ETV Bharat / state

രാസവളങ്ങൾക്ക് 'തീ' വില; രണ്ടാഴ്‌ചയ്ക്കിടെ ഇരട്ടിയിലേറെ വില, വലഞ്ഞ് കർഷകർ

വിഷയത്തിൽ കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

CHEMICAL FERTILIZERS PRICE HIKE  FARMERS ON FERTILIZERS PRICE HIKE  AGRICULTURE SECTOR  KERALA AGRICULTURE SECTOR
Fertilizers (ETV Bharat)
author img

By ETV Bharat Kerala Team

Published : August 29, 2026 at 8:43 PM IST

2 Min Read
Choose ETV Bharat

വയനാട്: കാർഷിക മേഖലയെ തളർത്തിക്കൊണ്ട് രാസവളങ്ങൾക്ക് തീ വില. രണ്ടാഴ്‌ചയ്ക്കിടെ പല രാസവളങ്ങൾക്കും ഇരട്ടിയിലേറെ വില ഉയർന്നതോടെ വയനാട്ടിലെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. വിഷയത്തിൽ കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും രാസവള സബ്‌സിഡി വർധിപ്പിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

സംസ്ഥാനത്ത് രാസവളങ്ങൾക്ക് വൻ വിലവർധനവ്

കഴിഞ്ഞ ഒരു വർഷമായി തുടർന്നുപോന്ന വിലവർധനവ് കഴിഞ്ഞ രണ്ടാഴ്‌ചകൊണ്ട് കുത്തനെ ഉയരുകയായിരുന്നു. അന്താരാഷ്ട്ര തലത്തിലെ യുദ്ധ പശ്ചാത്തലമാണ് വിലവർധനവിന് കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. ഫാക്‌ടംഫോസിന് രണ്ടാഴ്‌ച മുൻപ് 1450 രൂപയായിരുന്നത് ഇപ്പോൾ 2300 രൂപയായി ഉയർന്നു. 50 കിലോയുടെ കോംപ്ലക്‌സ് വളങ്ങൾക്ക് 2225 രൂപയാണ് നിലവിലെ വിപണി വില.

വിലക്കയറ്റത്തിൽ വലഞ്ഞ് കർഷകർ (ETV Bharat)

യൂറിയ നിശ്ചിത വിലയ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും കോഴിക്കോട്ട് നിന്നാണ് വിതരണത്തിന് എത്തിക്കുന്നത്. അതിനാൽ വളം കച്ചവടക്കാരോ കർഷകരോ സ്വന്തം കയ്യിൽ നിന്ന് വാഹനക്കൂലി നൽകേണ്ട ദുരിതാവസ്ഥയിലാണുള്ളത്. വിലക്കയറ്റം കാരണം വളപ്രയോഗ സമയമായിട്ടും കർഷകർ വളം വാങ്ങാൻ എത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. കൃത്യസമയത്ത് വളമിട്ടില്ലെങ്കിൽ വിളവിനെ അത് സാരമായി ബാധിക്കുകയും അടുത്ത വർഷത്തെ ഉത്പ്പാ‌ദനം കുത്തനെ കുറയുകയും ചെയ്യും.

വാഴയ്‌ക്ക് വളയിടേണ്ട സമയമായിട്ടും വളെ കിട്ടാനില്ലെന്നും കടയിലുള്ളവർക്ക് പോലും വളം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും കർഷകൻ അരവിന്ദാക്ഷൻ പറഞ്ഞു. സർക്കാർ ഇടപെടൽ ഈ വിഷയത്തിലുണ്ടായാൽ മാത്രമേ എന്തെങ്കിലും പരിഹാരം സാധ്യമാവുകയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്കയറ്റത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് സബ്‌സിഡി തുക വർധിപ്പിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം കാർഷിക മേഖല പൂർണ്ണമായും തകർച്ചയിലേക്ക് കൂപ്പുകുത്തും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാസവളം (ഒരു ചാക്ക്)മുൻപത്തെ വില (ഏകദേശം)ഇപ്പോഴത്തെ വില (ഏകദേശം)
ഫാക്ടംഫോസ് 1,425 രൂപ2,100 – 2,300 വരെ
പൊട്ടാഷ്1,500 രൂപ1,975 – 2,300 വരെ
എൻ.പി.കെ (NPK മിശ്രിതങ്ങൾ) 1,500 – 1,650 വരെ2,050 – 2,100 വരെ
തുരിശ് (കുമിൾനാശിനി) 210 രൂപ540 രൂപ
മഗ്നീഷ്യം 1,200 രൂപ1,400 രൂപ

കേന്ദ്ര സബ്‌സിഡിയുള്ളതിനാൽ യൂറിയയുടെ വില വർധിച്ചിട്ടില്ല. ഉത്പ്പാ‌ദനച്ചെലവ് കുത്തനെ ഉയർന്നതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാരായ കർഷകർ. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത വസ്‌തുക്കളുടെ ക്ഷാമവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും കേന്ദ്രസർക്കാർ സബ്‌സിഡി നിരക്കുകളിൽ വരുത്തിയ വ്യത്യാസങ്ങളുമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായി ഇതുവരെ കണക്കാക്കുന്നത്. സർക്കാർ ഇതിൽ അടിയന്തിര ഇടപെടൽ നടത്തുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

ALSO READ: തൃശൂരില്‍ നിന്നുള്ള അമ്പതോളം വിദ്യാര്‍ഥികള്‍ക്ക് ട്രെയിനില്‍ ഭക്ഷ്യവിഷബാധ; സംഭവം ഡല്‍ഹിയില്‍ ടൂര്‍ കഴിഞ്ഞ് മടങ്ങവേ മംഗള എക്‌സ്‌പ്രസില്‍