16 കോടി രൂപ ചെലവിൽ നിർമ്മിച്ച സോളാർ പ്ലാൻ്റ് നാശത്തിൻ്റെ വക്കിൽ; കാട് കയറി രാമക്കൽമേട് അക്ഷയ സൗരോർജ വൈദ്യുതി കേന്ദ്രം
2018ലാണ് രാമക്കൽമേടിന് സമീപം ആമപ്പാറയിൽ സൗരോർജ്ജ പ്ലാൻ്റ് നിർമ്മാണം ആരംഭിച്ചത്. 2022 മുതൽ ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബിയ്ക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം.

Published : August 27, 2026 at 8:34 PM IST
ഇടുക്കി: വൈദ്യുതി ഉത്പാദനം ആരംഭിക്കാതെ ഇടുക്കി രാമക്കൽമേട് അക്ഷയ സൗരോർജ്ജ വൈദ്യുതി കേന്ദ്രം. 16 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച സോളാർ പ്ലാൻ്റ് ഇപ്പോൾ കാട് കയറി നശിക്കുകയാണ്. സൗരോർജം, കാറ്റ് എന്നിവയിൽ നിന്ന് ഒരേ സമയം വൈദ്യുതി ഉത്പാദിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയായിരുന്നു രാമക്കൽമേട് ആമപ്പാറ പദ്ധതി.
2018ലാണ് രാമക്കൽമേടിന് സമീപം ആമപ്പാറയിൽ സൗരോർജ്ജ പ്ലാൻ്റ് നിർമ്മാണം ആരംഭിച്ചത്. 2022 മുതൽ ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബിയ്ക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം. 2022ൽ തന്നെ ഉദ്‌ഘാടനവും നടത്തി. ഈ കാലയളവിൽ ട്രയൽ റണ്ണിനായി ഏതാനും ദിവസം വൈദ്യുതി ഉത്പാദിപ്പിച്ചെങ്കിലും പിന്നീട് പ്ലാൻ്റിൻ്റെ പ്രവർത്തനം പൂർണമായും നിലച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അനർട്ട്, സിഡാക്, കെൽട്രോൺ എന്നീ ഏജൻസികളുടെ സംയുക്ത സംരംഭമാണിത്. സിഡാക് തദ്ദേശീയമായി വികസിപ്പിച്ച ഗ്രിഡ്-ടൈ ഇൻവെർട്ടർ സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സൗരോർജ്ജത്തിൽനിന്നും കാറ്റിൽ നിന്നും ഒരേ സമയം വൈദ്യുതി ഉൽപാദിപ്പിച്ച്, പ്രസരണ ലൈനുകളിലേക്ക് കടത്തിവിടുന്ന സംവിധാനമാണിത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ നാലേക്കറോളം വരുന്ന സ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിച്ചിരുന്നു. നെടുങ്കണ്ടം 66 കെവി സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാൻ 11 കെവി ഫീഡറും തയ്യാറാക്കി. പക്ഷേ കോടികൾ പാഴായത് മാത്രം മിച്ചം. 147 ഹെക്‌ടർ ഭൂമിയാണ് അനർട്ടിന് ഇവിടെയുള്ളത്. അക്ഷയ ഊർജ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കാറ്റാടിപ്പാടം യൂണിറ്റുകൾ സ്ഥാപിച്ച്, കാറ്റാടി യന്ത്രങ്ങൾ വഴി വൈദ്യുതി ഉത്‌പാദിപ്പിച്ച് കെഎസ്ഇബിക്ക് നൽകുക എന്നതായിരുന്നു ലക്ഷ്യം. ഒന്നാം ഘട്ടം പരാജയപ്പെട്ടതോടെ രണ്ടാംഘട്ടത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിയ്ക്കാൻ സാധിച്ചിട്ടില്ല. ഉദ്യോഗതലത്തിൽ സാരോർജ്ജ ഉത്‌പാദനത്തിൽ വൻ വീഴ്‌ച സംഭവിച്ചതായി ഉടുമ്പൻചോല എംഎൽഎ സേനാപതി വേണു പറഞ്ഞു.
''ഉദ്യോഗതലത്തിൽ വീഴ്‌ച സംഭവിച്ചു. ഒരിക്കൽ ഈ സോളാർ പാനൽ സ്ഥാപിച്ചു കഴിഞ്ഞാൽ ആ വൈദ്യുതി ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ടോ വിതരണം ചെയ്യുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടത് ഉദ്യോഗസ്ഥരാണ്, അവരൊന്നും ചെയ്‌തില്ല. ഇതിപ്പോൾ അനാഥമായി കിടക്കുന്നു. ആളുകൾ ആവർക്ക് കിട്ടുന്ന പാനലുകൾ എടുത്തകൊണ്ടു പോവുന്നു, കുറേ പാനലുകൾ നശിച്ചുകിടക്കുന്നു, പാനലുകൾ സ്ഥാപിക്കുമ്പോൾ അവിടെയുള്ള ചെടികളും മരങ്ങളും വെട്ടി നശിപ്പിക്കാതെയാണ് പാനലുകൾ സ്ഥാപിച്ചത്. അനുകൂലമായ സാഹചര്യം ഉണ്ടായപ്പോൾ ചെടികൾ പാനൽ തുളച്ചു മുകളിൽ പോയി. ഇപ്പോൾ നിബിഡ വനത്തിന് സമാനമായാണ് ആമപ്പാറ വൈദ്യുതി നിലമുള്ളത്,'' അദ്ദേഹം പറഞ്ഞു.
പുനർനിർമ്മിക്കാൻ ഏതാണ്ട് പതിനാറ് കോടിയോളം ചെലവ് വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗരോർജ്ജ പ്ലാൻ്റിൽ ഉണ്ടായ വീഴ്‌ചകൾ പരിഹരിച്ച് വൈദ്യുതി ഉൽപാദനം ആരംഭിച്ച ശേഷം രണ്ടാം ഘട്ടം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിയ്ക്കുമെന്ന് എംഎൽഎ വ്യക്തമാക്കി.
ALSO READ: പഞ്ചാബില്‍ സർക്കാർ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം; ഒപിഡി ബഹിഷ്‌കരിച്ച് ഡോക്ടർമാരും ഹർത്താലിൽ

