'കേരള സ്റ്റോറി' ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും; സിനിമ കാണുന്ന തീയതിയിൽ തീരുമാനമായില്ല
സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാതാക്കള്‍ക്ക് കൃത്യമായ പ്രദര്‍ശനസമയം കോടതിയെ അറിയിക്കാന്‍ സാധിച്ചില്ല.

Published : February 24, 2026 at 2:36 PM IST
എറണാകുളം: വിവാദ ചിത്രം 'കേരള സ്റ്റോറി'യുടെ പ്രദർശനവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. സിനിമ കോടതി എന്ന് കാണുമെന്ന കാര്യത്തിൽ ഇന്നത്തെ വാദത്തിനിടെ അന്തിമ തീരുമാനമായില്ല. ജഡ്ജിമാർ സിനിമ കാണുന്ന തീയതിയും സമയവും നിശ്ചയിക്കുന്നതിനായി ഹർജി നാളെ പരിഗണിക്കാൻ മാറ്റിവെച്ചു.
നേരത്തെ സിനിമ കാണുന്ന സമയം സംബന്ധിച്ച് തീരുമാനമെടുക്കാൻ നിർമ്മാതാക്കളോട് ഇന്ന് ഉച്ചയ്ക്ക് 1.45-ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാതാക്കള്‍ക്ക് കൃത്യമായ പ്രദര്‍ശനസമയം കോടതിയെ അറിയിക്കാന്‍ സാധിച്ചില്ല. പ്രദർശനത്തിന്‍റെ തീയതി സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് നടപടികൾ നാളത്തേക്ക് നീട്ടിയത്.
സിനിമയുടെ ഉള്ളടക്കം കേരളത്തിന് എതിരെയാണെന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കുമെന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു. ലവ് ജിഹാദിന്‍റെ ഇരകൾ എന്ന പേരിൽ ഒരു കൂട്ടം യുവതികളെ നിർമ്മാതാക്കൾ അവതരിപ്പിച്ചുവെന്നും എന്നാൽ അതിൽ കേരളത്തിൽ നിന്നുള്ള ഒരാൾ പോലും ഉണ്ടായിരുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. വസ്തുതകൾ ഇല്ലാതിരുന്നിട്ടും സിനിമയ്ക്ക് 'കേരള സ്റ്റോറി' എന്ന് പേര് നൽകിയത് കേരളത്തെയും ഇവിടുത്തെ സമൂഹത്തെയും മോശമായി ചിത്രീകരിക്കാനാണെന്ന് ഹർജിക്കാർ വാദിച്ചു. അതുകൊണ്ട് തന്നെ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
മതേതരത്വത്തിന്‍റെ നാടാണ് കേരളമെന്നും ഇവിടെ എല്ലാവരും സൗഹാർദ്ദപരമായാണ് ജീവിക്കുന്നതെന്നും നിർമ്മാതാക്കളെ കോടതി ഓർമ്മിപ്പിച്ചു. മുൻപ് 'ഹാൽ' എന്ന ചിത്രത്തിലെ ചില വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയ കോടതി, അതേ മാനദണ്ഡം കേരള സ്റ്റോറിക്കും ബാധകമാണെന്ന് വ്യക്തമാക്കി.
അതേസമയം, ഏതെങ്കിലും പ്രത്യേക മതത്തെയോ വിഭാഗത്തെയോ ബാധിക്കുന്ന ഭാഗങ്ങൾ സിനിമയിലില്ലെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. സിനിമയുടെ വിവാദമായ ടീസറും ട്രെയിലറും പിൻവലിക്കാമെന്ന് നിർമ്മാതാക്കൾ കോടതിയിൽ ഉറപ്പ് നൽകി. കോടതി എന്ന് സിനിമ കാണുമെന്ന കാര്യത്തിൽ നാളത്തെ സിറ്റിംഗിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
അതേസമയം, കേരള സ്റ്റോറി രണ്ടാം ഭാഗത്തിൽ പറയുന്നതിൽ എന്തെങ്കിലും കള്ളമുണ്ടെങ്കിൽ ആരോപണം ഉന്നയിക്കുന്നവർ അത് തെളിയിക്കണമെന്നും കാര്യങ്ങൾ കള്ളമാണെന്ന് തെളിഞ്ഞാൽ എന്നന്നേയ്ക്കുമായി താൻ ചലച്ചിത്ര നിർമാണം നിർത്തുമെന്നുമാണ് സംവിധായകൻ കാമാഖ്യ നാരായൺ സിങ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പൂർണമായും സത്യസന്ധമായാണ് കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗം നിർമിച്ചിരിക്കുന്നതെന്നുമാണ് സംവിധായകൻ കാമാഖ്യ നാരായൺ സിങ്ങ് മുന്നോട്ട് വയ്ക്കുന്ന വാദം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിർബന്ധിത മത പരിവർത്തനം പോലുള്ള വിഷയത്തെ കുറിച്ച് സിനിമ ചിത്രീകരിക്കാൻ മുൻ അനുഭവങ്ങൾ സഹായകരമായി. സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ഡോക്യുമെൻ്ററികൾ നിർമ്മിച്ചപ്പോഴുണ്ടായ അനുഭവം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം നിർമിക്കുന്നതിൽ സഹായകരമായെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
"ചോദ്യങ്ങൾ ഉയർത്തുകയും ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ സിനിമകളാണ് ഞാൻ നിർമിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഒരു സിനിമയോ ഡോക്യുമെൻ്ററിയോ പുറത്തിറക്കുന്നതിന് മുമ്പ് ഡോക്യുമെൻ്ററിയിൽ പ്രതിപാദിക്കുന്ന പ്രശ്‌നത്തെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയ ശേഷമാണ് സിനിമ ചിത്രീകരണം തുടങ്ങാറുള്ളൂ," കാമാഖ്യ നാരായൺ സിങ് കൂട്ടിച്ചേർത്തു.
ദൈവത്തിൻ്റെ നാടായ കേരളത്തിലെ തിന്മ എത്രയും വേഗം തുടച്ചുനീക്കപ്പെടണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കേരളാ സ്റ്റോറി രണ്ടാം ഭാഗത്തിൻ്റെ നിർമ്മാതാവ് വിപുല്‍ അമൃത്‌ലാൽ ഷാ വ്യക്തമാക്കി. യഥാർഥത്തിൽ സംഭവിച്ചതും കോടതിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ നിന്നുമാണ് ഇത്തരത്തിലുള്ള കഥയ്ക്ക് പ്രചോദനം ലഭിച്ചതെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു.

