ETV Bharat / state

"പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്ത നിലപാട്, ആരോ മനപ്പൂർവ്വം പറയിപ്പിച്ചത്" കാന്തപുരത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്‌ണയും ശ്രീമതിയും

കേരളത്തിലെ സ്ത്രീകൾ വിദ്യാഭ്യാസത്തിലും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലും വലിയ മുന്നേറ്റം കൈവരിച്ചവരാണെന്നും പ്രതികരണം

BINDU KRISHNA  kanthapuram controversial remarks  kanthapuram muslim women remarks  കാന്തപുരം സ്‌ത്രീവരുദ്ധ പരാമര്‍ശം
Kanthapuram A.P. Aboobacker Musliar, Bindu Krishna (Special Arrangement)
author img

By ETV Bharat Kerala Team

Published : August 31, 2026 at 10:16 AM IST

2 Min Read
Choose ETV Bharat

കൊല്ലം: ഇസ്‌ലാമിക ആഘോഷങ്ങളിലും പൊതുവേദികളിലും സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പുറപ്പെടുവിച്ച വിവാദ സർക്കുലറിനെതിരെയും പ്രസ്‌താവനയ്‌ക്കെതിരെയും വിമര്‍ശനവുമായി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണ. ഓരോ വ്യക്തിക്കും അവരുടെ മതവിശ്വാസങ്ങൾ പിന്തുടരാൻ അവകാശമുണ്ടെന്നും എന്നാൽ അതൊരിക്കലും രാജ്യത്തിൻ്റെ ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾക്ക് മുകളിലാകരുതെന്നും അവർ വ്യക്തമാക്കി.

ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സും തുല്യതയും എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാണെന്ന് ബിന്ദു കൃഷ്ണ ഓർമ്മിപ്പിച്ചു. ലിംഗഭേദമന്യേ എല്ലാവർക്കും പൊതുരംഗത്ത് പ്രവർത്തിക്കാനും തങ്ങളുടെ കഴിവുകൾ തെളിയിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എത്രയോ സ്‌ത്രീകളാണ് പൊതുരംഗത്ത് കഴിവ് തെളിയിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. രാജ്യത്തിൻ്റെ രാഷ്‌ട്രപതി വരെ ഒരു വനിതയാണ്. രാജ്യത്തെ ഏറെക്കാലം നയിച്ച ഇന്ദിരാ ഗാന്ധി, പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ എന്നിവരെല്ലാം സ്‌ത്രീകളാണെന്നും അവര്‍ വ്യക്തമാക്കി. അതേസയമം മതവിശ്വാസം പിന്തുടരാമെന്നും പക്ഷെ ഭരണഘടനയെ മാനിക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

കേരളത്തിലെ സ്ത്രീകൾ വിദ്യാഭ്യാസത്തിലും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലും വലിയ മുന്നേറ്റം കൈവരിച്ചവരാണ്. എല്ലാ മതവിഭാഗങ്ങളിലെയും പെൺകുട്ടികൾ ഇന്ന് ഉന്നത പദവികളിൽ തിളങ്ങുന്നുണ്ട്. മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനൊപ്പം തന്നെ ജനാധിപത്യ മൂല്യങ്ങളെയും വ്യക്തിസ്വാതന്ത്ര്യത്തെയും ബഹുമാനിക്കാൻ തയ്യാറാകണമെന്നും അവര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് വടക്കൻ ജില്ലകളില്‍ ഉള്‍പ്പെടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രഗല്‍ഭരായ സ്‌ത്രീകളുണ്ടെന്നും സ്ത്രീകൾ പുറത്തിറങ്ങരുത് എന്ന് പറയുന്നത് പൊതുസമൂഹത്തിന് ഒട്ടും സ്വീകാര്യമല്ലാത്ത നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ആരോ മനപ്പൂർവ്വം പറയിപ്പിച്ചത്’; കാന്തപുരത്തിനെതിരെ കടുത്ത വിമർശനവുമായി പി.കെ. ശ്രീമതി

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കെതിരെ വീണ്ടും ശക്തമായി ആഞ്ഞടിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. സ്ത്രീസമൂഹത്തെ ആകെ അടച്ചാക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകൾ കണ്ടില്ലെന്ന് നടിക്കാനോ ഇതിനോട് മൗനം പാലിക്കാനോ തനിക്കോ ഇന്ത്യയിലെ മറ്റ് സ്ത്രീകൾക്കോ കഴിയില്ലെന്ന് അവർ വ്യക്തമാക്കി. കേരളത്തിലുള്ളവര്‍ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഒരു പൊതുസമ്മേളനത്തിൽ അവിചാരിതമായി വന്നുപോയ വാക്കുകളല്ല ഇതെന്നും, ആരോ അദ്ദേഹത്തെക്കൊണ്ട് മനപ്പൂർവ്വം പറയിപ്പിച്ചതാകാനാണ് സാധ്യതയെന്നും ശ്രീമതി ചൂണ്ടിക്കാട്ടി. ആദ്യ പ്രതികരണങ്ങൾക്ക് ശേഷം പരസ്യമായ വിമർശനങ്ങൾ ഉയർന്നപ്പോഴും കാന്തപുരം തന്റെ സ്ത്രീവിരുദ്ധ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്.

സ്ത്രീകൾ അടുക്കളക്കകത്ത് അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും, അവർ പൊതുവേദികളിൽ ഇറങ്ങി പ്രവർത്തിക്കുന്നത് സമൂഹത്തിന് വലിയ നാശമുണ്ടാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീകളെ ഇങ്ങനെ നിരത്തിൽ കൊണ്ടുവന്ന് 'എക്സിബിഷൻ പോലെ പ്രദർശിപ്പിക്കരുത്' എന്ന അദ്ദേഹത്തിൻ്റെ പരാമർശം സ്ത്രീകളെ അങ്ങേയറ്റം തരംതാഴ്ത്തുന്നതാണ്. രാജ്യത്തെ 145 കോടിയോളം വരുന്ന ജനങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെയുള്ളവർ തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരാണ്. ഇവരെയെല്ലാം ഒരുപോലെ കാണുന്ന ഭരണഘടന നിലനിൽക്കുന്ന നാട്ടിലാണ് ഇത്തരം വേർതിരിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു.

Also Read: കാന്തപുരത്തെ ന്യായീകരിച്ച് ‘സിറാജ്’; മുസ്‌ലിം സ്‌ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ലേഖനം, സിപിഎം നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം