കാസർകോട് എംഡിഎംഎ കേസിൽ വീണ്ടും അറസ്റ്റ്; മുഖ്യപ്രതികളിൽ ഒരാൾ പിടിയിലായത് ഇൻഡോറിൽ നിന്ന്
കേരളത്തിലേക്കും മറ്റ് തെക്കൻ സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രതി.

Published : September 2, 2026 at 8:17 PM IST
കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാലിക്കടവിൽ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി വിഷ്‌ണു കുമാർ(26) ആണ് അറസ്റ്റിലായത്. ഇൻഡോറിൽ നിന്നുമാണ് അന്വേഷണ സംഘം ഇയാളെ സാഹസികമായി പിടികൂടിയത്. കേരളത്തിലേക്കും മറ്റ് തെക്കൻ സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ വിഷ്‌ണു കുമാർ. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി.
കേസിലെ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ കെ (33) എന്നയാളെ ഈ മാസം 19-ാം തീയതി അമ്പലത്തറയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന്, അറസ്റ്റിലായ മുഴുവൻ പ്രതികളേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി (ഇപ്പോൾ വെസ്റ്റ് ബംഗാൾ, ഹൗറ ജില്ലാ നരേന്ദ്രപുട്) റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) കഴിഞ്ഞ ദിവസം പിടിയിലായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവരുടെ കൂട്ടാളിയാണ് ഇപ്പോൾ പിടിയിലായ ഉത്തർപ്രദേശ് സ്വദേശി വിഷ്‌ണു കുമാർ. ഇയാളെ ഇൻഡോറിൽ നിന്നുമാണ് അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്. സാത്തി ഷേഖിനെ പിടികൂടിയ സമയത്ത് ഇയാൾ സമർത്ഥമായി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു കടന്നുകളയുകയായിരുന്നു. ഒടുവിൽ വിദഗ്‌ധമായി ഇയാളെക്കുറിച്ചുള്ള വിവരണങ്ങൾ ശേഖരിച്ച് സബ് ഇൻസ്‌പെക്‌ടർ (ഹൊസ്‌ദുർഗ്) നീതു തച്ചഞ്ചേരി ഉൾപ്പെട്ട അന്വേഷണ സംഘം നടത്തിയ നീക്കത്തിൽ ഇൻഡോർ ബെടമ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പ്രതിയെ പിടികൂടി.
ഇയാളിൽ നിന്നും നിർണായക വിവരങ്ങൾ പൊലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനുപുറമേ, കേരളത്തിലെ എംഡിഎംഎ ലഹരി ശൃംഖലയുടെ പ്രധാനി ഘാന സ്വദേശി വിക്‌ടർ ദസാബയെയും കൊല്ലത്ത് വെച്ച് അന്വേഷണ സംഘം പിടികൂടിയിരുന്നു. ജില്ലാ പൊലീസ് മേധാവി നിധിൻ രാജ് ഐപിഎസിൻ്റെ മേൽനോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്‌പി അനിൽ കുമാർ എം വി യുടെ നേതൃത്വത്തിലുമുള്ള 17 അംഗ പ്രത്യേക സംഘമാണ് വിഷയത്തിൽ അന്വേഷണം നടത്തുന്നത്. മയക്ക് മരുന്ന ശൃംഖലയ്‌ക്കെതിരെ കേരള സർക്കാറിൻ്റെ നേതൃത്വത്തിൽ വ്യാപക അന്വേഷണം നടക്കുന്നുണ്ട്.
ALSO READ: നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പുമായി സർക്കാർ

