വിരലിൽ 'മഷി പുരളാത്ത' രണ്ട് പതിറ്റാണ്ട്; തെരഞ്ഞെടുപ്പില്ലാത്ത മാഹി
പ്രസിഡന്‍ഷ്യല്‍ രീതിയില്‍ വാര്‍ഡ് കൗണ്‍സിലറെ തെരഞ്ഞെടുക്കാനും മുന്‍സിപ്പല്‍ ചെയര്‍മാനെ തെരഞ്ഞെടുക്കാനും 2 വോട്ട് ചെയ്‌തവരാണ് മാഹിക്കാര്‍. 15 വര്‍ഷമായി തെരഞ്ഞെടുപ്പില്ല.

Published : November 14, 2025 at 7:40 PM IST
കണ്ണൂര്‍: സ്വതന്ത്ര ഭാരതത്തിന് കീഴില്‍ മൂന്നേ മൂന്ന് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ മാത്രം നടന്ന ഒരു പ്രദേശമുണ്ട് കേരളത്തിനു നടുവില്‍. കേരളത്തില്‍ വീണ്ടും ഒരു തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആരവം ഉയരുമ്പോഴും എല്ലാം കണ്ടിരിക്കാന്‍ മാത്രം വിധിക്കപ്പെട്ട നാല്‍പ്പത്തിരണ്ടായിരം ജനങ്ങളുള്ള മാഹി.
ഇന്ന് 50 വയസുള്ള ഒരു മാഹിക്കാരന്‍ ജീവിതത്തില്‍ ആകെ കണ്ട തദ്ദേശ തെരഞ്ഞെടുപ്പ് ഒരൊറ്റയെണ്ണമാണ്. 2006 ല്‍ നടന്ന മുന്‍സിപ്പല്‍ ഇലക്ഷന്‍. അന്ന് 15 കൗണ്‍സില്‍ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു വിജയം. അഞ്ച് വര്‍ഷ കാലാവധി 2011 ല്‍ പൂര്‍ത്തിയാക്കിയ ആ കൗണ്‍സിലിനു പിന്നാലെ വീണ്ടും മാഹി നഗര ഭരണത്തിലെ ജനാധിപത്യ സംവിധാനം നിലച്ചു.
പിന്നീട് പല ഘട്ടങ്ങളിലായി ഇതാ നഗരസഭാ തെരഞ്ഞെടുപ്പ് വരുന്നു എന്ന് മാഹിക്കാര്‍ കേട്ടിരുന്നു. ഏറ്റവുമൊടുവില്‍ ഈ വിവരം കേട്ടത് 2021 ലായിരുന്നു. അന്ന് വകുപ്പ് സെക്രട്ടറി തന്നെയാണ് ഇലക്ഷന്‍ തീയതികളടക്കം പ്രഖ്യാപിച്ചത്. എന്നാല്‍ പ്രത്യേകിച്ച് ഒന്നും നടന്നില്ല.
ഫ്രഞ്ച് ഭരണ കാലം മുതല്‍ നിലവിലുണ്ടായിരുന്ന നഗരസഭയാണ് മാഹിയിലേത്. ചുരുങ്ങിയത് 200 വര്‍ഷത്തിലേറെ പ്രായമായ നഗരസഭ. ആദ്യ കാലത്ത് മേയര്‍മാരായിരുന്നു മാഹി നഗരസഭയിലെ ഭരണത്തലവന്‍. മേയറും ഡെപ്യൂട്ടി മേയറും കൗണ്‍സിലര്‍മാരുമൊക്കെ അടങ്ങിയ ആ ഭരണ സംവിധാനം അനുഭവിച്ചറിഞ്ഞ ഏറെപ്പേര്‍ ഇന്ന് മാഹിയിലില്ല. മാഹിയിലെ മേയര്‍ ഭരണത്തിന് അവസാനമായത് 1976 ലായിരുന്നു. പിന്നീട് നഗരസഭാ ഭരണത്തിന്‍റെ മേധാവി മുന്‍സിപ്പല്‍ ചെയര്‍മാനായി. എന്നാല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരേയും മാഹി ഏറെ കണ്ടിട്ടില്ല.
മെറി എന്നറിയപ്പെട്ട മാഹി നഗരസഭയില്‍ 1791 മുതല്‍ തന്നെ മേയര്‍ ഉണ്ടായിരുന്നു എന്നും ദാനിയേല്‍ ബോയ്യേ ആയിരുന്നു അന്നത്തെ മാഹി മേയറെന്നും ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഫ്രഞ്ച് ഡിക്രി പ്രകാരം മാഹിയില്‍ ഔദ്യോഗികമായി മുന്‍സിപ്പാലിറ്റിയും മേയര്‍ പദവിയും നിലവില്‍ വന്നത് 1881 മാര്‍ച്ച് 12 നാണെന്നും ചരിത്ര രേഖകളിലുണ്ട്.

1954 ജൂലൈ 16 ന് ഫ്രഞ്ച് ഭരണത്തില്‍ നിന്ന് മാഹി മോചനം നേടിയിട്ടും ഫ്രഞ്ച് ഡിക്രി പ്രകാരമുള്ള ഭരണമാണ് 1974 വരെ മാഹി നഗരസഭയില്‍ നടന്നത്. 1973 ലെ പോണ്ടിച്ചേരി മുന്‍സിപ്പാലിറ്റീസ് ആക്റ്റ് 1974 ജനുവരി 26 ന് നിലവില്‍ വന്ന ശേഷമാണ് മെറിയും മേയറും പോയി മുന്‍സിപ്പാലിറ്റിയും ചെയര്‍മാനും വരുന്നത്. അതു വരെ മുന്‍സിപ്പാല്‍ ഓഫിസ് മാഹിക്കാര്‍ക്ക് മെറിയാപ്പീസായിരുന്നു.
പക്ഷേ അതിനു തുടര്‍ച്ചയായി മറ്റൊന്നു കൂടി സംഭവിച്ചു. തെരഞ്ഞെടുക്കപ്പെട്ട മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍ 1978 ല്‍ ഇല്ലാതായി. പകരം ഭരണം കമ്മീഷണര്‍മാരെ ഏല്‍പ്പിച്ചു. പിന്നീട് മുപ്പതു വര്‍ഷത്തോളം കാത്തിരുന്നാണ് 2006 ല്‍ മാഹിയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്ന് മുന്‍സിപ്പല്‍ കൗണ്‍സില്‍ നിലവില്‍ വന്നത്. ഈ കൗണ്‍സില്‍ കാലാവധി പൂര്‍ത്തിയാക്കിയ 2011 നു ശേഷം ഇന്നേവരെ മറ്റൊരു തദ്ദേശ തെരഞ്ഞെടുപ്പ് മാഹിയില്‍ നടന്നിട്ടുമില്ല.
ഇന്ത്യ സ്വതന്ത്രയായതിനു ശേഷവും വോട്ടവകാശത്തിനു വേണ്ടി വലിയ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണ് മാഹിയെന്ന് ഗാന്ധിയന്‍ കീഴന്തൂര്‍ പത്മനാഭന്‍ ഓര്‍ക്കുന്നു. 1948 ല്‍ മാഹി ഒഴികെ പോണ്ടിച്ചേരി കാരിക്കാല്‍ യാനം തുടങ്ങിയ മുന്‍ ഫ്രഞ്ച് കോളനികളില്‍ തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ സാധാരണ പൗരന്മാര്‍ക്ക് മാഹിയില്‍ വോട്ടവകാശം നല്‍കിയിരുന്നില്ല.
ഫ്രഞ്ച് അനുകൂലികള്‍ക്ക് മാത്രമായിരുന്നു അന്ന് ഫ്രഞ്ചുകാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിരുന്നത്. സ്വതന്ത്ര ഭാരതത്തില്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വോട്ടവകാശം വേണമെന്ന ആവശ്യമുയര്‍ത്തി മയ്യഴി ഗാന്ധി ഐ കെ കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വലിയ പോരാട്ടം നടന്നു. കുമാരന്‍ മാസ്റ്റരടക്കം മഹാജന സഭാ പ്രവര്‍ത്തകര്‍ നിരവധി പേര്‍ ജയിലിലായി.
മാഹിയിലെ നഗരസഭാ തെരഞ്ഞെടുപ്പ് രീതിയിലുമുണ്ടായിരുന്നു വൈവിധ്യം. ഫ്രഞ്ച് ഭരണ കാലത്ത് മേയര്‍മാരുടേയും നഗരസഭാ കൗണ്‍സിലിന്‍റേയും കാലാവധി ആറു വര്‍ഷമായിരുന്നു. പ്രസിഡന്‍ഷ്യല്‍ രീതിയില്‍ മേയറെ നേരിട്ട് തെരഞ്ഞെടുക്കുന്നതായിരുന്നു രീതി. ഫ്രഞ്ച് ഭരണം അവസാനിച്ച ശേഷവും മാഹിയില്‍ ഈ രീതി തുടര്‍ന്നിരുന്നു. ഏറ്റവും ഒടുവില്‍ 2006 ല്‍ നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും മാഹിക്കാര്‍ രണ്ട് വോട്ട് ചെയ്‌തു. വാര്‍ഡ് കൗണ്‍സിലറെ തെരഞ്ഞെടുക്കാനും മുന്‍സിപ്പല്‍ ചെയര്‍മാനെ തെരഞ്ഞെടുക്കാനും.

രാജവാഴ്‌ചക്ക് അറുതി കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് സമൂഹത്തില്‍ അവകാശങ്ങള്‍ നേടിയെടുത്ത ഫ്രഞ്ച് വിപ്ലവത്തെത്തുടര്‍ന്ന് പതിനെട്ടാം നൂറ്റാണ്ടില്‍ത്തന്നെ ഫ്രഞ്ച് കോളനികളില്‍ ജനാധിപത്യ ഭരണ സംവിധാനം ഏര്‍പ്പെടുത്താന്‍ ഫ്രഞ്ചുകാര്‍ തയ്യാറായിരുന്നു. മെറിയിലേക്ക് ആറു വര്‍ഷത്തെ കൃത്യമായ ഇടവേളകളില്‍ തെരഞ്ഞെടുപ്പ് നടത്തിയിരുന്നു.
1880 മുതല്‍ ഇത് കൃത്യമായി നടന്നു പോന്നിരുന്നു. പുന്ന രാമോട്ടി, ഗോപാലന്‍ വക്കീല്‍, സഹദേവന്‍ വക്കീല്‍ മേയര്‍ സുകുമാരന്‍ , വടുവന്‍കുട്ടി വക്കീല്‍ എന്നിവരൊക്കെ വിവിധ കാലങ്ങളില്‍ മേയര്‍ പദവി വഹിച്ച മലയാളികളാണ്. ഫ്രഞ്ച് ഭരണകാലത്ത് മയ്യഴി സ്വദേശിയായ എന്‍. സഹദേവന്‍ മേയറായി സ്ഥാനമേറ്റിരുന്നതായി കീഴന്തൂര്‍ പത്മനാഭന്‍ ഓര്‍ക്കുന്നു.
തുടര്‍ന്ന് 1955 ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വി. കേശവന്‍ മേയറായി. പള്ളൂര്‍ സ്വദേശിയായ വി.എന്‍ പുരുഷോത്തമനാണ് പിന്നീട് മാഹിയുടെ മേയറായത്. മാഹിയിലെ അവസാനത്തെ മേയറും ആദ്യ മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്നു വി എന്‍ പുരുഷോത്തമന്‍. തുടര്‍ന്ന് വലിയൊരു ഇടവേളക്ക് ശേഷം 2006 ല്‍ രമേഷ് പറമ്പത്ത് മയ്യഴിയുടെ ചെയര്‍മാനായി.
അതിനു ശേഷം നീണ്ട 15 വര്‍ഷം കഴിഞ്ഞിട്ടും മാഹിയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പത്മനാഭന്‍ പറയുന്നു. നഗരസഭകളുടെ അധികാരം ചെയര്‍മാന് ആയാല്‍ പുതുച്ചേരിയിലെ എം. എല്‍. എ മാര്‍ക്ക് അവര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരും. അതിനാലാണ് വിവിധ കാരണങ്ങള്‍ പറഞ്ഞ് തെരഞ്ഞെടുപ്പിന് തടസം സൃഷ്‌ടിക്കുന്നതെന്ന് പത്മനാഭന്‍ ആരോപിക്കുന്നു.
പ്രതീക്ഷ കൈവിടാതെ ഒരു അഭിഭാഷകൻ
അധികാര വികേന്ദ്രീകരണം നിലച്ചിട്ട് 15 വര്‍ഷം തികയുമ്പോള്‍ നീതിപീഠത്തില്‍ നിന്നും അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാഹിയിലെ അഭിഭാഷകനായ ടി അശോകുമാര്‍. പാര്‍ലിമെൻ്റിലേക്കും നിയമസഭയിലേക്കും യഥാവസരത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്രഭരണ പ്രദേശത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്തതു മൂലം വികസനം വഴിമുട്ടി നില്‍ക്കുകയാണ്.

പുതുച്ചേരി സംസ്ഥാനത്തും പ്രത്യേകിച്ച് മാഹിയിലും പ്രാദേശിക ഭരണകൂടം നിലവിലില്ലാത്തതിനാല്‍ അധികാര കേന്ദ്രീകരണം നടക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അശോക് കുമാര്‍ പറഞ്ഞു. രണ്ടര നൂറ്റാണ്ട് മുമ്പ് ഫ്രഞ്ച് ഭരണകാലത്ത് സ്ഥാപിതമായ മാഹി നഗരസഭയില്‍ ജനാധിപത്യ സംവിധാനം ഇല്ലാതായിട്ട് കാലമേറെയായെങ്കിലും ജനാധിപത്യം ഉയര്‍ത്തിക്കാട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികളൊന്നും ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്തിയിട്ടില്ല.
ഫ്രഞ്ച് ഭരണകാലത്ത് ജനപങ്കാളിത്തത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മാഹിയില്‍ നടന്നുവന്നിരുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഭരണഘടനയുടെ 73-ാം ഭേദഗതി പ്രകാരം രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളില്‍ രൂപം കൊണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മയ്യഴിയില്‍ നിലവില്‍ സ്ഥാനമില്ല. സ്വാതന്ത്രാനന്തരം പുതുച്ചേരിയിലും മാഹിയിലും ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത് 1968 ലായിരുന്നു. 78 വരെ ആ ഭരണം നീണ്ടു നിന്നു. തുടര്‍ന്ന് മാഹിയുടെ ഭരണാധികാരം അഡ്‌മിനിസ്‌ട്രേറ്ററുടെ കീഴിലായി.
കൗണ്‍സിലിൻ്റെ കാലാവധി അവസാനിച്ചിട്ട് 14 വര്‍ഷം
അഭിഭാഷകനായ അശോക് കുമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹർജിയെ തുടര്‍ന്നാണ് 2006 ജൂണ്‍ 24 ന് മാഹിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഈ കൗണ്‍സിലിൻ്റെ കാലാവധി അവസാനിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞിട്ടും പ്രാദേശിക സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന പ്രാദേശിക ഭരണത്തിന് ഇവിടെ വഴി തുറന്നിട്ടില്ല. വാര്‍ഡ് വിഭജനത്തിൻ്റെ പേരിലും സംവരണത്തിൻ്റെ പേരിലുമൊക്കെ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവിടുത്തെ ജനാധിപത്യത്തിൻ്റെ അടിത്തറ.
പ്രാദേശിക ഭരണ സംവിധാനത്തിന് പുതുച്ചേരി സംസ്ഥാനത്തെ സിപിഎം ഒഴിച്ചുള്ള എംഎല്‍എമാര്‍ അനുകൂലമല്ലാത്ത നിലപാടും സ്വീകരിച്ചു. ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ഒരു ദിവസത്തെ ബന്ദ് ആചരിക്കുകയും ചെയ്‌തു. അതിനുകാരണമായി പറയുന്നത് എംഎല്‍എ ആണോ വലുത് അതോ മുനിസിപ്പല്‍ ചെയര്‍മാനാണോ എന്ന പ്രശ്‌നമാണ്. പുതുച്ചേരിയില്‍ ചിലയിടങ്ങളില്‍ ഒരു മുനിസിപ്പാലിറ്റിയുടെ കീഴില്‍ അഞ്ച് എംഎല്‍എമാര്‍ വരെ വരുന്ന പ്രദേശങ്ങളുണ്ട്. ഇവര്‍ക്ക് മുകളില്‍ നഗരസഭാ ചെയര്‍മാന് സ്ഥാനം വരുമെന്ന ഭീതിയും പ്രശ്‌നമാണെന്ന് പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2011 ല്‍ അശോക് കുമാര്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2018 ല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിടുകയും ചെയ്‌തു. 2021 ആയിട്ടു പോലും സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ഉണ്ടാക്കിയില്ല.
തുടര്‍ന്ന് അശോക് കുമാര്‍ കോടതി അലക്ഷ്യക്കേസ് നല്‍കുകയായിരുന്നു. അതോടെ രണ്ട് തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വാര്‍ഡ് പുനര്‍നിര്‍ണയത്തിൻ്റെ പേരില്‍ വീണ്ടും കേസ് കോടതിയിലെത്തി. പുനര്‍ നിര്‍ണയം നടത്തി കഴിഞ്ഞപ്പോള്‍ പിന്നോക്ക സംവരണം സംബന്ധിച്ച കേസായി.
സര്‍ക്കാര്‍ ഇപ്പോള്‍ ജസ്‌റ്റിസ് കെകെ ശശിധരനെ അന്വേഷിച്ച് റിപ്പോര്‍ട്ട് കണ്ടെത്താന്‍ കമ്മിഷനെ നിയോഗിച്ചിരിക്കുകയാണ്. രണ്ടുമാസമാണ് കമ്മിഷൻ്റെ കാലാവധി. ഈ റിപ്പോര്‍ട്ട് ലഭ്യമാവുന്നതിനനുസരിച്ച് തെരഞ്ഞെടുപ്പിനുളള സാഹചര്യം തെളിയും. അതോടെ അഞ്ച് മാസത്തിനുള്ളില്‍ മുടങ്ങിക്കിടക്കുന്ന ജനാധിപത്യ സംവിധാനത്തിന് മാഹിയിലും സാഹചര്യം ഉരുത്തിരിയും. മാഹിയുടെ മുന്നോട്ടുള്ള വികസനത്തിനും ഇത് കാരണമാവും എന്നും അശോക് കുമാര്‍ പറഞ്ഞു.

