ചെടികളോടും പൂക്കളോടും പ്രണയം; നന്ദനം പൂങ്കാവനമാക്കി ദമ്പതികള്‍, വിശ്രമകാലം ആനന്ദകരം
ബോഗണ്‍വില്ല അടക്കം ആയിരത്തോളം വെറൈറ്റികള്‍. പൂന്തോട്ടമല്ല പൂങ്കാവനമാണ് ഈ വീട്. പൂക്കളെ പ്രണയിച്ച ദമ്പതികള്‍.

Published : January 6, 2026 at 12:12 PM IST
|Updated : January 6, 2026 at 6:35 PM IST
കണ്ണൂര്‍: പൂന്തോട്ടമില്ലെങ്കില്‍ വീട് വീടല്ല. എന്നാല്‍ ഇങ്ങിനെയുമുണ്ടോ ഒരു പൂന്തോട്ടമെന്ന് അതിശയിച്ചു പോകുന്ന ഒരു വീടുണ്ട് കണ്ണൂരിലെ കാടാച്ചിറയില്‍. ആയിരത്തോളം പൂച്ചെടികളും ഇലച്ചെടികളുമായി വെറൈറ്റികള്‍ നിരവധിയുള്ള ഒരിടം.ഒറ്റ നോട്ടത്തില്‍ വീടാണോ പാര്‍ക്കാണോ എന്ന് ആരുമൊന്ന് സംശയിച്ചു പോകുന്ന ഈ പൂന്തോട്ടത്തിന്‍റെ ശില്‍പ്പികള്‍ ഒരു ദമ്പതികളാണ്.
തട്ടുതട്ടായും തൂക്കിയിട്ടും മതില്‍പടിയിലുമായി ആയിരത്തോളം പൂച്ചെടികളും ഇലച്ചെടികളും അലങ്കരിച്ചു വെച്ചിരിക്കയാണ് ഇവിടെ.ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം പൂന്തോട്ട പരിപാലനം ഹോബിയാക്കിയ പ്രീതനും ഭാര്യ നീനയുമാണ് വീട്ടു മുറ്റവും തൊടിയുമൊക്കെ പൂങ്കാവനമാക്കിയത്. കണ്ണൂര്‍-കൂത്തുപറമ്പ് റോഡില്‍ കാടാച്ചിറ ഹൈസ്‌ക്കൂള്‍ ജഗ്ഷനില്‍ നിന്നും മാണികപ്പറമ്പിലേക്കുള്ള ഗ്രാമീണ റോഡരികിലാണ് കുളിരേകുന്ന പാര്‍ക്ക് പോലെ ' നന്ദനം ' എന്ന വീട്. പ്രധാന ഗേറ്റ് കടന്ന് വീട്ടിലേക്കുളള വഴികള്‍ക്കിരുവശവും കണ്ണിന് കുളിര്‍മ്മ പകര്‍ന്ന് വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളും ചെടികളും. ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫായിരുന്നു എം പി പ്രീതന്‍. ഭാര്യ നീന ടീച്ചര്‍ കുറുവ യു.പി. സ്‌ക്കൂളില്‍ നിന്നുമാണ് വിരമിച്ചത്.

കാണാന്‍ മനോഹരമായ ഈ ഉദ്യാനം ഒറ്റ രാത്രി കൊണ്ട് ഒരുക്കിയെടുത്തതല്ല ഇരുവരും. സൂര്യനുദിച്ച് അസ്തമയം വരെ ഓരോ ഇടവേളകളിലും ചെടികളെ തൊട്ടും തലോടിയുമാണ് ഇവര്‍ ഈ സുന്ദര ലോകം സൃഷ്ടിച്ചിരിക്കുന്നത്. വീട്ടു മതിലില്‍ നിരനിരയായി പൂത്തുവിരിഞ്ഞ് കിടക്കുകയാണ് അമ്പതിലേറെ ബോഗണ്‍ വില്ലകള്‍. നാല്പതിലേറെ നിറങ്ങളില്‍ ബോഗണ്‍വില്ല ചെടികള്‍ ഈ തോട്ടത്തിനെ സ്വര്‍ഗ്ഗീയമാക്കുന്നു. താഴെ മതില്‍പടികളിലുമുണ്ട് ചെടികള്‍. ഓരോ ചെടിയും കാണുമ്പോള്‍ ഒന്നിലും കണ്ണുറപ്പിക്കാനാവില്ല ഇവിടെയെത്തുന്ന സസ്യ പ്രേമികള്‍ക്ക്. അത്രയ്ക്കുണ്ട് വൈവിധ്യം.

അമ്പതോളം വരുന്ന അഗ്ലോണിമ. തൊട്ടടുത്ത് നാല്പതോളം കലാത്തിയ- പതിമൂന്ന് തരം ഡ്രസീനിയ- അത്രത്തോളം വരുന്ന അരേലിയയും ക്രോട്ടണും. ഒക്കെക്കൂടി കാഴ്‌ചകളുടെ പൂരം ഒരുക്കിയിരിക്കുന്നു. ഫോര്‍ട്ട് ലക്ക എന്ന പേരിലുള്ള പത്ത് മണിപ്പൂക്കള്‍ നിരവധിയുണ്ട്. ഇരുപത് തരം റോസാച്ചെടികളും അത്രത്തോളമുള്ള ചെമ്പരത്തികളും വിരിയാന്‍ വെമ്പി നില്‍ക്കുകയാണ്. ഓര്‍ക്കിഡുകളില്‍ ഗ്രൗണ്ട് ഓര്‍ക്കിഡാണ് ശ്രദ്ധേയം. ഒരു ഡസന്‍ വരുന്ന സ്‌നേക്ക് പ്ലാന്റ് , അഞ്ച് തരം ഫിലോഡെന്‍ഡ്രോന്‍, ഫേണ്‍, ചെക്കി, ചൈനപട്ടാണി, നാല് നിറത്തിലുളള ആമ്പല്‍, പതിനഞ്ച് തരം പാപ്പാത്തിച്ചെടി, എല്ലാം കൊണ്ട് ഈ ഉദ്യാനം വൃന്ദാവനത്തിന് തുല്യമാവുകയാണ്.

ചെടികളോടും പൂക്കളോടുമുള്ള പ്രണയം ഇരുവര്‍ക്കും വിവാഹിതരാകുന്നതിന് മുമ്പ് തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക തിരക്കിലും മക്കളുടെ പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച പില്‍ക്കാലത്ത് തങ്ങളുടെ ഭാവനക്കനുസരിച്ച് ഉദ്യാനമൊരുക്കാന്‍ കഴിഞ്ഞില്ല. റിട്ടയേര്‍ഡ് ജീവിതത്തില്‍ ആ കുറവങ്ങ് തീര്‍ത്തു. ഇനിയും ഈ ഉദ്യാനത്തിന് എങ്ങിനെ ഭംഗി കൂട്ടാമെന്നണ് ഇവരുടെ ചിന്ത. ബോഗണ്‍വില്ല പൂത്തുമറിയുന്നതും റോസാപ്പൂക്കളുടെ സൗരഭ്യത്തിലും അരിപ്പൂവുകളുടെ സൗന്ദര്യത്തിലും അഭിരമിച്ച് കഴിയുകയാണ് ഈ ദമ്പതികള്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അധ്യാപികയായ നീനയാണ് ജോലി തിരക്കിനിടയിലും ചെറിയ രീതിയില്‍ ചെടികള്‍ നട്ടുവളര്‍ത്തി തുടക്കമിട്ടത്. അപ്പോഴും ഭര്‍ത്താവ് ചെടികളെ പരിചരിക്കാന്‍ ഒപ്പം കൂടിയിരുന്നുവെന്ന് നീന പറയുന്നു.

"ചെടികളോട് എനിക്ക് ഇഷ്‌ടമാണ്. ജോലി തിരക്കിനിടയിലും കുറച്ച് ചെടികളൊക്കെ ഞാന്‍ നടാറുണ്ട്. എന്നാല്‍ നന്നായി പരിപാലിക്കാനോ ഇടവേളകളില്‍ വെള്ളം നനയ്ക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഭര്‍ത്താവിന് ചെടി നടുന്നതിനോടല്ല പരിപാലിക്കുന്നതിലാണ് താത്‌പര്യം. എന്നാല്‍ റിട്ടയര്‍മെൻ്റിന് ശേഷം നമ്മള്‍ ഒരുമിച്ച് ചെടികള്‍ വളര്‍ത്താനും പരിപാലിക്കാനും തുടങ്ങി. പല വെറൈറ്റി ചെടികളും ഭര്‍ത്താവ് കൊണ്ടുവരും. പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണാന്‍ തന്നെ വളരെ സന്തോഷമാണ്" നീന പറഞ്ഞു.

തങ്ങളുടെ റിട്ടയര്‍മെൻ്റ് ജീവിതത്തില്‍ വളരെ ആന്ദമേകുന്ന കാര്യമാണ് ഗാര്‍ഡനിങ്ങെന്ന് പ്രീതന്‍ പറഞ്ഞു. ആദ്യമൊക്കെ ഭാര്യ നടുന്ന ചെടികള്‍ പരിപാലിക്കുന്നയാളായിരുന്നു. എന്നാല്‍ റിട്ടയര്‍ ആയതോടെ ചെടി നടാനും പരിചരിക്കാനുമാണ് ഞാന്‍ കൂടുതലായി സമയം ചെലവഴിക്കുന്നതെന്നും പ്രീതന്‍ കൂട്ടിച്ചേര്‍ത്തു.

"വളരെ ആനന്ദമേകുന്ന ജോലിയാണിത്. ഏതൊരു യാത്രയ്‌ക്ക് പോയാലും അവിടുത്തെ വെറൈറ്റി ചെടികള്‍ ഞാന്‍ വീട്ടിലേക്ക് കൊണ്ടുവരും. എനിക്ക് പൂക്കളെക്കാള്‍ ഇഷ്‌ടം ഇല ചെടികളോടാണ്. അതുകൊണ്ട് തന്നെ ഞാന്‍ വാങ്ങിക്കുന്ന ചെടികളില്‍ ഏറിയ പങ്കും ഇല ചെടികളാണ്. ചെടികളെ പരിചരിക്കുന്നത് പോലെ തന്നെ പൂച്ചട്ടികള്‍ക്ക് പെയിൻ്റ് അടിക്കുന്നതും. അവ ആകര്‍ഷകമായ രീതിയില്‍ ക്രമീകരിക്കുന്നതും എൻ്റെ പ്രിയ വിനോദമാണ്" പ്രീതന്‍ പറഞ്ഞു.

നന്ദനത്തിലെ പൂങ്കാവനം: കടുത്ത വേനലിലും ഇവിടെ എത്തുമ്പോള്‍ തണുപ്പ് നിറഞ്ഞ ഒരു അന്തരീക്ഷമാണ്. ചെടികളുടേയും പൂക്കളുടേയും സുന്ദരമായ ഒരു ലോകം തന്നെയാണിവിടമെന്ന് ബന്ധുക്കളൊക്കെ പറയാറുണ്ടെന്ന് ദമ്പതികള്‍ പറഞ്ഞു. മറ്റാരുടേയും പിന്തുണയില്ലാതെയാണ് ഇതെല്ലാം ഒരുക്കിയതെന്ന് ആരും വിശ്വസിക്കില്ല.
പല വെറൈറ്റികള്‍ പല വര്‍ണത്തില്‍: പ്രീതന് ഇല ചെടികളോടും നീനയ്‌ക്ക് പൂക്കളോടും ഇഷ്‌ടമായതോടെ വീട്ടിലെ ചെടികളില്‍ ഏറിയ പങ്കും ബോഗണ്‍വില്ലകളാണ്. വളരെ ഭംഗിയോടെ പെയിൻ്റ് ചെയ്‌ത ചട്ടികളില്‍ വീടിൻ്റെ മതില്‍ മുഴുന്‍ പല നിറത്തിലുള്ള ബോഗണ്‍വില്ലകളാണ്. അമ്പതിലേറെ വെറൈറ്റിയായ ബോഗണ്‍വില്ലകളുണ്ടെന്ന് പ്രീതനും പറഞ്ഞു. പല നിറത്തിലുള്ള ബോഗണ്‍വില്ല ചെടികള്‍ ഇവിടുത്തെ പ്രത്യേക ഭംഗി തന്നെയാണ്.
മക്കളായ വൈഷ്ണ പ്രീതനും നിഷ്ണത് പ്രീതനും എറണാകുളത്ത് ഐ.ടി. ഉദ്യോഗസ്ഥരാണ്. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ വീട് സ്വര്‍ഗ്ഗമാക്കാന്‍ അവരും കൂടും. വിശ്രമ കാലമായ റിട്ടയര്‍മെന്‍റ് ലൈഫ് അര്‍ത്ഥവത്താക്കി മാറ്റിയിരിക്കുകയാണ് കാടാച്ചിറയിലെ ഈ ദമ്പതികള്‍ . ചെടികള്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാത്രമല്ല പൂച്ചട്ടികളും ചെടികളും ക്രമീകരിക്കുന്നതിലും ശ്രദ്ധ ഏറെ ആവശ്യമാണെന്ന് ഇരുവരും പറയുന്നു. വളരെ ശ്രദ്ധയോടെയാണ് എല്ലാ പൂച്ചട്ടികളും ഇവര്‍ ക്രമീകരിച്ച് വച്ചിരിക്കുന്നത്.

