ETV Bharat / state

'മധുരം മലയാളം'. മലയാളം ഭരണഭാഷാ ബില്ലിൽ ഗവർണർ ഒപ്പിട്ടു; മലയാളം ഇനി ഔദ്യോഗിക ഭാഷ

അർദ്ധസർക്കാർ, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെല്ലാം പുതിയ നിയമം നടപ്പിലാക്കും. ഗവർണർ ബില്ലിന് അംഗീകാരം നൽകിയതോടെ ഉടൻ നിയമമായി പ്രാബല്യത്തിൽ വരും.

മലയാളം  ഔദ്യോഗിക ഭാഷ  ബില്‍  ഗവര്‍ണര്‍
മുഖ്യമന്ത്രിയും ഗവര്‍ണറും - ഫയല്‍ചിത്രം (facebook.com)
author img

By ETV Bharat Kerala Team

Published : March 4, 2026 at 7:10 PM IST

6 Min Read
Choose ETV Bharat


തിരുവനന്തപുരം: മലയാളം കേരളത്തിന്‍റെ ഭരണഭാഷയായി അംഗീകരിച്ച് സംസ്ഥാനം. ഇത് സംബന്ധിച്ച ബില്ലിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പിട്ടതോടെയാണ് സംസ്ഥാനത്ത് പുതുചരിത്രം രചിക്കപ്പെടുന്നത്. 2015-ൽ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് കൊണ്ടുവന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് സംസ്ഥാന സർക്കാർ പുതിയ ബില്ലുമായി മുന്നോട്ടുപോയത്.

ഭരണഘടനയ്ക്കു വിധേയമായി കേരളത്തിന്‍റെ ഔദ്യോഗിക ഭാഷയായി മലയാളത്തെ സ്വീകരിക്കാനും എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കാനും സമസ്തമേഖലകളിലും മലയാള ഭാഷയുടെ പ്രയോഗം വ്യവസ്ഥ ചെയ്യാനും ഭാഷയുടെ വളർച്ചയും വ്യാപനവും ഉറപ്പാക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് നിലവിലെ ബിൽ. അർദ്ധസർക്കാർ, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെല്ലാം പുതിയ നിയമം നടപ്പിലാക്കും. ഗവർണർ ബില്ലിന് അംഗീകാരം നൽകിയതോടെ ഉടൻ നിയമമായി പ്രാബല്യത്തിൽ വരും.

ബില്ലിന്‍റെ ലക്ഷ്യവും ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളും

കേരള ഔദ്യോഗിക ഭാഷകൾ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം സമഗ്ര മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ മലയാളം നിർബന്ധമാക്കുക, കോടതിഭാഷ, സർക്കാർ ഉത്തരവുകൾ തുടങ്ങിയവ മലയാളത്തിലാക്കുക തുടങ്ങിയവയാണ് ബില്ലിന്‍റെ ലക്ഷ്യങ്ങൾ.

മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്സുകളിൽ സംവരണം നൽകുക, പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്കുക തുടങ്ങിയവയും ബില്ലിലെ പ്രധാന നിർദ്ദേശങ്ങളാണ്. കൂടാതെ, സർവ്വകലാശാല പാഠ്യപദ്ധതികളിൽ മലയാളം ഒരു നിർബന്ധിത പേപ്പറായി പരിഗണിക്കുന്നതായിരിക്കും.

ബിൽ ആദ്യമെത്തിയത് 2015-ൽ

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ അവസാന കാലമായ 2015 ഡിസംബർ 17-നാണ് നിയമസഭ ഏകകണ്ഠമായി മലയാളഭാഷ (വ്യാപനവും പരിപോഷണവും) ബില്ല് പാസാക്കി ഗവർണർക്ക് അയച്ചത്. ഗവർണർ ജസ്റ്റിസ് പി. സദാശിവം ബില്ല് രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. തുടർന്ന് സംസ്ഥാനത്ത് ജസ്റ്റിസ് പി. സദാശിവം, ആരിഫ് മുഹമ്മദ് ഖാൻ, രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എന്നീ മൂന്ന് ഗവർണർമാർ മാറി വന്നു. കേന്ദ്രത്തിൽ പ്രണബ് മുഖർജി, രാംനാഥ് കോവിന്ദ്, ദ്രൗപതി മുർമ്മു എന്നീ മൂന്ന് രാഷ്ട്രപതിമാർ വന്നു. എന്നിട്ടും മലയാളഭാഷ (വ്യാപനവും പരിപോഷണവും) ബില്ല് മാത്രം എങ്ങുമെത്തിയിരുന്നില്ല.

രാഷ്ട്രപതിയുടെ പക്കലുള്ള ബില്ലിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു മാറിവന്ന സർക്കാരുകൾ. പുതിയ നിയമനിർമ്മാണം നടത്താൻ പറ്റാത്ത സാഹചര്യവും ഇതോടെ ഉടലെടുത്തു. 2024-ൽ നോഡൽ വകുപ്പിൽ നിന്ന് ലഭിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകാൻ നിയമവകുപ്പ് ശ്രമിച്ചിരുന്നു. ഈ ശ്രമങ്ങൾക്കിടെയാണ്, അനിശ്ചിതകാലം ഗവർണർമാരും രാഷ്ട്രപതിയും സംസ്ഥാനങ്ങളുടെ ബില്ലുകൾ പിടിച്ചുവെക്കുന്ന വിഷയത്തിൽ, തമിഴ്‌നാടിന് അനുകൂലമായ നിലപാട് സുപ്രീംകോടതിയിലെ ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരുടെ ബെഞ്ച് സ്വീകരിക്കുന്നത്.

ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളവും ഇതോടെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 2024 ഏപ്രിലിൽ സുപ്രീംകോടതിയുടെ നിലപാട് വ്യക്തമായതോടെ, മെയ് മാസം തന്നെ കേരളത്തിന്‍റെ ബില്ലിന് കാരണങ്ങളൊന്നും രേഖപ്പെടുത്താതെ അനുമതി നിഷേധിച്ചതായുള്ള അറിയിപ്പ് ഇ-മെയിലിലൂടെ ഗവർണറുടെ ഓഫീസിന് ലഭിച്ചു. 10 വർഷങ്ങൾക്കുശേഷമാണ് ബില്ലിന് അനുമതി നിഷേധിക്കപ്പെട്ടത്.

2025-ൽ പുതിയ ബിൽ

തുടർന്ന് 2025-ൽ പുതിയ ബില്ല് രൂപീകരിക്കുവാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. ബില്ല് 15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനം നടക്കുന്ന ഒക്ടോബറിൽ നിയമസഭയിലെത്തി. 2025-ലെ മലയാളഭാഷാ ബില്ലിന് ഒക്ടോബർ 9-ന് അംഗീകാരം ലഭിക്കുകയും ചെയ്തു. ഒക്ടോബർ 10-ന് പാസാക്കേണ്ടിയിരുന്ന ബില്ലായിരുന്നുവെങ്കിലും, പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒരു ദിവസം മുമ്പുതന്നെ സുപ്രധാനമായ ബില്ലുകൾ ചർച്ചയ്ക്ക് വരികയും നിയമസഭ പിരിയുകയും ചെയ്തു. അതിൽ നിന്നെല്ലാം പ്രതിപക്ഷം വിട്ടുനിന്നു.

അതേസമയം, പ്രതിപക്ഷനിരയിലെ അംഗങ്ങളിൽ നിന്ന് ലഭിച്ച ഭേദഗതി നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് നിയമമന്ത്രി പി. രാജീവ് ബില്ലവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്നും ലഭിച്ചിരുന്ന ഭേദഗതി നിർദ്ദേശങ്ങളിൽ അനിവാര്യമെന്ന് തോന്നിയവ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അങ്ങനെ കേരള നിയമസഭയിൽ അന്ന് പങ്കെടുത്ത അംഗങ്ങളുടെ അംഗീകാരത്തോടുകൂടി ബില്ല് പാസായി. എന്തുകൊണ്ടാണ് 2015-ലെ ബില്ല് തള്ളിയതെന്ന ഔദ്യോഗികമായ പ്രതികരണം കേരളത്തിന് ലഭിച്ചില്ലെങ്കിലും, നിരന്തര ചർച്ചകളിലൂടെയും ഇടപെടലുകളിലൂടെയും മനസ്സിലാക്കിയ കാര്യങ്ങളെ കൃത്യമായി പരിശോധിച്ചാണ് 2025-ലെ മലയാളഭാഷാ ബിൽ തയ്യാറാക്കിയിട്ടുള്ളത്.

പ്രതിഷേധവുമായി കർണാടക

മലയാള ഭാഷാ ബിൽ പ്രകാരം കാസർകോട് ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ കന്നഡ മീഡിയം സ്‌കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം നിർബന്ധമായി പഠിക്കേണ്ടിവരുമെന്ന് കർണാടക ആശങ്കപ്പെടുന്നു. 2026 ജനുവരി 7-ന് കർണ്ണാടക ബോർഡർ ഏരിയ ഡെവലപ്‌മെന്‍റ് അതോറിറ്റി പ്രതിനിധികൾ കേരള ഗവർണറെ കണ്ട്, ബില്ല് കാസർകോട് ജില്ലയിലെ കന്നഡ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നും ബില്ലിന് അംഗീകാരം നൽകരുതെന്നും ആവശ്യപ്പെട്ടു.

മലയാളം  ഔദ്യോഗിക ഭാഷ  ബില്‍  ഗവര്‍ണര്‍
സിദ്ധരാമയയ്യുടെ കത്ത് (ETV Bharat)

കന്നഡ ന്യൂനപക്ഷങ്ങളുടെ ജനാധിപത്യവകാശം ഇല്ലാതാക്കുന്ന നിയമനിർമ്മാണമാണ് കേരളം നടത്തുന്നതെന്നാരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. ഭരണഘടനാമൂല്യങ്ങൾക്കും ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും എതിരായതിനാൽ ബില്ലിൽ നിന്ന് കേരളം പിന്മാറണം എന്നാണ് കർണാടക സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യങ്ങളെല്ലാം തള്ളിയാണ് നിലവിൽ ഗവർണർ ബില്ലിൽ ഒപ്പിട്ടിരിക്കുന്നത്.

കേരള ഔദ്യോഗിക ഭാഷാ (നിയമനിർമ്മാണം) ആക്ട്

1969 ജനുവരി 10-നാണ് കേരള ഔദ്യോഗിക ഭാഷാ (നിയമനിർമ്മാണം) ആക്ട് നിലവിൽ വരുന്നത്. മലയാളത്തെ സംബന്ധിച്ച നിയമനിർമ്മാണത്തിനുള്ള അധികാരം നിയമസഭയ്ക്ക് നൽകുന്നതാണ് പ്രസ്തുത ആക്ട്. കേരളത്തിന്‍റെ ഭരണഭാഷ 'ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം' എന്ന രീതിയിൽ ഉപയോഗിക്കാമെന്നാണ് ഇതിൽ പറയുന്നത്.

മലയാളമോ ഇംഗ്ലീഷോ എന്നുള്ളത് ദുരുപയോഗം ചെയ്യപ്പെട്ടു; മലയാളത്തിന് പകരം ഇംഗ്ലീഷ് ഉപയോഗിക്കപ്പെട്ടു. 1973-ൽ ആക്ടിൽ ഭേദഗതി വന്നു. നിയമത്തിന്‍റെ പേര് 'കേരള ഔദ്യോഗിക ഭാഷകൾ ആക്ട്- 1969' എന്നാക്കി. ഭരണഘടനയുടെ 346, 347 വകുപ്പുകളിലെ വ്യവസ്ഥകൾക്ക് വിധേയമായി മലയാളം, ഇംഗ്ലീഷ് എന്നിവ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷയായിരിക്കും എന്ന മാറ്റം വന്നു. 'ഭാഷാന്യൂനപക്ഷങ്ങളെ സംബന്ധിച്ച വ്യവസ്ഥകൾ' ഉൾപ്പെടുത്തുകയും ചെയ്തു.

കേരളത്തിലെ തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങൾക്ക് സെക്രട്ടറിയേറ്റിൽ ഗവൺമെന്റുമായും വകുപ്പധ്യക്ഷന്മാരുമായും, ഭാഷാന്യൂനപക്ഷ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള എല്ലാ പ്രാദേശിക ഓഫീസുകളുമായുള്ള കത്തിടപാടുകളിൽ അവരുടെ ഭാഷ ഉപയോഗിക്കാവുന്നതാണെന്നും മറുപടി അതത് ഭാഷയിൽ ആയിരിക്കണമെന്നും ഇതിൽ വ്യവസ്ഥ ചെയ്യുന്നു. തമിഴും കന്നഡയും അല്ലാത്ത സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷക്കാർ സംസ്ഥാന ഗവൺമെന്റ് ഓഫീസുകളുമായി കത്തിടപാടുകൾ നടത്തുന്നതിന് ഇംഗ്ലീഷ് ഉപയോഗിക്കാമെന്നും അവർക്ക് അയക്കുന്ന മറുപടികൾ ഇംഗ്ലീഷിൽ ആയിരിക്കണമെന്നും നിയമത്തിൽ പറയുന്നു.

നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകൾ, ഭേദഗതികൾ, നിയമസഭ പാസാക്കുന്ന ആക്റ്റുകൾ, ഭരണഘടനയുടെ 213-ാം വകുപ്പ് പ്രകാരം ഗവർണർ വിളംബരപ്പെടുത്തുന്ന ഓർഡിനൻസുകൾ, ഭരണഘടന പ്രകാരമോ പാർലമെന്‍റോ നിയമസഭയോ ഉണ്ടാക്കിയ ഏതെങ്കിലും നിയമപ്രകാരമോ ഗവൺമെന്‍റെ് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, ചട്ടങ്ങൾ, റെഗുലേഷനുകൾ, ഉപനിയമങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കേണ്ട ഭാഷ 'മലയാളമോ ഇംഗ്ലീഷോ' ആയിരിക്കണമെന്നും ഈ നിയമത്തിലുണ്ട്.

മലയാള ഭാഷാ ബിൽ: നിയമസഭയിലെ അലയൊലികൾ

1983 മാർച്ച് 3-ന് നിയമസഭാ ചരിത്രത്തിലെ തന്നെ ഒരു പ്രധാന സംഭവം അരങ്ങേറി. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തെക്കുറിച്ചുള്ള ചർച്ചാവേളയിൽ തോപ്പിൽ രവി രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ച പ്രസംഗത്തിന്‍റെ അവസാനം സഭാ ഗ്യാലറി ഇളകിമറിഞ്ഞു. ആംഗലേയ ഭാഷയുടെ നിത്യകാമുകനായ സഖാവ് നായനാരും ഇംഗ്ലീഷ് ഭാഷ കാണുന്നിടത്തെല്ലാം ടാറും കലക്കി നടക്കുന്ന നമ്പാടൻ മാസ്റ്ററും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടല്ലോയെന്നും അതിനേക്കാൾ ഗുരുതരമായ ഒരു അഭിപ്രായവ്യത്യാസവും ഞങ്ങൾ തമ്മിലില്ലെന്ന് പറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നുവെന്ന തോപ്പിൽ രവിയുടെ പ്രസംഗത്തിലെ പരിഹാസത്തിന്‍റെ അടിത്തറ സോഷ്യലിസ്റ്റ് കേരള കോൺഗ്രസിന്‍റെ പ്രവർത്തനങ്ങളായിരുന്നു.

തോപ്പിൽ രവി പ്രസംഗം അവസാനിപ്പിക്കുന്ന സമയത്ത് നിയമസഭാ ഗ്യാലറിയിൽ നിന്ന് സോഷ്യലിസ്റ്റ് കേരള കോൺഗ്രസ് പ്രവർത്തകർ ഭരണഭാഷ മലയാളമാക്കണമെന്നാവശ്യപ്പെട്ട് ലഘുലേഖ വിതരണവും മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധവും നടത്തി. പി. എൻ. നെടുവേലി, പി. പി. പൊന്നൻ, സോമൻ വേളാഞ്ചിറ, തോമസ് സി. ചിലമ്പിക്കുന്നൽ, കുമ്പളം സോളമൻ, ഹരികുമാർ തുടങ്ങിയ പ്രവർത്തകരാണ് പ്രതിഷേധിച്ചത്. അതോടെ സഭാ നടപടികൾ തടസ്സപ്പെട്ടു. സഭാ നടപടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് ഗുരുതര അവകാശലംഘനമാണെന്നും അവർക്ക് മാർച്ച് 13-ന് വൈകുന്നേരം 5 മണി വരെ വെറും തടവുശിക്ഷ നൽകണമെന്നും സ്പീക്കർ അധ്യക്ഷനായ യോഗത്തിൽ തീരുമാനമായി. പ്രതിപക്ഷ നേതാവ് ഇ. കെ. നായനാർ ഇടപെട്ടാണ് ശിക്ഷ പത്തു ദിവസമാക്കി കുറച്ചത്. ഇവരാണ് മലയാളം ഭരണഭാഷയാക്കുന്നതിനായി ആദ്യമായി ജയിൽവാസം അനുഭവിക്കുന്നത്.

മലയാളം  ഔദ്യോഗിക ഭാഷ  ബില്‍  ഗവര്‍ണര്‍
ലോനപ്പൻ നമ്പാടന്‍റെ ആത്മകഥ (ETV Bharat)

ലോനപ്പൻ നമ്പാടൻ, രമേശ് ചെന്നിത്തല, സി. ജെ. ജനാർദ്ദനൻ എന്നിവരുടെ പാസുകൾ ഉപയോഗിച്ചാണ് ഇവർക്ക് നിയമസഭാ ഗ്യാലറിയിൽ പ്രവേശനം ലഭിച്ചത്. അതുകൊണ്ട് സ്പീക്കർ വക്കം പുരുഷോത്തമൻ ഭരണ-പ്രതിപക്ഷ ജനപ്രതിനിധികളെ യോഗത്തിൽ വിമർശിക്കുകയും ചെയ്തിരുന്നു. 1983 മാർച്ച് 11-ന് നിയമസഭാ സമ്മേളനത്തിൽ ഇംഗ്ലീഷിൽ അച്ചടിച്ച ബില്ലാണ് ലോനപ്പൻ നമ്പാടൻ അടക്കമുള്ള ജനപ്രതിനിധികൾക്ക് ലഭിച്ചത്.

ഭരണഭാഷയ്ക്കായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും ബില്ലുകൾ മലയാളത്തിലാവാത്തതിനാലും ലോനപ്പൻ നമ്പാടൻ ഇംഗ്ലീഷിലുള്ള ബില്ലുകൾ കത്തിച്ച് പ്രതിഷേധിച്ചു. സ്പീക്കർ വക്കം പുരുഷോത്തമൻ നിയമസഭ നിർത്തിവെച്ചു. നമ്പാടന്‍റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടന്നു. എല്ലാവരും ഇതിനെ അപലപിക്കുകയും ചെയ്തു. അങ്ങനെയാണ് മറ്റു നടപടികളില്ലാതെ പ്രശ്‌നം പരിഹരിക്കപ്പെട്ടത്. 'സഞ്ചരിക്കുന്ന വിശ്വാസി' എന്ന ആത്മകഥാപരമായ പുസ്തകത്തിൽ, 'മാതൃഭാഷയ്ക്കുവേണ്ടി ഒരു തീക്കളി' എന്ന അധ്യായത്തിൽ ഇംഗ്ലീഷ് ഭാഷയോട് യാതൊരു വിരോധവുമില്ലെന്നും മാതൃഭാഷയെ കൂടി പരിഗണിക്കണമെന്നതായിരുന്നു ആവശ്യമെന്നും നമ്പാടൻ പറഞ്ഞിട്ടുണ്ട്.