ETV Bharat / state

ശബരിമല സ്വർണക്കൊള്ള; എസ്‌ഐടിക്ക് മുന്നിൽ ഹാജരായി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ

ശബരിമല സ്വർണക്കൊള്ള കേസിലെ നാലാം പ്രതിയാണ് ജയശ്രീ. ദേവസ്വം ബോർഡ് മിനിടുസിൽ ഇവർ തിരുത്തൽ വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

SABARIMALA  SABARIMALA GOLD THEFT CASE  S JAYASHREE  DWARA PALAKA GOLD PLATING
Former Devaswom Secretary S Jayashree (ANI)
author img

By ANI

Published : January 8, 2026 at 2:05 PM IST

2 Min Read
Choose ETV Bharat

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുന്നിൽ ഹാജരായി തിരുവിതാംകൂർ മുൻ ദേവസ്വം സെക്രട്ടറി എസ്‌ ജയശ്രീ. തിരുവനന്തപുരം ഇഞ്ചക്കലിലുള്ള ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരായത്. ദ്വാരപാലക പാളി സ്വർണക്കൊള്ള കേസിലെ നാലാം പ്രതിയാണ് മുൻ ദേവസ്വം ബോർഡ് സെക്രട്ടറി ജയശ്രീ.

ദ്വാരപാലക സ്വർണ പാളികൾ ഉണ്ണികൃഷ്‌ണൻ പോറ്റിയ്ക്ക് കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്സിൽ ഇവർ തിരുത്തൽ വരുത്തിയെന്നാണ് എസ്ഐടി കണ്ടെത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കുടൂതൽ വിവരങ്ങൾ കണ്ടെത്താനും തെളിവുകൾ ശേഖരിക്കാനുമായി ഇവരെ അന്വേഷണം സംഘം ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. നേരത്തെ തന്നെ ഇവർക്ക് ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാനുള്ള നോട്ടിസ് നൽകിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ദ്വാരപാലക ശിൽപങ്ങളിലേത് സ്വർണം പൊതിഞ്ഞ പാളികൾ ആണെന്ന് അറിയാമായിരുന്നിട്ടും അത് മറച്ചുവച്ച് മിനിടുസിൽ ചെമ്പ് പാളികൾ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നാണ് ജയശ്രീ രേഖപ്പെടുത്തിയത്. നേരത്തെ ജയശ്രീയുടെ മുൻ‌കൂർ ജാമ്യ അപേക്ഷ ഹർജി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നീട് ഇവർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് മുൻകൂർ ജാമ്യം വേണമെന്ന് ജയശ്രീയുടെ ആവശ്യം. തുടർന്ന് ജയശ്രീയുടെ അറസ്‌റ്റ് സുപ്രീംകോടതി താത്‌കാലികമായി തടഞ്ഞിരുന്നു.

കേസിൻ്റെ പശ്ചാത്തലം

ശബരിമലയിലെ ദ്വാരപാലക പ്രതിമകളിലെ സ്വർണപ്പാളികൾ മോഷണം പോയെന്ന പരാതിയെ തുടർന്ന് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്ന കേസാണിത്. 2019ൽ നടന്ന സ്വർണം പൂശൽ ജോലികളുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് രണ്ട് എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്യുകയും കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്‌തു.

കണക്കിലെ ക്രമക്കേടുകൾ

ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ 1564.190 ഗ്രാം സ്വർണവും ശ്രീകോവിലിൻ്റെ വാതിൽ പാളിയിലും കട്ടിളയിലുമായി 2519.760 ഗ്രാം സ്വർണവും പൂശിയെന്നാണ് ദേവസ്വം രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ശബരിമലയിൽ നിന്ന് 989 ഗ്രാം സ്വർണം (ഏകദേശം 124 പവൻ) കാണാതായതായി കണ്ടെത്തി. ഏകദേശം അഞ്ചര കോടിയോളം രൂപയുടെ മൂല്യം വരും ഈ നഷ്‌ടം.

സ്വർണം പൂശിയതിലും അതുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്‌തതിലും ഗുരുതരമായ വീഴ്‌ചകൾ സംഭവിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി നൽകിയ സ്വർണപ്പാളികൾ ചെമ്പ് പാളികളാക്കി മാറ്റി കവർച്ച നടത്താൻ പോറ്റിക്ക് ഉദ്യോഗസ്ഥർ സഹായം നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Also Read: അനധികൃത സ്വത്ത് സമ്പാദനം: പി വി അൻവറിന് നിർണായകം; ഇഡി ചോദ്യം ചെയ്യുന്നു