ETV Bharat / state

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്‌ച നടത്തി

ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനമാണ് അന്തിമമായി വരുന്നത്. വിഷയത്തിൽ മറ്റ് പ്രഖ്യാപനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.

S RAJENDRAN JOINS BJP  DEVIKULAM MLA S RAJENDRAN  LATEST NEWS MALAYALAM  DEVIKULAM MLA JOINS BJP
Former Devikulam MLA And CPM Leader S Rajendran. (ETV Bharat)
author img

By ETV Bharat Kerala Team

Published : January 10, 2026 at 2:34 PM IST

2 Min Read
Choose ETV Bharat

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിനെ കണ്ടുവെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവെന്നും എസ് രാജേന്ദ്രന്‍ മൂന്നാറില്‍ വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം കൂടി എത്തുമ്പോഴേ ഇക്കാര്യം അവസാന ഘട്ടത്തിലേക്ക് എത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തുമെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി. തുടർന്ന് ഒരു മാസത്തിനുള്ളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും രാജേന്ദ്രൻ അറിയിച്ചു. രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയതിന് ഒടുവിലാണ് അദ്ദേഹം ബിജെപിയിലേക്കുള്ള പ്രവേശനം ഉറപ്പിച്ചത്.

എസ് രാജേന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കുന്നു. (ETV Bharat)

"സംസ്ഥാന പ്രസിഡൻ്റിനെ കണ്ടു സംസാരിച്ചു എന്നത് വസ്‌തുതയാണ്. അവരുടെ തീരുമാനത്തോടുകൂടിയാണ് അന്തിമ ഘട്ടത്തിൽ എത്തിച്ചേരുക. ഇതുവരെ മറ്റ് പ്രഖ്യാപനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. വ്യക്തിപരമായി സ്ഥാനമാനങ്ങളോ, മത്സരങ്ങളോ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. തന്നെയുമല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിച്ചിട്ടില്ല. അന്നും ഇന്നും മത്സരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ചില സാഹചര്യങ്ങള്‍ കടന്നുവരികയായിരുന്നു. അതിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല. എന്നിരുന്നാലും വ്യക്തിപരമായി ഒരു നേട്ടത്തിനോ തെരഞ്ഞെടുപ്പിന് വേണ്ടിയോ സ്ഥാനമാനത്തിന് വേണ്ടിയോ പ്രവേശനം ആഗ്രഹിക്കുന്നില്ല. ഇനി എന്താണെന്നുള്ളത് നേതാക്കൾ പ്രഖ്യാപിക്കും. അതാണ് ശരിയായ കാര്യം", എന്ന് രാജേന്ദ്രൻ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ മൂന്ന് വർഷമായി എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരും എന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരുമായി തിരുവനന്തപുരത്ത് വച്ച് രാജേന്ദ്രൻ കൂടിക്കാഴ്‌ച നടത്തിയത്. ചർച്ചകൾക്കിടയിൽ വ്യക്തിപരമായ ആവശ്യങ്ങൾ ഒന്നും തന്നെ ഉന്നയിച്ചിട്ടില്ല എന്നാണ് രാജേന്ദ്രൻ പറയുന്നത്. ബിജെപിയിൽ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ല എന്നും പറഞ്ഞിരുന്നു.

സിപിഎമ്മുമായി ദീർഘകാലമായി അകന്ന് നിൽക്കുകയാണ് രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരിൽ രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡും ചെയ്‌തിരുന്നതാണ്. പിന്നീട് എന്‍ഡിഎ ഘടകകക്ഷിയായ ആര്‍പിഐയില്‍ ചേരുമെന്ന് ആര്‍പിഐ ദേശീയ വൈസ് പ്രസിഡൻ്റ് നുസ്രത് ജഹാന്‍ പ്രതികരിച്ചിരുന്നു. തന്നെയുമല്ല ബിജെപിയിൽ ചേർന്നാലും ഇത്തവണ ദേവികുളത്ത് സ്ഥാനാർഥി ആകാനും സാധ്യതയില്ല. നേരത്തെ ഡല്‍ഹിയിലെത്തി ബിജെപി നേതാവായ പ്രകാശ് ജാവ്ദേക്കറുമായും രാജേന്ദ്രൻ ചർച്ചകൾ നടത്തിയിരുന്നു.

Also Read: ശബരിമല സ്വർണക്കൊള്ള: 'തന്ത്രി നാട്ടുകാരൻ' എന്ന് സജി ചെറിയാൻ; 'അന്വേഷണം കൃത്യ'മെന്ന് പി. രാജീവ്