ETV Bharat / state

''തുറക്കുവാടാ മോനേ... ഒന്നുമില്ല'', കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകനായി അഗ്നിശമനസേന

വീട്ടിലെ പോർച്ചിനുള്ളിൽ നിർത്തിയിട്ട കാറിനുള്ളിലാണ് കുട്ടി കുടുങ്ങിയത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്.

BOY TRAPPED IN A CAR  THIRUVALLA FIREFORCE  CHILD LOCED INSIDE THE CAR  THIRUVALLA PATHANAMTHITTA
Fireforce rescue child trapped in car (ETV Bharat)
author img

By ETV Bharat Kerala Team

Published : January 7, 2026 at 6:35 PM IST

2 Min Read
Choose ETV Bharat

പത്തനംതിട്ട: ഓട്ടോമാറ്റിക്ക് ലോക്കിങ് സിസ്റ്റമുള്ള കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകനായി അഗ്നിശമനസേന. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഒന്നര വയസുകാരൻ കുടുങ്ങിയത്.

കുഞ്ഞ് കാറിൽ കുടുങ്ങിയതോടെ മാതാപിതാക്കള്‍ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്. ഫയർ ഫോഴ്‌സിന് അഭിനന്ദനങ്ങളർപ്പിക്കുന്നതിനൊപ്പം നിരവധി വിമർശനങ്ങളാണ് ഉയരുന്നുണ്ട്. "എന്തിനാ ഫയർ ഫോഴ്‌സ് വരും വരെ കാത്തിരിക്കുന്നെ... ആ ഡോർ ഗ്ലാസ് പെട്ടിച്ചാൽ പോരെ സിമ്പിൾ" ഇങ്ങനെ നീളുന്നു കമൻ്റുകൾ. ഏതായാലും കുഞ്ഞിനെ സുരക്ഷിതമായി ഭയപ്പെടുത്താതെ പുറത്തെത്തിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍.

കാറിനുള്ളിൽ കുടുങ്ങിയ കുട്ടിയെ രക്ഷിക്കുന്ന അഗ്നിശമനസേന (ETV Bharat)

വാഹനത്തിൻ്റെ ഗ്ലാസ് തുറക്കുന്നതിനിടെ ശബ്‌ദത്തിൽ കുഞ്ഞ് പേടിക്കുന്നതും, ഒന്നുമില്ല മോനെ എന്ന് പറഞ്ഞ് അമ്മ അവനെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഗ്ലാസ് പൊട്ടിച്ച് കുട്ടിയെ പുറത്തിറക്കാത്തതാണ് ചില നെറ്റിസണ്‍സിൻ്റെ വിമർശനം.

തിരുവല്ല സ്വദേശി കിരൺ ടി മാത്യു - അനീറ്റ ദമ്പതികളുടെ മകൻ ഒന്നര വയസുള്ള ഇവാൻ ആണ് കാറിനുള്ളിൽ കുടുങ്ങിയത്. ഇന്ന് (ജനുവരി 7) രാവിലെ 10 മണിക്കായിരുന്നു സംഭവം. ഓട്ടോമാറ്റിക്കായി ലോക്കാവുന്ന കാറിനുള്ളിലേക്ക് ഇവാൻ കാറിൻ്റെ താക്കോലുമായി കയറുകയായിരുന്നു.

പിന്നാലെ കാറിൻ്റെ ഡോർ ലോക്ക്‌ ആയതോടെ ഇവാൻ കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കുട്ടിയെ കാറിനുള്ളിൽ നിന്നും രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും നിരാശ ആയിരുന്നു ഫലം. ഇതോടെ വീട്ടുകാർ തിരുവല്ല ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഭവം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തുകയും ഗ്ലാസ്‌ കാച്ചറിൻ്റെ സഹായത്തോടെ കാറിൻ്റെ പിന്നിലെ ഗ്ലാസ്‌ വലിച്ചു താഴ്ത്തിയ ശേഷം ലോക്ക് നീക്കി കുട്ടിയെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു.

അതേസമയം കാറിൻ്റെ ഗ്ലാസ് തകർത്തു കുട്ടിയെ പുറത്തിറക്കാൻ വീട്ടുകാർ തയാറാകാതെ ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ച് അവർ വരുന്നത് വരെ കാത്തു നിന്നത് എന്തിനാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണം. കുട്ടിയുടെ ജീവനേക്കാൾ വലുതാണോ കാറിൻ്റെ ഗ്ലാസ്‌ എന്നും ചിലർ ചോദിക്കുന്നുണ്ട്.

അസിസ്‌റ്റൻ്റ് സ്‌റ്റേഷൻ ഓഫിസർ കെ എസ് അജിത്ത്. ഉദ്യോഗസ്ഥരായ എൻ ആർ ശശികുമാർ, കെ സതീഷ് കുമാർ, സൂരജ് മുരളി, മുകേഷ് കുമാർ, ശിവപ്രസാദ്, വിപിൻ, വിനോദ് ടൈറ്റസ്, മുകേഷ്, ഹോം ഗാർഡ് ലാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷപ്രവർത്തനം നടന്നത്.

സമാന സംഭവം

കഴിഞ്ഞ മാസമാണ് അടുക്കളയിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ സ്റ്റീൽ പാത്രം തലയിൽ കുടുങ്ങിയ രണ്ട് വയസുകാരിക്ക് രക്ഷകരായി അഗ്നിശമനസേന എത്തുന്നത്. അടുക്കളയിൽ കളിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ സ്‌റ്റീൽ പാത്രം കുട്ടിയുടെ തലയിൽ കുടുങ്ങിയത്.

പാത്രത്തിൽ നിന്ന് കുഞ്ഞിന്‍റെ തല പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ മുക്കം ഫയർഫോഴ്‌സിന്‍റെ സഹായം തേടി അഗ്നിരക്ഷ നിലയത്തിലേക്ക് എത്തുകയായിരുന്നു. സ്‌റ്റേഷൻ ഓഫിസർ എം അബ്‌ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് ഷിയേഴ്‌സ്, കട്ടർ എന്നിവ ഉപയോഗിച്ച് സൂക്ഷ്‌മമായി പാത്രം മുറിച്ചുമാറ്റി കുട്ടിയുടെ തല പുറത്തെടുത്തത്.

Also Read: പ്രണയിനിയെ സ്വന്തമാക്കാൻ കാറിടിപ്പിച്ചു, രക്ഷകനായി പറന്നെത്തി കാമുകന്‍; വധശ്രമത്തിന് അകത്തായി കാമുകനും സുഹൃത്തും