വ്യവസായ മണ്ണിൽ തീപാറുന്ന പോരാട്ടം; കളമേശ്ശേരിയില്‍ രാജീവ് ചെങ്കൊടി കാക്കുമോ, പഴയ കോട്ട ലീഗ് തിരിച്ചുപിടിക്കുമോ?
കഴിഞ്ഞ തവണത്തെ ഐതിഹാസിക വിജയത്തിലൂടെ യു.ഡി.എഫിൻ്റെ ഉറച്ച കോട്ടയിൽ വിള്ളൽ വീഴ്ത്തിയ പി. രാജീവ്, തൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി കോട്ട കാക്കാനിറങ്ങുമ്പോൾ, നഷ്ടപ്പെട്ട പ്രതാപം എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള നിശ്ചയദാർഢ്യത്തിലാണ് മുസ്ലിം ലീഗും

Published : May 2, 2026 at 2:23 PM IST
2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കളമശ്ശേരി. വ്യവസായ നഗരമായ കളമശ്ശേരിയിൽ ഇത്തവണ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് അതിശക്തമായ ഒരു ത്രികോണ പോരാട്ടമാണ്. സിറ്റിങ് എം.എൽ.എയും വ്യവസായ-നിയമ മന്ത്രിയുമായ പി. രാജീവ് (എൽ.ഡി.എഫ്), മുസ്ലിം ലീഗിൻ്റെ യുവനേതാവ് അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ (യു.ഡി.എഫ്), ബി.ഡി.ജെ.എസിൻ്റെ ബിനു (എൻ.ഡി.എ) എന്നിവർ തമ്മിലാണ് പ്രധാന മത്സരം.
മന്ത്രിയെന്ന നിലയിലുള്ള തൻ്റെ പ്രവർത്തനമികവും മണ്ഡലത്തിൽ നടപ്പിലാക്കിയ 'ഒപ്പം' തുടങ്ങിയ ജനകീയ പദ്ധതികളിലുമാണ് പി. രാജീവ് വിശ്വാസമർപ്പിക്കുന്നത്. കൊച്ചി കാൻസർ റിസർച്ച് സെൻ്റർ ഉൾപ്പെടെയുള്ള വൻകിട വികസന പദ്ധതികളും വ്യവസായ മേഖലയിലെ മുന്നേറ്റവും എൽ.ഡി.എഫ് പ്രചാരണായുധമാക്കി. 2021-ൽ ലീഗിൻ്റെ ഉറച്ച കോട്ടയായിരുന്ന കളമശ്ശേരി 15,336 വോട്ടുകൾക്ക് പിടിച്ചെടുത്ത രാജീവ്, ഇത്തവണ അത് നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ്.
മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിൻ്റെ മകനായ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ മണ്ഡലത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തിരിച്ചുപിടിക്കാനാണ് കളത്തിലിറങ്ങിയത്. ഭരണവിരുദ്ധ വികാരവും യു.ഡി.എഫിൻ്റെ ശക്തമായ സംഘടനാ സംവിധാനവും തങ്ങളെ തുണയ്ക്കുമെന്ന് ലീഗ് കരുതുന്നു. കളമശ്ശേരി, ഏലൂർ മുനിസിപ്പാലിറ്റികളും ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. ഫാക്ട് (FACT) ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (CUSAT) സ്ഥിതി ചെയ്യുന്ന ഇവിടെ തൊഴിലാളി വോട്ടുകളും യുവജന വോട്ടുകളും തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
2011-ൽ ആദ്യമായി തെരഞ്ഞെടുപ്പ് നടന്നപ്പോൾ മുതൽ യു.ഡി.എഫിൻ്റെ ഉറച്ച കോട്ടയായിരുന്നു കളമശ്ശേരി. എന്നാൽ 2021-ൽ ഇടത് മുന്നണി ഈ കോട്ട തകർത്തു. 2011 മുതല്‍ 2021 വരെ യു.ഡി.എഫ് മേധാവിത്വം പുലര്‍ത്തി. ആദ്യ രണ്ട് തവണയും വി.കെ. ഇബ്രാഹിം കുഞ്ഞിലൂടെ മുസ്ലിം ലീഗ് മണ്ഡലം നിലനിർത്തി. എന്നാല്‍ 2021ല്‍ എൽ.ഡി.എഫിൻ്റെ മുന്നേറ്റമുണ്ടായി. ശക്തമായ ഭരണവിരുദ്ധ വികാരവും വികസന ചർച്ചകളും മുൻനിർത്തി പി. രാജീവ് മണ്ഡലം ഇടത് പക്ഷത്തേക്ക് മാറ്റി.
മുൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഒറ്റനോട്ടത്തിൽ:
- 2011: വി.കെ. ഇബ്രാഹിം കുഞ്ഞ് (ലീഗ്) - ഭൂരിപക്ഷം: 7,789.
- 2016: വി.കെ. ഇബ്രാഹിം കുഞ്ഞ് (ലീഗ്) - ഭൂരിപക്ഷം: 12,118.
- 2021: പി. രാജീവ് (സി.പി.എം) - ഭൂരിപക്ഷം: 15,336.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം എന്തുവിലകൊടുത്തും തിരിച്ചുപിടിക്കുക എന്നത് യു.ഡി.എഫിന് അഭിമാനപ്രശ്നമാണ്. എൻ.ഡി.എ സ്ഥാനാർത്ഥിയായ ബിനു (ബി.ഡി.ജെ.എസ്) മണ്ഡലത്തിൽ നടത്തുന്ന പ്രചാരണം ഇരു മുന്നണികൾക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നുണ്ട്. എൻ.ഡി.എ നേടുന്ന വോട്ടുകൾ ആരുടെ വിജയപരാജയങ്ങളെയാണ് സ്വാധീനിക്കുക എന്നത് ഫലം വരുമ്പോൾ നിർണ്ണായകമാകും. 2016-ൽ ബി.ഡി.ജെ.എസിലൂടെ വോട്ട് വിഹിതം 15% വരെ ഉയർത്തിയ എൻ.ഡി.എയ്ക്ക് 2021-ൽ അത് ഏകദേശം 7.2% ആയി കുറഞ്ഞു.
Also Read: ലീഡറുടെ തട്ടകത്തിൽ മകളുടെ അങ്കം; തൃശൂരില്‍ താമര വിരിയുമോ? ചോരുന്ന വോട്ടുകൾ നിര്‍ണായകം

