കടലിലെ കാവലാൾ ഇനി കൊച്ചിയിൽ; അത്യാധുനിക മലിനീകരണ നിയന്ത്രണ കപ്പൽ 'സമുദ്ര പ്രതാപ്' എത്തി
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കപ്പൽ സമുദ്രത്തിലെ എണ്ണച്ചോർച്ച തടയാനും തീപിടിത്തം അണയ്ക്കാനും സജ്ജമാണ്. ചരിത്രത്തിലാദ്യമായി വനിതാ ഓഫിസർമാരെ നിയമിച്ച പ്രത്യേകതയും ഇതിനുണ്ട്.

Published : February 26, 2026 at 11:40 PM IST
എറണാകുളം: ഇന്ത്യൻ സമുദ്രതീരത്തിൻ്റെ സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി അത്യാധുനിക മലിനീകരണ നിയന്ത്രണ കപ്പൽ ഐസിജിഎസ് സമുദ്ര പ്രതാപ് കൊച്ചിയിലെത്തി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ കേരള-മാഹി മേഖലയുടെ ആസ്ഥാനമായ കൊച്ചി ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്‌സ്-4ലാണ് കപ്പലിൻ്റെ ബേസ് നിശ്ചയിച്ചിരിക്കുന്നത്. കൊച്ചി കോസ്റ്റ് ഗാർഡ് ജെട്ടിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കപ്പലിന് ഔദ്യോഗികമായി സ്വീകരണം നൽകി.
സമുദ്രത്തിലെ മലിനീകരണ നിയന്ത്രണം, തീപിടിത്തം തടയൽ, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ കോസ്റ്റ് ഗാർഡിൻ്റെ പ്രവർത്തനങ്ങൾക്ക് ഈ കപ്പൽ വലിയ കരുത്ത് പകരും. പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിർമിച്ച രണ്ട് മലിനീകരണ നിയന്ത്രണ കപ്പലുകളിൽ ആദ്യത്തേതാണ് സമുദ്ര പ്രതാപ്. ഈ വർഷം ജനുവരി 5ന് ഗോവയിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് കപ്പൽ രാജ്യത്തിന് സമർപ്പിച്ചത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ പരമേഷ് ശിവമണിയുടെ സാന്നിധ്യത്തിലായിരുന്നു കമ്മീഷനിങ് നടന്നത്. സമുദ്രത്തിലെ വെല്ലുവിളികളെ നേരിടാൻ പൂർണമായും സജ്ജമാക്കപ്പെട്ട ശേഷമാണ് കപ്പൽ ഇപ്പോൾ കൊച്ചിയിൽ എത്തിയിരിക്കുന്നത്.

സാങ്കേതിക മികവും സവിശേഷതകളും
ഏകദേശം 114.5 മീറ്റർ നീളമുള്ള ഈ ഭീമൻ കപ്പലിന് മണിക്കൂറിൽ പരമാവധി 22 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. സമുദ്രത്തിലെ എണ്ണച്ചോർച്ച കണ്ടെത്താനും അവ നിയന്ത്രിക്കാനുമുള്ള അഡ്വാൻസ്ഡ് പൊല്യൂഷൻ ഡിറ്റക്ഷൻ ആൻഡ് കണ്ടെയ്‌ൻമെന്റ് സിസ്റ്റം കപ്പലിൻ്റെ പ്രത്യേകതയാണ്. ഇൻ്റഗ്രേറ്റഡ് ബ്രിഡ്ജ് സിസ്റ്റം (ഐബിഎസ്), ഇൻ്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം (ഐപിഎംഎസ്), ഓട്ടോമേറ്റഡ് പവർ മാനേജ്‌മെന്റ് സിസ്റ്റം എന്നിവ കപ്പലിൻ്റെ പ്രവർത്തനം സുഗമമാക്കുന്നു. കൂടാതെ, സമുദ്രത്തിലെ തീപിടിത്തങ്ങൾ അണയ്ക്കാൻ ശേഷിയുള്ള ഹൈ-പവർ മോഡേൺ ഫയർ ഫൈറ്റിങ് സിസ്റ്റവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ഒരു ഹെലികോപ്റ്ററിനെ വഹിക്കാനുള്ള സൗകര്യവും കടലിലെ പരിശോധനകൾക്കും നിയമപാലനത്തിനുമായി നാല് അതിവേഗ ബോട്ടുകളും കപ്പലിലുണ്ട്.
സ്ത്രീ ശാക്തീകരണവും പ്രവർത്തന മേഖലയും
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരു നാഴികക്കല്ലും ഈ കപ്പൽ പിന്നിടുന്നു. ചരിത്രത്തിലാദ്യമായി രണ്ട് വനിത ഓഫിസർമാരെ സ്ഥിരം സ്റ്റാഫായി നിയമിച്ച കപ്പൽ എന്ന ബഹുമതി സമുദ്ര പ്രതാപിനാണ്. സേനയിലെ എല്ലാവർക്കും തുല്യ അവസരം നൽകുന്ന കോസ്റ്റ് ഗാർഡിൻ്റെ നയത്തിൻ്റെ ഭാഗമായാണ് ഈ നടപടി. കേരള തീരം, മാഹി, ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകൾ എന്നിവിടങ്ങളിലെ എക്സ്ക്ലൂസീവ് ഇക്കോണോമിക് സോൺ പരിധിയിലായിരിക്കും കപ്പൽ പ്രധാനമായും പ്രവർത്തിക്കുക. സമുദ്രത്തിലെ വൻതോതിലുള്ള മലിനീകരണ ഭീഷണികളെയും എണ്ണച്ചോർച്ചയെയും ഫലപ്രദമായി നേരിടാൻ കപ്പലിൻ്റെ സാന്നിധ്യം സഹായിക്കും. കടലിലെ പരിസ്ഥിതി കാക്കാൻ സമുദ്ര പ്രതാപ് ഇനി കൊച്ചി തീരത്ത് സജീവമാകും.
Also Read:- ഊർജസംരക്ഷണത്തിൽ വിപ്ലവവുമായി പെരിഞ്ഞനം; രാജ്യത്തെ ആദ്യ 'കമ്മ്യൂണിറ്റി ബാറ്ററി' പദ്ധതി ഉടൻ

