കണ്ണൂർ വീണ്ടും പുകയുന്നു; രാഷ്ട്രീയ ആയുധമാക്കി ഇടതുമുന്നണി, പ്രതിരോധക്കോട്ട കെട്ടി യുഡിഎഫ്
കണ്ണൂരിൽ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ പ്രതിഷേധം വധശ്രമമെന്ന് സിപിഎം ആരോപിക്കുമ്പോൾ ഭരണപരാജയം മറയ്ക്കാനുള്ള സർക്കാരിൻ്റെ രാഷ്ട്രീയ നാടകമാണിതെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

Published : February 25, 2026 at 6:55 PM IST
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തെത്തുടർന്ന് ജില്ലയിലെ രാഷ്ട്രീയ അന്തരീക്ഷം പുകയുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിക്ക് നേരെ കല്ലേറ് നടന്ന കണ്ണൂരിൻ്റെ മണ്ണിൽ, വർഷങ്ങൾക്കിപ്പുറം ഒരു വനിതാ മന്ത്രിക്ക് നേരെ നടന്ന കൈയേറ്റം 'ആസൂത്രിതമായ വധശ്രമമാണെന്ന്' സിപിഎം ആരോപിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലുള്ളപ്പോൾ തന്നെ നടന്ന ഈ സംഭവം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. ഇടതുപക്ഷത്തിന് ഏറ്റവും ശക്തികേന്ദ്രമായ കണ്ണൂർ ജില്ലയിൽ ഒരു ഇടതുപക്ഷ മന്ത്രിക്കു നേരേ കയ്യേറ്റം നടന്നതായുള്ള ആരോപണം സിപിഎം അതിഗുരുതരമായി ഉന്നയിക്കുമ്പോൾ തുടർഭരണം ലക്ഷ്യ മിട്ടുള്ള ഇടതുപക്ഷത്തിന് പ്രതിപക്ഷത്തിന് നേരേ പയറ്റാൻ ഉള്ള ആയുധം കൂടിയായി. അതിനു മൂർച്ച കൂട്ടാൻ മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ട് എത്തി എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മറികടക്കാൻ സിപിഎം ഉന്നതങ്ങളിൽ തയാറാക്കിയ 'തിരക്കഥ' പ്രകാരമുള്ള നാടകമാണ് ആശുപത്രിവാസവും വധശ്രമ ആരോപണവുമെന്നാണ് കോൺഗ്രസിൻ്റെ തിരിച്ചടി. ആരോപണപ്രത്യാരോപണങ്ങളുമായി മുന്നണികൾ നേർക്കുനേർ എത്തുമ്പോൾ കണ്ണൂർ വീണ്ടും രാഷ്ട്രീയ കേരളത്തിൻ്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്.
ഉണ്ടായത് വധശ്രമമെന്ന് കെ കെ രാഗേഷ്
കേരള രാഷ്ട്രീയത്തിൽ ഇതുവരെ ഉണ്ടാകാത്ത തരം അക്രമമാണ് വനിതാ നേതാവായ മന്ത്രിക്ക് എതിരെ കണ്ണൂരിൽ ഉണ്ടായതെന്ന് ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിൻ്റെ പ്രതികരണം. മുഖ്യമന്ത്രി കണ്ണൂരിലുള്ളപ്പോൾ തന്നെ മന്ത്രി വീണാ ജോർജിനെ അക്രമിച്ച് വാർത്ത സൃഷ്ടിക്കാൻ കെഎസ്‌യു, യൂത്തുകോൺഗ്രസുകാർ പദ്ധതിയിട്ടതാണ്. ഇതിനായി വാട്‌സാപ്പ് വഴി കെഎസ്‌യുക്കാരും എംഎസ്‌എഫുകാരും പരസ്‌പരം സന്ദേശം കൈമാറിയിട്ടുണ്ട്.
മന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ റീത്തുവച്ചതിന് പിന്നാലെയാണ് കണ്ണൂരിൽ വധശ്രമമുണ്ടായതെന്നത് ഗൗരവതരമായ കാര്യമാണ്. അതിന് റെയിൽവേ സ്‌റ്റേഷൻ തിരഞ്ഞെടുത്തതിലും ഗുഡാലോചനയുണ്ട്. പൊതുവിൽ മന്ത്രിമാർക്കെതിരായ കരിങ്കൊടി പ്രതിഷേധവും മറ്റും ഒൗദ്യോഗിക പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഉണ്ടാകുന്നത്. കണ്ണൂരിൽ മന്ത്രി ട്രെയിനിൽ പോകാൻ ഒരുങ്ങുമ്പോഴാണ് അക്രമിച്ചത്. റെയിൽവേ സ്‌റ്റേഷനിൽ പൊലീസ് സുരക്ഷ കാര്യമായി ഉണ്ടാകില്ല എന്നറിഞ്ഞാണ് അക്രമം.
മന്ത്രിവസതിയിൽ റീത്തുവച്ചതിനെ ന്യായികരിച്ച വി ഡി സതീശൻ അടക്കമുള്ള നേതാക്കളുടെ ഒത്താശയാണ് ഇതിനു പിന്നിൽ. മുമ്പ് മുഖ്യമന്ത്രിയെ പോലും വിമാനത്തിൽ അക്രമിക്കാൻ കോൺഗ്രസുകാർ ശ്രമിച്ചു. അവരെയും ന്യായീകരിക്കാനാണ് കോൺഗ്രസ് നേതൃത്വം അന്ന് ശ്രമിച്ചത്. ഇത്തരത്തിലുള്ള പിന്തുണയാണ് ചാവേർ മാതൃകയിലുള്ള പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസുകാർ തയാറാകുന്നത്. ഇത്തരത്തിൽ കലാപം വിതച്ച് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് യുഡിഎഫ് ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കെ കെ രാഗേഷ് വ്യക്തമാക്കി.
സിപിഎം ഉന്നതങ്ങളിൽ രൂപപ്പെടുത്തിയ തിരക്കഥയെന്ന് മാർട്ടിൻ ജോർജ്
എന്നാൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായി ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് കെഎസ്‌യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയിയതെന്നായിരുന്നു ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജിൻ്റെ പ്രതികരണം. മന്ത്രിയെ അക്രമിക്കുകയോ കൈയേറ്റം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ആരോഗ്യവകുപ്പിൻ്റെ ഗുരുതര വീഴ്ചകൾ ഉൾപ്പെടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായി നിൽക്കുന്ന നിരവധി വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടന്നിട്ടുള്ളത്.
പൊലീസ് വലയത്തിലായിരുന്നു മന്ത്രി വീണാ ജോർജ്. പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർ മന്ത്രിക്കരികിൽ എത്തുന്നതിനുമുമ്പ് തന്നെ അവരെ പൊലീസ് പിടിച്ചു മാറ്റിയിരുന്നു. അതിനുശേഷം പരസ്യമായി കെഎസ്‌യു പ്രവർത്തകരെ വെല്ലുവിളിക്കുന്ന രീതിയിൽ മന്ത്രി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. സംഭവത്തിനുശേഷം യാതൊരു കുഴപ്പവും ഇല്ലാതെ നടന്നുനീങ്ങിയ മന്ത്രിയെ പിന്നീട് സിപിഎം ഉന്നതങ്ങളിൽ രൂപപ്പെടുത്തിയ തിരക്കഥയനുസരിച്ചാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
മന്ത്രിയെ ആക്രമിച്ചുവെന്ന പ്രചരണം വ്യാപകമായി നടത്തി അതിൻ്റെ പേരിൽ സംസ്ഥാനത്തുടനീളം കലാപം അഴിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. കൃത്യമായ തിരക്കഥ ഇതിന് പിന്നിലുണ്ട്. മന്ത്രിയുടെ കൈക്ക് പരിക്കേറ്റു എന്ന് പറഞ്ഞു സിപിഎം സൈബറിടങ്ങളിൽ പ്രദർശിപ്പിക്കുന്ന പാട് മന്ത്രിയുടെ നേരത്തെയുള്ള ദൃശ്യങ്ങളിലും കാണാം. ദൃശ്യമാധ്യമങ്ങളെ അടക്കം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻകൂട്ടി സജ്ജമാക്കിയതും കൃത്യമായ തിരക്കഥ അനുസരിച്ച് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയതുമൊക്കെ നേരത്തെ പ്ലാൻ ചെയ്തത് പ്രകാരമാണെന്ന് വ്യക്തമാണ്.
സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം. കെഎസ്‌യു പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു വേണം കാര്യങ്ങൾ വിലയിരുത്താൻ. കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ഏതെങ്കിലും ഒരു ദൃശ്യം സിപിഎമ്മിൻ്റെ പാർട്ടി ചാനൽ പോലും പുറത്തു വിട്ടിട്ടില്ല. ഇല്ലാത്ത അക്രമം നടന്നു എന്ന് വരുത്തി പ്രതികൂലമായ രാഷ്ട്രീയ അന്തരീക്ഷത്തെ മറികടക്കാനുള്ള ഗൂഢ തന്ത്രമാണ് സിപിഎം നേതൃത്വം കൈക്കൊള്ളുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയും. കരിങ്കൊടി പ്രതിഷേധം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. മന്ത്രിമാരെ കായികമായി നേരിടുന്നതൊന്നും കോൺഗ്രസിൻ്റെയോ പോഷക സംഘടനകളുടെയോ ശൈലിയല്ല. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിച്ച സിപിഎമ്മുകാരുടെ ക്രിമിനൽ മനസല്ല കോൺഗ്രസ് പോഷക സംഘടനാ പ്രവർത്തകർക്കെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി ആണെന്ന് തെളിയിച്ചുവെന്ന് കെ സുധാകരൻ
വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി ആണെന്ന് തെളിയിച്ചുവെന്ന് കെ സുധാകരൻ എംപി വ്യക്തമാക്കി. കേരളത്തിലെ ആരോഗ്യ മന്ത്രിയെ ആക്രമിച്ചുവെന്ന തരത്തിൽ സിപിഎം പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതവും സിപിഎമ്മിൻ്റെ രാഷ്ട്രീയ നാടകവുമാണ്. സംഭവവുമായി ബന്ധപ്പെട്ട് കാണിക്കുന്ന ദൃശ്യങ്ങളിൽ നിന്നെല്ലാം ആക്രമണവും, പരിക്കേറ്റുവെന്ന അവകാശവാദങ്ങളും യഥാർഥ സംഭവവികാസങ്ങളുമായി ബന്ധവുമില്ലെന്ന് വ്യക്തമാവുകയാണ്.
സംഭവസ്ഥലത്തുണ്ടായിരുന്ന കെഎസ്‌യു കുട്ടികൾ ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ചിട്ടുണ്ട്. കുട്ടികൾ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും അവരിൽ നിന്നൊരു അക്രമ പ്രവൃത്തി ഉണ്ടായിട്ടില്ലെന്നും ദൃക്സാക്ഷി മൊഴികളും ലഭ്യമായ വിവരങ്ങളും വ്യക്തമായി സൂചിപ്പിക്കുന്നു. കേരളത്തിലെ മൊത്തം ദൃശ്യമാധ്യമങ്ങൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിൽ കെഎസ് യു കുട്ടികൾ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം ഉണ്ടോ? സിപിഎമ്മിൻ്റെ കൈരളി ചാനൽ അടക്കമുള്ള ചാനലുകൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നല്ലോ? ഈ ചാനലുകളിൽ ഒന്നിലും തന്നെ കെഎസ്‌യു വിദ്യാർഥികൾ മന്ത്രിയെ ആക്രമിക്കുന്ന ഒരു ദൃശ്യവും വന്നിട്ടില്ല. അതിനുപകരം പ്രതിഷേധക്കാരോട് അങ്ങോട്ട് ആക്രോശിക്കുന്ന മന്ത്രിയുടെ ദൃശ്യമാണുള്ളതെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.
Also Read: മന്ത്രിക്ക് പരിക്കോ അതോ 'മോണോ ആക്ടോ'?; ചിത്രങ്ങളും ദൃശ്യങ്ങളുമായി കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍

