ETV Bharat / state

കനക്കുന്ന വേനൽ; മാർച്ചിൽ വടക്കൻ കേരളം ചുട്ടുപൊള്ളും, തെക്ക് ചൂട് കുറയും, കടലിലും ചൂടേറുന്നു

കേരളത്തിൽ വരും മാസങ്ങളിൽ ചൂട് കൂടുമെന്നും വടക്കൻ ജില്ലകളിൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ്. കടൽ ചൂടാകുന്നതോടെ മത്സ്യങ്ങൾ ഉൾക്കടലിലേക്ക് നീങ്ങുന്നത് തീരദേശ മേഖലയെ പ്രതിസന്ധിയിലാക്കും.

HEATWAVE ALERT
മാർച്ചിൽ വടക്കൻ കേരളം ചുട്ടുപൊള്ളും (പ്രതീകാത്മക ചിത്രം) (ETV Bharat)
author img

By ETV Bharat Kerala Team

Published : March 2, 2026 at 4:26 PM IST

3 Min Read
Choose ETV Bharat

കാസർകോട്: കേരളത്തിൽ വരും മാസങ്ങളിൽ ചൂട് ശരാശരിയേക്കാൾ വർധിക്കുമെന്നും മാർച്ച്‌ മാസം വടക്കൻ കേരളം ചുട്ടുപൊള്ളുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പകൽ സമയത്ത് ചൂട് കൂടും, പ്രത്യേകിച്ച് രണ്ട് മണി മുതൽ മൂന്ന് വരെ താപ നില ഉയരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിഗമനം. അതേ സമയം മാർച്ച്‌ മാസം തെക്കൻ കേരളത്തിൽ താപനില കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മേധാവി നീത കെ ഗോപാൽ ഇ ടിവി ഭാരതിനോട് പറഞ്ഞു.

മഴ പെയ്താലും ചൂട് കുറയില്ല

കേരളത്തിൽ മഴ സാധ്യതയും ശരാശരിയെക്കാൾ കൂടുതൽ ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇത് താപ നിലയുമായി താരതമ്യം ചെയ്യാൻ കഴിയില്ല. വൈകുന്നേരങ്ങളിൽ മേഘങ്ങൾ ഇരുണ്ടുകൂടി മഴ പെയ്താലും രാവിലെ ആകുമ്പോഴേക്കും ആകാശം പൂർണമായും തെളിയും. ഇതോടെ പകൽ സമയം ചൂട് കൂടും. 2025 ൽ മാർച്ച്‌ പകുതിയോടെ വേനൽ മഴ എത്തിയിരുന്നു. ഇത് പിന്നീട് കാലവർഷം വരെ മഴ തുടർന്നു. കഴിഞ്ഞ ദിവസങ്ങളിൽ മധ്യ -തെക്കൻ കേരളത്തിൽ മഴ വ്യാപകമായി മഴ ലഭിച്ചിരുന്നു. ഇത് താപനില കുറയാൻ കാരണമായി. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചു. ഇതോടെ നിലവിൽ ഇന്ന് താപ നിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ശരാശരിയെക്കാൾ താപനില ഉയർന്നത് പുനലൂരിൽ ആണ്. 36 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.



കരയ്‌ക്കൊപ്പം കടലും ചൂടാകുന്നു

കരയിലെ ചൂട് പോലെ തന്നെ ആശങ്കയുണ്ടാക്കുന്നതാണ് കടലിലെ താപനില വർധനവ്. വരും ദിവസങ്ങളിൽ ചൂട് കൂടിയാൽ കടലിനെയും ബാധിക്കും. ഇതോടെ മത്സ്യങ്ങളും തണുപ്പ് തേടി ഉൾക്കടലിൻ്റെ അടിത്തട്ടിലേക്ക് നീങ്ങി തുടങ്ങും. മത്സ്യ ബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് മീൻ കിട്ടാതെ വരും. മാർച്ച്, ഏപ്രിൽ, മെയ്‌ മാസങ്ങളിലെ ചൂട് മത്സ്യ ലഭ്യതയെ സാരമായി തന്നെ ബാധിക്കും.


അടുത്ത ദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മത്സ്യങ്ങൾക്ക് നിൽക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ അത് സുരക്ഷിത മേഖലയിലേക്ക് നീങ്ങും. ചൂട് കാരണം അവയുടെ ആഹാരമാകുന്ന സൂക്ഷ്മ ജീവികൾ ഇല്ലാതാകും. ഇതോടെ ഇവ ഉൾക്കടലിലേക്ക് കൂട്ടമായി പോകും. കടലിലെ താപനില സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ നൽകാറുണ്ട്.


കടലിൽ ചൂട് കൂടിയാൽ എന്ത് സംഭവിക്കും?


കടലിൽ ചൂട് കൂടിയാൽ മത്സ്യങ്ങൾ മുകൾത്തട്ടിലേക്കു വരാതെ ചൂട് കുറഞ്ഞിടത്തേക്ക് പോകും. ഇതോടെ മത്സ്യ ലഭ്യത കുറയുന്നത് മത്സ്യ തൊഴിലാളികളെ ബാധിക്കും. സമുദ്ര താപനിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും മത്സ്യസമ്പത്തിനെ ബാധിക്കും. താപനില കൂടുതലായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽദിവസം കടലിൽ തങ്ങാനുമാകില്ല.

അയൽ സംസ്ഥാനങ്ങളിൽ കേരളത്തിൽനിന്നുള്ള യാനങ്ങൾക്ക് വിലക്കുള്ളതിനാൽ അവിടെപ്പോയും മീൻപിടിക്കാനാകില്ല. ഇതോടെ തമിഴ്നാട്, ആന്ധ്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതലായി മത്സ്യങ്ങൾ എത്തുന്ന സ്ഥിതി വരും.


സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്നത് വിഴിഞ്ഞത്തിനു വടക്കുവശം മുതൽ കൊച്ചിക്ക് തെക്കുവശം വരെയുള്ള കൊല്ലം ഫിഷിങ് ബാങ്കിലാണ്. എന്നാൽ ഇവിടെനിന്ന് നേരത്തേ ഉള്ളതിൻ്റെ നാലിലൊന്ന് മത്സ്യം പോലും ലഭിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.


പാമ്പുകളും അപകടകാരികളാകും


ചൂട് കൂടുമ്പോൾ പാമ്പുകളെയും ശ്രദ്ധിക്കണം. ഇവ മാളം വിട്ട് തണുപ്പുള്ള സ്ഥലങ്ങൾ തേടി പുറത്ത് ഇറങ്ങും. വീടിൻ്റെ പരിസരങ്ങളിലും ചെടിച്ചട്ടികൾക്കിടയിലും ഇനി കൂടുതൽ ശ്രദ്ധവേണം. ഇണ ചേരുന്ന സമയം കൂടിയായതിനാൽ വഴിയിലും വീട്ടുമുറ്റങ്ങളിലും എന്നു വേണ്ട എവിടെയും പാമ്പുകളെ കാണാനിടയുണ്ട്. വെള്ളിക്കെട്ടൻ, മൂർഖൻ, ചുരുട്ടമണ്ഡലി, അണലി തുടങ്ങിയ " ബിഗ് 4" ഇനത്തിൽപ്പെട്ട പാമ്പുകളാണ് ഏറ്റവും അപകടകാരികൾ.


ഇവയുടെ കടിയേൽക്കാതിരിക്കാൻ ജാഗ്രതയും മുൻകരുതലുകളും എടുക്കണം. കാരണം ഈ നാലു പാമ്പുകളാണ് മരണത്തിനു പ്രധാനമായും കാരണമാകുന്നതായി കണ്ടെത്തിയിട്ടുള്ളത്. മറ്റു പാമ്പുകളെക്കാൾ വിഷം കൂടുതലുള്ള പാമ്പുകളാണിത്.


സാധാരണ 28 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പാമ്പുകൾക്ക് സുഖമായി ജീവിക്കാൻ സാധിക്കും. അതേസമയം
താപനില കൂടുമ്പോൾ ശരീര താപനില നിയന്ത്രിക്കാൻ വേണ്ടിയാണ് അവ തണുപ്പുള്ള സ്ഥലങ്ങൾ തേടി പോവുന്നത്. വേനൽക്കാലത്ത് പാമ്പുകടിയേറ്റാൽ കൂടുതൽ വിഷം ശരീരത്തിൽ കയറാനുള്ള സാധ്യതയുമുണ്ട്.
പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 75% ൽ ഏറെയും ഇവയുടെ കടിയേറ്റാണെന്ന് വനംവകുപ്പിൻ്റെ കണ്ടെത്തൽ.

Also Read: ആഗോള അയ്യപ്പ സംഗമം: വരവ് - ചെലവ് കണക്കുകളിൽ കുരുക്ക്; ഹൈക്കോടതി നേരിട്ട് പരിശോധിക്കും