അയത്തൊള്ള അലി ഖമേനിയുടെ ചിന്തകൾ മലയാളിക്ക് നൽകിയ വിവർത്തകൻ; മലപ്പുറത്തെ ഹംസയുടെ അക്ഷരയാത്ര
ഖമേനിയെ നേരിൽ കണ്ടിട്ടുള്ള അപൂർവം മലയാളികളിലൊരാളായ ഹംസ അദ്ദേഹത്തിൻ്റെ വിഖ്യാത കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തും പ്രശസ്തനാണ്

Published : March 2, 2026 at 2:53 PM IST
കോഴിക്കോട്: ഇറാൻ്റെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമേനിയുടെ വധം ആഗോളതലത്തിൽ ചർച്ചയാകുമ്പോൾ, ആ വ്യക്തിത്വത്തെ അടുത്തറിഞ്ഞും അദ്ദേഹത്തിൻ്റെ ചിന്തകൾ മലയാളികൾക്ക് പകർന്നുനൽകിയും ചെയ്ത ഒരു വ്യക്തിയുണ്ട് മലപ്പുറത്ത്. പാലക്കാട് അതിർത്തിയിലെ കർക്കിടാംകുന്ന് സ്വദേശിയായ ഹംസ, ഖമേനിയുടെ വിഖ്യാത കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത അപൂർവ വ്യക്തിത്വങ്ങളിൽ ഒരാളാണ്.
1980-കളിൽ ഹൈദരാബാദിൽ നടന്ന ഒരു സമ്മേളനത്തിൽ അതിഥിയായി എത്തിയ ഖമേനിയെ കേൾവിക്കാരനായി ഇരുന്നാണ് ഹംസ ആദ്യമായി കാണുന്നത്. പിന്നീട് 1985-ൽ ഇറാൻ വിപ്ലവ വാർഷികത്തിന് അതിഥിയായി പോയപ്പോൾ ഇറാൻ പ്രസിഡൻ്റായിരുന്ന ഖമേനിയെ വീണ്ടും നേരിൽ കണ്ടു.
"ഇറാൻ പാർലമെൻ്റായ മജ്ലിസിലെ ചടങ്ങിന് ശേഷം നിലത്ത് വിരിച്ച പായയിൽ ഞങ്ങൾക്കൊപ്പമാണ് അദ്ദേഹം ഇരുന്നത്. തൊട്ടടുത്തിരുന്നിട്ടും അന്ന് സംസാരിക്കാൻ കഴിഞ്ഞില്ല," ഹംസ ആ പഴയ ഓർമകൾ പങ്കുവെക്കുന്നു.

നാലാം ക്ലാസ്സുകാരൻ്റെ അക്ഷരയാത്ര
നാലാം ക്ലാസ്സ് മാത്രം അടിസ്ഥാന വിദ്യാഭ്യാസമുള്ള ഹംസയ്ക്ക് അറബി, പേർഷ്യൻ, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ ആറ് ഭാഷകളിൽ അഗാധ പാണ്ഡിത്യമുണ്ട്. സ്വയം പഠിച്ചെടുത്ത അറിവുകൾ ഉപയോഗിച്ച് 18 വയസ്സ് മുതൽ 71 വയസ്സ് വരെ അദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
ഡൽഹിയിലെ ഇറാൻ കൾച്ചറൽ സെൻ്ററിൽ നിന്ന് ലഭിച്ച ഖമേനിയുടെ പുസ്തകം 'ഇസ്ലാമിക ചിന്തയുടെ പൊതു മാതൃക ഖുർആനിൽ' എന്ന പേരിൽ അദ്ദേഹം മലയാളത്തിലേക്ക് തർജമ ചെയ്തു. ഇന്ത്യയോട് ഖമേനിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നുവെന്ന് ഈ പുസ്തകത്തെ അവലംബിച്ച് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
അക്ഷരങ്ങളുടെ ലോകത്ത് ഒറ്റത്തടിയായി
നിലവിൽ പേർഷ്യൻ ക്ലാസിക്കിലെ 27,000 വരികൾ വരുന്ന കവിതയുടെ വിവർത്തനത്തിലാണ് ഈ 73-കാരൻ. ഇതിൻ്റെ ഒരു ഭാഗം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉച്ചാരക്കടവിലെ തൻ്റെ ചെറിയ മുറിയിൽ പുസ്തകങ്ങൾക്കിടയിൽ ഇരുന്നാണ് അദ്ദേഹത്തിൻ്റെ വായനയും എഴുത്തും.
മുസ്ലിം ഷിയാ വിഭാഗങ്ങൾ കേരളത്തിൽ വളരെ കുറവായതുകൊണ്ട് തന്നെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധം ഇവിടെ ഒരുതരത്തിലുള്ള ചലനവും ഉണ്ടാക്കിയിട്ടില്ല. എന്നാൽ ബെംഗളൂരുവിന് അടുത്തുള്ള ഇറാൻ ഗ്രാമമായ അലിപ്പൂരിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അതുപോലെ ജമ്മു കാശ്മീർ, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ പ്രദേശങ്ങളിലും വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉണ്ടെന്ന് ഹംസ പറഞ്ഞു. ഒറ്റത്തടിയായി ജീവിക്കുമ്പോഴും തനിക്ക് ലഭിച്ച അറിവുകൾ ലോകത്തിന് പകർന്നു നൽകുന്നതിലാണ് ഈ പണ്ഡിതൻ്റെ ആഹ്ലാദം.
Also Read: ശബരിമലയിൽ യുവതീപ്രവേശനം വേണ്ട; സുപ്രീം കോടതിയിൽ നിലപാട് മാറ്റാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

