ETV Bharat / state

വരാനിരിക്കുന്നത് നേര്‍ത്ത ഭൂരിപക്ഷങ്ങളുടെ തെരഞ്ഞെടുപ്പ്; കൂറ്റന്‍ ഭൂരിപക്ഷങ്ങള്‍ ഓര്‍മ്മയാകും.വിശ്വാസവും വര്‍ഗീയതയും തന്നെ വിഷയങ്ങള്‍

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളുടെ എണ്ണം കൂടാന്‍ സാധ്യത. പടുകൂറ്റന്‍ ഭൂരിപക്ഷങ്ങള്‍ പഴങ്കഥയാകുന്നതോടൊപ്പം നേര്‍ത്ത ഭൂരിപക്ഷത്തിന് വിജയിക്കുന്ന സീറ്റുകള്‍ കൂടാനും സാധ്യത.

UDF  LDF  Nda  Communalism
representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : January 9, 2026 at 5:25 PM IST

6 Min Read
Choose ETV Bharat

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ അലകും പിടിയും മാറ്റുന്ന തെരഞ്ഞെടുപ്പാണ് 2026 ല്‍ വരാന്‍ പോകുന്നത്. വോട്ടിങ്ങ് പ്രവണതകള്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന സൂചന ശക്തമായ ത്രികോണപ്പോരിന്‍റേതാണ്. എല്‍ ഡി എഫ് യു ഡി എഫ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരുന്നു സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ വിരലിലെണ്ണാവുന്നിടങ്ങളിലൊഴികെ നടന്നു പോന്നിരുന്നത്. അത് പഴങ്കഥയാക്കിക്കൊണ്ടാണ് നാല്‍പ്പതോളം മണ്ഡലങ്ങളില്‍ ബിജെപി കൂടി മല്‍സര ചിത്രത്തില്‍ തുല്യ ശക്തരായി എത്തുന്നത്.

ഇതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം പ്രവചനാതീതമാകുന്നതോടൊപ്പം ഭരണം ആര്‍ക്കെന്നതു പോലും ചോദ്യ ചിഹ്നമാകുമെന്നുറപ്പാവുകയാണ്. ഇടതു വലതു മുന്നണികള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ചരിത്രമാകുന്നതോടെ വന്‍ ഭൂരിപക്ഷം നേടാനാവുന്ന മണ്ഡലങ്ങളുടെ എണ്ണവും കുറയുമെന്ന് മാത്രം മുന്‍കൂട്ടി പറയാനാവും. തുല്യ ശക്തികള്‍ തമ്മിലുള്ള തീപാറുന്ന പോരാട്ടത്തില്‍ മിക്ക മണ്ഡലങ്ങളിലും നേര്‍ത്ത ഭൂരിപക്ഷത്തിനാവും ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടാന്‍ പോകുന്നത്.

അതേസമയം വരുന്ന നിയമസഭയില്‍ ഐക്യജനാധിപത്യ മുന്നണിക്ക് നേരിയ മേല്‍ക്കൈയെങ്കിലും ഉണ്ടാവുമെന്നാണ് കേരളത്തിലെ കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ്‌ചാന്‍സലറും കേരള സര്‍വകലാശാല രാഷ്‌ട്രതന്ത്ര വകുപ്പ് അധ്യക്ഷനുമായിരുന്ന തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡോ.ജി ഗോപകുമാറിന്‍റെ വിലയിരുത്തല്‍.

"പത്ത് സീറ്റ് വരെ ബിജെപി നേടിയാല്‍ ഒരു തൂക്ക് സഭയ്ക്ക് സാധ്യത തള്ളിക്കളയാനാവില്ല. അതിനുള്ള സാധ്യതകള്‍ വിരളമാണ്. അഞ്ച് സീറ്റുകള്‍ വരെ നേടാന്‍ ബിജെപിക്ക് കഴിഞ്ഞേക്കും. അതിനപ്പുറത്തേക്ക് നേട്ടമുണ്ടാക്കണമെങ്കില്‍ ബിജെപി ഏറ്റവും നല്ല സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കേണ്ടതുണ്ട്. തിരുവനന്തപുരത്ത് മാത്രം 24 ശതമാനം വോട്ട് പങ്കാളിത്തം ബിജെപിക്കുണ്ടെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട രേഖകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാകും ബിജെപിക്ക് നേട്ടമുണ്ടാക്കാനാകുക.

ശക്തമായ ഭരണ വിരുദ്ധ വികാരവും വര്‍ഗീയ വോട്ടുകളുടെ കേന്ദ്രീകരണവും ഇക്കുറി ഇടതു മുന്നണിക്ക് കനത്ത തിരിച്ചടിയാകും സമ്മാനിക്കുക. യുഡിഎഫിന്‍റെ നൂറ് സീറ്റ് എന്ന സ്വപ്‌നം നടക്കാന്‍ സാധ്യതയില്ല. 90 സീറ്റുകള്‍ വരെ ലഭിച്ചേക്കാം." മലബാര്‍ മേഖലകളില്‍ യുഡിഎഫ് അപ്രമാദിത്വം ആയിരിക്കുമെന്നും ഡോ. ഗോപകുമാര്‍ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സീറ്റുകളിലും വോട്ടുകളിലുമൊക്കെ പൊരിഞ്ഞ പോര് തന്നെ നടക്കും. കേരള നിയമസഭാ ചരിത്രത്തിലെ നേര്‍ത്ത ഭൂരിപക്ഷങ്ങളാണ് 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിക്കപ്പെടാന്‍ പോകുന്നത്. നിലവിലെ കണക്കുകള്‍ വെച്ച് കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും നേര്‍ത്ത ഭൂരിപക്ഷത്തിന് അവകാശി ഇന്നും ആര്‍ എസ് പിയിലെ എ എ അസീസാണ്. 2001 ലെ തെരഞ്ഞെടുപ്പില്‍ ഇരവിപുരത്തു നിന്നും മല്‍സരിച്ച അസീസിന് ലഭിച്ചത് 21 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു.

അതു കഴിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ചെറിയ ഭൂരിപക്ഷം വന്നത് കഴിഞ്ഞ 2021 ലെ തെരഞ്ഞെടുപ്പിലായിരുന്നു. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗിലെ നജീബ് കാന്തപുരത്തിന്‍റെ ഭൂരിപക്ഷം വെറും 38 വോട്ടുകളായിരുന്നു. 2016 ല്‍ മഞ്ചേശ്വരത്ത് ബിജെപിയിലെ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയ മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാഖിന്‍റെ ഭൂരിപക്ഷം കേവലം 89 വോട്ടുകളായിരുന്നു.

UDF  LDF  NDA  COMMUNALISM
കേരള നിയമസഭയിലെ ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയവര്‍ (ETV Bharat graphics)

നേരിയ ഭൂരിപക്ഷങ്ങളില്‍ നാലാം സ്ഥാനത്തുള്ളത് 1996 ല്‍ കൊടുവള്ളിയില്‍ നിന്ന് വിജയിച്ച മുസ്ലീം ലീഗിലെ സി മോയിന്‍കുട്ടിയാണ്. അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം വെറും 94 വോട്ടുകളായിരുന്നു. 2011 ല്‍ പിറവത്ത് കേരള കോണ്‍ഗ്രസ് നേതാവ് ടി എം ജേക്കബ് നേടിയ 157 വോട്ട് ഭൂരിപക്ഷവും 1991 ല്‍ എടക്കാട് മണ്ഡലത്തില്‍ ഒ ഭരതന്‍ നേടിയ 219 വോട്ട് ഭൂരിപക്ഷവും 2021 ല്‍ കുറ്റ്യാടിയില്‍ കെപി കുഞ്ഞഹമ്മദ് കുട്ടി നേടിയ 333 വോട്ട് ഭൂരിപക്ഷവും 2006 ല്‍ കോട്ടയത്ത് വി എന്‍ വാസവന്‍ നേടിയ 482 വോട്ട് ഭൂരിപക്ഷവും കേരള തെരഞ്ഞെടുപ്പ് ചരിത്രത്തിലെ നേര്‍ത്ത ഭൂരിപക്ഷങ്ങളുടെ പട്ടികയിലുള്‍പ്പെടുന്നു.

Also Read: ബലാബലത്തില്‍ 62 പഞ്ചായത്തുകള്‍, ഇവിടെ ഭരണക്കാരെ നിശ്ചയിക്കുക ഇവര്‍....

ഉയര്‍ന്ന ഭൂരിപക്ഷങ്ങളില്‍ ഒന്നാമതുള്ളത് കെകെ ശൈലജയാണ്. 2021 ലെ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ 60963 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടത്. 2006 ല്‍ ആലത്തൂരില്‍ സിപിഎമ്മിലെ എം ചന്ദ്രന്‍ നേടിയ 47671 വോട്ട് ഭൂരിപക്ഷമെന്ന റിക്കോര്‍ഡാണ് കെ കെ ശൈലജ കഴിഞ്ഞ തവണ തകര്‍ത്തത്. ധര്‍മ്മടത്ത് മല്‍സരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ , പയ്യന്നൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടി ഐ മധുസൂദനന്‍ എന്നിവരും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ റിക്കാര്‍ഡ് ഭേദിച്ചു.

ധര്‍മ്മടത്ത് പിണറായി വിജയന്‍ നേടിയത് 50123 വോട്ട് ഭൂരിപക്ഷമായിരുന്നു.. പയ്യന്നൂരില്‍ മധുസൂദനന് 49780 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. തൊടുപുഴയില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് 2016 ല്‍ നേടിയ 45587 വോട്ട്, 2005 ലെ കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പില്‍ പി ജയരാജന്‍ നേടിയ 45865 വോട്ട് ഭൂരിപക്ഷം, കല്യാശ്ശേരിയില്‍ 2021 ല്‍ എം വിജിന്‍ നേടിയ 44393 വോട്ട് ഭൂരിപക്ഷം, മട്ടന്നൂരില്‍ 2016 ല്‍ ഇ പി ജയരാജന്‍ നേടിയ 43381 വോട്ട് ഭൂരിപക്ഷം എന്നിവയും ഉയര്‍ന്ന ഭൂരിപക്ഷങ്ങളുടെ പട്ടികയിലുണ്ട്.

UDF  LDF  NDA  COMMUNALISM
കേരള നിയമസഭയില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ഇവര്‍ക്ക് (ETV Bharat graphics)

സിപി എമ്മിന്‍റേയും മുസ്ലീം ലീഗിന്‍റേയും ഉറച്ച കോട്ടകളൊഴിച്ചാല്‍ മറ്റു മണ്ഡലങ്ങളിലൊന്നും വന്‍ ഭൂരിപക്ഷങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. മൂന്ന് മുന്നണികളില്‍ ഒരാള്‍ക്കെതിരെ ക്രോസ് വോട്ടിങ്ങ് നടക്കുകയോ ഒരു മുന്നണി സ്ഥാനാര്‍ത്ഥി നേടുന്ന വോട്ടുകള്‍ നന്നേ കുറയുകയോ ചെയ്തെങ്കിലേ വന്‍ ഭൂരിപക്ഷം ഏതെങ്കിലും മണ്ഡലത്തില്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ.

തെരഞ്ഞെടുപ്പ് ചിത്രം ഇനിയും വ്യക്തത കൈവരിച്ചിട്ടില്ലെങ്കിലും മുന്നണികള്‍ മുന്നോട്ടു വെക്കുന്ന വിഷയങ്ങള്‍ വ്യക്തമായിക്കഴിഞ്ഞു. വിശ്വാസവും മതവും വര്‍ഗീയതയും ഒക്കെത്തന്നെയാവും ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പിലെ വിഷയങ്ങള്‍. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്നതില്‍ അതി നിര്‍ണ്ണായകമായ പ്രസ്താവനകളുമായി രംഗത്തെത്തിക്കഴിഞ്ഞു.

2021 ലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൗരത്വ നിയമ ഭേദഗതി (CAA ) ക്കെതിരെ കര്‍ക്കശ നിലപാടെടുത്തതിലൂടെ ന്യൂനപക്ഷ മുസ്ലീം വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ ഇടതു മുന്നണി ശ്രമിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് മാണിയെ ഒപ്പം കൂട്ടി സീറോ മലബാര്‍ സഭയുടേയും ക്രൈസ്തവ സമൂഹത്തിന്‍റേയും പിന്തുണ നേടിയെടുക്കുന്നതിലും എല്‍ഡി എഫ് അന്ന് വിജയിച്ചിരുന്നു.എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടുകളില്‍ കണ്ണുവെച്ച് ഇടതു മുന്നണി നീക്കം തുടങ്ങിയിരുന്നു. ആഗോള അയ്യപ്പ സംഗമവും അമൃതാനന്ദമയീദേവിയെ ആദരിക്കലും ഒക്കെ ഇതിന്‍റെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നിട്ടും ഭൂരിപക്ഷ സമൂഹത്തെ ഒപ്പം നിര്‍ത്തുന്നതില്‍ ഇടതു മുന്നണിക്ക് വിജയിക്കാനായില്ല.

കേരള ജനത കൂടുതലും മതപരമായും വിശ്വാസപരമായും ചിന്തിച്ചു തുടങ്ങിയെന്ന തിരിച്ചറിവിലൂടെ തെരഞ്ഞെടുപ്പില്‍ പയറ്റാന്‍ പറ്റിയത് വര്‍ഗീയ രാഷ്ട്രീയമാണെന്ന് സിപി എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ ശരി വെക്കുന്നു.ശബരിമല സ്വര്‍ണ്ണക്കൊള്ള അതി ശക്തമായ വികാരമായി സര്‍ക്കാരിനെതിരെ തിരിയാനിടയുണ്ടെന്നിരിക്കെ അതിന് തടയിടാനാണ് യുഡി എഫ് ഭരണം വന്നാല്‍ ജമാ അത്തെ ഇസ്ലാമിയും ലീഗുമായിരിക്കും ഭരിക്കുക എന്ന് മുതിര്‍ന്ന സിപി എം നേതാക്കള്‍ പച്ചയ്ക്ക് പറഞ്ഞത്. ശബരിമല വികാരത്തില്‍ ഇടതു മുന്നണിക്കെതിരായ വോട്ടുകള്‍ ചിതറിക്കുക എന്ന രാഷ്ട്രീയ തന്ത്രജ്ഞതയാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെങ്കിലും അത് യുഡി എഫ് ചേരിയില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് വഴി വെക്കുമെന്നത് ഓര്‍ക്കാതെയാണ് പല പ്രസ്താവനകളും.കാലാ കാലമായി ഇടതു വലതു മുന്നണികള്‍ വര്‍ഗീയ മുദ്ര ചാര്‍ത്തി നിര്‍ത്തിയ ബിജെപിയാകട്ടെ ശബരിമല വിഷയമടക്കം തീവ്രതയോടെ ഏറ്റെടുക്കുന്നില്ലെന്നതും വിസ്മയകരമാണ്. വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബിജെപി പ്രചാരണം മുന്നോട്ടു പോകുന്നത്.

"വര്‍ഗീയത തന്നെയാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് ഇതിനകം തന്നെയുള്ള നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇടത് വലത് മുന്നണികള്‍ ഭൂരിപക്ഷ വര്‍ഗീയതയെ വാരിപ്പുണരുകയാണ്. വെള്ളാപ്പള്ളി നടേശനെ മുന്‍നിര്‍ത്തി ഇടതുമുന്നണി നടത്തുന്ന വര്‍ഗീയ കളികള്‍ക്ക് അവര്‍ വലിയ വില കൊടുക്കേണ്ടി വരുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടത്തിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷമെങ്കിലും വെള്ളാപ്പള്ളി നടേശന്‍ ഇടതുമുന്നണിക്ക് ബാധ്യത ആയിരുന്നുവെന്ന് ഇടതുമുന്നണി തിരിച്ചറിഞ്ഞേക്കും."ഇവിടെ ഹിന്ദുത്വം പറയാന്‍ ബിജെപിയുള്ളപ്പോള്‍ ഇടത് മുന്നണി ഹിന്ദു വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നതിന്‍റെ കാരണം മനസിലാകുന്നില്ലെന്നും ഡോ. ഗോപകുമാര്‍ പറയുന്നു.

കോണ്‍ഗ്രസില്‍ തമ്മിലടി ഇല്ലാതെ സമവായത്തിലൂടെ മുന്നോട്ട് പോയാല്‍ അധികാരത്തില്‍ തിരിച്ചെത്താനാകും. ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്നും ഗോപകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതുമുന്നണി വര്‍ഗീയത പറഞ്ഞ് പറഞ്ഞ് മുസ്ലീം ക്രൈസ്‌തവ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി സമാഹരിച്ച് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഏതായാലും വരും തെരഞ്ഞെടുപ്പ് മുന്‍കാല നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നിന്ന് എന്ത് കൊണ്ടും വ്യത്യസ്‌തമാകുമെന്ന കാര്യം ഉറപ്പ് തന്നെയാണ്.