കശുവണ്ടി കോർപ്പറേഷൻ അഴിമതി; പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതികൾക്ക് ലഭിച്ചതിൽ വിമർശനം ആവർത്തിച്ച് ഹൈക്കോടതി
എങ്ങനെയാണ് പ്രതിക്ക് പകർപ്പ് നൽകിയതടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കി അധിക റിപ്പോർട്ട് നൽകണമെന്ന് സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി.

Published : September 2, 2026 at 4:36 PM IST
എറണാകുളം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതികൾക്ക് ലഭിച്ചതിൽ വിമർശനം ആവർത്തിച്ച് ഹൈക്കോടതി. പ്രതിക്ക് പകർപ്പ് നൽകാൻ ഏത് നിയമ വ്യവസ്ഥയിലാണ് അധികാരമെന്ന് കോടതി ചോദിച്ചു. ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകണം. എങ്ങനെയാണ് പ്രതിക്ക് പകർപ്പ് നൽകിയത്, ഇമെയിൽ വഴിയാണോ, പോസ്റ്റൽ വഴിയാണോ എന്ന് വ്യക്തമാക്കി അധിക റിപ്പോർട്ട് നൽകണമെന്നും സിംഗിൾ ബെഞ്ച് സർക്കാരിന് നിർദേശം നൽകി.
പ്രതി കോടതിയെ അധിക്ഷേപിച്ച് വാർത്താസമ്മേളനം നടത്തിയെന്നും ഈ പ്രവൃത്തി അങ്ങേയറ്റം ഗുരുതരമാണെന്നും കോടതി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥർക്ക് രാജാവിനേക്കാൾ രാജഭക്തിയെന്നും കോടതി പരിഹസിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ പ്രതിയായ കെ എ രതീഷിന് യുഡിഎഫ് സർക്കാർ വീണ്ടും ചുമതല നൽകിയത് ചോദ്യം ചെയ്‌തു കൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനും എംഡിയുമായിരിക്കെ, ആർ ചന്ദ്രശേഖരനും കെ എ രതീഷും അഴിമതി നടത്തിയെന്നാണ് കേസ്.
കേസിൻ്റെ പശ്ചാത്തലം
2006 മുതൽ 2015 വരെയുള്ള കാലയളവിൽ വിദേശത്തുനിന്ന് വിദേശ വിപണി മാനദണ്ഡങ്ങൾ ലംഘിച്ച് ഗുണനിലവാരമില്ലാത്ത അസംസ്‌ക്യത കശുവണ്ടി ഇറക്കുമതി ചെയ്‌തു. ഏകദേശം 500 കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് സിബിഐ കേസ്. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനായിരുന്ന ആർ ചന്ദ്രശേഖരനും എംഡിയായിരുന്ന കെ എ രതീഷും സ്വകാര്യ കരാറുകാരുമായി ഗൂഢാലോചനയും അഴിമതിയും നടത്തിയെന്ന് കണ്ടെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടക്കത്തിൽ വഞ്ചനാക്കുറ്റം (IPC 420, 120B) മാത്രമാണ് സിബിഐ ചുമത്തിയിരുന്നതെങ്കിലും സർക്കാർ വിചാരണാനുമതി നൽകിയതിനെ തുടർന്ന് സിബിഐ കേസിൽ അഴിമതി നിരോധന നിയമത്തിലെ കടുത്ത വകുപ്പുകൾ കൂടി അടുത്തിടെ ഉൾപ്പെടുത്തി. തിരുവനന്തപുരം സിജെഎം കോടതിയിൽ അനുബന്ധ കുറ്റപത്രവും നൽകി. അഴിമതിക്കേസിൽ പ്രതിയായ കെഎ രതീഷ് സർക്കാരിൻ്റെ സുപ്രധാന പദവികളിൽ തുടരുന്നതിനെതിരെയും ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
തുടർന്ന് അദ്ദേഹം സ്ഥാനം രാജിവയ്‌ക്കുകയായിരുന്നു. പ്രോസിക്യൂഷൻ അനുമതി നൽകിയ ഉത്തരവ് സിംഗിൾ ബെഞ്ചിൻ്റെ സമ്മർദ്ദം മൂലമാണെന്നും അത് റദ്ദാക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. എന്നാൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് പ്രതികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഹൈക്കോടതി വിമർശനം ആവർത്തിച്ചത്.

