ETV Bharat / state

'ബെഡ്റൂമിൽ കണ്ടത് ഫോട്ടോയെടുത്തു, തെളിവ് കൈവശമുണ്ട്'; മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

വീട്ടിലെത്തി മുറി തുറന്നപ്പോൾ അവിടെ ഗണേഷിനൊപ്പം മറ്റൊരു യുവതിയെ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടുവെന്നും തന്‍റെ കൈവശം അതിന് തെളിവുണ്ടെന്നുമാണ് ബിന്ദുവിന്‍റെ പ്രതികരണം.

കെ ബി ഗണേഷ് കുമാര്‍  ബിന്ദു മേനോന്‍  മന്ത്രി  കോണ്‍ഗ്രസ്
മന്ത്രി കെ ബി ഗണേഷ് കുമാറും ഭാര്യയും (Facebook.com)
author img

By ETV Bharat Kerala Team

Published : March 9, 2026 at 6:23 PM IST

3 Min Read
Choose ETV Bharat

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. കൊട്ടാരക്കര വാളകത്തെ വസതിയിൽ വച്ച് മന്ത്രിയെ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. എന്നാൽ, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ ആരോപണമാണിതെന്നും ഇതിന് പിന്നിൽ കോൺഗ്രസാണെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.

ശനിയാഴ്ച നടന്ന സംഭവങ്ങൾ

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വാളകത്തെ വീട്ടിലേക്ക് ഗണേഷ് കുമാറിൻ്റെ ഭാര്യ യാതൊരു അറിയിപ്പുമില്ലാതെ എത്തുകയായിരുന്നു. വീട്ടിലെത്തി മുറി തുറന്നപ്പോൾ അവിടെ ഗണേഷ് കുമാറിനൊപ്പം മറ്റൊരു യുവതിയെ കണ്ടുവെന്നും ഇതിൻ്റെ തെളിവ് തൻ്റെ കൈവശമുണ്ടെന്നുമാണ് ബിന്ദു മേനോൻ്റെ പ്രതികരണം.

തുടർന്ന് തന്നെ മുറിയിൽ നിന്ന് പുറത്താക്കാനും ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങാനും അവിടെയുണ്ടായിരുന്ന ചിലർ ശ്രമിച്ചു. ഇതേത്തുടർന്ന് മന്ത്രിയുടെ ഭാര്യ ബന്ധുവായ മുൻ ഡിജിപി ശ്രീലേഖയെ വിളിച്ച് സഹായം അഭ്യർഥിച്ചു. ശ്രീലേഖയുടെ നിർദേശപ്രകാരം സുരക്ഷയ്ക്കായി 112 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ബിന്ദു മേനോൻ വിവരമറിയിച്ചു. ഇതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയെങ്കിലും വീട്ടിലേക്ക് കയറാൻ ജീവനക്കാർ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.

തെളിവുകൾ കൈവശമുണ്ടെന്ന് ബിന്ദു മേനോൻ

പൊലീസ് സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ മുറിയിലുണ്ടായിരുന്ന സ്ത്രീയെ അവിടെനിന്ന് മാറ്റിയെന്നും മന്ത്രിയുടെ സുഹൃത്തുക്കളും ജീവനക്കാരും തനിക്ക് എതിരാണെന്നുമാണ് ബിന്ദു മേനോൻ വ്യക്തമാക്കുന്നത്. താൻ പൂർണമായും ഒറ്റയ്ക്കാണെന്നും തനിക്ക് സംശയരോഗമാണെന്നാണ് ഇവർ മറ്റുള്ളവരോട് പറയുന്നതെന്നും ബിന്ദു വിശദീകരിച്ചു.

ആരോടും പറയാതെയാണ് വാളകത്തെ വീട്ടിലേക്ക് പോയത്. അവിടെ കണ്ട കാര്യങ്ങളുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ പ്രദീപ് എന്നയാൾ വാതിൽ തുറക്കാൻ സമ്മതിച്ചില്ല. സ്ഥലത്തെത്തിയ പൊലീസ് യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചുവെന്നും സാറിന് ഒരു തെറ്റുപറ്റിപ്പോയെന്ന് പറഞ്ഞ് സ്റ്റാഫ് മനോജ് തൻ്റെ കാലിൽ വീണുവെന്നും അവർ കൂട്ടിച്ചേർത്തു. ഇതിൻ്റെയെല്ലാം തെളിവ് കൈവശമുണ്ടെന്നും മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ബിന്ദു മേനോൻ മാധ്യമങ്ങളോട് വിശദീകരിച്ചു.

ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് മന്ത്രി

ഭാര്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിവാദങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വരുമെന്നും ഇതൊക്കെ താൻ മുൻകൂട്ടി പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്നും പ്രണയമില്ലാത്തവൻ പൊട്ടനാണെന്നുമാണ് അദ്ദേഹം പരിഹസിച്ചത്. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവിനും എബി വാജ്പേയിക്കും പ്രണയമുണ്ടായിരുന്നുവെന്നും രാജീവ് ഗാന്ധി പ്രണയിച്ചല്ലേ വിവാഹം കഴിച്ചതെന്നും മന്ത്രി ചോദിച്ചു.

ഭാര്യയുമായുള്ള വിഷയത്തിൽ മുൻ ഐപിഎസ് ഓഫിസർ ശ്രീലേഖ ഇടപെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആരാണ് ഈ ശ്രീലേഖ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. അവർ ബിജെപിക്കാരിയാണെന്നും കുശുമ്പുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭാര്യ 112ൽ വിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ സമനില തെറ്റിയാൽ ആർക്കും അങ്ങനെ പരാതി പറയാം എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. താനൊരു നല്ല പൊതുപ്രവർത്തകനാണോ എന്ന് ജനങ്ങൾക്കറിയാമെന്നും പ്രണയം ഒരു കുറ്റമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് മേധാവിക്ക് പരാതിയുമായി പ്രതിപക്ഷം

മന്ത്രി ഗണേഷ് കുമാറിനും ജീവനക്കാർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ എംജെ യദുകൃഷ്ണൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. മന്ത്രിയുടെ ഭാര്യ 112ൽ വിളിച്ച് പരാതിപ്പെട്ട സംഭവത്തിൽ അടിയന്തരമായി തുടർനടപടി വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

മന്ത്രിയുടെ ഭാര്യയുടെ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഒരു സ്ത്രീയെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആക്രമിക്കുകയും ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തിട്ടും പൊലീസ് നടപടിയെടുക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഗണേഷ് കുമാറിന് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

Also Read: സിസി മുകുന്ദൻ സിപിഐയിൽ നിന്ന് രാജിവച്ചു; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും