ETV Bharat / state

മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല; വധശ്രമത്തിന് കേസെടുത്ത പൊലീസ് വെട്ടിലോ? വീണ ജോര്‍ജിന്‍റെ കഴുത്തിന് നേരിയ ക്ഷതം

നിലവിൽ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ എല്ലാ സി.സി.ടി.വി ക്യാമറകളും പ്രവർത്തിക്കുന്നില്ല എന്ന സൂചനയാണ് പുറത്തുവരുന്നത്. നിലവിൽ ലഭ്യമായ ദൃശ്യങ്ങളിലൊന്നും മന്ത്രിയെ ആക്രമിക്കുന്ന ഭാഗമില്ല.

KANNUR  VEENA GEORGE  KSU  KERALA POLICE
മന്ത്രി വീണ ജോര്‍ജ് സംഘര്‍ഷത്തിനു ശേഷം, മന്ത്രിയെ മുഖ്യമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : February 26, 2026 at 12:20 PM IST

3 Min Read
Choose ETV Bharat

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തെ വരും ദിവസങ്ങളിലും സജീവമായി നിലനിർത്താനാണ് സി.പി.എം ശ്രമം. ഏറ്റവും ഒടുവിൽ സി.പി.എം നേതൃത്വം പുറത്തുവിട്ട ദൃശ്യങ്ങളിൽ ഊന്നിയാണ് കോൺഗ്രസിനെ സി.പി.എം പ്രതിക്കൂട്ടിൽ നിർത്തുന്നത്. എന്നാൽ ആ ദൃശ്യങ്ങളിലും മന്ത്രിക്ക് നേരെ ശാരീരിക ആക്രമണം നടന്നോ എന്നത് വ്യക്തമല്ല. ഇതുവരെയും മന്ത്രി വീണയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. കൂടാതെ സംഭവസ്ഥലത്തെ എല്ലാ മൊബൈൽ ഫൂട്ടേജുകളും പൊലീസ് പരിശോധിച്ചു കഴിഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രതിഷേധം നടന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടത്തിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ഷൊർണൂരിൽ പ്രവർത്തിക്കുന്ന ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ എല്ലാ സി.സി.ടി.വി ക്യാമറകളും പ്രവർത്തിക്കുന്നില്ല എന്ന സൂചനയാണ് പുറത്തുവരുന്നത്. നിലവിൽ ലഭ്യമായ ദൃശ്യങ്ങളിലൊന്നും മന്ത്രിയെ ആക്രമിക്കുന്ന ഭാഗമില്ല. റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആർ.പി.എഫ് പരിശോധിച്ചു.

അതിനിടെ, പരിയാരം മെഡിക്കൽ കോളജിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ കഴുത്തിന് നേരിയ ക്ഷതമുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കഴുത്തിലെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്. ഇടതുകൈയിലും നേരിയ ക്ഷതമുണ്ട്. എം.ആർ.ഐ സ്കാനിംഗിൽ ഗുരുതര പ്രശ്നങ്ങളില്ല. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലാണ് വീണാ ജോർജിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്.

എം.ആർ.ഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകാനാണ് മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. മന്ത്രിയുടെ കഴുത്തിനേറ്റ പരിക്കിന്‍റെ വേദന കൈയിലേക്കും വ്യാപിച്ചതായും രക്തസമ്മർദ്ദം (ബി.പി) ഉയർന്ന നിലയിലാണെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. ന്യൂറോ സർജൻ അടങ്ങുന്ന വിദഗ്ധ സംഘം രാത്രിയോടെ പരിയാരം മെഡിക്കൽ കോളജിലെത്തി മന്ത്രിയെ വിശദമായി പരിശോധിച്ചിരുന്നു.

കെ.എസ്.യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ചുതിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ, രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അഞ്ച് കെ.എസ്.യു പ്രവർത്തകർ റിമാൻഡിലായി. ഇന്നലെ രാത്രിയാണ് വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്, വി.വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത കെ.എസ്.യു പ്രവർത്തകരെ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.

എ.കെ.ജി ആശുപത്രിക്ക് മുന്നിൽ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. മന്ത്രി വീണാ ജോർജിന്‍റെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.കെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ്, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്. അതേസമയം, കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. അർദ്ധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. ഇതിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

വീണയ്ക്ക് നേരെയുണ്ടായത് വധശ്രമമാണെന്ന് സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും മന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. പരിയാരം മെഡിക്കൽ കോളജിൽ വീണാ ജോർജിനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ഇപ്പോഴും ഐ.സി.യുവിൽ തുടരുകയാണ്. കഴുത്തിന്‍റെ വലതുഭാഗത്താണ് പരിക്ക്.

മന്ത്രി നിന്നിരുന്നതിന്‍റെ വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അയാൾ പ്രതിഷേധത്തിനല്ല, കൊലപാതകത്തിനാണ് ശ്രമിച്ചത്. റീത്ത് വെച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കമെന്നും എം.വി. ജയരാജൻ ആരോപിച്ചു. വീണാ ജോർജിന്‍റെ അടുത്ത് ഒരാൾ എത്തിയതിന്‍റെ ദൃശ്യവും എം.വി. ജയരാജൻ പുറത്തുവിട്ടു. അതേസമയം, കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിലും ജയരാജൻ പ്രതികരിച്ചു. പ്രവർത്തകർ ആത്മസംയമനം പാലിക്കണം. മന്ത്രിയുടേത് നാടകമെന്ന് പറയുന്നവരാണ് യഥാർഥത്തിൽ നാടകം കളിക്കുന്നതെന്നും എം.വി. ജയരാജൻ വ്യക്തമാക്കി.

Also Read: മന്ത്രി വീണ ജോര്‍ജിന്‍റേത് വെറും അഭിനയം; എം വി ഗോവിന്ദൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ്