ഡ്രൈവര്‍ സീറ്റിനടിയിലൊളിപ്പിച്ച് നോട്ട് കെട്ടുകള്‍; തോല്‍പ്പെട്ടിയില്‍ കുഴല്‍പ്പണവുമായി യുവാക്കള്‍: അറസ്റ്റ്
തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനക്കിടെ ഒന്നര കോടിയോളം കുഴൽ പണവുമായി മൂന്ന് പേരെ പൊലീസ് പിടികൂടി.

Published : August 31, 2026 at 8:39 PM IST
വയനാട്: ജില്ലയില്‍ വൻ കുഴൽപ്പണവേട്ട.തോൽപ്പെട്ടിയിൽ നിന്നും ഒന്നര കോടിയോളം കുഴൽ പണവുമായി മൂന്ന് പേർ പിടിയിൽ. കോഴിക്കോട് വടകര സ്വദേശി അമീന കൊട്ടേജ് പ്രഭു രാജ് (20), കണ്ണൂർ സ്വദേശി സ്വപ്‌നിൽ (23), മഹാരാഷ്ട്ര ഭാൽവാണി സ്വദേശി രാഹുൽ (26) എന്നിവരെയാണ് തിരുനെല്ലി പൊലീസും ഡാൻസഫ് ടീമും അറസ്റ്റ് ചെയ്‌തത്.
തോൽപ്പെട്ടിയിൽ നടത്തിയ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്ത് നിന്നും വന്ന കാറില്‍ കുഴല്‍പ്പണം കണ്ടെത്തിയത്. കെഎ 13 Z 9121 എന്ന നമ്പർ പ്ലേറ്റുള്ള വാഹനത്തില്‍ നിന്നാണ് പണം പിടികൂടിയത്. വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഡ്രൈവറുടെ സീറ്റിനടിയില്‍ നിന്നും പണം കണ്ടെത്തിയത്. സീറ്റിൻ്റെ അടിഭാഗത്ത് രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് 1,44,50,000 പിടിച്ചെടുത്തത്.
സർക്കിൾ ഇൻസ്‌പെക്‌ടർ ടിഎം നിധീഷിൻ്റെ നേതൃത്വത്തിൽ തിരുനെല്ലി സ്റ്റേഷൻ എസ്എച്ചഒ എംസി പവനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജലീൽ, ബിജു, അഷ്‌റഫ്, സിവിൽ പൊലീസ് ഓഫിസർമാരായ ജിതിൻ, അഷ്‌റഫ്, ഡിജേഷ് ജോബിൻസ്, മുരളികൃഷ്‌ണൻ തുടങ്ങിയവരാണ് പരിശോധന നടത്തിയത്. പൊലീസ് കർശന പരിശോധന നടത്തുന്നതിനാൽ നിരവധി സ്ഥലങ്ങളിൽ നിന്ന് കള്ളപ്പണം പിടിച്ചെടുത്തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമാന സംഭവം
ഈ വർഷം മെയ്‌യില്‍ കൊല്ലം പുനലൂരിൽ രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച 25 ലക്ഷം കള്ളപ്പണം പൊലീസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പുനലൂർ റെയിൽവേ പൊലീസിൻ്റെ പിടിയിലാവുകയും ചെയ്‌തു. കൊട്ടാരക്കര പുത്തൂർ സ്വദേശി ആനന്ദാണ് പുനലൂർ റെയിൽവേ പൊലീസിൻ്റെ പിടിയിലായത്.

രാത്രി പുനലൂർ റെയിൽവേ പൊലീസിൻ്റെ നേതൃത്വത്തിൽ കൊല്ലം- ചെന്നൈ എഗ്മോർ ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻ്റിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് പണം പിടികൂടിയത്. പരിശോധനയിൽ ആനന്ദിൻ്റെ കൈയിലുണ്ടായിരുന്ന ബാഗിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. ഒരു ലക്ഷത്തിൻ്റെ 25 കെട്ടുകൾ ആയാണ് പണം സൂക്ഷിച്ചിരുന്നത്.

