ആന്‍റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനമിറങ്ങി; ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക്
ഇതോടെ ആന്‍റണി രാജു പ്രതിനിധാനം ചെയ്തിരുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ഒഴിവ് വന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു

Published : January 5, 2026 at 7:37 PM IST
|Updated : January 5, 2026 at 7:44 PM IST
തിരുവനന്തപുരം: തൊണ്ടിമുതൽ കൃത്രിമം നടത്തിയ കേസിൽ കോടതി ശിക്ഷിച്ച മുൻ മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്‍റണി രാജുവിന്‍റെ എം.എൽ.എ സ്ഥാനം റദ്ദാക്കി. ഇതുസംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കി.
ഇതോടെ ആന്‍റണി രാജു പ്രതിനിധാനം ചെയ്തിരുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ഒഴിവ് വന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. ആറ് വർഷത്തേക്ക് നിയമസഭയിലേക്ക് മത്സരിക്കുന്നതിനും ആന്‍റണി രാജുവിന് അയോഗ്യത നിലവിൽ വന്നു.
നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ച ജനുവരി മൂന്ന് മുതലാണ് വിജ്ഞാപനത്തിന് പ്രാബല്യമുള്ളത്. ഇതോടെ 140 അംഗ കേരള നിയമസഭയിൽ ഒഴിവുള്ള അംഗങ്ങളുടെ എണ്ണം രണ്ടായി.
പീരുമേട് എം.എൽ.എയായിരിക്കെ വാഴൂർ സോമൻ അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിന് പുറമെയാണ് ഇപ്പോൾ ആന്‍റണി രാജു അയോഗ്യനായിരിക്കുന്നത്. നിയമസഭയുടെ കാലാവധി പൂർത്തിയാകാൻ ഇനി ആറുമാസമില്ലാത്തതിനാൽ ഉപതെരഞ്ഞെടുപ്പിന് രണ്ട് മണ്ഡലങ്ങളിലും സാധ്യതയില്ല. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വിധി സ്റ്റേ ചെയ്താൽ മാത്രമേ ആന്‍റണി രാജുവിന്‍റെ അയോഗ്യത നീങ്ങുകയുള്ളൂ. അല്ലെങ്കിൽ മറ്റേതെങ്കിലും ഉപരികോടതികളിൽ നിന്ന് അദ്ദേഹം കുറ്റമുക്തനാകേണ്ടതുണ്ട്.
1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് ആന്‍റണി രാജുവിന് എം.എൽ.എ സ്ഥാനം നഷ്ടമാകുന്നത്. ജനപ്രാതിനിധ്യ നിയമം 8(3) പ്രകാരം രണ്ടു വർഷമോ അതിലധികമോ കാലത്തേക്ക് ഏതെങ്കിലും കേസിൽ കോടതി ശിക്ഷിച്ചാൽ, ശിക്ഷിക്കപ്പെട്ട ദിവസം മുതൽ ആ വ്യക്തി അയോഗ്യനാകും. അത്തരം വ്യക്തികൾക്ക് അന്ന് മുതൽ ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്. ഇതാണ് ആന്റണി രാജുവിന് ബാധകമായിരിക്കുന്നത്.
ആന്‍റണി രാജുവിന് അപ്പീൽ നൽകാൻ കോടതി ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ അപ്പീൽ നടപടികൾക്കുള്ള ശ്രമം അദ്ദേഹം ആരംഭിച്ചു. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ഓസ്‌ട്രേലിയൻ പൗരനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. തിരുവനന്തപുരം ജില്ലാ കോടതി ഇയാൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
എന്നാൽ 1992-ൽ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഇദ്ദേഹത്തെ കുറ്റമുക്തനാക്കി. ഇന്ത്യയിൽ നിന്ന് തിരികെ ഓസ്‌ട്രേലിയയിലെത്തിയ ഇയാൾ അവിടെ കൊലക്കേസിൽ പ്രതിയായി ജയിലിലായി. ജയിലിൽ വെച്ച് സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലിൽ, തന്‍റെ അഭിഭാഷകൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയാണ് തന്നെ രക്ഷപ്പെടുത്തിയതെന്ന് ഇയാൾ പറഞ്ഞിരുന്നു. ഈ വിവരം സഹതടവുകാരൻ അവിടുത്തെ പൊലീസിനെ അറിയിച്ചതാണ് ആന്‍റണി രാജുവിന് കുരുക്കായത്.

