ETV Bharat / state

പരിമിതികളെ മുച്ചക്ര വാഹനത്തിൽ മറികടന്ന് ഹക്കീം; ബിഎൽഒ ജോലിയിൽ മാതൃകയായി മൊഗ്രാൽ പുത്തൂരിലെ താരം

ശാരീരിക വെല്ലുവിളികൾ ഒട്ടും വകവെയ്ക്കാതെ, ദുർഘടമായ മലമ്പ്രദേശങ്ങളിലും ഇടുങ്ങിയ ഗ്രാമപാതകളിലും തൻ്റെ മുച്ചക്ര വാഹനത്തിൽ സഞ്ചരിച്ചാണ് വോട്ടർപട്ടിക പുതുക്കൽ ജോലി ആവേശപൂർവം പൂർത്തിയാക്കുന്നത്

BLO HAKEEM KAMBAR
ഹക്കീം കംബാർ തൻ്റെ മുച്ചക്ര വാഹനത്തില്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : November 17, 2025 at 6:42 PM IST

2 Min Read
Choose ETV Bharat

കാസർകോട്: ജോലിഭാരം കാരണം ബുദ്ധിമുട്ടുകയാണെന്നു ബൂത്ത് ലെവൽ ഓഫീസര്‍മാർ പറയുമ്പോഴും പരിമിതികളെ അതിജീവിച്ച് മാതൃക സൃഷ്ടിക്കുകയാണ് മൊഗ്രാൽ പുത്തൂരിലെ എട്ടാം നമ്പർ ബിഎൽഒ ഹക്കീം കംബാർ. ശാരീരിക വെല്ലുവിളികൾ ഒട്ടും വകവെയ്ക്കാതെ, ദുർഘടമായ മലമ്പ്രദേശങ്ങളിലും ഇടുങ്ങിയ ഗ്രാമപാതകളിലും തൻ്റെ മുച്ചക്ര വാഹനത്തിൽ സഞ്ചരിച്ചാണ് ഇദ്ദേഹം വോട്ടർപട്ടിക പുതുക്കൽ ജോലി ആവേശപൂർവം പൂർത്തിയാക്കുന്നത്.

പരിമിതികളില്ലാത്ത കഠിനാധ്വാനം

മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്ററിലെ ജീവനക്കാരനാണ് ഹക്കീം കംബാർ. വോട്ടർപട്ടികയിൽ പേര് ചേർക്കൽ, തിരുത്തൽ, നീക്കം ചെയ്യൽ, പുതിയ വോട്ടർമാരെ കണ്ടെത്തൽ തുടങ്ങിയ സുപ്രധാന ഉത്തരവാദിത്തങ്ങളാണ് ഒരു ബിഎൽഒ എന്ന നിലയിൽ ഹക്കീമിനുള്ളത്.

"കഠിനാധ്വാനം ഉണ്ടെങ്കിൽ ഇതൊന്നും ഭാരിച്ച ജോലി അല്ലെന്നാണ്" ഹക്കീമിൻ്റെ നിലപാട്. എല്ലാ സ്ഥലത്തും വാഹനം എടുത്ത് പോകാൻ കഴിയില്ല. കുറെ ദൂരം നടന്ന് പോകേണ്ട സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

വ്യത്യസ്‌തനായ ഒരു ബിഎല്‍ഒ ഹക്കീം കംബാർ (ETV Bharat)

ചലഞ്ചിങ് ലൊക്കേഷൻ, കുറഞ്ഞ ഉറക്കം

കുന്നും മലയും കയറി കാൽനട യാത്രക്കാർ പോലും ക്ഷീണിക്കുന്ന വഴികളിലൂടെയാണ് ഹക്കീമിൻ്റെ മുച്ചക്ര സ്കൂട്ടർ യാത്ര. ഓരോ വീട്ടിലും നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുന്ന ജോലിയാണ് ഇതിൻ്റെ സുപ്രധാന ഭാഗം. ഈ ജോലിയുടെ തിരക്ക് കാരണം ഇപ്പോൾ ദിവസവും അഞ്ച് മണിക്കൂർ മാത്രമാണ് ഉറങ്ങാൻ സാധിക്കുന്നത്. രാത്രി 12 മണി വരെ വീട്ടിൽ ഫോറം പൂരിപ്പിക്കാൻ ആളുകൾ വരുമെന്നും, ആരെയും മടക്കി അയക്കാറില്ലെന്നും ഹക്കീം പറയുന്നു.

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ തന്നെ ഏറെ ഞെട്ടിച്ചു എന്ന് ഹക്കീം പറഞ്ഞു. "എല്ലാ സ്ഥലത്തും ഒരുപോലെ ആകില്ല സാഹചര്യങ്ങൾ. ജനങ്ങൾ സഹകരിക്കുന്ന പോലെ കാര്യങ്ങൾ എളുപ്പമാകും. അല്ലെങ്കിൽ വലിയ മാനസിക സമ്മർദം ഉണ്ടാകും. അതാകും അവിടെയും സംഭവിച്ചത്" – ഹക്കീം പറഞ്ഞു.

ഭിന്നശേഷി മുന്നേറ്റത്തിലെ സജീവ സാന്നിധ്യം

ശാരീരിക വെല്ലുവിളികളിൽ തളരാതെ സമയബന്ധിതമായി തൻ്റെ ബൂത്തിലെ വീടുകൾ കയറിയിറങ്ങാൻ ഇദ്ദേഹം ആശ്രയിക്കുന്നത് തൻ്റെ മുച്ചക്ര സ്കൂട്ടറിനെയാണ്. കേരള എൻജിഒ യൂണിയൻ മഞ്ചേശ്വരം ഏരിയ ജോ. സെക്രട്ടറിയായും ഭിന്നശേഷി ജീവനക്കാർക്കിടയിൽ പ്രവൃത്തിക്കുന്ന ഡിഎഡബ്ല്യുഎഫിൻ്റെ ഏരിയ സെക്രട്ടറിയായും ഹക്കീം പ്രവർത്തിക്കുന്നു.

ഇദ്ദേഹത്തിൻ്റെ കർമശേഷിക്ക് അംഗീകാരവും ലഭിച്ചിട്ടുണ്ട്. പോളിയോ വാക്സിനേഷൻ പരിപാടിയിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ജില്ലയിലുടനീളം മുച്ചക്ര വാഹനത്തിൽ യാത്രനടത്തിയതിന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ട് അഭിനന്ദിച്ചിരുന്നു.

BLO HAKEEM KAMBAR
ഹക്കീം കംബാർ തൻ്റെ മുച്ചക്ര വാഹനത്തില്‍ (ETV Bharat)

വെള്ളയും നീലയും നിറത്തിലുള്ള മുച്ചക്ര വാഹനം കടന്നു വരുമ്പോൾ, അത് ആ നാടിന് ആകെ പ്രതീക്ഷയുടെ നിറവെളിച്ചമാണ് നൽകുന്നത്. ജനാധിപത്യ പ്രക്രിയയോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായി ഹക്കീം കംബാർ നാട്ടുകാർക്കിടയിലും ഉദ്യോഗസ്ഥർക്കിടയിലും ഒരുപോലെ ശ്രദ്ധേയനാവുകയാണ്. സാധാരണ ജീവനക്കാരനെപോലെ, സമയബന്ധിതമായി വീടുകൾ കയറിയിങ്ങുകയാണ് ഇദ്ദേഹവും. അങ്ങനെ ജനാധിപത്യ പ്രക്രിയയോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായി ഹക്കീമും മാറുന്നു.

Also Read: ബിഎല്‍ഒമാര്‍ ഒന്നടങ്കം പറയുന്നു; സാറന്‍മാരേ, ഈ 'SIR' വല്ലാതെ വലയ്ക്കുന്നു