കാസർകോട് കലക്‌ടറേറ്റിലെ സീനിയർ ക്ലർക്കിൻ്റെ മരണം; അന്വേഷണ റിപ്പോർട്ട് തള്ളി ആശാലതയുടെ കുടുംബം
ആശാലതയുടെ മരണത്തിന് കാരണം ജോലി സമ്മർദ്ദമോ സ്ഥലം മാറ്റമോ അല്ലെന്ന അന്വേഷണ റിപ്പോർട്ട് തള്ളി കുടുംബം.

Published : August 31, 2026 at 3:59 PM IST
കാസർകോട്: കലക്‌ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എഡിഎം ജില്ലാ കലക്‌ടർക്ക് നൽകിയ റിപ്പോർട്ടിനെതിരെ ആശാലതയുടെ കുടുംബം. അന്വേഷണം നടത്തിയ എഡിഎം ജില്ലാ കലക്‌ടർ അർജുൻ പാണ്ഡ്യന് ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു. മരണത്തിന് കാരണം ജോലി സമ്മർദ്ദമോ സ്ഥലം മാറ്റമോ അല്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ജോലി സ്ഥലത്തെ സമ്മർദ്ദം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി ജീവനക്കാരി കടുത്ത നിരാശയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചു. കലക്‌ടർക്ക് കൈമാറിയ ഈ അന്വേഷണ റിപ്പോർട്ട് തുടർ നടപടികൾക്കായി റവന്യൂ കമ്മീഷണർക്ക് കൈമാറും. അതേ സമയം എഡിഎമ്മിൻ്റെ അന്വേഷണ റിപ്പോർട്ട് കുടുംബം തള്ളി. ആശാലത കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് കുടുംബവും ഭർത്താവ് അജയനും സഹോദരൻ വിജയകുമാറും പറഞ്ഞത്. ജോലി സ്ഥലത്തെ സമ്മർദ്ദം ആശാലത പല തവണ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ടെന്ന് സഹോദരൻ പറഞ്ഞു.
ഓഫീസിൽ ഒറ്റപ്പെട്ടു എന്നാണ് മരിക്കുന്നതിന് മുമ്പ് തന്നോട് പറഞ്ഞെതെന്ന് ഭർത്താവ് അജയൻ പറയുന്നത്. അതേ സമയം അന്വേഷണത്തിൻ്റെ ഭാഗമായി കുടുംബത്തിൻ്റെ മൊഴിയെടുത്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു. ആഗസ്റ്റ് 7ന് രാവിലെ 10 മണിയോടെയാണ് മൂന്ന് പാക്കറ്റ് എലിവിഷം ഐസ് ക്രീമില്‍ കലര്‍ത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. തൻ്റെ സ്വന്തം ഇഷ്‌ടപ്രകാരമാണെന്നും ഇത് കഴിക്കാനുള്ള കാരണം ഞാന്‍ വീട്ടിലും ഓഫിസിലും ഒറ്റപ്പെട്ടുപോയി എന്ന് തോന്നിയതിനാലും അത് മൂലമുള്ള മെൻ്റല്‍ സ്ട്രെസ് കാരണം കുറച്ച് ദിവസമായി മാനസികമായി തകര്‍ന്ന നിലയിലാണെന്നും ആശാലത വിദ്യാനഗര്‍ പൊലീസിന് നൽകിയ മൊഴിയില്‍ പറഞ്ഞത്. തനിക്ക് ആര്‍ക്കെതിരെയും പരാതിയില്ല, ഞാന്‍ സ്വന്തം ഇഷ്‌ടപ്രകാരം മരിക്കാന്‍ തീരുമാനിച്ചാണ് ഇത് ചെയ്‌തതാണെന്നും അവർ പൊലീസിനോട് പറഞ്ഞിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓഗസ്റ്റ് ഏഴിന് ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ചെങ്കളയിലെ ആശുപത്രിയില്‍ വച്ച് വിദ്യാനഗര്‍ പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ആഗസ്റ്റ് 9 ന് ഉച്ചയ്ക്ക് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ആശാലത മരിച്ചത്. കഴിഞ്ഞ മേയ് 12 മുതലാണ് ആശാലത കലക്‌ടറേറ്റില്‍ തന്നെയുള്ള എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്ലില്‍ പ്രവര്‍ത്തിച്ചുവരുന്നത്. എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്ലിലും മികച്ച രീതിയിലാണ് അവര്‍ സേവനം നടത്തിയിരുന്നതെന്നാണ് സ്‌പെഷ്യല്‍ സെല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരും അറിയിച്ചത്.
ആശാലതയുടേത് അകാരണമായ സ്ഥലം മാറ്റം മൂലമുണ്ടായ ആത്മഹത്യയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചിരുന്നു. റവന്യൂ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ആശാലതയെ എൻഡോസൾഫാൻ സെല്ലിലേക്കാണ് മാറ്റിയത്. ഈ സ്ഥലംമാറ്റവും ഭരണമാറ്റത്തിന് ശേഷം ഓഫീസിലെ പരിപാടികളിൽ നിന്ന് മാറ്റിനിർത്തിയതും ഇവരെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം തള്ളുന്നതാണ് എഡിഎമ്മിൻ്റെ അന്വേഷണ റിപ്പോർട്ട്.

