ETV Bharat / state

വില്ലനായി മഴയും ഓൺലൈൻ ഷോപ്പിങ്ങും; ഇടുക്കിയിൽ ഓണക്കച്ചവടം ഇടിഞ്ഞു

ഓണക്കാലത്തെ പർച്ചേസിനായി സമീപത്തെ ചെറുകിട വിപണികളെക്കാൾ വലിയ ടൗണുകളെയാണ് ഇത്തവണ പലരും കൂടുതലായി ആശ്രയിച്ചത്

SMALL TRADERS IN IDUKKI  BUSINESS GROWTH  ONAM2026  SMALL SCALE BUSINESS
വിജനമായ നഗരപ്രദേശം (ETV Bharat)
author img

By ETV Bharat Kerala Team

Published : August 28, 2026 at 11:41 AM IST

2 Min Read
Choose ETV Bharat

ഇടുക്കി: ഓണം എത്തിയാൽ കച്ചവടം കുതിച്ചുയരുമെന്ന പ്രതീക്ഷയിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ സ്റ്റോക്ക് ചെയ്ത ഗ്രാമീണ മേഖലയിലെ വ്യാപാരികൾക്ക് ഇത്തവണ ലഭിച്ചത് കടുത്ത നിരാശ. വസ്ത്രങ്ങളും ചെരുപ്പുകളും വീട്ടുപകരണങ്ങളും പലചരക്ക് സാധനങ്ങളും ഉൾപ്പെടെ വൻതോതിൽ മുൻകൂട്ടി സംഭരിച്ചെങ്കിലും പ്രതീക്ഷിച്ച വിൽപന ലഭിച്ചില്ല. വലിയ ടൗണുകളിലേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്കും തുടർച്ചയായ മഴയും ഓൺലൈൻ ഷോപ്പിങ്ങിനോടുള്ള താത്പര്യവുമാണ് ഗ്രാമീണ വ്യാപാര മേഖലയെ പിന്നോട്ടടിച്ചത്.

പ്രതീക്ഷകൾ അസ്ഥാനത്തായി; കടകളിൽ ആളില്ല
ഓണക്കാലം മുന്നിൽക്കണ്ട് മാസങ്ങൾക്ക് മുൻപേ ഒരുക്കങ്ങൾ ആരംഭിച്ചവരാണ് ജില്ലയിലെ ഗ്രാമീണ മേഖലയിലെ വ്യാപാരികൾ. വസ്ത്രങ്ങൾ, ചെരുപ്പുകൾ, വീട്ടുപകരണങ്ങൾ, പലചരക്ക് ഉൾപ്പെടെ ഓണക്കാലത്ത് ആവശ്യക്കാരേറുമെന്ന് പ്രതീക്ഷിച്ച സാധനങ്ങൾ ഇവർ കടകളിൽ നിറച്ചു. എന്നാൽ പതിവുപോലെ ഉപഭോക്താക്കളുടെ തിരക്ക് ഗ്രാമീണ വിപണികളിലേക്ക് എത്തിയില്ല.

ചെറുകിട വ്യാപരികളുടെ കച്ചവടം ദുരിത്തിൽ (ETV Bharat)

ഓണക്കാലത്തെ പർച്ചേസിനായി സമീപത്തെ ചെറുകിട വിപണികളെക്കാൾ വലിയ ടൗണുകളെയാണ് ഇത്തവണ പലരും കൂടുതലായി ആശ്രയിച്ചത്. ഇതോടെ ഗ്രാമീണ കടകളിൽ പ്രതീക്ഷിച്ച വിൽപന നടക്കാതെ സ്റ്റോക്ക് കെട്ടിക്കിടക്കുന്ന സ്ഥിതിയാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് പല ചെറുകിട കച്ചവടക്കാരും ലക്ഷങ്ങളുടെ സാധനങ്ങൾ കടകളിൽ എത്തിച്ചത്. വിൽപന ഇടിഞ്ഞതോടെ വായ്പാ തിരിച്ചടവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇവർ കടുത്ത ആശങ്കയിലാണ്.

വില്ലനായി മഴയും ഓൺലൈൻ വിപണിയും
വ്യാപാരികൾക്ക് മറ്റൊരു പ്രധാന തിരിച്ചടിയായത് തുടർച്ചയായ മഴയാണ്. മഴ ശക്തമായതോടെ മലയോര മേഖലയായ ഇടുക്കിയിൽ ആളുകൾ പുറത്തിറങ്ങുന്നത് ഗണ്യമായി കുറഞ്ഞു. ഇതോടെ ഗ്രാമീണ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും കാര്യമായ ഇടിവുണ്ടായി. ഓണക്കാലത്തെ തിരക്കിൽ വിൽപന വർധിക്കുമെന്ന പ്രതീക്ഷയിൽ അധികമായി സംഭരിച്ച സാധനങ്ങൾ വിറ്റഴിക്കാനാകാതെ വന്നത് വ്യാപാരികളുടെ പ്രതിസന്ധി ഇരട്ടിയാക്കുന്നു. സീസൺ കഴിഞ്ഞാൽ ഇത്തരം സാധനങ്ങൾ വലിയ വിലക്കുറവിൽ വിൽക്കേണ്ടിവരുന്ന സാഹചര്യവും വ്യാപാരികൾ നേരിടേണ്ടിവരും. ഇതിന് പുറമെ ഓൺലൈൻ വ്യാപാരത്തോടുള്ള ഉപഭോക്താക്കളുടെ വർധിച്ച താത്പര്യവും ഗ്രാമീണ വ്യാപാര മേഖലയ്ക്ക് വലിയ വെല്ലുവിളിയായി മാറുകയാണ്.

വിലക്കുറവും വിവിധ ഓഫറുകളും വീട്ടിലിരുന്നുള്ള പർച്ചേസിങ് സൗകര്യവും ഉപഭോക്താക്കളെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. പരമ്പരാഗത കടകളിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം കുറയുന്നതോടെ ഗ്രാമീണ വ്യാപാര സ്ഥാപനങ്ങളുടെ കച്ചവടവും പൂർണമായും മന്ദഗതിയിലാകുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഓണം പോലുള്ള പ്രധാന സീസണുകളിൽ വിൽപന വർധിക്കുമെന്ന പ്രതീക്ഷയിൽ വലിയ തോതിൽ പണം മുടക്കി സാധനങ്ങൾ സംഭരിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഇത്തവണത്തെ തിരിച്ചടി താങ്ങാവുന്നതിലും അപ്പുറമാണ്. മഴയും മാറുന്ന ഷോപ്പിങ് ശീലങ്ങളും ഓൺലൈൻ വ്യാപാരത്തിൻ്റെ വളർച്ചയും ചേർന്നപ്പോൾ ഗ്രാമീണ വിപണിയിൽ ഓണത്തിൻ്റെ പതിവ് ആവേശം പോലും മങ്ങിയ കാഴ്‌ചയാണ് ഇത്തവണ കാണാനായത്. സർക്കാരിൻ്റെ ഭാഗത്തുനിന്ന് ചെറുകിട വ്യാപാരികളെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.

Also Read: ഉതൃട്ടാതി ജലമേളയ്ക്ക് ഉപരാഷ്ട്രപതി എത്തും; ഓഗസ്റ്റ് 30ന് ഗതാഗത നിയന്ത്രണം, നീറ്റ് പരീക്ഷാ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കണം