ETV Bharat / state

'വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് കോടികളുടെ തട്ടിപ്പ്'; പണം തിരികെ ചോദിച്ചവർക്കെതിരെ കേസ്

ബിഷപ്പ് ജെറോം നഗറിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സതൃപ്‌തി റിക്രൂട്ട്മെൻ്റ് എന്ന സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധവുമായി ഉദ്യോഗാർഥികള്‍.

KOLLAM VISA FRAUD CASE  വിസ തട്ടിപ്പ് കൊല്ലം  JOB FRAUD KERALA  PROTEST AGAINST VISA FRAUD KOLLAM
തട്ടിപ്പിന് ഇരയായവർ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധിക്കുന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : July 4, 2026 at 8:15 AM IST

3 Min Read
Choose ETV Bharat

കൊല്ലം: യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് വിസ തട്ടിപ്പ്. നാല് കോടിയിലേറെ രൂപ ഉദ്യോഗാർഥികളിൽ നിന്നും പിരിച്ചെടുത്തതായി പരാതി. നഗരത്തിലുള്ള ബിഷപ്പ് ജെറോം നഗറിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സതൃപ്‌തി റിക്രൂട്ട്മെൻ്റ് എന്ന സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധവുമായി ഉദ്യോഗാർഥികള്‍.

കൊല്ലം കടവൂർ സ്വദേശി സോളമൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ രണ്ടുവർഷം മുമ്പാണ് യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് ജോലി വാഗ്‌ദാനം ചെയ്‌ത നിരവധി ആളുകളിൽ നിന്നും പണം വാങ്ങിയത്. സോഷ്യൽ മീഡിയ വഴി നാല് ലക്ഷം രൂപയ്ക്ക് ഇറ്റലിയിൽ ഉയർന്ന ശമ്പളത്തോടുകൂടി ജോലി എന്ന പരസ്യം കണ്ടിട്ടാണ് പലരും ഇവരെ ബന്ധപ്പെടുന്നത്. വളരെ വേഗം വിശ്വാസ്യത പിടിച്ചു പറ്റിയ സ്ഥാപനത്തിലേക്ക് വിസ ആവശ്യമുള്ളവർ പണം നൽകുകയായിരുന്നു. ആദ്യം ഒരു ലക്ഷം രൂപയും പിന്നീട് മൂന്നു ലക്ഷം രൂപയും നൽകി.

തട്ടിപ്പിന് ഇരയായവർ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധിക്കുന്നു (ETV Bharat)

പലരും വിദേശത്തും സ്വദേശത്തും അടക്കം നല്ല ജോലി ചെയ്‌തു വന്നവരാണ്. എന്നാൽ ഈ പരസ്യം കണ്ട് ജോലി രാജിവച്ച് യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് പോകാൻ ഇവിടെ എത്തിയതാണ്. മക്കൾക്കുവേണ്ടി പണം മുടക്കിയവരും, വീട് പണയപ്പെടുത്തിയവരും, കടങ്ങൾ വാങ്ങിക്കൂട്ടിയവരുമടക്കം നിരവധി ആളുകളാണ് ഇവരെ വിശ്വസിച്ചു പണം നൽകിയത്.

ഭാവിതന്നെ ഇല്ലാതായ അവസ്ഥയെന്ന് ഉദ്യോഗാർഥി

നൂറോളം യുവതികളും യുവാക്കളുമാണ് തട്ടിപ്പിന് ഇരയായതെന്ന് ഉദ്യോഗാർഥികള്‍ പറഞ്ഞു. ''സ്ഥാപനത്തിലെ മെയിൻ ഇൻചാർജ് എന്ന് സ്വയം പരിചയപ്പെടുത്തിയ സോളമൻ സെബാസ്‌റ്റ്യനും അവരുടെ മക്കളായ അരുൺ സോളമനും അഞ്ചലി സോളമനും പിന്നെയൊരു ജസ്‌റ്റിൻ ജോണും. ഇവരാണ് പ്രധാന റിക്രൂട്ടേഴ്‌സ്. അവരാണ് ഞങ്ങളുടെ കൈയിൽ നിന്ന് പണം വാങ്ങിയവർ. ഇതിനെതിരെ കൊടുക്കാത്ത പരാതികളില്ല.

ജനങ്ങൾ നിസഹായരാണ്. ഏകദേശം മൂന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇപ്പോൾ ഫോൺ വിളിക്കുമ്പോൾ പ്രതികരിക്കുന്നു പോലുമില്ല. ഞങ്ങളുടെ കൂടെയുള്ള വനിതകൾ ഇവരുടെ വീട്ടിൽ പോയി കാശ് ചോദിച്ചതിന് നാല് വനിതകൾക്കെതിരെ അവർ വനിതാ സെല്ലിലും വനിതാ സ്‌റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്'' - ഉദ്യോഗാർഥികള്‍ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇക്കൂട്ടത്തിൽ പലരും വിദേശത്ത് ജോലി ചെയ്‌തിരുന്നവരാണ്. ഇവർ ജോലി പോലും രാജിവച്ചാണ് ഇവരെ വിശ്വസിച്ചത്. കൂടാതെ ഛത്തീസ്‌ഗഢ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും നിരവധി ആളുകളുണ്ട്. ഇതുമൂലം ഒരുപാട് നഷ്‌ടങ്ങളാണ് സംഭവിച്ചത്. നീതിയും ന്യായവും ലഭിക്കുന്നില്ല. തങ്ങളുടെ ഭാവിതന്നെ ഇല്ലാതായ അവസ്ഥയിലാണ്. നിലവിൽ രണ്ട് പേരുടെ പേരിൽ എഫ്‌ഐആർ ഉണ്ട്. ഇവർ എന്നിട്ടും വിലസി നടക്കുകയാണ്. സർക്കാർ ഞങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ഉദ്യോഗാർഥി ജോഷി പറഞ്ഞു.

പൊലീസ് ക്ലിയറൻസ്, മെഡിക്കൽ എന്നിങ്ങനെയായി ധാരാളം പണം ചിലവായി. എന്നാൽ പണം നൽകി മാസങ്ങളും വർഷങ്ങളും പിന്നിട്ടതോടെ തങ്ങൾ കബളിക്കപ്പെട്ടു എന്ന് ഉദ്യോഗാർഥികൾക്ക് മനസിലായി. പലരും പണം തിരികെ ചോദിച്ചു എന്നാൽ പണം നൽകാൻ ഇവർ വിസമ്മതിച്ചു. ഇതോടുകൂടി തട്ടിപ്പിനിരയായ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ ഉള്ളവർ നിരവധി പരാതികൾ ഇവർക്കെതിരെ പൊലീസ് സ്‌റ്റേഷനിൽ നൽകി. പരാതികളുടെ അടിസ്ഥാനത്തിൽ നിരവധി എഫ്ഐആറുകൾ പ്രതികൾക്കെതിരെ രേഖപ്പെടുത്തി.

നിസഹായാവസ്ഥയെന്ന് പരാതിക്കാർ

തട്ടിപ്പിനെതിരെ പരാതി നൽകിയിട്ടുണ്ട്. അവർ ആദ്യം പറഞ്ഞത് പത്ത് ദിവസത്തിനുള്ളിൽ പണം തിരികെത്തരാനുള്ള സംവിധാനം ഉണ്ടാക്കാം എന്നാണ്. പിന്നീട് ഈ പത്ത് ദിവസം കഴിഞ്ഞപ്പോഴേയ്‌ക്കും തങ്ങൾക്കെതിരെ കേസ് വരികയായിരുന്നു. ഞങ്ങൾ അവരുടെ വീട്ടിൽ ചെന്ന് പ്രശ്‌നം ഉണ്ടാക്കി എന്നായിരുന്നു അവരുടെ ആരോപണം. നാല് പേർക്കെതിരെയാണ് ഹൈക്കോടതിയിൽ നിന്ന് റിട്ട് വന്നിരിക്കുന്നത്.

ഇപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. എൻ്റെ മകൻ ആഗ്‌നലിന് വേണ്ടിയാണ് പണം കൊടുത്തത്. ഈ ഗ്രൂപ്പിൽ കൂടുതലും യുവാക്കളാണ്. ഇറ്റലിയിൽ പോകാൻ 64 പേരുടെ കയ്യിൽ നിന്നാണ് ഇവർ പണം വാങ്ങിയത്. ആരുടെയൊക്കെയോ പണം തിരികെ നൽകിയെന്നും കേൾക്കുന്നുണ്ട് എന്ന് ഉദ്യോഗാർഥിയുടെ മാതാവ് എൽസ പറഞ്ഞു.

പ്രതിഷേധം ശക്തം

പ്രതികൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടുകൊണ്ടിരുന്നു. പണം കൊടുത്തവർ പ്രതികളുടെ വീടുകളിലേക്ക് എത്തി. എന്നാൽ തങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറുന്നു എന്ന് കാട്ടി പ്രതികൾ കോടതിയിൽ നിന്ന് പ്രത്യേക ഉത്തരവും വാങ്ങിച്ചു. ഇപ്പോൾ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് പണം നൽകിയ രക്ഷകർത്താക്കളും ഉദ്യോഗാർഥികളും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആളുകൾ ചേർന്ന് ഇവരുടെ അടഞ്ഞുകിടക്കുന്ന ഓഫിസിനു മുന്നിൽ എത്തി പ്രതിഷേധിച്ചു. അതേസമയം, പണം നൽകിയവർ ഇനി എങ്ങനെ പണം തിരികെ കിട്ടുമെന്ന ആശങ്കയിലാണ്.

Also Read: ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎയുമായി യുവാവ് പിടിയിൽ