89 വോട്ട്, പിന്നെ 855 വോട്ട്; മഞ്ചേശ്വരം ഇത്തവണ ആര് പിടിക്കും? ബിജെപിയുടെ 'സർപ്രൈസ്' പ്ലാൻ ഇങ്ങനെ
എം രാജഗോപാലന് പകരം സിപിഎം വിപിപി മുസ്തഫയെ പരിഗണിക്കുന്നു. യുഡിഎഫിൽ കേരള കോൺഗ്രസിന് പകരം കോൺഗ്രസ് സീറ്റ് ഏറ്റെടുത്തേക്കും.

Published : January 9, 2026 at 4:41 PM IST
കാസർകോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ വടക്കൻ ജില്ലയായ കാസർകോടും സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമായി ചൂടുപിടിക്കുകയാണ്. അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ മുന്നണികൾ വിജയപ്രതീക്ഷയോടെ കളംനിറയുമ്പോൾ തൃക്കരിപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി മാറ്റവും മഞ്ചേശ്വരത്തെ പോരാട്ടവുമാണ് പ്രധാനമായും ചർച്ചയാകുന്നത്.
തൃക്കരിപ്പൂരിൽ എൽഡിഎഫ് മുഖം മാറ്റുന്നു
ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് കാസർകോട് ജില്ലയിലെ സിപിഎമ്മിൻ്റെ ഉരുക്കുകോട്ടകളിൽ ഒന്നായ തൃക്കരിപ്പൂരിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിയായി വിപിപി മുസ്തഫ മത്സരിച്ചേക്കും. നിലവിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് വിപിപി മുസ്തഫ. 2021ലെ തെരഞ്ഞെടുപ്പിൽ 26,137 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിനാണ് എം രാജഗോപാലൻ ഇവിടെ വിജയിച്ചത്. നിലവിൽ അദ്ദേഹം സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി കൂടിയായതിനാലാണ് ഇവിടെ പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നത്.
അതേസമയം യുഡിഎഫ് ക്യാമ്പിലും തൃക്കരിപ്പൂർ സീറ്റുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ പ്രകടമാണ്. കഴിഞ്ഞതവണ യുഡിഎഫ് ഈ സീറ്റ് നൽകിയിരുന്നത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനായിരുന്നു. എന്നാൽ ഇത്തവണ തൃക്കരിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെയാകും മത്സരിക്കുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ യുഡിഎഫ് കേന്ദ്രങ്ങളിൽ പുരോഗമിക്കുകയാണെന്ന് മുന്നണി നേതാക്കൾ വ്യക്തമാക്കുന്നു.
മഞ്ചേശ്വരം പിടിക്കാൻ ബിജെപി; നിലനിർത്താൻ യുഡിഎഫ്
ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫും രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫുമാണ് കാലങ്ങളായി വിജയിച്ചു വരുന്നത്. എന്നാൽ പലപ്പോഴും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെടുന്ന മഞ്ചേശ്വരം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാം എന്ന തികഞ്ഞ ആത്മവിശ്വാസം ബിജെപിക്കുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 855 വോട്ടുകൾക്കാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷറഫ് ജയിച്ചു കയറിയത്. 2016ൽ വെറും 89 വോട്ടിനും 2021ൽ 855 വോട്ടിനുമാണ് ബിജെപിയുടെ കെ സുരേന്ദ്രൻ ഇവിടെ പൊരുതിവീണത്.
ഇത്തവണ സ്ഥാനാർഥി നിർണയത്തിൽ ബിജെപിയിൽ തുടക്കം മുതൽ ജില്ലാ അധ്യക്ഷ എംഎൽ അശ്വനിയുടെ പേരാണ് ഉയർന്നു വന്നിരുന്നത്. എന്നാൽ സംസ്ഥാന നേതാക്കളെ മത്സരിപ്പിക്കണം എന്നാണ് നിലവിലെ പാർട്ടി പ്രവർത്തകരുടെ വികാരം. സംസ്ഥാന നേതാക്കൾ മഞ്ചേശ്വരത്ത് മത്സരത്തിന് ഇറങ്ങിയാൽ അശ്വനി കാസർകോട് മണ്ഡലത്തിൽ മത്സരിച്ചേക്കും. ബിജെപിയുടെ സംസ്ഥാന നേതാക്കൾ മഞ്ചേശ്വരത്ത് എത്തിയാൽ മത്സരം കടുക്കുമെന്നുറപ്പാണ്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥിയായി ഇത്തവണയും എകെഎം അഷറഫ് തന്നെയാകും മത്സരിക്കുക. ഷിരൂർ ദുരന്തത്തിൽ അടക്കം സജീവമായി ഇടപെട്ടത് അഷറഫിന് ജനപിന്തുണ വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് യുഡിഎഫിൻ്റെ വിലയിരുത്തൽ.
ഉദുമയും കാഞ്ഞങ്ങാടും: എൽഡിഎഫ് കോട്ടകൾ
എൽഡിഎഫിൻ്റെ ഉരുക്കുകോട്ടകളായ കാഞ്ഞങ്ങാടും ഉദുമയിലും ചിത്രം പൂർണമായി വ്യക്തമായിട്ടില്ലെങ്കിലും ചില സൂചനകൾ പുറത്തുവരുന്നുണ്ട്. കാഞ്ഞങ്ങാട് സിപിഐയിലെ ഗോവിന്ദൻ പള്ളിക്കാപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയാകാനാണ് സാധ്യത. ഉദുമയിൽ സിറ്റിങ് എംഎൽഎ ആയ സിഎച്ച് കുഞ്ഞമ്പു തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽഡിഎഫിനെ നേരിടാൻ ഉദുമയിലും കാഞ്ഞങ്ങാടും യുഡിഎഫിനായി കോൺഗ്രസിലെ കരുത്തർ തന്നെ ഇത്തവണ രംഗത്തിറങ്ങുമെന്നാണ് വിവരം.

കാസർകോട്ട് ലീഗ് ആരെ ഇറക്കും?
യുഡിഎഫിൻ്റെയും പ്രത്യേകിച്ചും മുസ്‌ലിം ലീഗിൻ്റെയും കോട്ടയായി നിലനിൽക്കുന്ന കാസർകോട് മണ്ഡലത്തിലും ഇത്തവണ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. നിലവിലെ എംഎൽഎ എൻഎ നെല്ലിക്കുന്നിന് പകരം ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജിയുടെ പേരാണ് ഇവിടെ ഉയർന്നു വരുന്നത്. കെഎം ഷാജി കാസർകോട് മത്സരിക്കാൻ എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും ജില്ലയിലെ സ്ഥാനാർഥികൾക്ക് തന്നെയാണ് മുൻഗണന എന്ന് മുസ്‌ലിം ലീഗ് നേതാക്കൾ പറയുന്നു.

തദ്ദേശ ഫലങ്ങളും രാഷ്ട്രീയ വിലയിരുത്തലുകളും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കാസർകോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിനെ സംപൂജ്യരാക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി യുഡിഎഫ് ഉയർത്തിക്കാട്ടുന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാൻ കഴിയാത്തതിൻ്റെ കടുത്ത നിരാശ യുഡിഎഫ് കേന്ദ്രങ്ങളിലുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലും കർണാടകയുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലും 'ക്ലീൻ ഔട്ട്' ആയത് സിപിഎമ്മിനെയും പ്രയാസപ്പെടുത്തുന്നുണ്ട്. കന്നഡ മേഖലയിൽ ഉണ്ടായിരുന്ന നാല് പഞ്ചായത്തുകളുടെ ഭരണമാണ് ഇത്തവണ എൽഡിഎഫിന് നഷ്ടപ്പെട്ടത്. യുഡിഎഫ് നില മെച്ചപ്പെടുത്തിയപ്പോൾ എൽഡിഎഫ് തങ്ങളുടെ പരമ്പരാഗത കോട്ടകളിലേക്ക് ഒതുങ്ങിയത് നിയമസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നത് ചർച്ചയാവുകയാണ്.
അതേസമയം, തങ്ങളുടെ ഉരുക്കുകോട്ടയെന്ന് ബിജെപി അവകാശപ്പെട്ടിരുന്ന അതിർത്തി മേഖലകളിൽ വോട്ട് ചോർച്ച ഉണ്ടായതും യുഡിഎഫ് ബിജെപി കേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറിയതും ബിജെപി ഗൗരവമായാണ് പരിശോധിക്കുന്നത്. നറുക്കെടുപ്പിൽ ലഭിച്ച ഒരു പഞ്ചായത്ത് ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകളുടെ ഭരണം ബിജെപിക്ക് ലഭിച്ചെങ്കിലും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും നിരവധി ഗ്രാമ പഞ്ചായത്തുകളിലെ വാർഡുകളും നഷ്ടപ്പെട്ടത് ബിജെപിക്ക് വലിയ പ്രഹരമായിട്ടുണ്ട്.
2021 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ
മഞ്ചേശ്വരം: വിജയി - എകെഎം അഷ്‌റഫ് (യുഡിഎഫ്), ഭൂരിപക്ഷം - 855
കാസർകോട്: വിജയി - എൻഎ നെല്ലിക്കുന്ന് (യുഡിഎഫ്), ഭൂരിപക്ഷം - 12,901
ഉദുമ: വിജയി - അഡ്വ. സിഎച്ച് കുഞ്ഞമ്പു (എൽഡിഎഫ്), ഭൂരിപക്ഷം - 13,322
കാഞ്ഞങ്ങാട്: വിജയി - ഇ ചന്ദ്രശേഖരൻ (എൽഡിഎഫ്), ഭൂരിപക്ഷം - 27,139
തൃക്കരിപ്പൂർ: വിജയി - എം രാജഗോപാലൻ (എൽഡിഎഫ്), ഭൂരിപക്ഷം - 26,137
Also Read:-മഴ മാറി, ഇനി തണുപ്പ് കാലം; മൂന്നാറിൽ 8 ഡിഗ്രി, ഇടുക്കിയും വയനാടും വിറയ്ക്കുന്നു

