ETV Bharat / state

തീക്കളിയില്‍ "വിറച്ച്" ഗള്‍ഫ്; മലയാളി പ്രവാസികളുടെ പ്രതികരണമിങ്ങനെ...

രാജ്യത്തിൻ്റെ പലഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങിയെന്നും ആശങ്കയുണ്ടെന്നും കുവൈറ്റിലെ പ്രവാസിയും മലപ്പുറം സ്വദേശിയുമായ മര്‍ഷദ് ഇടിവി ഭാരതിനോട് പ്രതികരിച്ചു.

ഗള്‍ഫിലെ സംഘര്‍ഷാവസ്ഥ  ഇറാൻ ആക്രമണം  gulf conflict  അബുദാബി ഇറാൻ ആക്രമണം
മിസൈല്‍ പോകുന്ന ദൃശ്യം (ഇടത്), പ്രവാസി മര്‍ഷദ് (വലത്) (ETV Bharat)
author img

By ETV Bharat Kerala Team

Published : February 28, 2026 at 3:57 PM IST

3 Min Read
Choose ETV Bharat

ഹൈദരാബാദ്: "രാത്രി വാർത്തയിൽ 48 മണിക്കൂർ നിർണായകമെന്ന് കണ്ടെങ്കിലും രാവിലെ സ്ഥിതി ഇങ്ങനെയാകുമെന്നു കരുതിയില്ല. ഖത്തര്‍ സമയം 11 മണിയോടെയാണ് വാർത്ത കാണുന്നത്. ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയെന്നും ഇറാൻ തിരിച്ചടിക്കുന്നുവെന്നും. പിന്നെ എല്ലാം പെട്ടെന്നായിരുന്നു" ഖത്തറില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിനി ഇടിവി ഭാരതിനോട് പ്രതികരിച്ചതാണിത്.

ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സൈനിക നീക്കവും തുടര്‍ന്ന് യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ്റെ തിരിച്ചടിയും കൂടിയായതോടെ ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ കടുത്ത ആശങ്കയിലാണ്. വിഷയത്തില്‍ വളരെയധികം ഭീതിയോടെ പ്രവാസികള്‍ പ്രതികരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്ക സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ്റെ തിരിച്ചടി (ETV Bharat)

ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ മൊബൈലുകളിൽ എല്ലാം അലർട്ട് സന്ദേശം തുടർച്ചയായി വരാൻ തുടങ്ങിയെന്നും കൊല്ലം സ്വദേശിനി പ്രതികരിച്ചു. അടിയന്തര സാഹചര്യം മുന്നിൽ ഉണ്ടായാൽ ഭരണകൂടത്തിൻ്റെ ഭാഗത്തു നിന്നുള്ള ഒരു അലര്‍ട്ട് സംവിധാനമാണിത് എല്ലാ റെസിഡൻ്റിന്റെയും രജിസ്‌റ്റേർഡ് നമ്പറിൽ ഒരേസമയം സന്ദേശം വരും. പിന്നേയാണ് ശബ്‌ദം കേൾക്കാൻ തുടങ്ങിയത്.

മറ്റ് ജിസിസി രാജ്യങ്ങളിലും പ്രശ്നമാണെന്ന് വാർത്ത കണ്ടു. അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം എന്ന് തോന്നുന്നു. ഇടക്കിടെ വീട് കുലുങ്ങുന്നുണ്ട്. ശബ്‌ദം കേൾക്കാം. ഇടക്ക് ആകാശത്തു പൊട്ടിത്തെറി കണ്ടു. എല്ലാവരും വീടുകളിൽ തന്നേ ഇരിക്കണം എന്നാണ് അലര്‍ട്ട്. ഓഫിസുകൾ എല്ലാം ഏറെക്കുറെ വിടാൻ തുടങ്ങി. റോഡിൽ കാറുകൾ പോലുമില്ല. തുടച്ചയായി ഇപ്പോഴും ശബ്‌ദം ഉണ്ട്. വീടും കുലുങ്ങുന്നുണ്ട്. പേടിച്ചിട്ട് അവശ്യസാധനങ്ങൾ മിക്കവരും വാങ്ങി കൂട്ടുന്നുണ്ട്. മൊത്തത്തിൽ എല്ലാരും ആശങ്കയിൽ തന്നെയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുഎഇയിലെ അബുദാബിയിൽ ഉണ്ടായ മിസൈൽ ആക്രമണവും ഒരാളുടെ മരണവും ഗൾഫിലെ മറ്റ് രാജ്യങ്ങളിലുള്ള മലയാളികൾക്കിടയിലും ഭീതി പടർത്തിയിട്ടുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങളെ ഫോണിലൂടെയും മറ്റും ബന്ധപ്പെട്ട് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനുള്ള നെട്ടോട്ടത്തിലാണ് പലരും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇവിടെയെല്ലാം ആകെ പുകയാണെന്നും ഒന്നും മനസിലാകുന്നില്ലെന്നും അബുദാബിയിലെ മലയാളി ഷമല്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു. അബുദാബിയിലെ മലയാളികളെല്ലാം ഭീതിയോടെയാണ് കഴിയുന്നത്. അബുദാബിയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം ഉണ്ടായതെന്നും പ്രവാസികളെല്ലാം വലിയ ആശങ്കയിലാണെന്നും ഷമല്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കൻ സൈനിക കേന്ദ്രത്തിൻ്റെ അടുത്താണ് ഷമല്‍ താമസിക്കുന്നത്.

ഗള്‍ഫിലെ സംഘര്‍ഷാവസ്ഥ  ഇറാൻ ആക്രമണം  gulf conflict  അബുദാബി ഇറാൻ ആക്രമണം
മിസൈല്‍ പോകുന്ന ദൃശ്യം (ETV Bharat)

രാജ്യത്തിൻ്റെ പലഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങിയെന്നും ആശങ്കയുണ്ടെന്നും കുവൈറ്റിലെ പ്രവാസിയും മലപ്പുറം സ്വദേശിയുമായ മര്‍ഷദ് ഇടിവി ഭാരതിനോട് പ്രതികരിച്ചു. നിലവില്‍ ഭരണകൂട അധികൃതര്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും എന്നാല്‍ രാജ്യത്തിൻ്റെ പലഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

"കുവൈറ്റില്‍ സൈറണ്‍ മുഴങ്ങി കൊണ്ടിരിക്കുകയാണ്, രാജ്യത്തെ വിമാനത്താവളം അടച്ചിട്ടു, കുവൈറ്റിന് മുകളിലൂടെ മിസൈലുകള്‍ പോകുന്നുണ്ട്. ചില മിസൈലുകള്‍ ആകാശത്ത് വച്ച് തന്നെ നിര്‍ജീവമാക്കിയിട്ടുണ്ട്. കുവൈറ്റില്‍ മിസൈലുകള്‍ പതിച്ചതായി അറിവില്ല, പ്രവാസികളെല്ലാം അതീവ ജാഗ്രതയിലാണ്" കുവൈറ്റിലെ പ്രവാസിയായ നളിനാക്ഷൻ ഇടിവി ഭാരതിനോട് പ്രതികരിച്ചു.

അതേസമയം, ഇസ്രയേലിലും ഇറാനിലും ജോലി ചെയ്യുന്ന മലയാളികൾ നിലവിൽ ബങ്കറുകളിലും സുരക്ഷിത കേന്ദ്രങ്ങളിലുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നൂറുകണക്കിന് മലയാളികൾ കുടുങ്ങിക്കിടക്കുകയാണ്. ഇറാൻ, ഇറാഖ് വ്യോമപാതകൾ അടച്ചതോടെ കേരളത്തിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്‌തിട്ടുണ്ട്. അവധിക്ക് നാട്ടിൽ പോകാനിരുന്നവരും തിരികെ ജോലിക്ക് കയറാനിരുന്നവരും വലിയ പ്രതിസന്ധിയിലാണ്. മേഖലയിലെ അസ്ഥിരത എല്ലാവരെയും ഒരുപോലെ ബാധിക്കുന്നുണ്ട്. സമാധാനം പുനസ്ഥാപിക്കാൻ ലോകരാജ്യങ്ങൾ ഇടപെടണമെന്നാണ് പ്രവാസ ലോകത്തിൻ്റെ പൊതുവായ ആവശ്യം

അതേസമയം, ഇറാന്‍, ഇസ്രയേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

Also Read: ഇറാൻ്റെ കൂടെയോ അതോ ഇസ്രയേലിൻ്റെ കൂടെയോ? ഇന്ത്യയുടെ നിലപാട് അറിയാം...