മംഗൽപ്പാടിയിൽ 'ഗോൾഡൻ' ബജറ്റ്; ജീവനക്കാർക്ക് സ്വർണനാണയം, പഞ്ചായത്ത് അംഗങ്ങൾക്ക് ടാബ്
മംഗൽപ്പാടിയിൽ ജീവനക്കാർക്ക് സ്വർണസമ്മാനവും കാഞ്ഞങ്ങാട്ട് തൈവിതരണവും ശ്രദ്ധേയമായി. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ ഊന്നൽ നൽകി കാസർകോട് ജില്ലാ പഞ്ചായത്ത് 2026-27 ബജറ്റ് അവതരിപ്പിച്ചു

Published : March 4, 2026 at 12:59 PM IST
കാസർകോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റ് അവതരണം വേറിട്ട പ്രഖ്യാപനങ്ങൾ കൊണ്ട് ശ്രദ്ധേയമാകുന്നു. ജീവനക്കാർക്ക് സ്വർണനാണയം നൽകിയ മംഗൽപ്പാടി പഞ്ചായത്തും പ്രഖ്യാപനം മണിക്കൂറുകൾക്കുള്ളിൽ നടപ്പിലാക്കിയ കാഞ്ഞങ്ങാട് നഗരസഭയും വികസനത്തിൻ്റെ പുതിയ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച ജില്ലാ പഞ്ചായത്തും വാർത്തകളിൽ നിറയുകയാണ്.
മംഗൽപ്പാടിയിൽ 'ഗോൾഡൻ' സർപ്രൈസ്
യുഡിഎഫ് ഭരണസമിതിക്ക് കീഴിലുള്ള മംഗൽപ്പാടി പഞ്ചായത്തിൽ ബജറ്റ് ദിനത്തിൽ ജീവക്കാർക്ക് സ്വർണ നാണയമാണ് പഞ്ചായത്ത് പ്രസിഡൻ്റ് ഗോൾഡൻ അബ്‌ദുൾ റഹ്മാൻ സമ്മാനമായി നല്‍കിയത്. ഒരു ഗ്രാം സ്വർണ നാണയമാണ് എഴുപതിലധികം പേർക്ക് നൽകിയത്. മാത്രമല്ല പഞ്ചായത്ത് അംഗങ്ങൾക്ക് സമ്മാനമായി ടാബും നൽകി. സമ്മാനത്തിന് മാത്രം പ്രസിഡൻ്റ് ഏഴ് ലക്ഷം രൂപയാണ് ഉണ്ടാക്കിയത്. ജീവനക്കാർക്ക് ജോലി ചെയ്യാനുള്ള പ്രചോദനമാണ് നൽകിയതെന്ന് ഗോൾഡൻ അബ്‌ദുൾ റഹ്മാൻ ഇ ടിവി ഭാരതിനോട് പറഞ്ഞു.
താൽകാലിക ജീവനക്കാർ, അഞ്ച് മുൻ പ്രസിഡൻ്റുമാർ, ആസൂത്രണ സമിതിയിലെ 13 അംഗങ്ങൾ, സെക്രട്ടറി എന്നിവർക്ക് സ്വർണ നാണയങ്ങളും 24 അംഗങ്ങൾക്കും സെക്രട്ടറിക്കും ആസൂത്രണ സമിതി വൈസ് ചെയർമാനുമാണ് ടാബും സമ്മാനമായി നൽകിയത്. ഭരണ സമിതിയിൽ 19 മുസ്ലിം ലീഗ്, മൂന്ന് ബിജെപി, രണ്ട് സിപിഎം അംഗങ്ങൾ ആണ് ഉള്ളത്.
അതേ സമയം സംഭവത്തിൽ വിജിലൻസ് വിവര ശേഖരണം നടത്തുന്നുണ്ട്. പണം എങ്ങനെ മുടക്കിയെന്നതിൽ ആണ് പരിശോധന.
ചെന്തെങ്ങിൻ്റെ തൈയുമായി കാഞ്ഞങ്ങാട് നഗരസഭ
അതിനിടെ ചെന്തെങ്ങിൻ്റെ തൈ എല്ലാ വീട്ടിലും നൽകുമെന്ന കാഞ്ഞങ്ങാട് നഗരസഭയുടെ ബജറ്റിലെ ഒരു പ്രഖ്യാപനം വൈകിട്ട് തന്നെ നടപ്പിലാക്കിയതും മാതൃകയായി. പടന്നക്കാട് കാർഷിക സർവകലാശാലയുമായി സഹകരിച്ചാണ് തൈ വിതരണം. നഗരസഭയിൽ ഒരു വാർഡിൽ 300 മുതൽ 400 വരെ വീടുകളുണ്ട്. 15,000-ത്തിലധികം ചെന്തെങ്ങിൻ തൈകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഗേറ്റുള്ള വീടുകളിലെല്ലാം ഒരു സോളാർ ലൈറ്റ് സ്ഥാപിക്കുമെന്നായിരുന്നു ബജറ്റിലെ മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം.
സ്വപ്ന പദ്ധതികളുമായി സാബു എബ്രഹാം
അതേ സമയം കാസർകോട് ജില്ലാ പഞ്ചായത്ത് ബജറ്റ് 2026-27 അവതരിപ്പിച്ചു. മത്സരപരീക്ഷകളില്‍ അത്യുത്തര കേരളത്തിൻ്റെ മുന്നേറ്റത്തിനായി സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം ഉള്‍പ്പെടെ നൂതന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം പറഞ്ഞു. ജില്ലാ പഞ്ചായത്തിൻ്റെ 2026- 27 ബജറ്റ് അവതരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്.
ജില്ലാ ആശുപത്രിയെ ഹൈടെക് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി മുന്നോട്ടു പോകണം. ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് പ്രഭാതഭക്ഷണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ജില്ലാ പഞ്ചായത്തും ആശുപത്രി മാനേജ്‌മെൻ്റ് സമിതിയും സന്നദ്ധസാമൂഹ്യ വിഭാഗങ്ങളും ചേര്‍ന്ന് നടപ്പിലാക്കും. പഠനം പൂര്‍ത്തിയാക്കാതെ ഡ്രോപ്പ് ഔട്ട് ആകുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം ഒരുക്കി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഡ്രോപ്പ് ഔട്ട് മുക്ത ജില്ലയായി കാസര്‍കോടിനെ മാറ്റും.
ജില്ലയുടെ തനത് കലാരൂപങ്ങളെ ചേര്‍ത്ത് കുറ്റിക്കോല്‍ സണ്‍ഡേ തീയറ്റര്‍ കേന്ദ്രീകരിച്ച് സാംസ്‌കാരിക ഉത്സവം സംഘടിപ്പിക്കും. ജലസുരക്ഷയ്ക്കായി 100 ജലസ്രോതസ്സുകള്‍ ഏറ്റെടുക്കും. സുസ്ഥിരകൃഷിക്കായി കര്‍മ പദ്ധതികള്‍ നടത്തും. ഇതിൻ്റെ പൈലറ്റ് പ്രോജക്ടിന് രണ്ട് സീഡ് ഫാമുകളിലും ഈ വര്‍ഷം തുടക്കം കുറിക്കും. പ്രവാസികളുടെ പുനരധിവാസത്തിന് പ്രവാസി ഡാറ്റാ ബാങ്ക് രൂപീകരിക്കും. ജില്ലാതലത്തില്‍ യുവാക്കള്‍ക്ക് ജോബ് ജോബ് ഫെയര്‍ സംഘടിപ്പിക്കും. ജില്ലയില്‍ ലഭ്യമായ ചക്ക, മാങ്ങ എന്നിവ ഉപയോഗിച്ച് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റ് ആരംഭിക്കും. നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തി വ്യക്തിത്വവികസനത്തിനും മത്സരപരീക്ഷ പരിശീലനത്തിനും സ്‌കില്‍ ഹബ് പാക്കേജ് ആണ് രൂപം നല്‍കുന്നത്. ലിംഗനീതിപരവും വയോജന -യുവജന സൗഹൃദപരവുമായ കാഴ്ചപ്പാടുകള്‍ പദ്ധതിയായി രൂപം നല്‍കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ കൂടുതലായി കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കും. വനിതാ ശാക്തീകരണത്തിലൂടെ വനിതകള്‍ക്ക് മികച്ച പരിശീലനം നല്‍കി അവര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിങ്, ബ്രാന്‍ഡിങ് എന്നിവയ്ക്കു പിന്തുണ സംവിധാനം ഒരുക്കുകയും ചെയ്യും.
Also Read: ശബരിമല സ്വർണക്കൊള്ള:ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യം

