കണ്ണൂർ സർവകലാശാലയിൽ പഠനവിഷയമായി കളരിപ്പയറ്റ്; ചരിത്രനേട്ടമോ അതോ മുന്നൊരുക്കമില്ലാത്ത പരീക്ഷണമോ?
ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സും ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സും തുടങ്ങാനാണ് നിലവിൽ യൂണിവേഴ്‌സിറ്റി ലക്ഷ്യമിടുന്നത്. കലാലയങ്ങളിൽ കളരി ഉപരി വിഷയമായി പഠിപ്പിക്കുന്നതിനോട് പല അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്.

Published : June 3, 2026 at 7:48 PM IST
കണ്ണൂർ: രാജ്യത്തുതന്നെ ആദ്യമായി കണ്ണൂർ സർവ്വകലാശാലയിൽ കളരിപ്പയറ്റ് പഠനവിഷയമാവുമ്പോൾ കണ്ണൂർ യൂണിവേഴ്‌സിറ്റി വീണ്ടും പരീക്ഷണത്തിന് മുതിരുകയാണോ? 2018 ഇൽ തുടങ്ങിയ കളരിപ്പയറ്റ് ഇൻ ഡിപ്ലോമ കോഴ്‌സ് ഒരു വർഷം കൊണ്ട് നിർത്തലാക്കിയത് എന്തിനെന്ന് ഇന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിട്ടില്ല. കലാലയങ്ങളിൽ കളരി ഉപരി വിഷയമായി പഠിപ്പിക്കുന്നതിനോട് പല അഭിപ്രായങ്ങൾ ഇതിനകം ഉയർന്നു കഴിഞ്ഞു. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ കളരി പയറ്റ് കോഴ്‌സ് ആയി മാറുമോ? പ്രശസ്‌ത കളരിപയറ്റ് ഗുരുക്കൾ പത്മശ്രീ എസ് ആർ ഡി പ്രസാദ് മനസ് തുറക്കുന്നു.
കളരിപ്പയറ്റ് സിലബസിൽ ഉൾപ്പെടുത്തി ചരിത്രത്തിൽ ഇടം നേടുകയാണോ...?
രാജ്യത്ത് തന്നെ ആദ്യമായി ഒരു യൂണിവേഴ്‌സിറ്റി സിലബസിൽ കളരിപ്പയറ്റ് ഉൾപെടുത്തുന്നു എന്നതിനോട് ആദ്യം തന്നെ എതിർപ്പ് അറിയിക്കട്ടെ. വർഷങ്ങൾക്ക് മുൻപ് 2018 ഇൽ ഡിപ്ലോമ കളരിപ്പയറ്റ് എന്ന പേരിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ തന്നെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ ഒരു കോഴ്‌സ് തുടങ്ങിയതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്ന് പല ഡയറക്‌ടർമാരും ബന്ധപ്പെട്ടത് എന്നെ ആയിരുന്നു. അന്ന് എന്നോട് പറഞ്ഞത് ഒരു വ്യക്തമായ സിലബസ് ഉണ്ടാക്കണമെന്നാണ്.
അതിൻ്റെ ഭാഗമായി കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ കോളജുകളിലെ ഫിസിക്കൽ ഡയറക്ടേഴ്‌സ് മുഴുവൻ ഒരു യോഗം ചേർന്നു. വിശദമായ ചർച്ചയും നടന്നു. കളരിപ്പയറ്റ് മാത്രമല്ല ഫിസിയോളജി, അനാട്ടമി എന്നിങ്ങനെ ഒരു ശരീരത്തിൻ്റെ സമഗ്ര കല പഠിക്കുന്ന രീതിയിൽ ആയിരുന്നു ഞാൻ നിർദേശിച്ചത്. മനസിനെ ഉന്നതിയിൽ എത്തിക്കുന്ന ഒരു കലാരൂപം എങ്ങനെ ഒരാളിലേക്ക് പകർത്തുക എന്നത് കൂടി ലക്ഷ്യമിട്ടായിരുന്നു അന്ന് ഞാൻ നിർദേശം മുന്നോട്ടുവച്ചത്.

ഇതിൻ്റെ ആദ്യ ഫാക്കൾട്ടിയും ഞാൻ ആയിരുന്നു. അന്ന് ഞാൻ പത്തിരുപത് കുട്ടികൾക്ക് ക്ലാസ് എടുത്തു. പക്ഷേ ഒരു കൊല്ലം നല്ല രീതിയിൽ ക്ലാസ് നടന്നു എന്നല്ലാതെ യാതൊരു മുന്നറിയിപ്പുമില്ലാതെ 2019 ൽ യൂണിവേഴ്‌സിറ്റി കോഴ്‌സ് നിർത്തലാക്കുകയായിരുന്നു. ഇത് എന്തിനെന്ന് ഇന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിട്ടില്ല. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ നാട്ടിലെത്തിയ സമയത്ത് ഞാൻ മെമ്മോറാണ്ടം ഉൾപ്പെടെ കൊടുത്തിരുന്നു.
സന്തോഷമുണ്ട്, എന്നാലും ചോദ്യങ്ങൾ ബാക്കി...
വീണ്ടും ഒരു കോഴ്‌സ് തുടങ്ങുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. പയ്യന്നൂർ തലശ്ശേരി കോലത്തുനാട് തുടങ്ങിയ വിവിധ കളരിമുറകളെ പഠിപ്പിക്കുന്നത് കൂടിയാവണം എന്നതാണ് എൻ്റെ ഒരു നിർദേശമായി വച്ചത്. ഫോക്‌ലോർ അക്കാദമിയുടെ സഹകരണം കൂടിയാകുമ്പോൾ തനതു പാരമ്പര്യം നിലനിർത്താൻ കഴിയും.
ഇതിൻ്റെ ബന്ധപ്പെട്ടവർ ഞാൻ ഉൾപ്പടെയുള്ള പല ഗുരുക്കന്മാരോടും നിർദേശങ്ങൾ മുന്നോട്ട് വയ്ക്കാൻ പറഞ്ഞിരുന്നു. പക്ഷെ ഇത് ക്രോഡീകരിച്ചു നൽകിയത് ആയി അറിയില്ല. ഇത് വരെയും സിലബസ് ഉണ്ടാക്കിയിട്ടില്ല എന്നതാണ് അറിയാൻ കഴിഞ്ഞത്. പിന്നെ എങ്ങനെയാണ് ഇത് മുന്നോട്ടു കൊണ്ടുപോവുക.
ഡിപ്ലോമ കോഴ്‌സ് ആയി ഒരു വർഷം കൊണ്ട് കളരിപ്പയറ്റ് പഠനം പൂർത്തിയാക്കനാകുമോ...?
യഥാർഥത്തിൽ അതൊരു വിഷയം തന്നെയാണ്. ഏഴ് വയസു മുതലാണ് ഒരു വിദ്യാർഥിക്ക് കളരിപ്പയറ്റ് പഠിക്കാൻ പറ്റുക. പക്ഷേ ഏഴ് വയസിൽ ഡിപ്ലോമ കോഴ്‌സ് പഠിപ്പിക്കുക എന്നത് അസാധ്യമാണ്. ഇതിന് ചെയ്യാൻ കഴിയുന്ന ഒരു മറുമാർഗം എന്നുള്ളത് വിദ്യാർഥികളുടെ പഠന യോഗ്യത പ്ലസ്‌ടുവോ എസ്എസ്എൽസിയോ എന്നുള്ളത് പ്രാഥമികതലത്തിൽ അംഗീകരിക്കുക എന്നുള്ളതാണ്.
അതിനുശേഷം പ്രാഥമികമായി തന്നെ കളരിപ്പയറ്റോ കളരിപ്പയറ്റിൻ്റെ ആദ്യ ബാലപാഠങ്ങളോ പഠിച്ച വരെ മാത്രം ഇതിലേക്ക് തെരഞ്ഞെടുക്കുക എന്നുള്ളതാണ്. 21 വയസുള്ള ഇത്തരം യുവതീ യുവാക്കളെ ഇതിലേക്ക് തെരഞ്ഞെടുത്തു കഴിഞ്ഞാൽ അവർക്ക് കോഴ്‌സ് പൂർത്തിയാക്കാൻ എളുപ്പമാകും. പിന്നീട് ഈ കോഴ്‌സ് കഴിഞ്ഞവരെ അധ്യാപകരായി ചുമതലപ്പെടുത്തിയാൽ ഈ കോഴ്‌സ് തുടർന്നു കൊണ്ടു പോകാൻ കഴിയും എന്നാണ് എൻ്റെ പ്രതീക്ഷ.
കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് കോഴ്‌സ് തുടരാൻ സാധിക്കുമോ...?
പയ്യന്നൂർ ഭാഗങ്ങളിലെ വട്ടേൻ തിരിപ്പ് മാഹിപ്പാലം, അറപ്പു കൈ, മാഹിപ്പാലം മുതൽ കടത്താനാടൻ ശൈലിയായ പിള്ള താങ്ങി,പൊന്നാനി ഭാഗങ്ങളിൽ വല്ല ഭട്ട, ഒടി മുറിശേരി എന്നിങ്ങനെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവിധ ശൈലികൾ ചേർന്നതാണ് കളരിപ്പയറ്റ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി കോഴ്‌സ് തുടങ്ങുന്ന ഘട്ടത്തിൽ ഏത് ശൈലി എങ്ങനെ പഠിപ്പിക്കണം എന്നതിൽ പോലും ഒരു വ്യക്തതയും വരുത്തിയിട്ട് ഇല്ല.
അതുകൊണ്ടുതന്നെ ഇത് തുടർന്നുകൊണ്ടുപോകാൻ കഴിയും എന്ന് യാതൊരു പ്രതീക്ഷയും എനിക്കില്ല. വാർത്തകളിൽ ഇടം നേടാൻ ഒരുപക്ഷേ കളരിപ്പയറ്റ് തുടങ്ങി എന്ന് പറയാൻ സാധിക്കുമായിരിക്കും. എൻ്റെ ഒരു നിർദേശം എന്നുള്ളത് കണ്ണൂർ യൂണിവേഴ്‌സിറ്റി കോഴ്‌സ് തുടങ്ങുമ്പോൾ പയ്യന്നൂരിൻ്റെയും മാഹി വരെയുള്ള പ്രദേശങ്ങളുടെയും പ്രധാന ശൈലി ആയ വട്ടേൻ തിരിപ്പ്, അറപ്പു കൈ എന്നിവയ്ക്ക് മുൻതൂക്കം കൊടുക്കുക എന്നത് ആണ്.
കോഴിക്കോട് യൂണിവേഴ്‌സിറ്റി കോഴ്‌സ് തുടങ്ങുവാണെങ്കിൽ കടത്തനാടൻ ശൈലി രംഗത്തിറക്കുകയും ചെയ്യാം. തിരുവിതാംകൂറിലെ കോളജുകൾക്ക് പൊന്നാനി ഭാഗങ്ങളിലെ വല്ല ഭട്ടയും പഠിക്കാം. എന്നാൽ ഇന്നേവരെ ഇതിലൊന്നും യൂണിവേഴ്‌സിറ്റിക്ക് ഒരു വ്യക്തതയും വരുത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു, ഇത് തുറന്നു കൊണ്ടുപോകാൻ കഴിയുമെന്നതിൽ യാതൊരു പ്രതീക്ഷയുമില്ല.
യൂണിവേഴ്‌സിറ്റി ലക്ഷ്യമിടുന്നത്....
ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സും ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സും തുടങ്ങാനാണ് നിലവിൽ യൂണിവേഴ്‌സിറ്റി ലക്ഷ്യമിടുന്നത്. കേരള സാംസ്‌കാരിക വകുപ്പിൻ്റെ റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായി കേരള ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ സർവ്വകലാശാല പഠനവകുപ്പുകൾ കേന്ദ്രീകരിച്ച് ആയിരിക്കും കോഴ്‌സുകൾ മുന്നോട്ടുപോകുക. പെൺകുട്ടികൾ ഉൾപ്പെടെ രണ്ട് കോഴ്‌സിനും കൂടി ഒരു ബാച്ചിൽ 3000 ത്തോളം പേർക്ക് പ്രവേശനം നൽകാനാണ് യൂണിവേഴ്‌സിറ്റി പദ്ധതിയിടുന്നത്.
ഡിപ്ലോമ കോഴ്‌സിൽ പ്ലസ്ടുവും സർട്ടിഫിക്കറ്റ് കോഴ്‌സിൽ പത്താം ക്ലാസ് ജയിച്ചവർക്കുമാണ് പ്രവേശനം. വളരെക്കാലമായി കളരി പരിശീലിപ്പിക്കുന്ന വിദഗ്‌ധരായ കളരി ഗുരുക്കന്മാരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് സർവകലാശാല പ്രൊഫസർമാരായി അംഗീകാരം നൽകും. ഇവരായിരിക്കും അധ്യാപകർ. ആഴ്‌ചയിൽ ആറുദിവസം ക്ലാസ് ഉണ്ടാകും. ജൂലൈയിൽ ക്ലാസുകൾ തുടങ്ങും. പ്രായോഗിക പരിശീലനം കളരികളിൽ നടക്കും. രണ്ടുമണിക്കൂർ വീതമാണ് പരീക്ഷകൾ. കളരിഗുരുക്കന്മാരുടെ നിർദേശത്തോടെ യുജിസി മാർഗ നിർദേശപ്രകാരം വിവിധ സർവകലാശാലകളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരാണ് ഒരു വർഷത്തിലേറെ സമയം എടുത്ത് സിലബസ് തയ്യാറാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാരമ്പര്യം ശരീരഘടന എന്നിവയും വിവിധ അളവിലുള്ള വടി കൊണ്ടുള്ള പരിശീലനമായ കോൽത്താരി ആയുധങ്ങൾ കൊണ്ടുള്ള അംഗത്താരി കൈപ്രയോഗങ്ങളായ വെറും കൈ തുടങ്ങിയവയും സിലബസിൽ ഉണ്ട്. അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഒരാഴ്‌ചയ്‌ക്കുള്ളിൽ ഉണ്ടാകുമെന്നാണ് യൂണിവേഴ്‌സിറ്റി പറയുന്നത്. ആയോധനകലയായ തൈക്കോണ്ടോ ഒളിമ്പിക്‌സായി പരിഗണിച്ചതുപോലെ കളരിപ്പയറ്റിലും ആ പരിഗണന കിട്ടാനുള്ള ശ്രമത്തിൻ്റെ ഭാഗമായുള്ള ചുവടുവയ്‌പ്പാണിത്. കോഴ്‌സ് വിജയകരമാണെന്ന് കണ്ടാൽ പിന്നീട് ബിരുദ കോഴ്‌സു തുടങ്ങുമെന്ന് സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്‌ടർ ഡോ പ്രവീൺ പറഞ്ഞു.
കലാലയങ്ങളിൽ കളരി ഉപരി വിഷയമായി പഠിപ്പിക്കുന്നതിനോട് പല അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. കണ്ണൂരിലെ പ്രമുഖ കളരി അഭ്യാസി രാഹുൽ പറയുന്നത് കളരിയുടെ പൈതൃകം പതിയെ ഇല്ലാതാവും എന്നാണ്. കളരി ചുരുക്കം കാലയളവിനുള്ളിൽ പഠിച്ചെടുക്കേണ്ടതല്ല. എത്രയോ കാലത്തെ ആയാസമുറകൾക്ക് ശേഷമാണ് ഒരു കളരിപ്പയറ്റ് കലാകാരൻ പൂർണതയിൽ എത്തുന്നത്. എന്നാൽ ഇത് ചുരുങ്ങിയ സമയം കൊണ്ട് പഠിപ്പിക്കുക എന്നത് ഇതിന്‍റെ പൈതൃകം നഷ്‌ടപ്പെടുന്നതിന് തുല്യമാണ് എന്നാണ് രാഹുലിന്‍റെ അഭിപ്രായം.
Also Read: കാലാവസ്ഥ താളം തെറ്റും, "എല്‍ നിനോ" രൂപപ്പെടുന്നു, മുന്നറിയിപ്പുമായി ഡബ്ല്യു എം ഒ

