം നൽകിയിട്ടുണ്ട്.

Also Read:- വൈറലായ ആ പുഞ്ചിരി വെറുതെയായില്ല; യാസിൻ 10 വർഷത്തിന് ശേഷം നാട്ടിലേക്ക്