2020 ല്‍ എന്തുകൊണ്ട് തോറ്റു? തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനം ഇങ്ങനെ
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് അതീവ രാഷ്‌ട്രീയ സ്വാധീനമുള്ളവയാണ്. സംസ്ഥാന ദേശീയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിഷയമാകുന്നു.

Published : November 3, 2025 at 7:27 PM IST
|Updated : November 18, 2025 at 10:52 AM IST
വി. മായാദേവി
നമ്മുടെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കേളി കൊട്ട് ഉയര്‍ന്നിരിക്കുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളമാകെ ഒരു ഇടത് തരംഗം വീശിയടിക്കുന്ന കാഴ്‌ചയാണ് കാണാനായത്. ഇതിന് പല കാരണങ്ങളുണ്ടായിരുന്നു. പ്രളയവും കോവിഡും സംസ്ഥാനത്തെ ആകെ തകര്‍ത്തെറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് നാം ഈ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. എന്നാല്‍ ആ മഹാമാരിക്കൊന്നും നമ്മെ വിട്ടു കൊടുക്കാതെ കാത്ത ഒരു സര്‍ക്കാരിനോടുള്ള നന്ദി പ്രകടനമായിരുന്നു ആ തെരഞ്ഞെടുപ്പ് വിജയം.
കേരളം മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവും ഒടുവില്‍ നാം കടന്ന് വന്ന 2020ലെ തെരഞ്ഞെടുപ്പ് ഫലത്തെ അവലോകനം ചെയ്യുന്നു, വിദഗ്ദ്ധരും ജനപ്രതിനിധികളും...
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രകടന മികവ് ഘടകമാകാറുണ്ടെന്ന് കേരളത്തിലെ കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ്‌ചാന്‍സലറും കേരള സര്‍വകലാശാല രാഷ്‌ട്രതന്ത്ര വകുപ്പ് മുന്‍ മേധാവിയും തെരഞ്ഞെടുപ്പ് വിദഗ്ദ്ധനുമായ ഡോ.ജി ഗോപകുമാര്‍ ചൂണ്ടിക്കാട്ടുന്നു. തീര്‍ത്തും പ്രാദേശികമായ വിഷയങ്ങളും സംസ്ഥാന ഭരണവും അന്‍പത് അന്‍പത് ശതമാനം വിലയിരുത്തപ്പെടും എന്നാണ് ഡോ. ജി ഗോപകുമാറിന്‍റെ അഭിപ്രായം.
"സാധാരണഗതിയില്‍ തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ഒരു ഇടത് ചായ്‌വ് പ്രകടിപ്പിക്കാറുമുണ്ട്. ഇത് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ തന്നെ കാണുന്ന കാര്യമാണ്. ഇതിന് കാരണം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ താഴെ തട്ടിലുള്ള ശക്തമായ കേഡര്‍ സംവിധാനമാണ്. കുടുംബശ്രീ പോലുള്ളവയെയും അവര്‍ ഇതിന് വേണ്ടി ഇപ്പോള്‍ ഉപയോഗിക്കുന്നു. താഴെത്തട്ടിലുള്ള വികസനങ്ങളും കേഡര്‍ സംവിധാനം ശക്തമാക്കുന്നതിനായി ഒപ്പം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍ അടക്കമുള്ളവ ഉറപ്പാക്കുന്നതിനും ഇടതുപക്ഷം ശ്രദ്ധിക്കുന്നു.
ഇതിന് ഒരു അപവാദമുണ്ടായത് 2000ത്തിലെ തെരഞ്ഞെടുപ്പിലായിരുന്നു. അന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരളമാകെ ശക്തമായ ഇടത് വിരുദ്ധ തരംഗം ആഞ്ഞടിച്ചു. സംസ്ഥാനത്ത് ഭരണത്തിലിരുന്ന നായനാര്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ജനരോക്ഷത്തില്‍ മിക്ക ഇടത് കോട്ടകളും ആടിയുലഞ്ഞു. തത്ഫലമായി യുഡിഎഫ് ത്രിതല പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും സിംഹഭാഗവും കയ്യടക്കി. തൊട്ടുപിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നായനാര്‍ സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുകയും യുഡിഎഫ് സംസ്ഥാന ഭരണം കയ്യാളുകയും ചെയ്‌തു."

തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ ഇടതിന് ഒരു ശക്തമായ ബദലാകാന്‍ യുഡിഎഫിന് പലപ്പോഴും കഴിയാറില്ലെന്നും ഡോ. ഗോപകുമാര്‍ ചൂണ്ടിക്കാട്ടുന്നു. "ഇതിന് കാരണം താഴെത്തട്ടില്‍ ഇവര്‍ക്ക് ശക്തമായ അടിത്തറ ഇല്ലാത്തത് തന്നെയാണ്. യുഡിഎഫിന്‍റെ ഈ പിഴവ് തിരുത്താനുള്ള ശ്രമത്തിലാണ് ബിജെപി. താഴെത്തട്ടില്‍ തങ്ങളുടെ അടിത്തറ ശക്തമാക്കാനുള്ള പല ശ്രമങ്ങളും ബിജെപിയില്‍ നിന്നുണ്ടാകുന്നു. ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സമാനമായി ശക്തമായ കേഡര്‍ സംവിധാനം താഴെത്തട്ടില്‍ നിന്ന് തന്നെ കെട്ടിപ്പടുക്കാന്‍ അവര്‍ ശ്രമിക്കുന്നു.
നാടായ നാട്ടിലെ അമ്പലങ്ങളും കരയോഗങ്ങളും എസ്‌എന്‍ഡിപി-കെപിഎംഎസ് ശാഖകളുമെല്ലാം ഇതിന് വളക്കൂറുള്ള മണ്ണാണെന്ന് തിരിച്ചറിഞ്ഞ അവര്‍ ആ വഴി ജനങ്ങളിലേക്ക് എത്താനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിയുടെ ഈ തന്ത്രം തിരിച്ചറിഞ്ഞ മറ്റ് പ്രസ്ഥാനങ്ങളും ഇത് പയറ്റാന്‍ ശ്രമിക്കുന്നുണ്ടിപ്പോള്‍. വലിയ ഗൃഹപാഠങ്ങളോടെയാണ് ഗോദയില്‍ ഇറങ്ങിയത് എങ്കിലും ഇടത് കോട്ടയില്‍ അത്ര എടുത്ത് പറയാവുന്ന ഒരു വിള്ളലൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞ തവണ ബിജെപിക്കായിട്ടില്ല. വരും തെരഞ്ഞെടുപ്പുകളില്‍ എന്താകും ഉണ്ടാകുക എന്നത് കാത്തിരുന്ന് തന്നെ കാണണം. "
എല്‍ഡിഎഫ് നേട്ടം യുവാക്കളുടെ കരുത്തില്‍
ഇടത് മുന്നണി കൂടുതല്‍ യുവാക്കളെ ഗോദയിലിറക്കിയത് അവര്‍ക്ക് ഗുണകരമായെന്ന് പാലക്കാട് എലപ്പുള്ളി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകന്‍ പ്രദീപ് വിലയിരുത്തുന്നു. പ്രായമുള്ള സ്ഥാനാര്‍ത്ഥികളെക്കാള്‍ വിദ്യാഭ്യാസവും ലോകപരിചയവും യുവാക്കള്‍ക്കുള്ളതും ഇവര്‍ക്ക് പുതു ആശയങ്ങള്‍ ഉണ്ടാകുമെന്നതും ജനങ്ങള്‍ ഇവരെ തെരഞ്ഞെടുക്കാനുള്ള കാരണമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "താരതമ്യേന പ്രായം കുറഞ്ഞ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇടതുമുന്നണി 2020ല്‍ അവസരം നല്‍കി. ഇതിന് പുറമെ പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ ദുരന്തങ്ങളെ സര്‍ക്കാര്‍ കൈകാര്യം ചെയ്‌ത രീതിയും അവര്‍ക്ക് അനുകൂലമായി. സാമൂഹ്യ അടുക്കളകള്‍ പോലെ അക്കാലത്ത് സര്‍ക്കാര്‍ കൊണ്ടു വന്ന പല നടപടികളും ഗ്രാമീണ മേഖലകളിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് തൊഴിലില്ലാതായ കോവിഡ് കാലത്ത് വലിയ ആശ്വാസമായിരുന്നു.
യുഡിഎഫ് ദുര്‍ബലമാകുന്ന ഇടങ്ങളിലേക്ക് ബിജെപി കയറി വരുന്ന ചിത്രമാണ് കേരള രാഷ്‌ട്രീയത്തില്‍ പ്രകടമായത്. ഒരു കാലത്ത് യുഡിഎഫിന് ശക്തമായ മേല്‍ക്കൈ ഉണ്ടായിരുന്ന തിരുവനന്തപുരം പോലുള്ള ഇടങ്ങളില്‍ ബിജെപി ശക്തമാകുന്നു. കോണ്‍ഗ്രസ് പോലുള്ള കക്ഷികള്‍ക്ക് താഴെത്തട്ടില്‍ പ്രവര്‍ത്തനം വേണ്ടത്ര കാര്യക്ഷമമായിരുന്നില്ല . മേല്‍ത്തട്ടിലെ കുറേ നേതാക്കളില്‍ മാത്രമായി കോണ്‍ഗ്രസ് ചുറ്റിത്തിരിയുകയായിരുന്നു. ഇത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് കനത്ത തിരിച്ചടിയായി. ഈ അവസരം ബിജെപി ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു. ഒപ്പം പ്രായോഗിക രാഷ്‌ട്രീയത്തിന്‍റെ പ്രയോക്താക്കളായ കേരള കോണ്‍ഗ്രസുകള്‍ അതത് കാലത്തെ ബലാബലം നോക്കി രാഷ്‌ട്രീയ നിലപാടുകള്‍ മാറുന്നതും യുഡി എഫിന് തിരിച്ചടിയായി"

താഴെത്തട്ടില്‍ സംഘടനാതലത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും പാളിച്ചകള്‍ ഉണ്ടെന്ന കാര്യം അവരും മറച്ച് വയ്ക്കുന്നില്ല. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായപ്പോള്‍ ഇതിനായി ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചെങ്കിലും പാളിപ്പോയി. കോണ്‍ഗ്രസിന്‍റെ അംഗബലത്തില്‍ കൂടുതല്‍ യുവാക്കളെ കൊണ്ടുവരാനാകാത്തതും പാളിച്ചയാണെന്ന് കൊല്ലം പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ അഡ്വക്കേറ്റ് തൃദീപ്‌കുമാര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ കരയോഗം, എസ്എന്‍ഡിപിശാഖകള്‍, അമ്പലക്കമ്മിറ്റികള്‍ തുടങ്ങിയവയിലേക്ക് വരാന്‍ ഇടതുപക്ഷ രാഷ്‌ട്രീയ അനുഭാവികളും നേതാക്കളും മടിച്ചിരുന്നു. എന്നാലിന്ന് ഇതിന് ഏറെ മാറ്റം വന്നിരിക്കുന്നു. അവര്‍ തികച്ചും കൃത്യമായ ഉദ്ദേശ്യങ്ങളോടെ തന്നെ ഇത്തരം സംഘടനകളുടെ തലപ്പത്തേക്ക് എത്തുകയും അത് തങ്ങള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വോട്ടായി മാറ്റാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നും തൃദീപ് കുമാര്‍ പറയുന്നു. ചിലയിടങ്ങളില്‍ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ വന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായി. ഇക്കുറി അസംതൃപ്‌തരായവരെയും മറ്റും കൂടുതല്‍ പരിഗണിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കുറച്ച് കൂടി പക്വമായ നിലപാടുകള്‍ കൈക്കൊണ്ട് മുന്നോട്ട് പോകും. ഇതിനുള്ള നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു എന്നും തൃദീപ് കുമാര്‍ വ്യക്തമാക്കുന്നു.
എങ്കിലും തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ചര്‍ച്ച ചെയ്യുന്ന രാഷ്‌ട്രീയത്തിനപ്പുറം മറ്റ് പല സമവാക്യങ്ങളുമുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു. തൊഴിലുറപ്പ് പരിപാടിയിലെ അംഗങ്ങള്‍ മത്സരരംഗത്തുണ്ടെങ്കില്‍ രാഷ്‌ട്രീയ പരിഗണനകള്‍ മാറ്റി വച്ച് ഒപ്പമുള്ളവര്‍ അവര്‍ക്ക് വോട്ട് ചെയ്യും. ബന്ധുത്വം, ജാതീയത, വ്യക്തി ബന്ധങ്ങള്‍ തുടങ്ങി പലതും വോട്ടിങ്ങില്‍ പ്രതിഫലിക്കും. കഴിഞ്ഞ തവണ കോവിഡ് കാലമായതിനാല്‍ രോഗികള്‍ക്ക് തപാല്‍ വഴി വോട്ട് ചെയ്യാനുള്ള സൗകര്യം നല്‍കിയത് ഇടതുമുന്നണി തങ്ങള്‍ക്ക് അനുകൂലമായി മിക്കയിടത്തും വിനിയോഗിച്ചതും അവര്‍ക്ക് മൃഗീയ ഭൂരിപക്ഷം കിട്ടാന്‍ സഹായിച്ചെന്നും തൃദീപ് വിലയിരുത്തുന്നു. ഇക്കുറി പഴുതടച്ചുള്ള പ്രവര്‍ത്തനമാണ് തങ്ങള്‍ താഴെത്തട്ടില്‍ നടത്തുന്നത് എന്നും തൃദീപ് വിശദീകരിക്കുന്നു.

കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം കഴിഞ്ഞ തവണ തങ്ങള്‍ക്ക് 23 പഞ്ചായത്തംഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിലെ ഏക ബിജെപി പ്രതിനിധിയായ എന്‍ ഓമനക്കുട്ടന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തിലെ ഏക ബിജെപി പ്രതിനിധി ആണെങ്കിലും പഞ്ചായത്തില്‍ രണ്ടിടത്ത് ബിജെപി രണ്ടാമത് എത്തിയത് ശുഭ സൂചനയായി അദ്ദേഹം വിലയിരുത്തുന്നു. ഇക്കുറി തങ്ങള്‍ ഭരണം പിടിച്ചാല്‍ അത്ഭുതമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇതിന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് മുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തി. നാട്ടിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ മുതലുള്ളവയില്‍ ഇടപെട്ട് തങ്ങള്‍ കൂടുതല്‍ ജനകീയരായിരിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. കേരളത്തിലെങ്ങും ബിജെപി നിര്‍ണായക ശക്തിയായി തന്നെ വളരുകയാണ്. അടുത്ത നിയമസഭയിലും തങ്ങള്‍ സാന്നിധ്യമറിയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി പ്രവര്‍ത്തകര്‍.
എസ്‌സി എസ്‌ടി കോളനികള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായക ഘടകമാകാറുണ്ടെന്ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തംഗവും സിപിഐ നേതാവുമായ സുധീര്‍ ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തില്‍ ഇരുപതിലേറെ പട്ടിക ജാതി കോളനികള്‍ ഉണ്ട്. ഇവ കാലങ്ങളായി ഇടതിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു. അടുത്ത കാലത്തായി ബിജെപി ഇവിടെ ചുവട് ഉറപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അത് അവര്‍ക്ക് അനുകൂല സ്ഥിതി ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബിജെപിയിലെ വനിതകള്‍ക്ക് മുന്‍തൂക്കം
സംസ്ഥാന തലത്തില്‍ മുന്നണികളില്‍ താരതമ്യേന ചെറിയ കക്ഷികളായ മുസ്ലീം ലീഗ്, എസ്‌ഡിപിഐ, എന്‍സിപി പോലുള്ളവ പഞ്ചായത്ത് തലങ്ങളില്‍ നിര്‍ണായക ശക്തിയായി മാറുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രമാണെന്ന് ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാല രാഷ്‌ട്രതന്ത്ര വിഭാഗം അധ്യാപകന്‍ ഡോ.പ്രൊഫ.ബിജു ബി. എല്‍. ചൂണ്ടിക്കാട്ടുന്നു. താഴെത്തട്ടിലും ഇവര്‍ മുന്നണി സംവിധാനത്തില്‍ തന്നെയാണ് മത്സരിക്കാറുള്ളതെങ്കിലും തനിച്ച് തന്നെ ഇവര്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാക്കാനാകുന്നു. നാമമാത്രമായ സീറ്റുകള്‍ മാത്രമാണ് അവര്‍ മുന്നണിയിലെ വലിയ കക്ഷികള്‍ക്ക് നല്‍കാറുള്ളതെന്നും അദ്ദേഹം പറയുന്നു.
കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മറ്റൊരു നിര്‍ണായക സവിശേഷത വനിത സംവരണ വാര്‍ഡുകളില്‍ സ്‌ത്രീകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ബിജെപിയിലെ വനിതകള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന കാഴ്‌ചയും നമുക്ക് കാണാം. ഇതിന് കാരണം പ്രദേശത്തെ അമ്പലങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും രൂപപ്പെട്ടിട്ടുള്ള സ്‌ത്രീകളുടെ കൂട്ടായ്‌മകളാണെന്നും പ്രൊഫ.ബിജു ചൂണ്ടിക്കാട്ടുന്നു. കുടുംബശ്രീയ്ക്ക് ബദലോ സമാന്തരമായോ ഉള്ള ഇത്തരം വനിതാ കൂട്ടായ്‌മകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പ്രദേശത്തെ സ്വാധീനമുള്ള കുടുംബങ്ങളിലെ സ്‌ത്രീകളോ വിരമിച്ച അധ്യാപകരോ മറ്റേതെങ്കിലും വിധത്തില്‍ പ്രദേശത്ത് സ്വാധീനമുള്ളവരോ ആകാം. ഇത് ബിജെപിയിലെ സ്‌ത്രീകള്‍ക്ക് മേല്‍ക്കൈ നേടിക്കൊടുക്കുന്നു. നായര്‍, ബ്രാഹ്‌മണ, അമ്പലവാസി വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമം ബിജെപി ഊര്‍ജ്ജിതമായി തന്നെ നടക്കുന്നുണ്ട്. ഇതിന് പുറമെ നിര്‍ണായക സ്വാധീന മേഖലകളായ പട്ടികജാതി കോളനികളിലും ബിജെപി ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നത് അവരുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനമാകുന്നുവെന്നും പ്രൊഫ. ബിജു ചൂണ്ടിക്കാട്ടുന്നു.

കേരള കോണ്‍ഗ്രസും ക്രൈസ്‌തവ സഭകളും
കോട്ടയം, ഇടുക്കി പോലുള്ള മലയോര മേഖലകളില്‍ കേരള കോണ്‍ഗ്രസുകളും ജാതി കാര്‍ഡ് തന്നെയാണ് ഇറക്കുന്നത്. ക്രൈസ്‌തവ ഭൂരിപക്ഷമുള്ള ഈ മേഖലകളില്‍ സഭകളില്‍ സ്വാധീനം ചെലുത്തി ഇവിടുത്തെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുന്നു. ജാതിയും രാഷ്‌ട്രീയവും വ്യക്തിപ്രഭാവവും ബന്ധുബലവും ജാതി സമുദായ സംഘടനകളും എല്ലാം ഘടകങ്ങളാകുന്ന തെരഞ്ഞെടുപ്പ് തന്നെയാണ് ത്രിതല ഗ്രാമപഞ്ചായത്ത്- മുനിസിപ്പാലിറ്റി-നഗരസഭ തെരഞ്ഞെടുപ്പും എന്നത് തന്നെയാണ് പോയ കാല രാഷ്‌ട്രീയ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ നാം എത്തിച്ചേരുന്ന നിഗമനമെന്നും നിരവധി തെരഞ്ഞെടുപ്പുകളെ കുറിച്ച് പഠനം നടത്തിയിട്ടുള്ള വ്യക്തി കൂടിയായ ഡോ.ബിജു പറഞ്ഞു വയ്ക്കുന്നു.
കൃത്യമായ ഇടവേളകളില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കുകയും ഫലം പ്രഖ്യാപിക്കുകയും മികച്ച രീതിയില്‍ തദ്ദേശ ഭരണസംവിധാനം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. പദ്ധതി വിനിയോഗത്തിലും തൊഴില്‍ സൃഷ്‌ടിക്കലിലും നമ്മുടെ സംസ്ഥാനത്തെ പല തദ്ദേശ ഭരണ സ്ഥാപനങ്ങളും രാജ്യത്തിന് മികച്ച മാതൃകകള്‍ സമ്മാനിക്കുന്നു. താഴെത്തട്ടില്‍ മികച്ച രീതിയില്‍ വികസനമെത്തിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നത് പഞ്ചായത്തീ രാജ് സംവിധാനം നിലവില്‍ വന്നശേഷമുള്ള ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും കാണാനാകൂം

സ്‌ത്രീ-പട്ടിക ജാതി പട്ടിക വര്‍ഗ -മറ്റ് പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും ശാക്തീകരിക്കാനും വികേന്ദ്രീകൃത ജനാധിപത്യ സംവിധാനം വഹിച്ച പങ്ക് ചെറുതല്ലെന്ന് നമുക്ക് കാണാനാകും. കുടുംബശ്രീ, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയും സ്‌ത്രീ പിന്നാക്ക ശാക്തീകരണത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്.
തദ്ദേശ ഭരണ സംവിധാനങ്ങളിലേക്ക് എത്തുന്നവര്‍ മിക്കവരും ഭരണപരിചയമില്ലാത്തവരാണെന്ന പോരായ്‌മ തുടക്കം മുതല്‍ തന്നെ ഉയര്‍ന്ന ആരോപണമാണ്. എന്നാല്‍ മികച്ച പരിശീലനത്തിലൂടെ ഇത് മറികടക്കാന്‍ സാധിക്കുന്നു. ഓരോ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും പുതിയ ജനപ്രതിനിധികള്‍ക്ക് വേണ്ടി പരിശീലന കളരി സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ പൊതു-ഭരണ രംഗങ്ങളില്‍ പ്രാവീണ്യം നേടിയവര്‍ നേരിട്ടെത്തി ഇവര്‍ക്ക് വേണ്ട ക്ലാസുകള്‍ നല്‍കുന്നു. പിന്നെ ഉദ്യോഗസ്ഥതലത്തില്‍ നിന്നുള്ള പിന്തുണയും മികച്ച ഭരണാധികാരികളാകാന്‍ ഇവരെ സഹായിക്കുന്നു. ഇത്തരത്തില്‍ പ്രാദേശിക തലത്തില്‍ നിന്ന് സംസ്ഥാന ദേശീയ തലങ്ങളിലേക്ക് കുതിച്ചു കയറിയ പല വനിതകളെയും നമുക്ക് കാണാനാകും. അടുക്കളകളില്‍ ഒതുങ്ങുമായിരുന്ന പല സ്‌ത്രീകളും ഇന്ന് പൊതുരംഗത്തെ വജ്രങ്ങളായി മിന്നുന്നു. വനിതകള്‍ക്ക് നൈസര്‍ഗികമായുള്ള സംഘാടക മികവ് ഫലപ്രദമായി തന്നെ വിനിയോഗിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ കഴിയുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

