ETV Bharat / state

"ദുരന്തഘട്ടത്തിൽ വിവാദങ്ങൾക്ക് സ്ഥാനമില്ല; കാണാതായവർക്കായി ഊർജിതമായ തെരച്ചിൽ തുടരും": മുൻ റവന്യൂ മന്ത്രി കെ. രാജൻ

ഇത്തരമൊരു ഘട്ടത്തിൽ ആദ്യം ചെയ്യേണ്ടത് ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്തുകയാണെന്നും റവന്യൂ വകുപ്പ് മന്ത്രിയുമായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും കെ. രാജൻ പറഞ്ഞു.

KALLADY LANDSLIDE  FORMER MINISTER K RAJAN  LANDSLIDE IN WAYAND  KALLADY LANDSLIDE RESCUE OPERATION
K Rajan (ETV Bharat)
author img

By ETV Bharat Kerala Team

Published : July 8, 2026 at 5:10 PM IST

2 Min Read
Choose ETV Bharat

വയനാട്: കള്ളാടിയിലെ ദുരന്തത്തിൽ കാണാതായ അഞ്ച് പേർക്കായി ഊർജിതമായ തെരച്ചിൽ തുടരുകയാണെന്ന് മുൻ റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. നിലവിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം അപകടത്തിൽപ്പെട്ട 18 പേരിൽ മൂന്ന് പേർ മരണപ്പെട്ടതും രക്ഷപ്പെട്ടതുമടക്കം ബാക്കി അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

മാധ്യമങ്ങളോട് പ്രതികരിക്കുന്ന കെ രാജന്‍ (ETV Bharat)

സ്വഭാവികമായിട്ടും ഇത്തരമൊരു ഘട്ടത്തിൽ ആദ്യം ചെയ്യേണ്ടത് ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്തുകയാണെന്നും റവന്യൂ വകുപ്പ് മന്ത്രിയുമായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും കെ. രാജൻ പറഞ്ഞു. കണക്കിലില്ലാതെ ദുരന്തത്തിൽപ്പെട്ടവരുണ്ടോയെന്ന് കണ്ടെത്താന്‍ നിർദേശം കൊടുത്തിട്ടുണ്ട്. തെരച്ചിലില്‍ ഏജന്‍സികളുടെ പ്രവർത്തനവും ഏകോപനത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങൾക്ക് സ്ഥാനമില്ല

ദുരന്തസമയത്ത് വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും തെരച്ചിലിന് എല്ലാവരും ഒറ്റക്കെട്ടായി പിന്തുണ നൽകണമെന്നും കെ. രാജൻ അഭ്യർഥിച്ചു. ദുരന്തഘട്ടത്തിൽ രണ്ട് അഭിപ്രായങ്ങൾക്കുള്ള സാധ്യതയില്ലെന്നും അതിനുള്ള അവസരം ഉണ്ടാക്കാന്‍ ആരും ശ്രമിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരെയും മാറ്റി നിർത്താതെ ഒറ്റക്കെട്ടായി എല്ലാവരും നിൽക്കണം. സർക്കാരിൻ്റെ രക്ഷാ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നേരുന്നുവെന്നും പ്രാഥമികമായ ചില അഭിപ്രായ പ്രകടനങ്ങൾ നടത്തികൊണ്ട് സംഭവത്തിൻ്റെ ഗൗരവം ഇല്ലാതാക്കരുതെന്നും കെ. രാജൻ കൂട്ടിച്ചേർത്തു.

സമഗ്രമായ അന്വേഷണം നടത്തും

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അതിന് എല്ലാ വിധ പിന്തുണയും നൽകുമെന്നും കെ. രാജൻ വ്യക്തമാക്കി. എന്നാൽ നിലവിൽ സർക്കാരിൻ്റെ ആദ്യ പരിഗണന ദുരന്തനിവാരണവും തെരച്ചിലുമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളക്കരയെ കണ്ണീരിലാഴ്ത്തി കള്ളാടി ദുരന്തം

ഇന്നലെ പുലർച്ചെയാണ് വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലുണ്ടായത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ അതിദാരുണമായ അപകടത്തിൽ നിർമാണ മേഖലയിലുണ്ടായിരുന്ന വാഹനങ്ങളും തൊഴിലാളികളുടെ ഷെഡുകളും നിർമാണ സാമഗ്രികളും പൂർണ്ണമായും മണ്ണിനടിയിലായി. അപകടത്തിൽ നിരവധി പേർ മണ്ണിനടിയാവുകയും അഞ്ച് പേരുടെ മരണം സ്ഥിരീകരിക്കുകയും ചെയ്‌തു.ടണൽ നിർമാണ തൊഴിലാളികളാണ് മരിച്ചത്. മണ്ണിടിച്ചിലിൽ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അപകടസ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒന്നര കിലോമീറ്റർ അകലെ വച്ചുതന്നെ വാഹനങ്ങൾ തടയുകയാണ്. തെരച്ചിലിന് കൂടുതൽ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായാണ് ഈ നിയന്ത്രണം. എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്.