പൈലറ്റുമാർ മാത്രമല്ല, ഡോക്‌ടർമാരും 'ഫ്ലൈറ്റ് റൂൾസ്' പാലിക്കണം; 'കത്തിവയ്ക്കുന്നത്' എൻ്റെ പാഷൻ, ഇത് ശ്രീജയന്‍റെ മെഡിക്കൽ കോളജ് കഥ
എഴുപതാം വർഷത്തിലേക്ക് കടക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിൻ്റെ വികസനത്തെ കുറിച്ചും വിവാദത്തെ കുറിച്ചും ഇടിവി ഭാരതിനോട് മനസ് തുറക്കുകയാണ് സൂപ്രണ്ട് ഡോ:എം പി ശ്രീജയൻ

Published : August 8, 2026 at 5:51 PM IST
|Updated : August 8, 2026 at 6:01 PM IST
കെ. ശശീന്ദ്രൻ
കോഴിക്കോട്: കേരളത്തിൽ തന്നെ സർക്കാർ മേഖലയിൽ വളരെ ഉന്നത സ്ഥാനത്ത് നിൽക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ഓഗസ്‌റ്റ് അഞ്ചിന് 69-ാം പിറന്നാൾ ആഘോഷിച്ചു. അന്ന് തന്നെയായിരുന്നു സൂപ്രണ്ട് ശ്രീജയൻ്റെയും പിറന്നാൾ. പരാതികൾ ഒഴിയാത്ത മെഡിക്കൽ കോളജ് മറ്റൊരു വഴിയിൽ വികസിക്കുമ്പോഴും അതെല്ലാം വിവാദത്തിൽ മുങ്ങുകയാണ്.
രോഗികൾക്ക് നിലത്ത് കിടക്കേണ്ടി വരില്ല എന്ന് ആരോഗ്യമന്ത്രി പറഞ്ഞ സമയത്തും അത് പ്രാവർത്തികമാക്കാനുള്ള തത്രപ്പാടിലാണ് സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥർ. ഈ വേളയിലാണ് എന്താണ് അകത്തെ യാഥാർത്ഥ്യം എന്ന് സൂപ്രണ്ട് ഇ ടിവി ഭാരതതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തുറന്ന് പറയുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജുമായുള്ള ബന്ധം തുടങ്ങുന്നത് എവിടെയാണ്?
"1985 ൽ ഒരു എംബിബിഎസ് വിദ്യാർത്ഥിയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ജോയിൻ ചെയ്‌തു. പോസ്‌റ്റ് ഗ്രാജുവേഷനും ചെയ്‌തു. ഏകദേശം 41 വർഷത്തോളമായി ഈ ക്യാമ്പസിൻ്റെ ഭാഗമാണ്. ഹയർ സർജിക്കൽ ട്രെയിനിങ്ങിനൊക്കെ വിദേശത്ത് പോയി. കുട്ടികളെ പഠിപ്പിക്കാൻ താത്‌പര്യമാണ്. ആ ഒരു താത്‌പര്യത്തിൻ്റെ ബാക്കിയായിട്ടാണ് മെഡിക്കൽ കോളജിൽ സ്ഥിരമായത്.
മൊത്തത്തിൽ നമ്മുടെ ഒരു സ്വന്തം വീട് എന്നുള്ള ഒരു അവസ്ഥയായി. നമ്മൾ പഠിച്ച സ്ഥാപനം, ഇവിടെ ജോലി ചെയ്‌ത സ്ഥാപനം. അതുകൊണ്ട് ആത്മാർത്ഥമായിട്ടും, എന്താണ് നമുക്ക് നമ്മുടെ ക്യാമ്പസിന് തിരിച്ചു കൊടുക്കാൻ പറ്റുക എന്നുള്ള ഒറ്റ ചിന്ത മാത്രമേ ഉള്ളൂ.

ഇപ്പോൾ സർജറി ഡിപ്പാർട്ട്മെൻ്റ് പ്രൊഫസർ ആൻഡ് ഹെഡ് ആയി ജോലി ചെയ്യുന്നു. ഏകദേശം 23 വർഷത്തോളമായി അഡ്‌മിനിസ്ട്രേഷനിലുണ്ട്. മൊത്തത്തിൽ ഒരു 10 വർഷത്തോളമായി മെഡിക്കൽ കോളജിൻ്റെ സൂപ്രണ്ട് പദവിയിൽ ഇരിക്കുന്നു. ധാരാളം കാര്യങ്ങൾ ചെയ്യാൻ സാധിച്ചു എന്നുള്ളത് വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്.
മനുഷ്യർ പലതരത്തിലുള്ള ജോലികളിൽ ഏർപ്പെടുന്നവരാണ്; പക്ഷേ അവർക്ക് കത്തിവയ്ക്കുന്നതാണ് താങ്കളുടെ ജോലി; എന്താണ് അതിനുള്ള തയ്യാറെടുപ്പ്?

ഏതൊരു ജോലിയും താത്‌പര്യത്തോടുകൂടിയും വളരെ പാഷനോട് കൂടിയും ചെയ്യുകയാണെങ്കിൽ അതൊരു എൻജോയ്മെൻ്റ് ആയി നമുക്ക് പൂർത്തിയാക്കാൻ പറ്റും. രോഗിയെ സംബന്ധിച്ചിടത്തോളം അവരുടെ മാനസികാവസ്ഥയോ അല്ലെങ്കിൽ രോഗിയുടെ അസുഖത്തിൻ്റെ അവസ്ഥയോ മാറ്റിനിർത്തിയാൽ ഒരു ഡോക്‌ടർ അല്ലെങ്കിൽ ഒരു സർജൻ എന്നുള്ള നിലയിൽ എപ്പോഴും രോഗിക്ക് ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ള ഒരു ചികിത്സ കൊടുക്കുക അല്ലെങ്കിൽ ഓപ്പറേഷൻ ചെയ്യുക അവരുടെ അസുഖം മാറ്റിയെടുക്കുക എന്നുള്ള ഒരു ഉദ്ദേശത്തിലാണല്ലോ പോകുന്നത്.
അതൊരു പരിശീലനം സിദ്ധിച്ചിട്ടുള്ള ഒരാളെ സംബന്ധിച്ചിടത്തോളം അതിൽ പ്രത്യേകിച്ച് ഒരു ഒരു മാനസിക പ്രശ്‌നമോ അല്ലെങ്കിൽ ഒരു സ്ട്രെസോ ഉണ്ടാവില്ല. അത് നമുക്ക് അറിയാവുന്ന കാര്യമാണ്. അത് പ്രാക്‌ടീസ് ചെയ്യാൻ പ്രയാസമില്ലാത്ത ഒരു കാര്യമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചിലപ്പോൾ ജോലിയുടെ തുടക്കത്തിൽ ഒരു തയ്യാറെടുപ്പ് വേണ്ടിവരുമായിരിക്കും. തുടക്കത്തിലൊക്കെ ആണെങ്കിൽ "കോൾ ഫോർ ഹെൽപ്പ്" നല്ലതാണ്. സർജറി സമയത്ത്, അയാൾക്ക് ഒരു പ്രയാസം ഉണ്ടായാൽ സംശയങ്ങളോ അല്ലെങ്കിൽ ഒരു കൺഫ്യൂഷനോ ഉണ്ടെങ്കിൽ അത് അപ്പൊൾ തന്നെ നമുക്ക് വേറൊരാളെ വിളിച്ച് ചോദിക്കുകയോ അദ്ദേഹത്തിൻ്റെ ഹെൽപ്പ് ചോദിക്കുകയൊക്കെ ചെയ്യാൻ പറ്റും.
ഒരു സ്‌റ്റേജ് കഴിഞ്ഞാൽ, ഒരുവിധം കാര്യങ്ങളൊക്കെ ഓട്ടോമാറ്റിക്കായി പ്രത്യേകിച്ച് ഒന്നും ചിന്തിക്കാതെ തന്നെ പൂർത്തിയാക്കാൻ കഴിയും. രോഗിയുടെ അസുഖത്തെ പറ്റി വ്യക്തമായ ധാരണയിൽ ആയിരിക്കും പോകുക. ആ ഒരു പ്രിപ്പറേഷൻ എന്തായാലും ഉണ്ടാകും. എന്താണ് നമ്മൾ ചെയ്യാൻ പോകുന്നത് എന്നതിന് വ്യക്തമായ ധാരണ ഉണ്ടായിരിക്കും.
ഇതിൽ തന്നെ മറക്കാനാവാത്ത എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടോ?
സന്തോഷകരമായ ധാരാളം അനുഭവങ്ങൾ ഉണ്ട്. പ്രയാസം ഉണ്ടാക്കുന്ന അനുഭവങ്ങളും ഉണ്ടാകും. പ്രയാസം ഉണ്ടാക്കുന്നത് എന്ന് വെച്ചാൽ, ഓപ്പറേഷനോട് അനുബന്ധിച്ചല്ല. ചിലരുടെ അസുഖവുമായി സംബന്ധിച്ച് പ്രത്യേകിച്ച് എമർജൻസി വേളയിൽ ഒക്കെയാണ് നമ്മൾ കാണുക. നോർമൽ ആയിരുന്ന ഒരാൾ പെട്ടെന്ന് എല്ലാം തകിടം മറിഞ്ഞ് മരിച്ചു പോകുന്ന അവസ്ഥ. അത് എത്ര കഠിന ഹൃദയമുള്ളവൻ്റേയും ഉള്ളുലക്കും.
ഞാൻ പ്രധാനമായും അന്നനാള സർജറിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എൻ്റെ ഗുരുനാഥനാണ് പ്രൊഫ: ശങ്കരൻകുട്ടി വാര്യർ എന്നും പറയും. ഒരാൾക്ക് വെള്ളം കുടിക്കാനുള്ള ഒരു അവസ്ഥ അതായത് ഭക്ഷണം അല്ലെങ്കിൽ വെള്ളം നമ്മുടെ ഉമിനീര് ഇറക്കാൻ പറ്റാത്ത ഒരു സാഹചര്യം വരുമ്പോൾ മാത്രമേ നമുക്ക് അതിൻ്റെ പ്രായസം അറിയുകയുള്ളൂ. അങ്ങനെ വരുന്ന രോഗികളെ അഞ്ചെട്ട് മണിക്കൂർ നേരം ഓപ്പറേഷൻ ചെയ്‌ത് അവർ സന്തോഷമായി വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതും കാണുമ്പോൾ ഉള്ള ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
രോഗിയുടെ വശം മാറിയും രോഗവസ്ഥ മാറിയുമെല്ലാം ശസ്ത്രക്രിയ നടക്കുന്നുണ്ടല്ലോ അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഒരു തരത്തിലും അത് സംഭവിക്കാൻ പാടില്ലാത്തതാണ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചെക്ക് ലിസ്‌റ്റ് എന്നൊന്നുണ്ട്. അത് ഡോക്‌ടർമാർ കൃത്യമായി ഫോളോ ചെയ്‌ത് പോവുകയാണെങ്കിൽ സാധാരണഗതിയിൽ സംഭവിക്കാൻ ഒരു സാധ്യതയും ഇല്ല. ചെക്ക് ലിസ്‌റ്റ് എന്നത് ഏറ്റവും കൂടുതലായി ചെയ്യുന്നത് ഫ്ലൈറ്റിൻ്റെ ഓപ്പറേഷനിലാണ്. രണ്ട് പൈലറ്റുമാർ ഒരാൾ വായിക്കുന്നു, മറ്റേയാൾ ചെക്ക് ചെയ്‌തു എന്നുള്ള തീരുമാനം എടുക്കുന്നു. അത് ഫൈനൽ അയാൽ മാത്രമേ ഫ്ലൈറ്റ് എടുക്കുകയുള്ളൂ.
ഇതേ രീതിയിൽ ചെക്ക് ലിസ്‌റ്റ് നമ്മുടെ സർജറി ചെയ്യുന്ന സമയത്തും ഉണ്ട്. അതുകൊണ്ട് തന്നെ, അത്തരം കാര്യങ്ങൾ വളരെ ഉത്തരവാദിത്വത്തോടെ നമ്മൾ അനുവർത്തിച്ചു പോരുകയാണെങ്കിൽ ഈ തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാവില്ല. എങ്കിലും, നമ്മൾ ചില സ്ഥലങ്ങളിൽ അത് കാണുന്നു.
ഓപ്പറേഷൻ ചെയ്യുന്നതിന് മുമ്പ് സർജൻ ആരാണ്, അനസ്തേഷ്യ കൊടുക്കുന്നത് ആരാണ്, നേഴ്‌സ് ആരാണ്, ഈ രോഗിക്ക് എന്താണ് അസുഖം, രോഗിയുടെ പേര് എന്താണ്, അത് കൺഫേം ചെയ്തോ, അയാളുടെ വയസ് കൺഫേം ചെയ്തോ.. തുടങ്ങി ഒരുപാട് കാര്യങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

ഒരേ പേരുള്ള ധാരാളം രോഗികൾ ഉണ്ടാകും. ഒരേ വയസുള്ള ആളുകൾ ഉണ്ടാകും. ഒരേ സ്ഥലത്ത് നിന്നുള്ള ആളുകൾ ഉണ്ടാകും. അപ്പോൾ ചെക്ക് ലിസ്‌റ്റ് നിർബന്ധമാണ്. ഓപ്പറേഷൻ ചെയ്യാൻ തുടങ്ങുന്നതിനു മുന്നേ ഇതെല്ലാം കൺഫേം ചെയ്‌തതിന് ശേഷം മാത്രമേ സാധാരണ ചെയ്യാറുള്ളൂ.
ഒരു അനുഭവം പങ്കുവയ്ക്കാമോ?
അമേരിക്കയിൽ ട്രെയിനിങ്ങിന് പോയിരുന്ന സമയത്ത് അവിടുത്തെ ഹോസ്‌പിറ്റലിൽ രാവിലെ ആദ്യത്തെ ദിവസം ഞാൻ എത്തുമ്പോൾ രാവിലെ 7:30 ക്ക് സർജറി തുടങ്ങുകയാണ്. അപ്പോൾ ഒരു വൈറ്റ് ബോർഡിൽ ഇതെല്ലാം എഴുതിവെച്ചിട്ടുണ്ട്. എല്ലാം കൊണ്ടും എനിക്ക് ഒരു പുതിയ അന്തരീക്ഷം. എന്നെ അതിലുള്ള ചീഫിന് മാത്രമേ അറിയുള്ളൂ. ബാക്കിയുള്ള ആർക്കും അറിയില്ല. എൻ്റെ പേരും അവിടെ ബോർഡിൽ മുകളിൽ എഴുതിവെച്ചിട്ടുണ്ട്. വിസിറ്റർ എന്നുള്ള നിലയിലാണ് എൻ്റെ പേര് അവിടെ എഴുതിവെച്ചിരിക്കുന്നത്.
ആദ്യം ഡബ്ല്യുഎച്ച്ഒ ചെക്ക് ലിസ്‌റ്റ് വായിച്ചു. പേഷ്യൻ്റിൻ്റെ പേര്, വയസ്, പ്രൊസീജർ, ആരാണ് സർജൻ, ആരാണ് അസിസ്‌റ്റൻ്റ്, ഇതെല്ലാം കഴിഞ്ഞാണ് അടുത്ത ചോദ്യം ചോദിക്കുന്നത്, "ഡു യു അഗ്രി? ഡു യു ഓൾ അഗ്രി?" അപ്പൊ എല്ലാവരും കൈ ഉയർത്തി. ഞാൻ വിചാരിച്ചു ആദ്യത്തെ ദിവസം വന്നിട്ടുള്ള ഒരാൾ ആയതുകൊണ്ടും ഇതുമായിട്ട് യാതൊരു ബന്ധവുമില്ലാത്ത ഒരാൾ ആയതുകൊണ്ടും ഞാൻ അതിൽ ഒന്നും ചെയ്യേണ്ട എന്ന് വിചാരിച്ചു. കൈ കെട്ടി അവിടെ നിന്നു.
അപ്പോൾ എൻ്റെ അടുത്ത് ചോദിക്കുകയാണ്, "ഡു യു അഗ്രി?" എൻ്റെ മുഖത്ത് നോക്കിയിട്ടാണ് ചോദിക്കുന്നത്. പെട്ടെന്ന് എന്നോട് തന്നെയാണോ എന്ന് എനിക്ക് തോന്നി. ഉടനെ അടുത്ത ചോദ്യം " ഡോക്‌ടർ ശ്രീജയൻ, ഡു യു അഗ്രി?" ഒരു ചോദ്യം വന്നു. അപ്പോഴാണ് ആ ചോദ്യം എന്നോട് തന്നെ ആണെന്ന് മനസിലായത്. അതിൽ നിന്ന് മനസിലാക്കേണ്ടത് ആ ടീമിൽ ആ തിയേറ്ററിലുള്ള മുഴുവൻ അംഗങ്ങളുടെയും പെർമിഷനോട് കൂടി മാത്രമേ ആ പ്രൊസീജർ മുന്നോട്ടു പോകുന്നുള്ളൂ എന്നതാണ്. അങ്ങനെ കൃത്യമായി മുന്നോട്ടു പോയി കഴിഞ്ഞാൽ ഇവിടെ ഒരു പാകപ്പിഴവും സംഭവിക്കില്ല.

കോഴിക്കോട് മെഡിക്കൽ കോളജിൻ്റെ വികസനത്തിന് വലിയ പങ്കാളിയായ താങ്കൾക്ക് മുന്നിൽ കടമ്പകൾ ഏറെയില്ലേ?
ഒരു സ്ഥാപനത്തിന് താങ്ങാൻ പറ്റുന്നതിനേക്കാൾ എത്രയോ മടങ്ങാണ് രോഗികളുടെ അവസ്ഥ. അതുകൊണ്ട് തന്നെ ചെറിയ ചെറിയ പ്രയാസങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഉണ്ടാകും എന്നുള്ളതിൽ സംശയമില്ല. രോഗികൾക്കുള്ള സൗകര്യങ്ങളുടെ കാര്യത്തിൽ പക്ഷേ മാക്‌സിമം നമ്മൾ അത് മെച്ചപ്പെടുത്താനായി ശ്രമിക്കുന്നുണ്ട്. ആ ശ്രമം ഇനിയും മുന്നോട്ട് പോകും. ഒരിക്കലും 100% ആയി എന്ന് പറയാൻ പറ്റുന്ന ഒരു അവസ്ഥ ഉണ്ടാവില്ലല്ലോ?
മുന്നോട്ടുള്ള ധാരാളം കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട്. റോബോട്ടിക് ശസ്ത്രക്രിയ വരാനുണ്ട്. 25 വർഷമായി ലാപറോസ്കോപ്പി ശസ്ത്രക്രിയ ചെയ്‌തു പോരുന്നു. അടുത്ത ഒരു സ്‌റ്റെപ്പ് റോബോട്ടിക് ശസ്ത്രക്രിയയാണ്. കേരളത്തിൽ ആദ്യമായി കിഡ്‌നി ട്രാൻസ്പ്ലാൻ്റ് നടത്തിയത് കോഴിക്കോട് മെഡിക്കൽ കോളജിലാണ്. അത് ഇന്നും തുടർന്നു പോരുന്നുണ്ട്. ലിവർ ട്രാൻസ്പ്ലാൻ്റ് ശസ്ത്രക്രിയകൾ വരാനുണ്ട്. പിന്നെ അതേപോലെ തന്നെ ധാരാളം പദ്ധതികൾ മുന്നിലുണ്ട്. രാവിലെ വന്ന് വൈകുന്നേരം സർജറി കഴിഞ്ഞ് പോകാൻ പറ്റുന്ന തരത്തിലുള്ള ഡേ കെയർ ശസ്ത്രക്രിയ വരാനുണ്ട്.
പിഎംഎസ്എസ് വൈ പുതിയ ബിൽഡിങ് വന്നു. സൂപ്പർ സ്പെഷ്യാലിറ്റി ശസ്ത്രക്രിയ വിഭാഗങ്ങൾ മുഴുവൻ അങ്ങോട്ട് മാറി. അത്യാഹിത വിഭാഗം ചെറിയൊരു സ്ഥലമായിരുന്നു. 4500 സ്ക്വയർ മാത്രം ഉണ്ടായിരുന്നത്. അത് ഇപ്പൊ 28000 സ്ക്വയറിലേക്ക് വിശാലമായ ഒരു അത്യാഹിത ഭാഗം വന്നു. ഓരോ ദിവസവും ഡെവലപ്മെൻ്റ് നടക്കുന്നുണ്ട് എന്നുള്ളതിൽ സംശയമില്ല. ഇനിയും കൂടുതൽ വികസനങ്ങൾക്കായി വളരെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നു.

ഇപ്പോൾ 420 ബെഡ് ആണ് മെഡിക്കൽ വിഭാഗത്തിനുള്ളത്. ഓരോ ദിവസവും 500 ൽ താഴെയായി രോഗികളുണ്ട്. അപ്പോൾ ചില പേഷ്യൻസ് നിലത്ത് കിടക്കേണ്ട അവസ്ഥയുണ്ട്. പറ്റാവുന്നത്ര രോഗികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. സാധാരണ ഉണ്ടായിരുന്നതിനേക്കാളും കൂടുതലായി നാല് മെഡിക്കൽ വാർഡുകൾ പ്രവർത്തിക്കുന്നുണ്ട്.
ഏകദേശം 800 മുതൽ 1000 രോഗികളാണ് ഒരോ ദിവസവും അത്യാഹിത വിഭാഗത്തിൽ വരുന്നത്. 100 മുതൽ 150 വരെ അനിമൽ ബൈറ്റ്സ്, പൂച്ച മാന്തിയത്, നായ കടിച്ചത് എന്നിങ്ങനെ ഒരോ ദിവസവും വരുന്നത്. ഇതിൻ്റെയെല്ലാം പിരിമുറുക്കം കുറച്ച് വേണ്ടപോലെ കാര്യങ്ങൾ സജ്ജമാക്കുന്നുണ്ട്.
ചെമ്പ് കമ്പി മോഷണം അടക്കം നിരവധി വിഷയങ്ങൾ എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്, ഇതിനൊരു ശാശ്വത പരിഹാരം വേണ്ടേ?
പൊതുജനത്തിൻ്റെ മനോഭാവമാണ് ആദ്യം മാറേണ്ടത്. ഈ പൊതു സ്ഥാപനത്തെ ഒരു അന്യ സ്ഥാപനമായി കാണാതെ നമ്മുടെ വീടുപോലെ കണ്ടാൽ ഇവിടുത്തെ എല്ലാ വിഷയങ്ങളും തീരും. പലരും നല്ല പെയിൻ്റ് അടിച്ചു വെച്ചിരിക്കുന്ന സ്ഥലത്ത് ചെരുപ്പ് ഇട്ട് ഒരു കാലിൽ നിന്നുകൊണ്ട് മറ്റേ കാൽ അതിൻ്റെ മുകളിലേക്ക് ചവിട്ടുന്ന ഒരു അവസ്ഥ. നമ്മുടെ സ്വന്തം വീട്ടിലാണെങ്കിൽ നമ്മൾ അത് ചെയ്യുമോ?
അതെല്ലാം പെയിൻ്റ് അടിക്കാനുള്ള ബുദ്ധിമുട്ട് ആരെങ്കിലും മനസിലാക്കുന്നുണ്ടോ. മാലിന്യങ്ങൾ തള്ളാൻ ഭിന്നുകൾ നിരവധി ഉള്ളപ്പോഴും ക്ലോസറ്റിൽ ആണ് പലരും തള്ളുന്നത്. വിദേശ രാജ്യത്ത് ഒക്കെ പൊലീസുകാർ നമ്മുടെ മുഖത്തേക്ക് നോക്കില്ല, പകരം ആരാണ് പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നത് മാത്രമാണ് നോക്കുന്നത്.
പുതുതായി ഉണ്ടാക്കിയ പിഎംഎസ്എസ് ബിൽഡിങ്ങിൽ, ചെമ്പുകമ്പി മോഷ്‌ടിച്ചു. എന്തൊരു കഷ്‌ടമാണെന്ന് ആലോചിച്ച് നോക്കണം. അടുത്തത്, മോർച്ചറിയുടെ ഫ്രീസറിൻ്റെ കമ്പി. ഇയാൾക്ക് എന്താണ് ഇതിനെക്കൊണ്ട് ഗുണം കിട്ടുന്നത്? നമ്മൾ 2 ലക്ഷം രൂപ പിന്നെയും ചെലവാക്കേണ്ടി വന്നോ? അയാൾക്ക് ചിലപ്പോൾ ഒരു 1000 രൂപ ആയിരിക്കും കിട്ടുന്നുണ്ടാവുക. ഈ ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന ദുരിതം എത്രയാണ്?
അതേപോലെ തന്നെ, മൈക്രോബയോളജിയുടെ 24 മണിക്കൂറും വർക്ക് ചെയ്യേണ്ട ലാബിൻ്റെ എസിയുടെ ചെമ്പുകമ്പി, എന്ത് ഗുണം ഉണ്ടാകുന്നു? നമുക്ക് എത്രമാത്രം രോഗികൾക്കും, എത്രമാത്രം അഡ്‌മിനിസ്ട്രേഷനും പ്രയാസം ഉണ്ടാക്കുന്ന കാര്യങ്ങളാണ് ഇത്. പലപ്പോഴും ഇത് പിടിക്കുന്ന സമയത്ത് അതിൻ്റെ ബാക്കി ഞാൻ പറയുന്നില്ല. അത് പൊലീസും അന്വേഷണവും ബാക്കിയായി പോകുന്നതാണ്.
നമ്മൾ കൂടുതൽ ക്യാമറകൾ ഫിറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. 40 ക്യാമറകൾ ഇപ്പോൾ ഫിറ്റ് ചെയ്യും. അതുകൂടാതെ തന്നെ, സെക്യൂരിറ്റിയിലും 10-40 പേരെ പുതുതായിട എടുക്കാൻ പോവുകയാണ്. വൈറ്റ് പെട്രോളിങ് തീരുമാനിക്കുകയാണ്. പിന്നെ സെക്യൂരിറ്റി സംവിധാനം ശക്തമാക്കാൻ തന്നെ തീരുമാനിക്കുകയാണ്. എങ്കിലും, ഒന്നുകൂടി ആലോചിക്കുകയാണെങ്കിൽ ഇവരൊക്കെ ഒന്ന് ആലോചിച്ച്, ശ്രദ്ധിച്ച്, ജനങ്ങൾ തന്നെ ഒന്ന് മാറിയാൽ, ഇതൊക്കെ നമ്മുടെതാണെന്നുള്ള ഒരു തോന്നൽ ഉണ്ടായി കഴിഞ്ഞാൽ വളരെ എളുപ്പമുണ്ടാകും.
പൊറുതിമുട്ടിക്കുന്ന ഫുഡ് വെയ്‌സ്‌റ്റ്
ഒരു ദിവസം 2500 കിലോ ഫുഡ് വേസ്‌റ്റ് ആണ് വരുന്നത്. ഒരു നേരം ഭക്ഷണം കഴിക്കാൻ പറ്റാത്ത എത്ര ആൾക്കാർ നമ്മുടെ ഏതൊക്കെ രാജ്യങ്ങളിൽ ഉണ്ട്? നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാവില്ലേ? ചിലപ്പോൾ ഏതെങ്കിലുമൊക്കെ സ്‌റ്റേറ്റിൽ പോയാൽ, നമുക്ക് അതും കാണാൻ പറ്റില്ലേ? ഈ 2500 കിലോ ഫുഡ് വേസ്‌റ്റ് ചെയ്യുന്ന സമയത്ത് ഒന്ന് ആലോചിച്ചു നോക്കൂ, എത്ര ആൾക്കാർ പട്ടിണി കിടക്കുന്നവർ ഉണ്ടാകും. അപ്പൊ, ഇത്തരം കാര്യങ്ങളിൽ എല്ലാവരും ഒന്നിച്ച്, നമ്മുടെ ഒരു സ്വന്തം സ്ഥാപനം ആണെന്നുള്ള രീതിയിൽ മുന്നോട്ടു പോയി കഴിഞ്ഞാൽ ഇതൊക്കെ മെച്ചപ്പെടുത്താൻ പറ്റും.
മുഴുവൻ സമയവും മെഡിക്കൽ കോളജിന് വേണ്ടിയാണ് ജോലി ചെയ്യുന്നത് അതിനിടയിൽ നേരമ്പോക്ക് എന്തെങ്കിലും ഉണ്ടോ?
കൂടുതൽ ജോലി ചെയ്യുന്നവർ കൂടുതൽ ജോലി ചെയ്‌തുകൊണ്ടിരിക്കും. കുറച്ച് ജോലി ചെയ്യുന്നവർക്ക് ചിലപ്പോൾ സമയം തീരെ ഉണ്ടാവില്ല. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. തന്നെ സംബന്ധിച്ചിടത്തോളം, കുട്ടികളെ പഠിപ്പിക്കുന്നുണ്ട്, സർജറി ചെയ്യുന്നുണ്ട്. സർജറി ചെയ്യുന്ന ദിവസം ചിലപ്പോൾ രാവിലെ 8 ന് തുടങ്ങിയാൽ വൈകുന്നേരം 5:00 വരെ ഒറ്റയടിക്ക് വലിയ സർജറീസ് ചെയ്യാറുണ്ട്. എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്.
അതുകൂടാതെ, അഡ്‌മിനിസ്ട്രേഷനിലെ ബാക്കി മുഴുവൻ കാര്യങ്ങളും ചെയ്യുന്നുണ്ട്. അപ്പോൾ അതിലൊന്നും പ്രശ്‌നമില്ല. കൂടുതൽ ജോലി ചെയ്യുമ്പോൾ എനിക്ക് തോന്നുന്നു കുറച്ചുകൂടി നമുക്ക് ഈസി ആയി, ഫാസ്‌റ്റ് ആയി ചെയ്യാനുള്ള ഒരു മെത്തഡോളജി നമ്മൾ തന്നെ ഡെവലപ്പ് ചെയ്യും.
പിന്നെ പാട്ട് കേൾക്കും. ധാരാളം സംഗീത സുഹൃത്തുക്കൾ ഉണ്ട്. ഇടയ്ക്ക് വരും നമ്മളെല്ലാം ഇരിക്കും നന്നായിട്ട് പാട്ട് പാടുന്ന പ്രത്യേകിച്ച് നമ്മുടെ ജോബി വെമ്പാല, മുരുകൻ കാട്ടാക്കിട, കുടമാളൂർ, ഇങ്ങനെ വളരെ അടുത്ത സുഹൃത്തുക്കൾ ഉണ്ട്. അപ്പോൾ അതുകൊണ്ട് തന്നെ ഇവരൊക്കെ ആയിട്ടുള്ള പരിപാടികൾ ഇടക്കിടക്ക് വെക്കുകയും റിലാക്‌സ് ചെയ്യുകയും പാട്ട് കേൾക്കുകയും ഒക്കെ ചെയ്യും. പിന്നെ, ഫ്ലവേഴ്‌സ് അല്ലെങ്കിൽ പ്ലാൻ്റ്സ് എനിക്ക് ഭയങ്കര ഇഷ്‌ടമാണ്.
ഇതൊക്കെ കാണുമ്പോൾ ഒരു രസമാണല്ലോ. അപ്പോൾ ഞാൻ വിചാരിക്കും, ഒരു ദിവസം ഒരു പൂവ് എൻ്റെ വീട്ടിൽ വിരിഞ്ഞു കഴിഞ്ഞാൽ ഞാൻ മാത്രം കണ്ടിട്ട് അവസാനിപ്പിക്കേണ്ട, എല്ലാവരും കാണട്ടെ. അത്രയും ഭംഗിയുള്ള നേച്ചറിൻ്റെ ഒരു കാര്യം ഞാൻ മാത്രം കണ്ടിട്ട് എന്തിനാ അവസാനിപ്പിക്കുന്നത്? അതുകൊണ്ട് ഞാൻ അത് മറ്റുള്ളവർക്കും കൂടി ഷെയർ ചെയ്യും. ഹാം റേഡിയോ ഉണ്ട്, വയർലെസ് പരിപാടികൾ ഉണ്ട്. അതുകൊണ്ട്, കമ്മ്യൂണിക്കേഷൻ സിസ്‌റ്റം, അങ്ങനത്തെ കുറച്ച് കാര്യങ്ങൾ.

അതുകൊണ്ട്, സമയം ഉണ്ടോ എന്ന് ചോദിച്ചാൽ സമയം എല്ലാത്തിനും ഉണ്ട്. ഇതേ സമയത്ത് തന്നെ, യാത്രകൾ പോകുന്നുണ്ട്, കോൺഫറൻസുകൾക്ക് പോകുന്നുണ്ട്, എവിടെയായാലും പ്രസംഗിക്കാൻ, സയൻ്റിഫിക് പ്രസംഗങ്ങൾക്ക് എല്ലായിടത്തും പോകുന്നുണ്ട്. അതുകൊണ്ട്, സമയം ഇല്ലാത്ത ഒരു പ്രശ്‌നം തനിക്ക് തോന്നിയിട്ടേ ഇല്ല. എന്ത് കാര്യം ചെയ്യുകയാണെങ്കിലും നമ്മൾ അതൊരു എൻജോയ്മെൻ്റ് ആയി എടുക്കുക. എൻജോയ്മെൻ്റ് ആയി എടുക്കുകയാണെങ്കിൽ നമുക്ക് അതൊരു ഭാരമായിട്ട് ഒരിക്കലും തോന്നില്ല.


