ETV Bharat / state

പ്രവാസികൾക്ക് ഇനി ആശ്വസിക്കാം; കൊച്ചി-റിയാദ് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഫ്ലൈനാസ്

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ സർവീസുകൾ ലഭ്യമാകും. XY 399, XY 400 എന്നീ ഫ്ലൈറ്റ് നമ്പറുകളിലാണ് വിമാനങ്ങൾ സർവീസ് നടത്തുക. 174 സീറ്റുകൾ ലഭ്യമായ ആധുനിക എയർബസ് എ 320 വിമാനമാണ് ഉപയോഗിക്കുന്നത്.

FLYNAS FLIGHT BETWEEN RIYADH COCHI  RIYADH COCHI FLYNAS SERVICE  FLYNAS COCHI RIYADH SERVICE  COCHI RIYADH SERVICE FROM CIAL
കൊച്ചി-റിയാദ് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഫ്ലൈനാസ് (ETV Bharat)
author img

By ETV Bharat Kerala Team

Published : September 2, 2026 at 12:44 PM IST

2 Min Read
Choose ETV Bharat

എറണാകുളം: ഗൾഫ് മലയാളികൾക്ക് ആശ്വാസമായി സൗദി അറേബ്യയിലെ പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി-റിയാദ് റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ചു. നെടുമ്പാശ്ശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) എത്തിയ ആദ്യ വിമാനത്തിന് വാട്ടർ സല്യൂട്ട് നൽകി ഗംഭീര സ്വീകരണമാണ് അധികൃതർ നൽകിയത്.

കൊച്ചിയിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനയും യാത്രാ ആവശ്യങ്ങളും പരിഗണിച്ചാണ് ഫ്ലൈനാസ് പുതിയ സർവീസ് തുടങ്ങിയത്. ആഴ്‌ചയിൽ മൂന്ന് ദിവസങ്ങളിലാണ് കൊച്ചി-റിയാദ് റൂട്ടിൽ വിമാന സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഫ്ലൈനാസിന് വാട്ടർ സല്യൂട്ട് നൽകി ഗംഭീര സ്വീകരണം (ETV Bharat)

ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിൽ ഈ റൂട്ടിൽ യാത്രക്കാർക്ക് സർവീസുകൾ ലഭ്യമാകും. എക്സ് വൈ 399, എക്സ് വൈ 400 എന്നീ ഫ്ലൈറ്റ് നമ്പറുകളിലാണ് വിമാനങ്ങൾ സർവീസ് നടത്തുക. 174 സീറ്റുകൾ ലഭ്യമായ ആധുനിക എയർബസ് എ 320 വിമാനമാണ് ഈ യാത്രകൾക്കായി കമ്പനി ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായ രാവിലത്തെ സമയക്രമത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

താങ്ങാനാകുന്ന ടിക്കറ്റ് നിരക്ക്

കൊച്ചിയിൽ നിന്നുള്ള വിമാനം രാവിലെ 8.50ന് റിയാദിലേക്ക് പുറപ്പെടും. റിയാദിൽ നിന്നുള്ള മടക്കവിമാനം രാവിലെ 8.05ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരും. ഈ സമയക്രമം പ്രവാസി കുടുംബങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനകരമാകും.

നിലവിൽ കൊച്ചിയിൽ നിന്ന് സൗദിയുടെ വിവിധ നഗരങ്ങളായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ, സൗദിയ എന്നീ കമ്പനികൾ നേരിട്ട് സർവീസ് നടത്തുന്നുണ്ട്. ഇവയ്ക്ക് പുറമെ പ്രമുഖ ബജറ്റ് എയർലൈനായ ഫ്ലൈനാസ് കൂടി എത്തുന്നതോടെ ഈ റൂട്ടിൽ കൂടുതൽ ശക്തമായ മത്സരത്തിന് വഴിയൊരുങ്ങുകയാണ്. ഇത് ടിക്കറ്റ് നിരക്കുകൾ കൂടുതൽ താങ്ങാനാകുന്ന തലത്തിലേക്ക് താഴാനും യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ തെരഞ്ഞെടുക്കാനും അവസരമൊരുക്കുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്.

ഉത്സവ സീസണുകളിലും അവധിക്കാലങ്ങളിലും പ്രവാസികൾ നേരിടുന്ന ഉയർന്ന ടിക്കറ്റ് നിരക്കിന് ഒരുപരിധിവരെ ആശ്വാസമാകാൻ ഈ പുതിയ സർവീസിന് സാധിക്കും. അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണത്തിൽ വലിയ വളർച്ച രേഖപ്പെടുത്തുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ഫ്ലൈനാസിൻ്റെ വരവ് കൂടുതൽ കരുത്തുപകരും. മിഡിൽ ഈസ്‌റ്റിലേക്കുള്ള കണക്റ്റിവിറ്റി വർധിക്കുന്നത് വഴി സിയാലിൻ്റെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലും മികച്ച വർധനവ് പ്രതീക്ഷിക്കുന്നു.

സൗദി അറേബ്യയിലെ മലയാളി സമൂഹത്തിനും കൊച്ചിയിലേക്ക് എത്തുന്ന വിദേശ യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ സിയാലിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ ബജറ്റ് എയർലൈനുകൾ എത്തുന്നതോടെ സാധാരണക്കാരായ പ്രവാസികൾക്കാണ് ഇതിൻ്റെ ഏറ്റവും വലിയ ഗുണം ലഭിക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര മേഖലയിലുണ്ടാകുന്ന കുതിച്ചുചാട്ടവും പുതിയ വിമാന സർവീസുകൾക്ക് കരുത്തേകും. കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവം നൽകുന്ന ഫ്ലൈനാസ് മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ബജറ്റ് എയർലൈനുകളിലൊന്നാണ്.

Also Read: വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി പ്രതികാരം; സംസ്കൃത സർവകലാശാലയിൽ ഇന്ന് ജനകീയ പ്രതിരോധ സദസ്സ്