സ്വര്‍ണം തൊട്ടാല്‍ "കൈ" പൊള്ളും, ട്രംപ് എഫക്‌റ്റും വിവാഹ സീസണും, കേരളത്തിലെ ആഭരണപ്രേമികള്‍ക്ക് നെഞ്ചിടിപ്പ്
ഭൗമാന്തരീക്ഷ സാഹചര്യങ്ങള്‍ സ്വര്‍ണവിലയെ ബാധിച്ചു. ഉച്ചയോടെ വില കുതിച്ച് ഉയര്‍ന്നു. ലോകം ഒരു യുദ്ധഭീതിയിലാകുമ്പോൾ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിച്ച് സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് മാറുന്നു.

Published : March 2, 2026 at 6:09 PM IST
തിരുവനന്തപുരം: കേരളത്തില്‍ വിവാഹം സീസണ്‍ വരുന്നതോടെ സ്വര്‍ണത്തിന് "കൈ" പൊള്ളുമെന്ന് ഉറപ്പ്. ഏകദേശം ഒരു മാസം വരെ യുദ്ധം തുടരുമെന്ന ട്രംപിൻ്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ ആഗോളതലത്തില്‍ സ്വര്‍ണ വില കുതിച്ചുയരുകയാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏപ്രിൽ, മെയ് മാസങ്ങളിലെ വിവാഹ സീസണില്‍ സ്വർണത്തിന് വലിയ ഡിമാൻഡാണുള്ളത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വില കുത്തനെ ഉയരുമെന്നും സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധസാഹചര്യം ആഗോള വിപണിയിൽ വലിയ അനിശ്ചിതത്വം സൃഷ്‌ടിച്ചിട്ടുണ്ട്. ലോകം ഒരു യുദ്ധഭീതിയിലാകുമ്പോൾ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിച്ച് സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് മാറുന്നു.
ഇത് സ്വർണത്തിൻ്റെ ഡിമാൻഡും വിലയും വർധിപ്പിക്കുന്നു. ഇന്ത്യയിലെ റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരത്തിൻ്റെ ഭാഗമായി വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇത് സ്വർണത്തിൻ്റെ ആഗോള വിപണിയിലെ മൂല്യം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധര്‍ നല്‍കുന്ന സൂചന. സ്വർണ വിലയുടെ ഭാവി പ്രവചിക്കുന്നത് സങ്കീർണമാണെങ്കിലും, നിലവിലെ ആഗോള സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ വരും മാസങ്ങളിൽ സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യത എന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് ഉച്ചയ്‌ക്ക് ശേഷം കുതിച്ചുയര്‍ന്ന് സ്വര്‍ണ വില
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംഘര്‍ഷം കടുപ്പിച്ചതോടെ ആഗോളതലത്തില്‍ സ്വര്‍ണ വില കുത്തനെ ഉയരുകയാണ്. ഇതിൻ്റെ പ്രതിഫലനം സംസ്ഥാനത്തുമുണ്ടായി. കേരളത്തില്‍ രാവിലെ വില കുറഞ്ഞിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം വില കുതിച്ച് ഉയർന്നു. ഉച്ചയ്ക്ക് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ വര്‍ധിച്ച് 1,25,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപ വര്‍ധിച്ച് 16,630 രൂപയായി.
ഇന്ന് രാവിലെ ഒരു പവന്‍ സ്വർണത്തിന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായിരുന്നു. ഒരു ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയായിരുന്നു. കഴിഞ്ഞ രണ്ടു മൂന്ന് ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് - സ്വര്‍ണവില
ഇസ്രയേൽ-ഇറാൻ സംഘര്‍ഷം രൂക്ഷമായതോടെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിലും സ്വര്‍ണ വില കുതിച്ചുയര്‍ന്നു. എംസിഎക്‌സിൽ 10 ഗ്രാം സ്വര്‍ണത്തിന് 1,65,501 രൂപയായി. 1,62,104 രൂപയിലാണ് വ്യാപാരികൾ എംസിഎക്‌സിൽ വിലക്ലോസ് ചെയ്‌തത്. പിന്നാലെയാണ് വര്‍ധനവ്.
അന്താരാഷ്ട്ര സ്‌പോട്ട് സ്വർണം ഒരു ശതമാനം ഉയർന്ന് ഔൺസിന് 5,329.39 ഡോളറിലെത്തി. സെഷനിൽ നാല് ആഴ്‌ചയ്ക്കുള്ളിൽ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കാണിത്. യുഎസ് സ്വർണ ഫ്യൂച്ചറുകൾ ഔൺസിന് 1.8 ശതമാനം ഉയർന്ന് 5,342.80 ഡോളറിലെത്തി. വെള്ളി വില 2.8 ശതമാനം ഉയർന്ന് ഔൺസിന് 96.4 ഡോളറിലെത്തി.
ആഭ്യന്തര വിപണിയിൽ, എംസിഎക്‌സിൽ വെള്ളി വില കിലോഗ്രാമിന് 2,82,644 രൂപയിൽ ആരംഭിച്ചു. 1973 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ കുതിപ്പാണിതെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ഇതോടെ സെൻട്രൽ ബാങ്കുകൾ സ്ഥിരമായി സ്വർണം വാങ്ങുന്നത് തുടരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു.
Also Read:യുദ്ധഭീതിയിൽ കേരളത്തിലെ കയറ്റുമതി വിപണി; സാരമായി ബാധിച്ചെന്ന് കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം

