മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് 1,040 കോടി രൂപയുടെ കര്‍മ്മ പദ്ധതി; കേരളത്തെ 14 മേഖലകളായി തിരിച്ച് മാസ്റ്റര്‍ പ്ലാന്‍
നാല് വര്‍ഷം കൊണ്ട് 1040 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി സംസ്ഥാനത്താകമാനം തയ്യാറാക്കുക. ലഘൂകരണ പദ്ധതിയില്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് 192.20 കോടി രൂപ ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട്.

Published : September 2, 2026 at 8:24 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വര്‍ധിച്ചു വരുന്ന മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ വിപുലമായ കര്‍മ്മ പദ്ധതി തയ്യാറാക്കി വനം വകുപ്പ്. ഭൂപ്രകൃതിക്ക് അനുസരിച്ച് വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളെ 14 മേഖലകളായി തിരിച്ച് 1040 കോടി രൂപയുടെ കര്‍മ്മ പദ്ധതി നടപ്പാക്കാനുള്ള വിശദമായ പദ്ധതി രേഖ വനംവകുപ്പ് പുറത്തിറക്കി.
നാല് വര്‍ഷം കൊണ്ട് 1040 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി സംസ്ഥാനത്താകമാനം തയ്യാറാക്കുക. സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും വനംവകുപ്പും സംയുക്തമായി വിളിച്ചു ചേര്‍ത്ത വനാതിര്‍ത്തി പങ്കിടുന്ന മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന എംഎല്‍എ മാരുടെയും എംപിമാരുടെയും യോഗത്തില്‍ വനംമന്ത്രി ഷിബു ബേബിജോണാണ് വിശദമായ കര്‍മ്മ പദ്ധതി അവതരിപ്പിച്ചത്.
കാസര്‍ഗോഡ്, കണ്ണൂര്‍-ആറളം, വയനാട്, കോഴിക്കോട്, നിലമ്പൂർ, സൈലൻ്റ്‌വാലി-മണ്ണാര്‍ക്കാട്, പാലക്കാട്, തൃശൂര്‍ -പീച്ചി, വാഴച്ചാല്‍-ചാലക്കുടി, മലയാറ്റൂര്‍, മൂന്നാര്‍-മാങ്കുളം, പെരിയാര്‍-റാന്നി, കോന്നി-തെന്‍മല, അഗസ്ത്യമല-തിരുവനന്തപുരം എന്നീ മേഖലകളായി കേരളത്തെയാകെ തിരിച്ചുള്ള മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. ആകെയുള്ള 1,040 കോടി രൂപയുടെ ലഘൂകരണ പദ്ധതിയില്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് 192.20 കോടി രൂപ ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട്.
തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ 340 കോടി രൂപ, 255 കോടി, 255 കോടി എന്നിങ്ങനെയും സംസ്ഥാന തല പ്രവര്‍ത്തനങ്ങള്‍ക്ക് 314 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. എല്ലാ ഭൂമേഖലകൾക്കും ഒരു കമാന്‍ഡ് കണ്‍ട്രോള്‍ സെൻ്റർ ഉണ്ടായിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുറമേ ആര്‍ആര്‍ടിയെ ആധുനീകരിക്കുന്നതിനായി രാത്രി കാണാവുന്ന ക്യാമറകള്‍, തെര്‍മല്‍ ബൈനോക്കുലറുകള്‍, പമ്പ് ആക്ഷന്‍ തോക്കുകള്‍, റാപ്പര്‍ പിസ്റ്റലുകള്‍, നെറ്റ് ഗണ്ണുകള്‍, സ്‌മാര്‍ട്ട് സ്റ്റിക്കുകള്‍ എന്നിവ ശേഖരിച്ച് ലഭ്യമാക്കുക, ആര്‍ആര്‍ടി വാഹനങ്ങളെ ആധുനീകരിക്കുക, എല്ലാ പ്രദേശങ്ങളിലും അതിവേഗം എത്താന്‍ കഴിയുന്ന ആള്‍ ടെറൈന്‍ വെഹിക്കിള്‍ അഥവാ എടിവി ആവശ്യാനുസരണം സംഘടിപ്പിക്കുക, എഐ അധിഷ്ഠിതമായ വിവധ തല ബാരിയര്‍ ഫെന്‍സുകള്‍ അതി തീവ്ര മേഖലകളില്‍ സ്ഥാപിക്കുക, വയര്‍-നെറ്റ് പെന്‍സിംഗ് സ്ഥാപിക്കുക തുടങ്ങിയവയാണ് ലാന്‍ഡ് സ്‌കേപ്പ് അധിഷ്ഠിതമായി നടപ്പിലാക്കുക.
ഇതനുസരിച്ചുള്ള വിശദമായ മാസ്റ്റര്‍ പ്ലാനാണ് വനം വകുപ്പ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും മുന്നില്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രി വിഡി സതീശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മോട്ടോര്‍ ആക്‌സിഡൻ്റ് ക്ലെയിം ട്രൈബ്യൂണല്‍ മാതൃകയില്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്ന കാര്യം ആലോചനയിലാണ് മുഖ്യമന്ത്രി പറഞ്ഞു.
കര്‍ഷകരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായിരുന്ന നല്ല ബന്ധം തിരിച്ചു കൊണ്ടു വരണം. കര്‍ഷകരെ ശത്രുക്കളായി വനം ഉദ്യോഗസ്ഥരും വനം ഉദ്യോഗസ്ഥരെ ശത്രുക്കളായി കര്‍ഷകരും കാണുന്ന സ്ഥിതി ഇല്ലാതാക്കി രണ്ടു കൂട്ടരും പരസ്‌പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവി ശല്യം നിയന്ത്രിക്കാന്‍ 1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ ഭേദഗതികള്‍ ആവശ്യമാണ്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനും വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള അധികാരം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനങ്ങളില്‍ ഭക്ഷണത്തിൻ്റേയും വെള്ളത്തിൻ്റേയും ലഭ്യതക്കുറവാണ് വന്യജീവികള്‍ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്വാഭാവിക വനങ്ങള്‍ക്ക് പകരം പ്ലാൻ്റേഷനുകള്‍ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. കാടിനുള്ളില്‍ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കും.
വയനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികമുള്ള കടുവകളെ മറ്റ് ടൈഗര്‍ റിസര്‍വുകളിലേക്ക് മാറ്റുന്ന കാര്യം കേന്ദ്രവുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വന്യജീവികളെ തുരത്തുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളും കിടങ്ങുകള്‍, വേലികള്‍ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ഷകരെ കൂടി വിശ്വാസത്തിലെടുത്താകും വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനും വനം സംരക്ഷിക്കാനുമുള്ള പദ്ധതികള്‍ നടപ്പാക്കുകയെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. വന്യജീവി സംഘര്‍ഷ വിഷയങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ക്കായി നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ പ്രത്യേക സമിതികളും പ്രാദേശിക കമാന്‍ഡ് സെൻ്ററുകളും രൂപീകരിക്കും.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. അതിനായി എംഎല്‍എമാരുമായും വനാതിര്‍ത്തി പ്രദേശങ്ങളിലെ കര്‍ഷകര്‍, പരിസ്ഥിതി സംഘടനകള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാര്‍, വിവിധ എന്‍ജിഒകള്‍ തുടങ്ങിയവരുമായും നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. ഇഎസ്എ വിഷയത്തില്‍ കേരളത്തിന് വലിയ വെല്ലുവിളികളില്ല എന്നാണ് മനസിലാക്കുന്നത്. വനാതിര്‍ത്തി മേഖലകളിലെ ജനങ്ങളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു മാത്രമേ സര്‍ക്കാര്‍ മുന്നോട്ട് പോവുകയുള്ളൂ. കേരളത്തിൻ്റെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിൻ്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഡിവിഷനുകള്‍ക്ക് പകരം കേരളത്തെ 14 ലാന്‍ഡ് സ്‌കൈപ്പ് സോണുകളായി തിരിച്ചുകൊണ്ട് മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളും. വനംവകുപ്പിനെ ആധുനികവല്‍ക്കരിക്കുന്നതിന് അതാത് പ്രദേശങ്ങളിലെ എംപിമാരും എംഎല്‍എമാരും സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വന്യജീവി ആക്രമണങ്ങളില്‍ ഇരയാകുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരവും ചികിത്സാ സഹായവും ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന അപകടങ്ങളുടെ മാതൃകയില്‍ ട്രൈബ്യൂണല്‍ സംവിധാനം വേണം.
സോളാര്‍ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര, നബാര്‍ഡ് ഫണ്ട് ലഭ്യമാക്കണമെന്നും കാട്ടുപന്നികളെ നിയന്ത്രിക്കാന്‍ കേന്ദ്രാനുമതിയോടെ കൃത്യമായ നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതിലോല പ്രദേശ നിര്‍ണ്ണയത്തില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂര്‍ണമായി ഒഴിവാക്കി ജനങ്ങളുടെ താല്‍പര്യം സംരക്ഷിച്ചായിരിക്കും സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

