ആഗോള അയ്യപ്പ സംഗമം: വരവ് - ചെലവ് കണക്കുകളിൽ കുരുക്ക്; ഹൈക്കോടതി നേരിട്ട് പരിശോധിക്കും
ആഗോള അയ്യപ്പ സംഗമത്തിലെ വരവ്-ചെലവ് കണക്കുകളിലെ പൊരുത്തക്കേടുകളെത്തുടർന്ന് രേഖകൾ ഹൈക്കോടതി നേരിട്ട് പരിശോധിക്കുന്നു. ടെൻഡർ ലംഘനം, ജിഎസ്‌ടി ക്രമക്കേട്, രണ്ട് കോടി രൂപയുടെ ബാധ്യത എന്നിവയിലാണ് കോടതിയുടെ നിർണായക ഇടപെടൽ.

Published : March 2, 2026 at 3:48 PM IST
എറണാകുളം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന്, പരിപാടിയുടെ വരവ് - ചെലവ് കണക്കുകൾ ഹൈക്കോടതി നേരിട്ട് പരിശോധിക്കുന്നു. വിഷയത്തിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിച്ച കോടതി, കണക്കുകൾ ഓഡിറ്റ് ചെയ്ത സ്വകാര്യ സ്ഥാപനമായ വിജയൻ അസോസിയേറ്റ്സിനെ കേസിൽ കക്ഷി ചേർത്തു. ആഗോള അയ്യപ്പസംഗമത്തിൻ്റെ വരവ് - ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് രേഖകൾ നേരിട്ട് പരിശോധിക്കാനുള്ള ഹൈക്കോടതിയുടെ ഇടപെടൽ.
കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ നിലനിൽക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഓഡിറ്റ് സ്ഥാപനത്തോട് കൃത്യമായ വിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം ബോർഡ് ഓഡിറ്റ് സ്ഥാപനത്തിന് നൽകിയ രേഖകളാകും കോടതി പ്രധാനമായും പരിശോധിക്കുക.
നിർമാണ പ്രവർത്തനങ്ങൾക്കുള്ള കരാറുകൾ നൽകിയത് കൃത്യമായ ടെൻഡർ നടപടികൾ പാലിക്കാതെയാണെന്ന ക്രമക്കേട് ഹൈക്കോടതി നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. വാങ്ങിയ സാധനങ്ങളും സമർപ്പിച്ച ബില്ലുകളും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ട്. വാങ്ങിയ 150 കിടക്കകളിൽ 50 എണ്ണത്തെക്കുറിച്ച് വിവരമില്ല. പരിപാടിക്ക് എത്തിയവർക്ക് പ്രസാദം നൽകിയതുമായി ബന്ധപ്പെട്ട് യാതൊരു കണക്കുകളും ഹാജരാക്കിയിട്ടില്ല. ദേവസ്വം ബോർഡിൽ നിന്നു വാങ്ങിയ രണ്ട് കോടി രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ല എന്നും കോടതി കണ്ടെത്തിയിരുന്നു.
ജിഎസ്‌ടി ബില്ലുകളിലും വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. കണക്കുകൾ നേരിട്ട് പരിശോധിക്കുന്നതിലൂടെ സാമ്പത്തിക ദുരുപയോഗം നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകുമെന്നാണ് കോടതിയുടെ വിലയിരുത്തൽ. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി വെച്ചു.
ആഗോള അയ്യപ്പ സംഗമം പരിപാടിക്കായി സ്പോൺസർഷിപ്പ് വഴി 4.25 കോടി രൂപ ലഭിച്ചുവെന്ന് സംഘാടകർ അവകാശപ്പെടുമ്പോഴും ചെലവ് ഇതിലും വളരെ കൂടുതലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദേവസ്വം ബോർഡിന്‍റെ പണം എടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, പിന്നീട് തിരികെ അടയ്ക്കാമെന്ന വ്യവസ്ഥയിൽ രണ്ട് കോടി രൂപ ബോർഡ് ഫണ്ടിൽ നിന്നും വകയിരുത്തിയിരുന്നു. ഈ തുക ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല പരിപാടിയുമായി ബന്ധപ്പെട്ട് മൂന്ന് കോടിയിലധികം രൂപയുടെ കടബാധ്യത നിലനിൽക്കുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. ബില്ലുകളും വൗച്ചറുകളും ഹാജരാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ച ഓഡിറ്റിംഗ് വൈകാൻ കാരണമായെന്നും ആരോപണം ഉയര്‍ന്നിരുന്നു.
2025 സെപ്റ്റംബറിൽ നടന്ന സംഗമത്തിന്‍റെ കണക്കുകൾ ഒരു മാസത്തിനുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജനുവരി 8-ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 11ന് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Also Read: ശബരിമലയിൽ യുവതീപ്രവേശനം വേണ്ട; സുപ്രീം കോടതിയിൽ നിലപാട് മാറ്റാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

