ETV Bharat / state

പൗരാണിക അറിവുകളും ആധുനിക ശാസ്ത്രവും കൈകോർക്കണമെന്ന് ഗവര്‍ണര്‍; സ്വദേശി സയൻസ് കോൺഗ്രസിന് തുടക്കം

പാരമ്പര്യ അറിവുകളെ ജീവിതത്തിൻ്റെ ഭാഗമാക്കുന്നതിനെക്കുറിച്ച് ഗൗരവമായ പുനരാലോചന വേണമെന്നും ഗവര്‍ണര്‍

Swadeshi Science Congress
സ്വദേശി സയൻസ് കോൺഗ്രസില്‍ ഗവര്‍ണര്‍ സംസാരിക്കുന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : January 7, 2026 at 7:03 PM IST

2 Min Read
Choose ETV Bharat

കാസർകോട്: ശാസ്ത്രീയമായ ജീവിതരീതി പകർത്തുന്നതിനൊപ്പം സ്വന്തം ദേശത്തിൻ്റെ തനത് പാരമ്പര്യങ്ങളെ പിന്തുടരേണ്ടത് ഇന്നത്തെ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരള കേന്ദ്ര സർവകലാശാലയും സ്വദേശി ശാസ്ത്ര പ്രസ്ഥാനവും സംയുക്തമായി സംഘടിപ്പിക്കുന്ന 32-ാമത് സ്വദേശി സയൻസ് കോൺഗ്രസും വികസിത ഭാരതത്തിനായുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

പാശ്ചാത്യ ജീവിതരീതികൾ ഇന്ന് ഒട്ടേറെ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഭക്ഷണരീതിയിലെ മാറ്റങ്ങൾ ജീവിതശൈലീ രോഗങ്ങൾ വർധിക്കാൻ കാരണമായി. നമ്മുടെ പൂർവികർ ശരീരത്തെയും മനസ്സിനെയും ഒരുപോലെ പരിപോഷിപ്പിക്കുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. ശാസ്ത്രീയമായ ആ പഴയകാല ജീവിതരീതി അവഗണിച്ചതാണ് നിലവിലെ പല പ്രശ്നങ്ങൾക്കും കാരണം. പാരമ്പര്യ അറിവുകളെ ജീവിതത്തിൻ്റെ ഭാഗമാക്കുന്നതിനെക്കുറിച്ച് ഗൗരവമായ പുനരാലോചന വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Swadeshi Science Congress
പുരസ്കാരദാന ചടങ്ങില്‍നിന്ന് (ETV Bharat)

വിദ്യാഭ്യാസവും ഗവേഷണവും ക്ലാസ് മുറികള്‍ക്കും ലബോറട്ടറികള്‍ക്കും ഉള്ളില്‍ ഒതുക്കാതെ നാടിൻ്റെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാനും രാജ്യത്തിൻ്റെ വികസനത്തില്‍ ചാലകശക്തിയാകാനുമാണ് കേരള കേന്ദ്ര സര്‍വകലാശാലയുടെ പ്രവര്‍ത്തനമെന്ന് അധ്യക്ഷത വഹിച്ച വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി അൽഗുർ പറഞ്ഞു. പൗരാണിക അറിവുകളുടെയും ആധുനിക സാങ്കേതിക വിദ്യയുടെയും സംയോജനമാണ് ഈ സയൻസ് കോൺഗ്രസിൻ്റെ പ്രധാന ലക്ഷ്യം. വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ യുവതലമുറയെ ഉത്തരവാദിത്തമുള്ളവരായി വളർത്താൻ ഉന്നത വിദ്യാഭ്യാസം സഹായിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

Swadeshi Science Congress
പുരസ്കാരദാന ചടങ്ങില്‍നിന്ന് (ETV Bharat)

ശാസ്ത്ര മേഖലയിലെ സമഗ്ര സംഭാവനക്ക് രാജീവ് ഗാന്ധി സെൻ്റര്‍ ഫോര്‍ ബയോടെക്‌നോളജി മുന്‍ ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ, ഇന്ത്യന്‍ നാഷണല്‍ സെൻ്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. ടി എം ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് സ്വദേശി ശാസ്ത്ര പുരസ്‌കാരവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ മുന്‍ പ്രൊഫസര്‍ ഡോ. വി പി എന്‍ നമ്പൂരിക്ക് സ്വദേശി പുരസ്‌കാരവും ഗവര്‍ണര്‍ നല്‍കി. കേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് റിസര്‍ച്ച് പ്രൊജക്ട് അവാര്‍ഡുകളും നല്‍കി. വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ വിവേകാനന്ദ പൈ മുഖ്യ പ്രഭാഷണം നടത്തി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍ ജയപ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, സ്വദേശി ശാസ്ത്ര പ്രസ്ഥാനം - കേരള പ്രസിഡൻ്റ് ശിവകുമാര്‍ വേണുഗോപാല്‍, 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസ് സെക്രട്ടറി ഡോ. ജാസ്മിന്‍ എം ഷാ, അധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ സംബന്ധിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

Swadeshi Science Congress
പുരസ്കാരദാന ചടങ്ങില്‍നിന്ന് (ETV Bharat)

Also Read: ശിവൻകുട്ടിയെ ആശയക്കുഴപ്പത്തിലാക്കിയത് നേമത്തെ ബിജെപി തേരോട്ടമോ? വോട്ടു കണക്കുകളിൽ ഉറക്കംകെട്ട് ഇടതു-വലതു മുന്നണികള്‍