ETV Bharat / state

ഹിമാലയൻ താഴ് വരയിലേക്ക് ഒരു അടുപ്പ് യാത്ര; ജെപി ടെക് അടുപ്പുകൾ ഇനി അതിർത്തിയിലും കത്തും

ജെപി ടെക് അടുപ്പിൽനിന്ന് പുക പുറത്തുവരുന്നില്ലെന്നു മാത്രമല്ല വിറകിൻ്റെ ഉപയോഗം മുന്നിലൊന്നു മതി എന്നതും പ്രത്യേകതയാണ്. പാചകത്തിനു പുറമേ റൂം ഹീറ്ററായും ഇവ ഉപയോഗിക്കാം.

JP TECH STOVES JAYAPRAKASH  JOURNEY TO THE HIMALAYAN FOOTHILLS  JP TECH STOVES HIMALAYA  A STOVE JOURNEY JP TECH
ജെപി ടെക് അടുപ്പുകൾ (ETV Bharat)
author img

By ETV Bharat Kerala Team

Published : June 4, 2026 at 10:00 AM IST

5 Min Read
Choose ETV Bharat

കെ ശശീന്ദ്രൻ

കോഴിക്കോട്: അടുപ്പുകൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച കൊയിലാണ്ടി സ്വദേശി ജയപ്രകാശിൻ്റെ ഒരു യാത്രയുടെ കഥയാണിത്. രാജ്യത്തെ ഇന്ധനക്ഷാമം കാരണം നാനാ ഭാഗത്തു നിന്നും അടുപ്പുകൾക്ക് വേണ്ടി അന്വേഷണങ്ങൾ വരുന്ന സമയത്താണ് ഈ യാത്ര. അതും ഹിമാലയത്തിൻ്റെ താഴ്‌വരകളിലേക്ക്. ഭാര്യ റാണിയേയും കൂട്ടി അങ്ങനെ ജമ്മുവിൽ എത്തി.

അതിശൈത്യവും ശീതക്കാറ്റും മഞ്ഞുവീഴ്‌ചയും സാധാരണമായ ഇവിടങ്ങളിൽ അതികഠിനമായ തണുപ്പിനെ പ്രതിരോധിക്കാൻ മരം കൊണ്ടുള്ള വീടുകളാണ് പണിയുന്നത്. ചൂട് മുറിക്കുള്ളിൽ പരമാവധി നിലനിർത്തുന്ന രീതിയിൽ ജനലുകളും വാതിലുകളും ക്രമീകരിച്ചിരിക്കുന്നു. ചെമ്മരിയാടുകളെ വളർത്തലാണ് ഗ്രാമീണരുടെ പ്രധാന തൊഴിൽ. വീടുകളിലെ താഴത്തെ നിലയിൽ ആടുകളും മുകളിലത്തെ നിലയിൽ ആളുകളുമാണ് താമസിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആട്ടിൻ കുട്ടത്തിൻ്റെ ശരീരത്തിൽ നിന്നുമുണ്ടാകുന്ന ചൂട് മുകളിലെ നിലയിലേക്കെത്താനാണ് വീടുകൾ ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. വിറകടുപ്പുകളിലും വിറക് കത്തിച്ചുപയോഗിക്കുന്ന ബുക്കാരി പോലുള്ള സംവിധാനങ്ങളിലുമുണ്ടാകുന്ന പുക വലിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നതാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്‌നം. അതിന് എന്താണ് ഒരു പ്രതിവിധി എന്ന് ആലോചിച്ച സമയത്താണ് പുകയും തീയാക്കുന്ന ജെപി ടെക് അടുപ്പുകളെ കുറിച്ച് അവർ അറിഞ്ഞത്. അതിൻ്റെ ഗവേഷണത്തിന് വേണ്ടിയാണ് ജെപിയുടെ ഈ യാത്ര.

ജെപി ടെക് അടുപ്പിന് പ്രത്യേകതകള്‍ ഏറെ

ജെപി ടെക് അടുപ്പിൽനിന്ന് പുക പുറത്തുവരുന്നില്ലെന്നു മാത്രമല്ല വിറകിൻ്റെ ഉപയോഗം മുന്നിലൊന്നു മതി എന്നതും പ്രത്യേകതയാണ്. പാചകത്തിനു പുറമേ റൂം ഹീറ്ററായും ഇവ ഉപയോഗിക്കാം. ഇവിടുത്തെ കാലാവസ്ഥയ്ക്കനുസരിച്ച്‌ ജെപി സ്റ്റൗ പ്രവർത്തിക്കുമോ എന്നതിലായിരുന്നു ഗവേഷണം. ഗോത്രവർഗക്കാരടങ്ങുന്ന ഗ്രാമീണരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘ഗ്യാൻ’ നേതൃത്വം നൽകുന്ന പ്രൊജക്‌ടിലേക്കാണ് ജെപി സ്റ്റൗവ് തെരഞ്ഞടുക്കപ്പെട്ടത്.

സിറാമിക് ഇൻസുലേഷൻ ഉള്ളത് കാരണം ജെപി അടുപ്പിൻ്റെ പുറംഭാഗം ചൂടാകാറില്ല. എന്നാൽ താഴ് വരകളിലെ വീടുകളിൽ ചൂട് നിലനിർത്താൻ അടുപ്പിൻ്റെ പുറംഭാഗത്തെ ചുടുകൂടി അത്യാവശ്യമാണ്. അതുകൊണ്ട് ഇൻസുലേഷൻ ഒഴിവാക്കിയ അടുപ്പുകളാണ് ഇത്തരം പ്രദേശങ്ങൾക്ക് ആവശ്യം. അതിന് അനുസരിച്ചുള്ള അടുപ്പ് നിർമ്മിച്ചു നൽകുന്നതോടെ ഗ്യാൻ തുടർനടപടികളിലേക്ക് കടക്കും.

JP Tech stoves Jayaprakash  journey to the Himalayan foothills  JP Tech stoves Himalaya  A stove journey JP Tech
ജെപി ടെക് അടുപ്പുകൾ ഇനി അതിർത്തിയിലും കത്തും (ETV Bharat)

കോയമ്പത്തൂരിലെ ജെപി ടെക്കിൽ നിന്നും അടുപ്പ് നിർമ്മിച്ച ജമ്മുവിൽ എത്തിക്കാൻ ചെലവ് അധികമാകുന്നതിനാൽ ശ്രീനഗറിനടുത്ത് ബന്ദിപ്പുരയിൽ അടുപ്പ് നിർമിച്ച് വാങ്ങാനാണ് ഗ്യാൻ ഉദ്ദേശിക്കുന്നത്. ഇതിനുള്ള സൗകര്യങ്ങളും അവർ ഒരുക്കുമെന്ന് ജയപ്രകാശ് ഇടിവി ഭാരതിനോട് പറഞ്ഞു.

"ആയിരക്കണക്കിന് അടുപ്പുകൾ അവിടെ നിർമ്മിക്കേണ്ടിവരും. അതിന് ഞങ്ങൾ തയ്യാറാണ്. അതിനപ്പുറത്തേക്ക് ജെപി ടെക്കിൻ്റെ അടുപ്പുകൾക്ക് റോയൽറ്റി തന്ന് അവർക്ക് തന്നെ അടുപ്പ് നിർമിക്കാനുള്ള അവകാശം നൽകാനും തയ്യാറാണ്" എന്ന് ജയപ്രകാശ് പറഞ്ഞു.

എന്തായാലും ഹിമാലയൻ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ വർഷത്തിൽ ഭൂരിഭാഗവും തണുത്തുറയുന്ന ഗ്രാമങ്ങളിലെ സാധാരണക്കാർ പാചകത്തിന് ഇനി കൊയിലാണ്ടി സ്വദേശി ജയപ്രകാശിൻ്റെ അടുപ്പുകൾ ഉപയോഗിക്കും എന്നതിൽ സംശയമില്ല.

JP Tech stoves Jayaprakash  journey to the Himalayan foothills  JP Tech stoves Himalaya  A stove journey JP Tech
ജെപി ടെക് അടുപ്പുകൾ ഇനി അതിർത്തിയിലും കത്തും (ETV Bharat)

ഗ്യാൻ സംഘത്തിനൊപ്പം ഗുറേസ് വാലിയിലേക്ക്

പുകയും തീയാകുന്ന നാല് അടുപ്പുകളുമായാണ് ജയപ്രകാശും ഭാര്യയും മെയ് 31ന് വിമാനം കയറിയത്. ഗ്യാൻ സംഘാംഗങ്ങൾക്ക് ഒപ്പം ആയിരുന്നു ശ്രീനഗറിൽ എത്തിയപ്പോഴുള്ള യാത്ര. ശ്രീനഗറിൽ നിന്നും 200 കിലോമീറ്ററോളം അകലെയാണ് അതിസുന്ദരമായ ഗുറേസ് വാലി. അവിടുത്തെ അവസാന ഗ്രാമമായ ചക് വാലിയിൽ നിന്നും 12 കിലോമീറ്റർ ദൂരം മാത്രമാണ് പാകിസ്ഥാൻ അതിർത്തിയിലേക്കുള്ളത്.

മഞ്ഞുവീഴ്‌ചയില്ലെങ്കിൽ വിദൂരതയിൽ നിന്ന് ബോർഡർ കാണാം. 28 ഇടയ ഗ്രാമങ്ങളിൽ ഇന്ത്യൻ അതിർത്തിയിലെ അവസാന ഗ്രാമമാണ് ചക് വാലി. ഗുരേസ് വാലിയിലെ വില്ലേജുകളിൽ മധ്യ ഭാഗത്തായാണ് ദവാർ ഗ്രാമം. മർക്കൂട്ട് ആണ് ഗ്രാമങ്ങളിൽ വലുത്. എന്നാൽ ബഡ്‌വാൻ ഗ്രാമത്തിലാണ് ജനവാസം കൂടുതലുള്ളത്.

ഷാപോറ ഗ്രാമത്തിൽ മരം കൊണ്ടു മാത്രം പണിത വീടുകളാണുള്ളത്. പണ്ടത്തെ ഈസ്റ്റ് ഏഷ്യൻ, ഇറാൻ, യൂറേഷ്യൻ കച്ചവട പാതയായിരുന്നു സിൽക്ക് റൂട്ടിനു സമീപമുള്ള ഗ്രാമങ്ങളിൽ അധികവും. ഷേക്‌പോര ഗ്രാമത്തിൽ ജനവാസം വളരെ കുറവാണെങ്കിലും ചെമ്മരിയാടുകളുടെയും നിഗൂഢമായ പ്രകൃതി സൗന്ദര്യത്തിൻ്റെയും താവളമാണിവിടെ.

ബഡ്‌ഗാം വില്ലേജിനും ചക് വാലിക്കുമിടയിലാണ് നീരു വില്ലേജ്. ഇവിടെ അതിർത്തിക്ക് അടുത്തായി ഇന്ത്യൻ സേനയുടെ ഹെലിപാഡുണ്ട്. ഹിമാലയൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഗുരേസ് വാലിയിലെ 28 ഗ്രാമങ്ങളിൽ തിരഞ്ഞെടുത്ത ഏഴ് ഗ്രാമങ്ങളിൽ വെച്ച് വ്യത്യസ്ഥ താപനിലയിലും വ്യത്യസ്ഥ വേഗതയിലുള്ള ശീതക്കാറ്റിനുമിടയിലാണ് അടുപ്പ് ഗവേഷണം നടത്തിയത്. വ്യത്യസ്ഥ തരം വിറകുകൾ ഉപയോഗിച്ചുമായിരുന്നു പരീക്ഷണങ്ങൾ.

ഗവേഷണത്തിന് നേതൃത്വം നൽകിയത് പത്മശ്രീ പ്രൊഫസർ അനിൽ ഗുപ്‌ത

JP Tech stoves Jayaprakash  journey to the Himalayan foothills  JP Tech stoves Himalaya  A stove journey JP Tech
ജെപി ടെക് അടുപ്പുകൾ ഇനി അതിർത്തിയിലും കത്തും (ETV Bharat)
ഗുജറാത്ത് ഗ്രാസ് റൂട്ട് ഇന്നവേഷൻ ഓഫ് മെന്റേഷൻ നെറ്റ് വർക്ക്, നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷൻ ഇന്ത്യ, SRISTI എന്നീ ഓർഗനൈസേഷനുകളുടെ ഫൗണ്ടറായ പത്മശ്രീ പ്രൊഫസർ അനിൽ ഗുപ്‌തയാണ് ഈ പ്രൊജക്‌ട് വർക്കിന് നേതൃത്വം നൽകിയത്. പ്രശസ്‌ത പണ്ഡിതനും ഐഐഎം അഹമ്മദാബാദിലെ മുൻ പ്രൊഫസറുമായ പത്മശ്രീ അനിൽ കുമാർ ഗുപ്‌തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദശാബ്‌ദങ്ങളായുള്ള ദൃഢമായ ഔദ്യോഗിക, ആശയപരമായ ബന്ധമാണുള്ളത്. ഗ്രാമീണ മേഖലയിലെ താഴെത്തട്ടിലുള്ള കണ്ടുപിടിത്തങ്ങളെയും പരമ്പരാഗത അറിവുകളെയും പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ (2001-2014), പ്രൊഫ. അനിൽ ഗുപ്‌തയുടെ നേതൃത്വത്തിലുള്ള ഇന്നൊവേഷൻ നെറ്റ്‌വർക്കുകളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ഗുജറാത്തിലെ കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി താഴെത്തട്ടിലുള്ള കർഷകർ വികസിപ്പിച്ചെടുത്ത ചെറുകിട യന്ത്രസാമഗ്രികളും ജലസേചന വിദ്യകളും പ്രയോജനപ്പെടുത്താൻ മോദി സർക്കാർ താൽപര്യം കാണിച്ചിരുന്നു.

പ്രൊഫസർ അനിൽ ഗുപ്‌ത സ്ഥാപിച്ച, ഗ്രാമീണ നവീകരണങ്ങളെ പിന്തുണയ്ക്കുന്ന 'ഹണി ബീ നെറ്റ്‌വർക്ക്' (Honey Bee Network), നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷൻ (NIF) എന്നിവയുടെ പ്രവർത്തനങ്ങളെ നരേന്ദ്ര മോദി ശക്തമായി പിന്തുണച്ചിട്ടുമുണ്ട്. അദ്ദേഹമാണ് ഇപ്പോള്‍ ജെപി ടെക്‌ അടുപ്പുകളുടെ ഗവേഷണത്തിനും നേതൃത്വം നൽകുന്നത്.

അദ്ദേഹത്തെ കൂടാതെ ഗ്യാൻ സയൻ്റിഫിക് ഓഫീസർമാരായ ഡോക്‌ടർ ജഹാംഗീർ, ഡോക്‌ടർ നദീം, റിസർച്ച് കോർഡിനേറ്റർ സബ്‌സർവാണി, ഡോ. അനാമികാ ഡേ, ഡോ. കിഷോർ കുമാർ തുടങ്ങിയവരും നിരീക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

JP Tech stoves Jayaprakash  journey to the Himalayan foothills  JP Tech stoves Himalaya  A stove journey JP Tech
ജെപി ടെക് അടുപ്പുകൾ ഇനി അതിർത്തിയിലും കത്തും (ETV Bharat)

കർശന സുരക്ഷയിൽ അതിർത്തി ഗ്രാമങ്ങളിലേക്ക്‌

ഇന്ത്യൻ മിലിട്ടറിയുടെ അതിനിയന്ത്രണ മേഖലയിൽ അവരുടെ അതികർശന നിർദേശത്തിലായിരുന്നു ഓരോ ഗ്രാമങ്ങളിലേക്കും ജയപ്രകാശ് അടുപ്പു പരീക്ഷണങ്ങൾ നടത്തിയത്. ഓരോ വില്ലേജിലേക്ക് പ്രവശിക്കുമ്പോഴും പട്ടാള ചെക്പോസ്റ്റുകളിലും എൻട്രി ചെയ്യേണ്ടിയിരുന്നത്. രാത്രിയിൽ അനുവദിക്കപ്പെട്ട താമസ സ്ഥലത്തേക്കു തിരിച്ചെത്തിയെന്ന് സേനാംഗങ്ങൾ ഓരോ ദിവസും ഉറപ്പു വരുത്തിയിരുന്നു. അങ്ങിനെ പല നാടുകളിൽ അടുപ്പു നിർമ്മിച്ച ജെപി തോക്കിൻ മുനയിലും ഒരു പരീക്ഷണം പൂർത്തിയാക്കി.

2012ൽ എൻഐഎഫിൻ്റെ ദേശീയ പുരസ്‌കാരം രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിൽ നിന്നും ഏറ്റുവാങ്ങിയ വ്യക്തി കൂടിയാണ് ജയപ്രകാശ്. പ്രകൃതിക്ക് ദോഷം ചെയ്യാത്ത രീതിയിൽ മാലിന്യ സംസ്‌കരണം എന്ന ഗവേഷണത്തിന് 2017ലും 2019ലും സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ചു. ഇന്ത്യ -പാക്ക് അതിർത്തിയിൽ സൈനികർക്ക് പുകയില്ലാത്ത അടുപ്പ്‌ നിർമാണത്തിൽ പരിശീലനം നൽകിയും ഇന്ത്യ-ചൈന ഗ്രാമീണ മേഖലയ്‌ക്ക് അനുയോജ്യമായ വിറകടുപ്പുകൾ ചൈനയിലെ അടുപ്പു നിർമാതാവിനൊപ്പം ഡിസൈൻ ചെയ്‌തുമെല്ലാം ജയപ്രകാശ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്വാശ്രയ ഭാരത് 2025 പ്രോഗ്രാമിൽ കോഴിക്കോട് എൻഐടിയുടെ പുരസ്‌കാരവും ജയപ്രകാശിന് ലഭിച്ചിരുന്നു. കൊയിലാണ്ടി കോമത്തുകര സ്വദേശിയാണ്‌ വി. ജയപ്രകാശ്. ഭാര്യ, റാണി. മക്കൾ, തീർഥ ഡോക്‌ടറാണ്, കാവ്യ അഭിഭാഷകയായി കേരള ഹൈക്കോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്നു.

എന്താണ് ഗ്യാൻ

ഗോത്രവർഗക്കാരുടെയും ഗ്രാമീണരുടെയും സമഗ്ര ഉന്നമനത്തിനായി കേന്ദ്രസർക്കാർ ആരംഭിച്ച വൻകിട പദ്ധതിയാണ് പ്രധാൻമന്ത്രി ജനജാതീയ ഉന്നത് ഗ്രാം അഭിയാൻ. ഇതിൻ്റെ ഭാഗമായി 'ഗ്യാൻ ഭാരതം മിഷൻ' പോലെയുള്ള പ്രധാന വിജ്ഞാന അധിഷ്‌ഠിത പരിപാടികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടാതെ, വികസന പ്രക്രിയകളുടെ സുഗമമായ നടത്തിപ്പിനായി ഗ്രാമീണ തലത്തിൽ ഗോത്രവർഗക്കാരായ 20 ലക്ഷത്തോളം പ്രവർത്തകരെയും ലീഡർമാരെയും വാർത്തെടുക്കുന്ന 'ആദി കർമ്മയോഗി' പരിപാടിയും ഇതിലൂടെ നടപ്പിലാക്കുന്നു.

അർഹരായ എല്ലാ കുടുംബങ്ങൾക്കും 'പ്രധാൻ മന്ത്രി ആവാസ് യോജന' വഴി വീടുകൾ, കുടിവെള്ളവും വൈദ്യുതിയും, റോഡ്, മൊബൈൽ-ഇന്റർനെറ്റ് കണക്റ്റിവിറ്റി, തൊഴിൽ നൈപുണ്യങ്ങൾ, ഹോം സ്റ്റേ, ഇൻഷുറൻസ് പരിരക്ഷ തുടങ്ങി നിരവധി സൗകര്യങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിക്കൊടുക്കുന്നു.

Also Read: ദാഹമകറ്റാൻ കടയിൽ വാഹനം നിർത്തി മുഖ്യമന്ത്രി; എതിരേറ്റത് മുൻ മാവോയിസ്റ്റുകൾ!