ETV Bharat / state

വരയും വാക്കും ഒന്നാകുമ്പോൾ; അന്താരാഷ്ട്ര വേദികള്‍ കീഴടക്കിയ അക്ഷരങ്ങളിലെ വരപ്രസാദം, നാരായണ ഭട്ടതിരിയുടെ അക്ഷരകലയ്ക്ക് 45 വയസ്

ഭട്ടതിരിയുടെ അക്ഷരകലായാത്രയ്ക്ക് 45 വയസ് തികയുന്നു. പുതിയ തലമുറയിൽനിന്ന് കൂടുതൽ പേർ കാലിഗ്രാഫിയിലേക്ക് കടന്നുവരുന്നുവെന്നും ഇതിനെ പ്രേത്സാഹിപ്പിക്കണമെന്നും കാലിഗ്രാഫി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി പറയുന്നു.

INTERNATIONAL CALLIGRAPHY FESTIVAL  CALLIGRAPHY NARAYANA BATTATHIRI  MALAYALAM CALLIGRAPHY  INDIAN CALLIGRAPHY ARTIST
Calligraphy Artist Narayana Bhattathiri (ETV Bharat)
author img

By ETV Bharat Kerala Team

Published : September 2, 2026 at 9:13 PM IST

|

Updated : September 2, 2026 at 9:20 PM IST

8 Min Read
Choose ETV Bharat

അരവിന്ദ് ബാബു

തിരുവനന്തപുരം: മലയാള അക്ഷരങ്ങളെ കലയുടെ പുതിയ തലത്തിലേക്ക് ഉയർത്തി കാലിഗ്രാഫിയെ കേരളത്തിൽ ജനകീയമാക്കിയ കലാകാരനാണ് നാരായണ ഭട്ടതിരി. അക്ഷരങ്ങളെ മനോഹരമായി എഴുതുന്ന കലയെന്നതിൽ ഒതുങ്ങാതെ കാലിഗ്രാഫിയെ ഒരു പെർഫോമിംഗ് ആർട്ടായി അവതരിപ്പിക്കുകയും അതിന് അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്‌ത ഭട്ടതിരി, ദിവസവും പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് മണിക്കൂറുകളോളം പരിശീലനം തുടരുകയാണ്. അദ്ദേഹത്തിൻ്റെ അക്ഷരകലായാത്രയ്ക്ക് 45 വർഷം പൂർത്തിയാവുകയാണ്.

കാലിഗ്രാഫിയിലേക്കുള്ള വരവ് യാദൃശ്ചികം

കാലിഗ്രാഫിയിലേക്കുള്ള വരവ് തികച്ചും യാദൃശ്ചികം. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വൃത്തിയായി എഴുതി തുടങ്ങാൻ തീരുമാനിച്ചത്. ഒരു ദിവസം പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു അത്. കുറച്ച് ബുദ്ധിമുട്ടുകളുണ്ടായിരുന്നു ആദ്യം. അധ്യാപകർ ക്ലാസിൽ പറയുന്ന നോട്ട് എഴുതിയെടുക്കാൻ മറ്റ് വിദ്യാർഥികളെക്കാൾ കൂടുതൽ സമയം വേണ്ടി വന്നു. പരീക്ഷയ്ക്കും ബുദ്ധിമുട്ടി. ചില ചോദ്യങ്ങൾ വിടേണ്ടി വന്നിട്ടുണ്ട്. പരീക്ഷയിൽ തോറ്റാലും കുഴപ്പമില്ല കയ്യക്ഷരം മനോഹരമാകണമെന്നായിരുന്നു അന്നെടുത്ത തീരുമാനം.

INTERNATIONAL CALLIGRAPHY FESTIVAL  CALLIGRAPHY NARAYANA BATTATHIRI  MALAYALAM CALLIGRAPHY  INDIAN CALLIGRAPHY ARTIST
Narayana Bhattathiri Calligraphy Artist (Special Arrangement)

പിന്നീട് കോളജിൽ എത്തിയപ്പോൾ വിദ്യാർഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പോസ്റ്ററുകൾ എഴുതിയിട്ടുണ്ട്. മാവേലിക്കര ബിഷപ്പ് മൂർ കോളജിൽ നിന്നും മലയാളം ബിഎ കഴിഞ്ഞാണ് തിരുവനന്തപുരം ഫൈൻആർട്‌സ് കോളജിൽ എത്തിയത്. അതുകൊണ്ട് തന്നെ വീട്ടിൽ നിന്നും പണം ചോദിക്കാൻ മടിയായിരുന്നു. അന്ന് ജോലി അന്വേഷിക്കുന്ന സമയത്ത് സിനിമാ പോസ്റ്ററുകൾ ചെയ്യുന്ന എസ് രാജേന്ദ്രൻ്റെ സഹായിയായി ചേർന്നു. അദ്ദേഹത്തിൻ്റെ സഹായി എന്ന നിലയിലാണ് ആദ്യമായി കലാകൗമുദി വാരികയിൽ പോകുന്നത്.

INTERNATIONAL CALLIGRAPHY FESTIVAL  CALLIGRAPHY NARAYANA BATTATHIRI  MALAYALAM CALLIGRAPHY  INDIAN CALLIGRAPHY ARTIST
Malayalam Calligraphy Artist (Special Arrangement)

കലാകൗമുദിയിൽ വാരികയിൽ വരുന്ന കഥകളുടെയും മറ്റും തലക്കെട്ടെഴുതുന്ന ജോലിയായിരുന്നു. കാലിഗ്രാഫർ എന്ന തസ്‌തികയിലാണ് അവിടെ നിയമനം ലഭിച്ചത്. അതിന് മുമ്പും ശേഷവും അങ്ങനെ ഒരു തസ്‌തിക അവിടെ ഉണ്ടായിട്ടില്ല. ഒരു ലക്ഷത്തിലേറെ തലക്കെട്ടുകൾ എഴുതി. അന്നത്തെ എഴുത്ത് കൊണ്ട് കൈയ്ക്ക് നല്ല തെളിച്ചമുണ്ടായി. പിന്നീട് മലയാളം വാരികയിലും ജോലി ചെയ്‌ത ശേഷമാണ് ഫ്രീലാൻസായി കാലിഗ്രാഫി തുടങ്ങുന്നത്. അപ്പോഴാണ് സുഹൃത്തായി സുന്ദറിൻ്റെ നിർദേശ പ്രകാരം കലാകൗമുദിയിൽ എഴുതിയ ടൈറ്റിലുകളുടെ ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്.

INTERNATIONAL CALLIGRAPHY FESTIVAL  CALLIGRAPHY NARAYANA BATTATHIRI  MALAYALAM CALLIGRAPHY  INDIAN CALLIGRAPHY ARTIST
Narayana Bhattathiri Calligraphy Artist (Special Arrangement)

പ്രദർശനത്തിനോട് തനിക്ക് യോജിപ്പില്ലായിരുന്നു. എന്നാൽ സുന്ദറിൻ്റെ നിർബന്ധത്തിന് വഴങ്ങി സംഘടിപ്പിച്ച പ്രദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ ഊർജ്ജം കളയരുതെന്നും നിരന്തരം എഴുതണമെന്നും സുന്ദർ നിർദേശിച്ചു. അതിൻ്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ എന്നും എന്തെങ്കിലും എഴുതിയിടാൻ തുടങ്ങിയത്. 2017-ൽ പൂനെയിൽ നടന്ന ദേശീയ കാലിഗ്രാഫി ക്യാമ്പിൽ പങ്കെടുക്കാനെത്തിയപ്പോഴുണ്ടായ ഒരു സംഭാഷണമാണ് കേരളത്തിലെ കാലിഗ്രാഫിയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കാനുള്ള തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് ഭട്ടതിരി പറയുന്നു.

INTERNATIONAL CALLIGRAPHY FESTIVAL  CALLIGRAPHY NARAYANA BATTATHIRI  MALAYALAM CALLIGRAPHY  INDIAN CALLIGRAPHY ARTIST
Malayalam calligraphy (Special Arrangement)

ഇന്ത്യയിലെ പ്രമുഖ 12 കാലിഗ്രാഫർമാർ പങ്കെടുത്ത ക്യാമ്പിൽ വച്ചാണ് ബോംബെ ജെ.ജെ. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡീനും കാലിഗ്രാഫറുമായ സന്തോഷ് ക്ഷീരസാഗറിനെ പരിചയപ്പെടുന്നത്. കേരളത്തിലെ കാലിഗ്രാഫിയുടെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് 'കേരളത്തിൽ കാലിഗ്രാഫി ഇല്ല' എന്നായിരുന്നു ഭട്ടതിരിയുടെ മറുപടി. എന്നാൽ കേരളം 100 ശതമാനം സാക്ഷരതയിൽ അഭിമാനിക്കുമ്പോൾ അക്ഷരത്തെ ആസ്‌പദമാക്കിയുള്ള ഈ കലാരൂപം ഇവിടെ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന സന്തോഷ് ക്ഷീരസാഗറിൻ്റെ അൽപം ദേഷ്യത്തോടെയുള്ള ചോദ്യം ഭട്ടതിരിയെ ചിന്തിപ്പിച്ചു. തുടർന്ന് പത്ത് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാവരെയും 'കാലിഗ്രാഫി' എന്ന വാക്കെങ്കിലും കേൾപ്പിക്കണമെന്ന ലക്ഷ്യം അദ്ദേഹം ഏറ്റെടുത്തു.

അക്ഷരങ്ങൾക്ക് കലാഭാവം പകർന്ന നാലര പതിറ്റാണ്ട്; മലയാള കാലിഗ്രാഫിയെ ലോകവേദിയിലെത്തിച്ച് നാരായണ ഭട്ടതിരി (Special Arrangement)

ദക്ഷിണ കൊറിയയിലേക്കുള്ള ആദ്യ ക്ഷണം

ദക്ഷിണ കൊറിയയിലെ ഇന്ത്യൻ എംബസിയിൽനിന്നുള്ള ക്ഷണത്തോടെയാണ് ഭട്ടതിരിയുടെ അന്താരാഷ്ട്ര കാലിഗ്രാഫി യാത്രയ്ക്ക് തുടക്കമാകുന്നത്. ദക്ഷിണ കൊറിയയിൽ നടന്ന അന്താരാഷ്ട്ര കാലിഗ്രാഫി പ്രദർശനത്തിൽ ഇന്ത്യയിൽനിന്ന് അതുവരെ ആരും പങ്കെടുത്തിരുന്നില്ല. ക്ഷണം സ്വീകരിച്ച് തന്റെ കാലിഗ്രാഫി സൃഷ്‌ടി അയച്ചെങ്കിലും ആദ്യഘട്ടത്തിൽ നിബന്ധനകൾ പാലിക്കാത്തതിനാൽ അത് പ്രദർശിപ്പിക്കാനായില്ല.

പിന്നീട് ആവശ്യമായ നിബന്ധനകൾ മനസിലാക്കി അതനുസരിച്ച് സൃഷ്‌ടികൾ അയച്ചുതുടങ്ങി. അന്നുമുതൽ ദക്ഷിണ കൊറിയയിലെ പ്രദർശനത്തിൽ തുടർച്ചയായി പങ്കെടുക്കുകയാണ്. ഈ വർഷത്തെ പരിപാടിക്കായും അദ്ദേഹം ദക്ഷിണ കൊറിയയിലേക്ക് തിരിച്ചു കഴിഞ്ഞു.

ഇന്ത്യയിലെ പ്രമുഖ കാലിഗ്രാഫർമാരുമായുള്ള പരിചയം

സോഷ്യൽ മീഡിയയിലൂടെ തൻ്റെ കാലിഗ്രാഫി സൃഷ്‌ടികൾ പങ്കുവച്ചുകൊണ്ടിരിക്കെയാണ് മുംബൈ ആസ്ഥാനമായ 'അക്ഷരായ' എന്ന കാലിഗ്രാഫി-ലെറ്ററിംഗ് പ്രോത്സാഹക സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. പൂനെയിൽ സംഘടിപ്പിച്ച ദേശീയ കാലിഗ്രാഫി ക്യാമ്പിലേക്ക് ക്ഷണം ലഭിച്ചതോടെ ഭട്ടതിരി അതിൽ പങ്കെടുത്തു.
'സോന പേപ്പേഴ്‌സ്' എന്ന സ്ഥാപനത്തിനായി കലണ്ടർ തയ്യാറാക്കുക എന്നതായിരുന്നു ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം.

INTERNATIONAL CALLIGRAPHY FESTIVAL  CALLIGRAPHY NARAYANA BATTATHIRI  MALAYALAM CALLIGRAPHY  INDIAN CALLIGRAPHY ARTIST
ICFK (Special Arrangement)

12 മാസങ്ങളിലായി 12 കലാകാരന്മാരുടെ സൃഷ്‌ടികൾ ഉൾപ്പെടുത്തുകയായിരുന്നു പദ്ധതി. ഇന്ത്യയിലെ പ്രമുഖ കാലിഗ്രാഫർമാരുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചത് തൻ്റെ കലാജീവിതത്തിലെ നിർണായക വഴിത്തിരിവായിരുന്നുവെന്ന് ഭട്ടതിരി പറയുന്നു. അതോടെയാണ് കാലിഗ്രാഫിയെ കൂടുതൽ ഗൗരവത്തോടെ സമീപിക്കുകയും നിരന്തര പരിശീലനം ആരംഭിക്കുകയും ചെയ്‌തത്.

ദിവസവും പുലർച്ചെ മൂന്ന് മണിക്ക് പരിശീലനം

കാലിഗ്രാഫിയിലെ കൈയുടെ 'ടച്ച്' നഷ്‌ടപ്പെടാതിരിക്കാനാണ് ദിവസവും പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് ഏകദേശം രണ്ട് മണിക്കൂർ പരിശീലനം നടത്തുന്നതെന്ന് ഭട്ടതിരി പറയുന്നു. കുറച്ചുദിവസം പരിശീലനത്തിൽ ഇടവേള വന്നാൽ കൈയുടെ സ്വാഭാവികത നഷ്‌ടപ്പെടുമെന്നതിനാലാണ് നിരന്തര പരിശീലനം. കാലിഗ്രാഫി പഠിക്കാൻ താൽപര്യമുള്ളവർക്കും പരിശീലനം നൽകി വരുന്നു.

കേരളത്തിലെ വിവിധ കോളജുകളിലും ഡിസൈൻ സ്ഥാപനങ്ങളിലും കാലിഗ്രാഫി പാഠ്യവിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നേരത്തെ വിദ്യാർഥികൾ അതിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല. ഇപ്പോൾ സംസ്ഥാനത്തെ ആറോ ഏഴോ കോളേജുകളിൽ വർഷംതോറും വിസിറ്റിംഗ് ഫാക്കൽറ്റിയായി ക്ലാസെടുക്കുന്നുണ്ട്. പുതിയ തലമുറയിൽനിന്ന് കൂടുതൽ പേർ കാലിഗ്രാഫിയിലേക്ക് കടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

ചിത്രകലയേക്കാൾ ഒരുപടി മുകളിൽ

കാലിഗ്രാഫി ചിത്രകലയേക്കാൾ ഒരുപടി മുകളിലാണെന്ന തൻ്റെ മുൻകാല പരാമർശത്തെക്കുറിച്ചും ഭട്ടതിരി വിശദീകരിക്കുന്നു. ഒരു ചിത്രത്തിൽ നിറവും രൂപവും ആശയവും ചേരുന്നതുപോലെ കാലിഗ്രാഫിയിലും നിറം, രൂപം, ആശയം എന്നിവയ്ക്കൊപ്പം വാക്കിൻ്റെ അർഥം കൂടിയുണ്ടെന്നതാണ് അദ്ദേഹത്തിൻ്റെ വാദം. ചിത്രകലയെ താഴ്ത്തിക്കാണിക്കാനല്ല ഈ അഭിപ്രായമെന്നും അക്ഷരകലയുടെ പ്രത്യേകത ചൂണ്ടിക്കാട്ടിയാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു കാലിഗ്രാഫി സൃഷ്‌ടി എത്രനേരം വേണമെങ്കിലും നോക്കിനിൽക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. അബ്‌സ്ട്രാക്‌ട് പെയിൻ്റിംഗ് കാണാൻ താൽപര്യമില്ലാത്ത ഒരാൾ പോലും കാലിഗ്രാഫിയിൽ എഴുതിയിരിക്കുന്ന വാക്ക് വായിക്കാൻ കുറച്ചുസമയം നിൽക്കും. അഞ്ചോ പത്തോ സെക്കൻഡോ ചിലപ്പോൾ ഒരു മിനിറ്റോ വരെ ആ സൃഷ്‌ടിക്ക് മുന്നിൽ ചെലവഴിക്കാൻ അത് പ്രേരിപ്പിക്കുന്നു. ഈ സവിശേഷതയാണ് കാലിഗ്രാഫിയെ വ്യത്യസ്‌തമാക്കുന്നതെന്നും ഭട്ടതിരി വിശദീകരിക്കുന്നു.

അക്ഷരമെഴുത്തിൽ നിന്ന് പെർഫോമിംഗ് ആർട്ടിലേക്ക്

കാലിഗ്രാഫിയെ പെർഫോമിംഗ് ആർട്ടായി മാറ്റിയതിനു പിന്നിൽ പ്രേക്ഷകരുടെ കൗതുകമാണ് പ്രധാന കാരണമെന്ന് ഭട്ടതിരി പറയുന്നു. സോഷ്യൽ മീഡിയയിൽ തൻ്റെ സൃഷ്‌ടികൾ പങ്കുവച്ചപ്പോൾ അവ എത്ര വലുപ്പത്തിലാണ് എഴുതുന്നത്, എന്ത് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്, ഏത് നിറങ്ങളാണ് ഉപയോഗിക്കുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങൾ ആളുകളിൽനിന്ന് ഉയർന്നു. യഥാർഥ സൃഷ്‌ടികൾ നേരിൽ കാണാൻ താൽപര്യമുള്ളവർക്കായാണ് കാലിഗ്രാഫി ഗാലറി ആരംഭിച്ചത്.

INTERNATIONAL CALLIGRAPHY FESTIVAL  CALLIGRAPHY NARAYANA BATTATHIRI  MALAYALAM CALLIGRAPHY  INDIAN CALLIGRAPHY ARTIST
Malayalam calligraphy (Special Arrangement)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയിൽ കാലിഗ്രാഫിക്കായി പ്രത്യേകമായി പ്രവർത്തിക്കുന്ന ഗാലറി എന്ന നിലയിൽ തൻ്റേത് ഏക ഗാലറിയാണെന്നും അദ്ദേഹം പറയുന്നു. വലിയ കടലാസിൽ എല്ലാവരുടെയും മുന്നിൽ കാലിഗ്രാഫി എഴുതിക്കാണിക്കുന്നതിലൂടെ ആളുകളിൽ കൂടുതൽ കൗതുകം സൃഷ്‌ടിക്കാനായി. ഒരു സൃഷ്‌ടി എങ്ങനെ രൂപപ്പെടുന്നു എന്നത് നേരിൽ കാണാൻ കഴിയുന്നത് തന്നെയാണ് കാലിഗ്രാഫിയെ പെർഫോമിംഗ് ആർട്ടിൻ്റെ തലത്തിലേക്ക് എത്തിച്ചതെന്ന് ഭട്ടതിരി വിലയിരുത്തുന്നു.

ടാഗോറിന് ശേഷം പ്രദർശിപ്പിക്കപ്പെട്ട ഇന്ത്യൻ സൃഷ്‌ടി

ദക്ഷിണ കൊറിയയിലെ 'ജിക്ക്ജി' ഫെസ്റ്റിവലിൽ ഭട്ടതിരിക്ക് ലഭിച്ച പുരസ്‌കാരവും അദ്ദേഹത്തിൻ്റെ അന്താരാഷ്ട്ര അംഗീകാരത്തിൻ്റെ പ്രധാന അധ്യായമാണ്. വിദേശ കാലിഗ്രാഫർമാർക്ക് പുരസ്‌കാരം നൽകുന്ന ഫെസ്റ്റിവലിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരന് 'ജിക്ക്ജി' പുരസ്‌കാരം ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. ഗുട്ടൻബർഗിൻ്റെ ബൈബിളിന് 73 വർഷം മുമ്പ് മൂവബിൾ ടൈപ്പ് ഉപയോഗിച്ച് അച്ചടിച്ച 'ജിക്ക്ജി' എന്ന പുസ്‌തകത്തിൻ്റെ ഓർമയ്ക്കായാണ് ദക്ഷിണ കൊറിയ ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ലോകത്ത് ജിക്ക്ജിയുടെ രണ്ട് കോപ്പികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും അവ ഫ്രാൻസിലെ സെൻട്രൽ ലൈബ്രറിയിലാണെന്നും ഭട്ടതിരി പറയുന്നു. വിവിധ കലാരൂപങ്ങൾക്ക് വേദിയാകുന്ന ഫെസ്റ്റിവലിൽ കാലിഗ്രാഫിക്കും പ്രത്യേക വിഭാഗമുണ്ട്.

കല്ലിൽ കൊത്തിവെച്ച മലയാള അക്ഷരങ്ങൾ

ജിക്ക്ജി പുരസ്‌കാരം സ്വീകരിക്കാനായി കൊറിയയിലെത്തിയപ്പോഴാണ് ചൈനയിലെ ഒരു കാലിഗ്രാഫി സ്റ്റോൺ പാർക്കിൻ്റെ ഡയറക്‌ടറെ പരിചയപ്പെടുന്നത്. കടലാസിലും കാൻവാസിലുമുള്ള കാലിഗ്രാഫി കാലക്രമേണ നശിക്കാമെന്നതിനാൽ കല്ലിൽ കൊത്തിവച്ച് സംരക്ഷിക്കുന്ന രീതിയാണ് അവിടെ പിന്തുടരുന്നത്. ലോകത്തിലെ വിവിധ ഭാഷകളിലെ കാലിഗ്രാഫി ശേഖരിക്കുന്നതിൻ്റെ ഭാഗമായി മലയാളത്തിലും ഒരു സൃഷ്‌ടി വേണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. ആറടി ഉയരവും ഒന്നര മീറ്റർ വീതിയുമുള്ള കല്ലിൽ കൊത്തിവയ്‌ക്കുന്നതിനായി ഭട്ടതിരി മലയാളത്തിൽ സൃഷ്‌ടി തയ്യാറാക്കി അയച്ചു.

പൂന്താനത്തിൻ്റെ 'ജ്ഞാനപ്പാന'യിലെ വരികളാണ് ഇതിനായി തെരഞ്ഞെടുത്തത്
''കൂടിയെല്ലാം പിറക്കുന്ന നേരത്തും
കൂടിയെല്ലാം മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ''

ലോകത്തെവിടെയും പ്രസക്തമായ ആശയമാണ് ഈ വരികളിലുള്ളതെന്ന് തോന്നിയതിനാലാണ് അവ തെരഞ്ഞെടുത്തതെന്ന് ഭട്ടതിരി പറയുന്നു. പിന്നീട് ഈ രചന കല്ലിൽ കൊത്തിവച്ചതിൻ്റെ ചിത്രവും അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യയിൽനിന്ന് അതിനുമുമ്പ് രവീന്ദ്രനാഥ ടാഗോറിൻ്റെ ഒരു കൈയെഴുത്ത് ലഭിച്ചിരുന്നതായും അതിനു പിന്നാലെ അവിടെ പ്രദർശിപ്പിച്ച ഇന്ത്യൻ സൃഷ്‌ടി തൻ്റേതാണെന്നും അദ്ദേഹം പറയുന്നു. ടാഗോറിന് ശേഷം തൻ്റെ സൃഷ്‌ടിയാണ് അവിടെ പ്രദർശിപ്പിച്ചതെന്നും ഭട്ടതിരി വ്യക്തമാക്കി.

ജ്ഞാനപ്പാന രണ്ടുദിവസം കൊണ്ട്

ഭക്ത കവിയായ പൂന്താനം എഴുതിയ 'ജ്ഞാനപ്പാന' മുഴുവനും കാലിഗ്രാഫിയിൽ പകർത്തിയതും ഭട്ടതിരിയുടെ ശ്രദ്ധേയമായ സൃഷ്‌ടികളിലൊന്നാണ്. ഇത് പൂർത്തിയാക്കാൻ രണ്ടുദിവസം മാത്രമാണ് എടുത്തത്. ഒരു ദിവസംകൊണ്ട് തന്നെ എഴുതിത്തീർക്കാവുന്നതായിരുന്നെങ്കിലും മറ്റ് ജോലിത്തിരക്കുകൾ കാരണം രണ്ടുദിവസം വേണ്ടിവന്നുവെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.

പഴയ താളിയോല ഗ്രന്ഥങ്ങളുടെ മാതൃകയിലുള്ള ഫോർമാറ്റാണ് ഇതിനായി സ്വീകരിച്ചത്. അതേ വലുപ്പത്തിൽ പേപ്പർ മുറിച്ച് അതിൽ ജ്ഞാനപ്പാന എഴുതുകയായിരുന്നു. പിന്നീട് അതിൻ്റെ പകർപ്പെടുത്ത് പ്രിൻ്റ് ചെയ്‌തു. ഭക്തിയുടെ മാർഗമായി കാണുന്നതിനേക്കാൾ തന്നെ സ്‌പർശിച്ച ചില വരികൾ ഉൾക്കൊള്ളുന്നതിനാലാണ് ജ്ഞാനപ്പാന തിരഞ്ഞെടുത്തതെന്നും ഭട്ടതിരി പറയുന്നു.

INTERNATIONAL CALLIGRAPHY FESTIVAL  CALLIGRAPHY NARAYANA BATTATHIRI  MALAYALAM CALLIGRAPHY  INDIAN CALLIGRAPHY ARTIST
Malayalam calligraphy (Special Arrangement)

ആയിരക്കണക്കിന് സിനിമാ-വാരികാ ടൈറ്റിലുകൾ

മലയാള സിനിമയിലും പ്രസിദ്ധീകരണ രംഗത്തും നാരായണ ഭട്ടതിരിയുടെ കാലിഗ്രാഫിക്ക് വലിയ സാന്നിധ്യമുണ്ട്. ഏകദേശം 25 സിനിമകൾക്കായി ടൈറ്റിലുകൾ ചെയ്‌തിട്ടുണ്ടെന്നും 'എന്ന് നിൻ്റെ മൊയ്‌തീൻ' ഉൾപ്പെടെയുള്ള സിനിമകളുടെ ടൈറ്റിലുകൾ തൻ്റെ സൃഷ്‌ടികളിൽപ്പെടുന്നതാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ ടൈറ്റിൽ എഴുതുമ്പോൾ അതുമായി ബന്ധപ്പെട്ട കഥയോ കഥാപാത്രങ്ങളോ പലപ്പോഴും തനിക്ക് അറിയാറില്ലെന്ന് ഭട്ടതിരി വ്യക്തമാക്കുന്നു.

'രണ്ടാമൂഴം' എംടി വാസുദേവൻ നായരുടേതാണെന്ന് മുൻകൂട്ടി അറിയാമായിരുന്നെങ്കിലും 'ദൈവത്തിൻ്റെ വികൃതികൾ' ഉൾപ്പെടെയുള്ള പല കൃതികളുടെയും ടൈറ്റിൽ തയ്യാറാക്കുമ്പോൾ രചയിതാവിനെയോ കഥയെയോ കുറിച്ച് അറിയില്ലായിരുന്നു. വാരികകളിൽ ഒരാഴ്ചയിൽ 40-50 വരെ ടൈറ്റിലുകൾ എഴുതേണ്ടിവന്നിരുന്നുവെന്നും പത്തിരുപതിനായിരത്തിലധികം ടൈറ്റിലുകൾ ഇതിനകം എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യേണ്ട ജോലിയായതിനാൽ ഓരോ ടൈറ്റിലിനും പ്രത്യേകമായി സ്‌കെച്ച് തയ്യാറാക്കി മണിക്കൂറുകൾ ആലോചിക്കുന്ന രീതി സാധ്യമല്ല. ആ നിമിഷം മനസ്സിൽ തോന്നുന്ന രീതിയിൽ അക്ഷരങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സിനിമയിൽ ഇടപെടലുകൾ കൂടുതലെന്ന് പരാതി

സിനിമാ ടൈറ്റിലുകളിൽ വാരികകളിൽനിന്ന് വ്യത്യസ്‌തമായി സംവിധായകരുടെയും നിർമാതാക്കളുടെയും ഇടപെടലുകൾ ഉണ്ടാകാറുണ്ടെന്നും ഭട്ടതിരി പറയുന്നു. സിനിമ ഒരു വാണിജ്യ ഉൽപ്പന്നമായതിനാൽ ടൈറ്റിൽ എങ്ങനെ കാണണം, വായിക്കാൻ എളുപ്പമാകണം, മറ്റൊരു സിനിമയുടെ ശൈലിയുമായി സാമ്യം വേണമോ തുടങ്ങിയ കാര്യങ്ങളിൽ പല നിർദേശങ്ങളും വരും. ഇത്തരം നിർദേശങ്ങൾ അനുസരിച്ച് ഒരേ ടൈറ്റിൽ പലതവണ മാറ്റിയെഴുതേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഇത് കലാകാരൻ്റെ സ്വാതന്ത്ര്യത്തിന് ചിലപ്പോഴൊക്കെ ഭംഗം വരുത്തുന്നതായി തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

മലയാളത്തിലെ 'കുത്തുകൾ'ക്കും സൗന്ദര്യമുണ്ട്

മലയാള അക്ഷരങ്ങളുടെ സങ്കീർണമായ ഘടന കാലിഗ്രാഫിക്ക് തടസമല്ലെന്നാണ് ഭട്ടതിരിയുടെ അഭിപ്രായം. ഒരു അക്ഷരം ഓരോ തവണ എഴുതുമ്പോഴും ഒരേ രീതിയിൽ ആവാതിരിക്കാനാണ് ശ്രമിക്കുന്നത്. പ്രത്യേകിച്ച് ഒരു അക്ഷരം മറ്റൊന്നിനേക്കാൾ മനോഹരമാണെന്നോ ബുദ്ധിമുട്ടുള്ളതാണെന്നോ തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

മലയാളത്തിലെ കുത്തും ചുറ്റിക്കെട്ടുമൊക്കെ വായനയ്ക്ക് തടസമാകുമെന്ന വിമർശനത്തോടും അദ്ദേഹം വിയോജിക്കുന്നു. ലോകത്തിലെ എല്ലാ ഭാഷകളിലും ഇത്തരം അടയാളങ്ങളും കുത്തുകളും ഉണ്ടെന്നും മലയാളത്തിൽ മാത്രം കുത്തിട്ടാൽ വായിക്കാൻ കഴിയില്ലെന്ന് പറയുന്നതിൻ്റെ യുക്തി മനസിലാകുന്നില്ലെന്നും ഭട്ടതിരി പറയുന്നു.

മലയാള കാലിഗ്രാഫിക്ക് വളർച്ചയുടെ കാലം

മലയാള കാലിഗ്രാഫിയുടെ ഭാവിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഭട്ടതിരിയുടെ വിലയിരുത്തൽ. കൊച്ചിയിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കാലിഗ്രാഫി ഫെസ്റ്റിവലിലേക്ക് കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കുട്ടികളും മുതിർന്നവരുമടക്കം നിരവധിപ്പേർ എത്തുന്നുണ്ട്. ഓരോ വർഷവും പങ്കാളിത്തം വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: അത്യാധുനിക സൗകര്യങ്ങള്‍ സജ്ജം; വയനാട്ടില്‍ രണ്ടാമത്തെ എബിസി സെന്‍റര്‍ ഒരുങ്ങി, ഉദ്‌ഘാടനം നാളെ

Last Updated : September 2, 2026 at 9:20 PM IST