ETV Bharat / state

അയ്യപ്പനെക്കുറിച്ച് സിനിമയുമായി കെ. ജയകുമാർ; 'ഇനിയും വേദനിപ്പിച്ചാൽ അയ്യപ്പൻ ആയുധമെടുക്കും, അത് സർവനാശമാകും'

ശബരിമലയിലേക്ക് ഒളിച്ചു വണ്ടിയിൽ കയറി പോകുന്ന ആളല്ല താൻ, നടന്നുതന്നെയാണ് കയറുന്നത്. താൻ പെട്ടെന്ന് ഒരു അയ്യപ്പഭക്തനായതല്ല, വർഷങ്ങളായി അയ്യപ്പചൈതന്യം മനസ്സിലാക്കിയ വ്യക്തിയാണ്.

കെ ജയകുമാര്‍  ശബരിമല  അയ്യപ്പന്‍  സിനിമ
sabarimala. K jayakumar (ETV Bharat)
author img

By ETV Bharat Kerala Team

Published : March 3, 2026 at 4:25 PM IST

3 Min Read
Choose ETV Bharat

കെ ശശീന്ദ്രന്‍


കോഴിക്കോട്: ശബരിമല അയ്യപ്പനെ കുറിച്ചുള്ള സിനിമയുടെ എഴുത്തിലാണ് താനെന്ന് വെളിപ്പെടുത്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍. മുൻ കോഴിക്കോട് ജില്ലാ കലക്ടർ കൂടിയായ അദ്ദേഹത്തിന് കോഴിക്കോട്ടെ പൗരാവലി നൽകിയ ആദരവ് ഏറ്റുവാങ്ങാൻ എത്തിയപ്പോള്‍ ഇ ടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിലാണ് കെ. ജയകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്‍റെ പുതിയ പാട്ടും സിനിമയുമൊക്കെ വരുന്നുണ്ട്. ഒരു സിനിമയുടെ തിരക്കഥ പൂർത്തിയാക്കി. വൈകാരികമായ ആരോഗ്യത്തിന് അനിവാര്യമായ ഘടകങ്ങളാണ് അതൊക്കെ. പല കാര്യങ്ങൾ ഒരുമിച്ച് ചെയ്യുന്നത് കൊണ്ടാണ് ആരോഗ്യവാനായി നിലകൊള്ളുന്നത്. അയ്യപ്പനെക്കുറിച്ച് പാട്ടല്ല, ഒരു സിനിമ തന്നെ എഴുതുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ മല കയറുമ്പോൾ ഒരു പാട്ടെഴുതാൻ കഴിയുന്നില്ല, പല പ്രശ്നങ്ങളാണ്. പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്ക് പോകുമ്പോൾ എഴുത്ത് നടക്കില്ല.

ശബരിമലയിലേക്ക് ഒളിച്ചു വണ്ടിയിൽ കയറി പോകുന്ന ആളല്ല താൻ, നടന്നുതന്നെയാണ് കയറുന്നത്. താൻ പെട്ടെന്ന് ഒരു അയ്യപ്പഭക്തനായതല്ല, വർഷങ്ങളായി അയ്യപ്പചൈതന്യം മനസ്സിലാക്കിയ വ്യക്തിയാണ്. ആ ചൈതന്യം ഏറ്റവും വലിയ ചൈതന്യമാണ്. നിങ്ങളുടെ മഹാപാപങ്ങളൊക്കെ ഒരു പരിധിവരെ അയ്യപ്പൻ പൊറുക്കും. പക്ഷേ ഇപ്പോൾ ആ പരിധി വിട്ടിരിക്കുകയാണ്. ഇനിയും വേദനിപ്പിച്ചാൽ ധ്യാനത്തിലിരിക്കുന്ന അയ്യപ്പൻ കണ്ണ് തുറക്കും, ആയുധമെടുക്കും. ആ അവസ്ഥയിലേക്ക് പോയാൽ സർവ്വനാശമായിരിക്കും. ആ അവസ്ഥ വരാതെ നോക്കാൻ തനിക്ക് സാധിക്കുമെന്നതാണ് ബോധ്യം.

K jayakumar interview (ETV Bharat)

തന്‍റെ ഒരു പാഠശാലയായിരുന്നു കോഴിക്കോടെന്ന് അദ്ദേഹം പറഞ്ഞു. "ഇവിടെ നിന്ന് കിട്ടിയ പാഠങ്ങളാണ് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ എന്നെ വഴിനടത്തിച്ചത്. സർക്കാരിന്‍റെ പദ്ധതികൾ ജനങ്ങളിലേക്ക് എങ്ങനെ നേരിട്ടെത്തിക്കാം എന്ന് തിരിച്ചറിഞ്ഞ കാലഘട്ടമായിരുന്നു അത്. പിന്നീടുള്ള പദവികളിൽ ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം കുറവായിരുന്നെങ്കിലും, എടുക്കുന്ന ഓരോ തീരുമാനങ്ങളിലും ജനപക്ഷ നിലപാട് സ്വീകരിക്കണമെന്ന് പഠിച്ചത് കോഴിക്കോട് നിന്നാണ്. ആ കടപ്പാട് എന്നും ഈ ജില്ലയോട് ഉണ്ടാകും," ജയകുമാർ പറഞ്ഞു.

ആദ്യമായി ഒരു സിനിമയിലേക്ക് പാട്ടെഴുതാൻ അവസരം നൽകിയതും കോഴിക്കോട് തന്നെയാണ്. പാട്ടെഴുതാൻ കഴിവുണ്ടെങ്കിലും 'എനിക്കൊരു അവസരം തരൂ' എന്ന് എല്ലാവരോടും ചോദിക്കാൻ അഭിമാനം സമ്മതിക്കില്ലായിരുന്നു. ആ സമയത്താണ് പി.വി. ഗംഗാധരനുമായി അടുത്ത പരിചയമുണ്ടാകുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് സിനിമകൾ നിർമ്മിക്കുന്ന കാലമാണത്. അങ്ങനെയാണ് 'ഒഴിവുകാലം' എന്ന സിനിമയ്ക്ക് വേണ്ടി "സായന്തനം നിഴൽ വീശിയില്ല..." എന്ന ഗാനം എഴുതുന്നത്. ഭരതനും പത്മരാജനും ജോൺസൺ മാഷും ചേർന്നൊരുക്കിയ സിനിമയിലൂടെ അങ്ങനെ ഗാനരചനയിൽ തുടക്കമിട്ടു. 'ഒരു വടക്കൻ വീരഗാഥ' എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ രണ്ട് ഗാനങ്ങൾ എഴുതാനുള്ള അവസരവും പി.വി. ഗംഗാധരൻ വഴിയാണ് ലഭിച്ചത്. എം.ടി. വാസുദേവൻ നായർക്കും ഹരിഹരനും താൻ പാട്ടെഴുതുന്നതിൽ വിരോധമില്ലായിരുന്നു എന്നേ പറയാൻ കഴിയൂ, കാരണം തന്നെക്കുറിച്ച് അവർക്ക് കൂടുതൽ അറിവില്ലായിരുന്നുവല്ലോ എന്നും അദ്ദേഹം ഓർമ്മിച്ചു.

ഔദ്യോഗിക ജീവിതത്തിന് തന്നെയാണ് താൻ എന്നും പ്രഥമസ്ഥാനം നൽകിയത്. അതിനിടയിൽ വരികൾ എഴുതിയെന്നത് ശരിയാണെങ്കിലും മുൻഗണന ഉദ്യോഗത്തിനായിരുന്നു. അതുകൊണ്ടാണ് 'വടക്കൻ വീരഗാഥ'യിലെ മറ്റു രണ്ട് ഗാനങ്ങൾ എഴുതാൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ അവർ വിളിച്ചത്. അതിൽ പശ്ചാത്താപമില്ല, കാരണം താൻ എഴുതിയ രണ്ട് പാട്ടുകളും സൂപ്പർഹിറ്റായി. "ചന്ദനലേപ സുഗന്ധവും...", "കളരി വിളക്കും..." എന്നിവയായിരുന്നു ആ ഗാനങ്ങൾ.

തന്നെക്കാൾ പ്രഗൽഭരായ ഗാനരചയിതാക്കൾ മലയാളത്തിലുള്ള സമയത്താണ് മൂകാംബികാ ദേവിയെക്കുറിച്ച് രണ്ട് സിനിമകളിലായി രണ്ട് ഗാനങ്ങൾ എഴുതാൻ സാധിച്ചത്. 'നീലക്കടമ്പി'ലെ "കുടജാദ്രിയിൽ കുടികൊള്ളും..." എന്ന് തുടങ്ങുന്ന ഗാനവും 'കിഴക്കുണരും പക്ഷി'യിലെ "സൗപർണികാമൃതവും...". മലയാളത്തിൽ ഇന്നുവരെ അതിനെ കവച്ചുവെക്കാൻ പറ്റിയ മറ്റൊരു മൂകാംബികാ ഗാനം ഉണ്ടായിട്ടില്ല എന്നത് ഒരു നിമിത്തമാണെന്ന് ആ കവിമനം പറഞ്ഞു.

കെ ജയകുമാര്‍  ശബരിമല  അയ്യപ്പന്‍  സിനിമ
K. Jayakumar (ETV Bharat)

പ്രഗൽഭ സംവിധായകൻ എം. കൃഷ്ണൻ നായരുടെ മകനായിട്ടുപോലും താൻ കൂടുതൽ ശ്രദ്ധിച്ചത് ഉദ്യോഗത്തിലാണ്. അതിനിടയിൽ വന്നുചേർന്ന നിമിഷങ്ങളാണ് പാട്ടുകൾ. പാട്ടിന്‍റെ വഴിയിൽ മാത്രം പോകാൻ ഒരിക്കലും തീരുമാനിച്ചിരുന്നില്ല. അച്ഛൻ തന്നെയാണ് പാട്ടെഴുത്തിന് വഴിതുറന്നു തന്നത്. വയലാറുമായുള്ള ബന്ധവും അദ്ദേഹത്തിന്‍റെ ജനകീയതയുമെല്ലാം തന്നെ വല്ലാതെ ആകർഷിച്ചിരുന്നു. എങ്ങനെയാണ് ഇത്ര മനോഹരമായി വരികൾ എഴുതുന്നത് എന്നത് തന്നെ വിസ്മയിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസുകാർ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. പൊലീസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് നല്ല ബോധ്യമുണ്ട്. മുൻ ആഭ്യന്തര സെക്രട്ടറി എന്ന നിലയിൽ അവരെ കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിയുന്നത് വലിയൊരു നേട്ടമാണ്. എഡിജിപി എസ്. ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥനാണ്. അയ്യപ്പന് വേണ്ടി കർമ്മനിരതനാവാൻ തന്നെ നിയോഗിച്ചത് ഒരു അനുഗ്രഹമായി കണക്കാക്കുന്നു. അയ്യപ്പന് വേണ്ടാത്തവരെ അയ്യപ്പൻ തന്നെ പുറന്തള്ളുമെന്നും ജയകുമാര്‍.

Also Read: ഗന്ധർവ സംഗീതം പിറന്ന വീട്; യേശുദാസിന് സ്നേഹാദരം; ഫോർട്ട്കൊച്ചിയിലെ വീട് മ്യൂസിയമാകുന്നു